തണ്ടിനോടിത്രയെങ്കില്‍ മെത്രാനോടെത്ര?
1653-ലെ കൂനന്‍ കുരിശു സത്യത്തിനു ശേഷമുള്ള കാലം. റോമന്‍ കത്തോലിക്കാ നുകം പറിച്ചെറിഞ്ഞ മലങ്കര നസ്രാണികളെ എങ്ങനയും കീഴ്‌പ്പെടുത്തുക എന്ന ദൗത്യവുമായി റോം അയച്ച ജോസഫ് സെബസ്താനി എന്ന മെത്രാന്റെ ഫലപ്രാപ്തിയിലെത്താത്ത പരാക്രമങ്ങളുടെ കാലം. ഇടയനെ വെട്ടിയാല്‍ ആടുകള്‍ ചിതറും എന്ന കണക്കുകൂട്ടലോടെ മഹാനായ മാര്‍ത്തോമ്മാ ഒന്നമനേയും മുഖ്യ ഉപദേഷ്ടാവ് ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ കത്തനാരെയും പിടികൂടി കാലപുരിയ്ക്ക് അയയ്ക്കുക എന്നതിലായി സെബസ്ത്യാനിയുടെ ശ്രദ്ധ. കൂട്ടിന് വീഞ്ഞുഭരണികള്‍ക്ക് മറിയുന്ന ഗോദവര്‍മ്മന്‍ എന്ന കൊച്ചി ഇളമുറത്തമ്പുരാനെയും കിട്ടി. വേട്ടയ്ക്കിടയില്‍ മാര്‍ത്തോമ്മാ ഒന്നമനും ഇട്ടിത്തൊമ്മന്‍ കത്തനാരും മുളന്തുരുത്തി പള്ളിയില്‍ ഉണ്ടന്നറിഞ്ഞ് സെബസ്ത്യാനിയും ഗോദവര്‍മ്മന്റെ സെന്യവും മുളന്തുരുത്തി പള്ളി വളഞ്ഞു. പക്ഷേ ഇരുവരും നാടകീയമായി രക്ഷപെട്ടു. അരിശം മൂത്ത സെബസ്ത്യാനി മെത്രാന്റെ തണ്ട് (പല്ലക്ക്) വെട്ടിപ്പൊളിച്ച് തീയിട്ടു. ഈ പരാക്രമം കണ്ട മുളന്തുരുത്തിക്കാര്‍ ചോദിച്ചതാണ്: മെത്രാനിരുന്ന തണ്ടിനോടിത്രയെങ്കില്‍ മെത്രാനെ കിട്ടിയാലെത്ര?
2025 ഒക്‌ടോബര്‍ 15-ന് ചേപ്പാടു പള്ളിയുടെ പടിഞ്ഞാറെ നടയിലെ പുരാതനമായ കല്‍ക്കുരിശ് അനധികൃതമായി പൊളിച്ചു നീക്കിയ സര്‍ക്കാര്‍ നടപടിയാണ് ഈ കുറിപ്പിന് ആധാരം. ചേപ്പാട്ട് നടന്ന ബുള്‍ഡോസര്‍ രാജ് തികച്ചും നിയമവിരുദ്ധമാണ് എന്നാണ് ലഭ്യമായ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. വിവിധ മാദ്ധ്യമങ്ങളില്‍നിന്നും ലഭിക്കുന്ന വിവരങ്ങള്‍ താഴെ പറയുംപ്രകാരം സംഗ്രഹിക്കാം.
1. ആദ്യം പൈതൃക കേന്ദ്രമായ ചേപ്പാട്ട് പള്ളി പൂര്‍ണ്ണമായും ഇല്ലാതാകുന്ന രീതിയില്‍ ദേശീയപാത വികസനത്തിന് കല്ലിട്ടു.
2. ചേപ്പാട്ട് പള്ളിയുടെ ചരിത്ര പ്രാധാന്യവും കലാമൂല്യവും ബോദ്ധ്യപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ അത് സംരക്ഷക്ഷിക്കുന്നതിനായി അധികച്ചിലവ് വഹിച്ച് പള്ളിക്കു മുമ്പിലുള്ള ഭാഗം തൂണുകളിലുയര്‍ത്തി എലിവേറ്റഡ് ഹൈവേ ആക്കി പുനര്‍ രൂപകല്പന ചെയ്തു.
3. പള്ളി നിര്‍മ്മിതികള്‍ പൊളിച്ചു മാറ്റില്ല എന്ന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചേപ്പാട്ട് പള്ളിയെ ഔദ്യോഗികമായി അറിയിച്ചു.
