പ്രസിദ്ധമായ പഴഞ്ഞി പള്ളി പെരുന്നാൾ 26 ന് കൊടിയേറും
തൃശ്ശൂർ: ‘പഴഞ്ഞി മുത്തപ്പന്റെ പള്ളി’ എന്നറിയപ്പെടുന്ന ഓർത്തഡോക്സ് സഭ കുന്നംകുളം ഭദ്രാസനത്തിലെ പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിൽ പ്രസിദ്ധമായ പെരുന്നാളിന് ഒരുക്കങ്ങൾ ആരംഭിച്ചു.എൽദോ മാർ ബസ്സേലിയോസ് ബാവയുടെ 340 – മത് ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ചു തിരുശേഷിപ്പ് നിക്ഷേപിക്കപ്പെട്ടിരിക്കുന്ന ദേവാലയത്തിൽ പെരുന്നാൾ കാലാകാലങ്ങളിൽ വിപുലമായിയാണ് നടത്തപ്പെടുന്നത്. ഒക്ടോബർ 2 ,3 തീയതികളിലാണ് പെരുന്നാൾ.
പൗരസ്ത്യ കാതോലിക്കയായും മലങ്കര മെത്രാപ്പോലീത്തയും ഓർത്തഡോക്സ് സഭാധ്യക്ഷനുമായ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവയും അഭിവന്ദ്യരായ മെത്രാപ്പോലീത്തമാരും പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
പെരുന്നാളിന് തുടക്കം കുറിച്ച് കൊടിയേറ്റം സെപ്റ്റംബർ 26 ന് ഗീവർഗസ് മാർ ബർണബാസ് നിർവ്വഹിക്കും.ഒക്ടോബർ 2 ന് വൈകീട്ട് 6 മണിക്ക് സന്ധ്യാ നമസ്കാരം,പ്രദക്ഷിണം തുടർന്ന് സ്ലൈഹീക വാഴ് വ്.
പ്രധാന പെരുന്നാൾ ദിനമായ ഒക്ടോബർ 3 ന് രാവിലെ 6 .30 മണിക്ക് ഗീവർഗസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ കാർമ്മികത്വത്തിൽ പഴയ പള്ളിയിൽ വി.കുർബ്ബാന.7 .30 മണിക്ക് പ്രഭാത നമസ്കാരം.പരിശുദ്ധ കാതോലിക്ക ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ പുതിയ പള്ളിയിൽ വി.അഞ്ചിന്മേൽ കുർബ്ബാനയ്ക്ക് അഭിവന്ദ്യ പിതാക്കന്മാർ സഹ കാർമ്മീകരാകും.തുടർന്ന് 4 മണിക്ക് പ്രദക്ഷിണം,പൊതു സദ്യ.