4. ഇതിനിടയില്‍ പള്ളിവക നിര്‍മ്മിതികള്‍ പൊളിക്കുന്നതിനെതിരായി ഹൈക്കോടതിയുടെ സ്റ്റേ ഉണ്ടായി.
5. പള്ളി നിര്‍മ്മിതികള്‍ പൊളിക്കുന്നതിനെപ്പറ്റി നിയമപരമായ നോട്ടീസ് നല്‍കിയിട്ടില്ല.
6. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ചുവരില്‍ ഒരു ആണി അടിക്കുന്നതിനുപോലും പുരാവസ്തുവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ട ചരിത്രസ്മാരകമാണ് ചേപ്പാട്ട് പള്ളി.
ഈ വിവരങ്ങള്‍ സത്യമെങ്കില്‍ ചേപ്പാട്ടെ ബുള്‍ഡോസര്‍ രാജ് അക്ഷന്തവ്യമായ അപരാധമാണ്. ആര്‍.ഡി.ഒ., വമ്പന്‍ പോലീസ് സന്നാഹം എന്നിവയുടെ സാന്നിദ്ധ്യം കൃത്യമായ ഒരു ഗൂഡാലോചനയുടെ തെളിവായി ആരെങ്കിലും സുചിപ്പിച്ചാല്‍ അതിനെ ശരിവെയ്‌ക്കേണ്ടിവരും.
ആര്‍ക്കായിരുന്നു ചേപ്പാട്ടെ കുരിശു പൊളിക്കാന്‍ ഇത്ര തിടുക്കം? ഏതായാലും ചേപ്പാട്ടു പള്ളി സംരക്ഷിക്കാന്‍ കോടിക്കണക്കിനു രൂപയുടെ അധികച്ചിലവു വഹിച്ച് എലിവേറ്റഡ് ഹൈവേ ആക്കിയ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിക്കുന്ന നാഷണല്‍ ഹൈവേ അതോറിറ്റി ആവില്ല എന്ന് ഏതാണ്ട് ഉറപ്പിക്കാം.
കുറെക്കാലമായി മലങ്കരസഭയെ പൂര്‍ണ്ണമായും വരുതിയിലാക്കാന്‍ ശ്രമിക്കുന്ന ചില ശക്തികള്‍ ഉണ്ട്. ഇതുവരെ സഫലമാകാത്ത ആ പരിശ്രമത്തിലുണ്ടായ മോഹഭംഗം സൃഷ്ടിച്ച പകയാണോ ചേപ്പട്ടെ കുരിശില്‍ തീര്‍ത്തത്? ഈ സന്ദേഹം നിലനില്‍ക്കുന്നതിനാലാണ് ഈ ലേഖനത്തിന്റെ തലക്കെട്ട് ഇപ്രകാരമാക്കിയത്.
കുരിശ് ക്രൈസ്തവ മതത്തിന്റെ പരിപാവനമായ ചിഹ്നമാണ്. ചേപ്പാട്ടെ കല്‍ക്കുരിശ് നാനാജാതിമതസ്ഥരായ നാട്ടുകാര്‍ തിരിതെളിക്കുന്ന ദേവസ്ഥാനവുമാണ്. ഈ ഭക്തി – മത പരിവേഷങ്ങള്‍ക്കപ്പുറം ചേപ്പാട് കല്‍ക്കുരിശിന് മതാതീതമായ ഒരു പ്രാധാന്യമുണ്ട്. നൂറ്റാണ്ടുകളിലേയ്ക്ക് നീളുന്ന അതിന്റെ ചരിത്ര പ്രാധാന്യം.
പുരാതന നസ്രാണി പള്ളികളിലെ കല്‍ക്കുരിശുകളില്‍ പലതിനും പള്ളിയേക്കാള്‍ പഴക്കമുണ്ടാകും. ഒരു പ്രദേശത്ത് നസ്രാണി കുടിയിരിപ്പുകള്‍ ആരംഭിക്കുകയും അവ അങ്ങടികളായി വികസിക്കുകയും ചെയ്യുന്നതിനോടനുബന്ധിച്ചാണ് പള്ളിസ്ഥാപനം നടക്കുക. വര്‍ഷങ്ങളെടുക്കുന്ന ആ പ്രക്രിയയ്ക്ക് മുന്നോടിയായി നസ്രാണി അങ്ങാടികളുടെ സാന്നിദ്ധ്യം വിളിച്ചറിയിക്കുന്ന ആപണങ്ങള്‍ – കൊടിക്കൂറ – ആയിട്ടാണ് കല്‍ക്കുരിശുകള്‍ സ്ഥാപിക്കുക. ഇത് അങ്ങാടി മദ്ധ്യത്തിലുള്ള പള്ളിക്കു മുമ്പില്‍ത്തന്നെ ആവണമെന്നില്ല. ജലമാര്‍ഗ്ഗമോ കരമാര്‍ഗ്ഗമോ ഉള്ള വ്യാപാരമാര്‍ഗ്ഗങ്ങളില്‍നിന്നും പള്ളിയിലേയ്ക്കും അങ്ങാടിയിലേയ്ക്കും നയിക്കുന്ന കവാടങ്ങിളിലും ആകാം. 8-10 നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ചേപ്പാടു പള്ളിയുടെ കല്‍ക്കുരിശിന് അത്രെയെങ്കിലും പഴക്കമുണ്ട്. അതുതന്നെയാണ് അതിന്റെ പ്രാധാന്യവും.
അംഗീകൃത പുരാചിത്ര സംരക്ഷക വിദഗ്ദനായ വി. എം. ജിജുലാല്‍, ചേപ്പാട് കുരിശുധ്വംസനത്തെക്കുറിച്ച് ഹൃദയവേദനയോടെ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് തികച്ചും ശ്രദ്ധേയമാണ്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
“ചേപ്പാട് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്നിട്ടുള്ള ഈ കയ്യേറ്റം വളരെ ദുഃഖകരമാണ്. അതിപുരാതനമായ ഈ ദേവാലയം – അവിടുത്തെ പുരാതന കല്‍ക്കുരിശുകള്‍ തകര്‍ക്കപ്പെടുകയും പഴയ നിര്‍മ്മിതിക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്യുന്നു. പൗരാണികമായ ഇത്തരം നിര്‍മിതികള്‍ സംരക്ഷിക്കാതെ ആ തലമുറയുടെ അവശേഷിപ്പുകള്‍ എന്നെന്നേക്കുമായി തകര്‍ത്തെറിയപ്പെടുന്നു. ഒരു നിമിഷം കൊണ്ട് ഇന്ന് ഇത് തകര്‍ത്തെറിയാന്‍ സാധിക്കാം. പക്ഷേ എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മുടെ പൂര്‍വ്വികരുടെ കഠിനാദ്ധ്വാനത്തിന്റെ അടയാളം, ഒരു കാലഘട്ടത്തിന്റെ അവശേഷിപ്പാണിത്. ഇത്തരം നിര്‍മ്മിതികള്‍, ദേവാലയങ്ങള്‍ നിലനില്‍ക്കുക തന്നെവേണം. ഈ ദേവാലയത്തില്‍ അതിമനോഹരവും പുരാതനവുമായ നിരവധി ചുമര്‍ ചിത്രങ്ങള്‍ ഉണ്ട് ഇത്തരം ചിത്രങ്ങള്‍ കാണാനും നമ്മുടെ പൈതൃകം തേടിയെത്തുന്ന വിദേശികള്‍ അല്ലെങ്കില്‍ ചരിത്രാന്വേഷികളോട് എന്താണ് നമുക്ക് പറയാനുള്ളത്. പല രാജ്യങ്ങളും നാടുകളും അവരുടെ പൈതൃക സ്വത്തുക്കള്‍ അല്ലെങ്കില്‍ ഇത്തരത്തിലുള്ള നിര്‍മിതികള്‍ സംരക്ഷിച്ചു നിലനിര്‍ത്തുമ്പോള്‍ നമ്മള്‍ക്ക് എങ്ങനെയാണ് ഇങ്ങനെ അതിനെ തകര്‍ത്തെറിയാന്‍ കഴിയുന്നത്.”
പല രാജ്യങ്ങളും നാടുകളും അവരുടെ പൈതൃക സ്വത്തുക്കള്‍ അല്ലെങ്കില്‍ ഇത്തരത്തിലുള്ള നിര്‍മിതികള്‍ സംരക്ഷിച്ചു നിലനിര്‍ത്തുമ്പോള്‍ നമ്മള്‍ക്ക് എങ്ങനെയാണ് ഇങ്ങനെ അതിനെ തകര്‍ത്തെറിയാന്‍ കഴിയുന്നത് എന്ന ജിജുലാലിന്റെ ചോദ്യം ഒരു ഭേദഗതിയോടെ തികച്ചും പ്രസക്തമാണ്. ഇവിടെ ‘നമ്മള്‍ക്ക്’ എന്നത് ‘ഇവര്‍ക്ക്’ എന്ന് തിരുത്തി വായിക്കണം. കാരണം ഭരണകൂട ഭീകരതയ്ക്ക് മുമ്പില്‍ ഇവിടെ ചരിത്രസ്‌നേഹികളും ഭക്തജനങ്ങളും നിസഹായരാണ്.
തങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ക്ക് വിരുദ്ധമായ ചരിത്രനിര്‍മ്മിതികള്‍ തകര്‍ത്തെറിഞ്ഞ സംഭവങ്ങള്‍ ലോകചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് അഫ്ഗാനിസ്ഥാനില്‍ മതഭ്രാന്തരായ താലിബാന്‍ ഭീകരര്‍ തകര്‍ത്തെറിഞ്ഞ ആറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഭീമാകാരങ്ങളായ ബാമിയാന്‍ ബുദ്ധ പ്രതിമകള്‍. അതേസമയംതന്നെ ഏഴുദശാബ്ദത്തിലധികം നീണ്ട മതനിഷേധികളായ കമ്യൂണിസ്റ്റ് ഭരണകാലത്ത് റഷ്യയുടെ ഭരണസിരാകേന്ദ്രമായ ക്രെംലിന്‍ കൊട്ടാരത്തിനു മുമ്പിലുള്ള റെഡ് സ്‌കയറില്‍ ഭീമാകാരമായ സെന്റ് ബേസില്‍ കത്തീഡ്രല്‍ (Saint Basil’s Cathedral) തലയുയര്‍ത്തി നിന്നു. സമീപത്തു തന്നെയുള്ള കത്തീഡ്രല്‍ ചത്വരത്തില്‍ ആര്‍ച്ച് ഏഞ്ചല്‍സ്, ദൈവമാതാവിനോടുള്ള വചനിപ്പ്, ദൈവമാതാവിന്റെ വാങ്ങിപ്പ് (the Cathedral of the Archangel, the Cathedral of the Annunciation, and the Cathedral of the Dormition) എന്നീ കത്തീഡ്രലുകളും അംഗഭംഗം കൂടാതെ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു. മത-ദൈവ നിഷേധികളായിരുന്നവെങ്കിലും റഷ്യന്‍ കമ്യൂണിസ്റ്റുകള്‍ തങ്ങളുടെ പൈതൃക നിര്‍മ്മിതികളുടെ മൂല്യത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉള്ളവരായിരുന്നു.
വികസന ശ്രമങ്ങള്‍ക്ക് ചരിത്രസ്മാരകങ്ങള്‍ വിലങ്ങുതടിയാകുന്നത് ലോകത്ത് പുതിയ സംഭവമൊന്നുമല്ല. പക്ഷേ വികസനത്തിനു വിഘാതമാകുന്ന ചരിത്ര നിര്‍മ്മിതികളുടെമേല്‍ ബുള്‍ഡോസര്‍ രാജ് പ്രയോഗിക്കുകയല്ല ആധുനിക ലോകം ചെയ്തുകൊണ്ടിരിക്കുന്നത്. ഒരൊറ്റ ഉദാഹരണം മാത്രം പറയാം. സഹാറാ മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഈജിപ്തിന്റെ ദാഹമകറ്റുവാന്‍ നൈല്‍ നദിയില്‍ അസ്വാന്‍ അണക്കെട്ട് അനിവാര്യമായിരുന്നു. പക്ഷേ അണക്കെട്ടു മൂലം ലേക്ക് നാസര്‍ എന്ന കൃത്രിമ തടാകം രൂപമെടുക്കുന്നതോടെ അനേകം ചരിത്രസ്മാരകങ്ങള്‍ വെള്ളത്തിനടിയിലാകും. പക്ഷേ വികസനത്തിനായി അവയെ മുങ്ങിമരിക്കാന്‍ വിടുകയല്ല ചെയ്തത്. പകരം അബു സിംബല്‍, ഫിലെ മുതലായ ഭീമാകാരമായ പൈതൃക നിര്‍മ്മിതികള്‍ അടക്കം 22 ചരിത്ര നിര്‍മ്മിതികള്‍ ശ്രദ്ധാപൂര്‍വം സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി സ്ഥാപിച്ചു. 1960-80 കാലഘട്ടിത്തില്‍ നടന്ന ഈ പറിച്ചുനടലിന് കോടിക്കണക്കിനു ഡോളര്‍ ആണ് ചിലവാക്കിയത്. ചേപ്പാട് കല്‍ക്കുരിശ് സ്ഥാനം മാറ്റേണ്ടത് റോഡ് വികസനത്തിന് അനിവാര്യമായിരുന്നു എങ്കില്‍ അസ്വാന്‍ മോഡല്‍ പരീക്ഷിക്കാമായിരുന്നു. നിസാര ചിലവില്‍ അത് സാദ്ധ്യവുമായിരുന്നു. ആ സാദ്ധ്യത എന്തുകൊണ്ട് ഒഴിവാക്കി?
വികസനത്തിനായി പൈതൃകങ്ങളുടെ ഇത്തരം പറിച്ചുനടലുകള്‍ കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ക്കും അപരിചിതമല്ല. റൂമേനിയായിലെ കമ്യൂണിസ്റ്റ് ഏകാധിപതി നിക്കൊളെ സീസസ്‌ക്യൂ (Nicolae Ceausescu, 1964-89) 1970-കളില്‍ സിസ്റ്റമാറ്റിസേഷന്‍ (Systematisation) എന്നൊരു വന്‍ പദ്ധതി ആരംഭിച്ചു. നിലവിലുള്ള വീടുകളും ഗ്രാമങ്ങളും പട്ടണങ്ങളും ഇടിച്ചുനിരത്തി ബഹുമുഖ വികസിതമായ സോഷ്യലിസ്റ്റ് സമൂഹത്തിന് (multilaterally developed socialist society) അനുരൂപമായ വിധത്തില്‍ പുനര്‍ നിര്‍മ്മിക്കുക എന്നതായിരുന്നു ഈ പദ്ധതി. ഇതിന്റെ ഭഗമായി തലസ്ഥാനമായ ബുക്കാറസ്റ്റിലെ പാതവികസനത്തിന് ഏതാനും പള്ളികള്‍ പ്രതിബന്ധമായി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അവ ഇടിച്ചു നിരത്തുകയല്ല ചെയ്തത്. പകരം അവ പാളങ്ങളിലാക്കി അവശ്യമായ ദൂരത്തേയ്ക്ക് വലിച്ചു നീക്കി. ഇപ്രകാരം ഉന്തിമാറ്റിയവയില്‍ റൂമേനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ഭീമാകാരമായ സിനഡ് ആസ്ഥന മന്ദിരവും ഉല്‍പ്പെടും! ദശലക്ഷങ്ങളാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഈ പ്രക്രിയ്ക്കായി ചിലവാക്കിയത്.
ചേപ്പാട്ടെ കല്‍കുരിശിനും, ശബരിമലയിലെ ദ്വാരപാലക ശില്പങ്ങള്‍ക്കും കട്ടിളപ്പടിക്കും ഒക്കെ മത-വിശ്വാസ പ്രാധാന്യം മാത്രമല്ല ഉള്ളത്. അവയ്ക്ക് ചരിത്രപരമായ പ്രാധാന്യവും ഉണ്ട്. അവയൊക്കെ ഒരു ബഹുസ്വര സമൂഹമായ ഇന്ത്യയുടെ പൊതു പൈതൃകങ്ങളാണ്. മിനിറ്റുകള്‍കൊണ്ട് ചേപ്പാട്ടെ കുരിശ് തകര്‍ത്തവര്‍ നശിപ്പിച്ചത് ഇന്ത്യയുടെ ഒരു സാംസ്‌ക്കാരിക പൈതൃക ചിഹ്നമാണ്. അതിനു വിലമതിക്കാനാവില്ല. അതു നശിപ്പിച്ചവര്‍ – അവര്‍ ആരായാലും – കോടിക്കണക്കിനു രുപാ നഷ്ടപിഹാരം നല്‍കാന്‍ ബദ്ധ്യസ്ഥരാണ്. അത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നല്ല: ബുള്‍ഡോസര്‍ രാജ് ്നടത്തിയവര്‍ മാത്രം. ചേപ്പാട് പള്ളിക്കല്ല: ഇന്ത്യയുടെ സാസ്‌ക്കാരിക പൈതൃകത്തിനാണ് അവര്‍ ക്ഷയം വരുത്തിയത്. ആദ്യം ഉത്തരവാദികളായ സര്‍ക്കാര്‍ ഈ തുക കോടതിയില്‍ കെട്ടിവെക്കട്ടെ. പിന്നീട് ഈ തുക ബന്ധപ്പെട്ടവരില്‍നിന്നും സര്‍ക്കാര്‍ ഈടാക്കി കോടതിയെ ബോദ്ധ്യപ്പടുത്തട്ടെ.
ജിജുലാലിന്റെ അടുത്ത ചോദ്യം ഇവിടെ പ്രസക്തമാകുന്നു: നമ്മുടെ പൈതൃകം തേടിയെത്തുന്ന വിദേശികള്‍ അല്ലെങ്കില്‍ ചരിത്രാന്വേഷികളോട് എന്താണ് നമുക്ക് പറയാനുള്ളത്?
