ആചാരനിറവിൽ പുതുപ്പള്ളി പള്ളി
പുതുപ്പള്ളി ∙ ആചാരങ്ങളുടെ നിറവിൽ പുതുപ്പള്ളി പള്ളിയിൽ വെച്ചൂട്ടിനുള്ള മാങ്ങാ അരിയൽ
ആരംഭിച്ചു. ഇടവക ജനങ്ങളും തീർഥാടകരുമുൾപ്പെടെ ചേർന്നിരുന്ന് അച്ചാർ തയാറാക്കുന്നതിനാണു മാങ്ങാ അരിയുന്നത്. പുതുപ്പള്ളി പള്ളിയിലെ പാരമ്പര്യത്തിന്റെ ഓർമകൾ നിറയുന്ന ചടങ്ങുകൂടിയാണ്.2500 കിലോ മാങ്ങായാണ് അച്ചാർ തയാറാക്കുന്നതിനായി അരിയുന്നത്. ഭക്തരും മാങ്ങ വഴിപാടായിസമർപ്പിക്കുന്നു. ചമ്മന്തിപ്പൊടിയും അച്ചാറും മോരുമാണു ചരിത്രപ്രസിദ്ധമായ വെച്ചൂട്ടിന്റെ
വിഭവങ്ങൾ. ഇവ തയാറാക്കുന്നത് ഇടവക ജനങ്ങളും തീർഥാടക സമൂഹവും നേർച്ചയായി അനുഷ്ഠിച്ചു വരുന്നു.മാങ്ങാ അരിയലിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജെസിമോൾ മനോജ് നിർവഹിച്ചു. വികാരി ഫാ. മാത്യു വർഗീസ് വലിയപീടികയിൽ, സഹവികാരിമാരായ ഫാ.മർക്കോസ് ജോൺ പാറയിൽ, ഫാ.ഇട്ടി തോമസ് കാട്ടാമ്പാക്കൽ, ഇടവക പട്ടക്കാരനായ ഫാ.പി.ജെ.ജോസഫ് എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.
പുതുപ്പള്ളി പള്ളിയുടെ സാംസ്കാരിക പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണു കൽക്കുരിശിൻ തൊട്ടിയും പതിനെട്ടു പടികളും. മെഴുകുതിരി കത്തിക്കുന്നതിനൊപ്പം എണ്ണയൊഴിച്ചു തിരി കത്തിക്കുവാൻ പാകത്തിലുള്ള വിളക്കുകളും കുരിശിൻതൊട്ടിക്കുണ്ട്. 84 തിരികൾ ദീപം തെളിക്കാൻ കുരിശിൻ തൊട്ടിയിൽ സൗകര്യമുണ്ട്. 12 ശ്ലീഹന്മാരെയും 72 അറിയിപ്പുകാരെയുമാണ് ഇതു പ്രതിനിധീകരിക്കുന്നത്. കൊടൂരാറ്റിൽ മുങ്ങിക്കുളിച്ചു കുരിശിൻതൊട്ടിയിൽ ചുറ്റുവിളക്കു കത്തിച്ചു പ്രാർഥിക്കുന്നത് ഉദ്ദിഷ്ടകാര്യ സിദ്ധിയെന്നു പണ്ടുകാലം മുതൽ തീർഥാടകർ വിശ്വസിച്ചു വരുന്നു.
കാര്യസിദ്ധിക്കും പാപപരിഹാരാർഥവും കുരിശിൻതൊട്ടിക്കു ചുറ്റും ശയനപ്രദക്ഷിണവും മുട്ടിന്മേൽ നീന്തലും ഭക്തന്മാർ അനുഷ്ഠിച്ചു വരുന്നു. വ്രതശുദ്ധിയോടു കൂടി പള്ളിയുടെ പതിനെട്ടു പടികൾ താണ്ടി വിശുദ്ധ ഗീവർഗീസ് സഹദായുടെ സാന്നിധ്യത്തിൽ അഭയം പ്രാപിക്കുന്നവർക്ക് ആത്മശാന്തി തീർച്ചയെന്നും വിശ്വാസം. വർഷംതോറും കൂടിക്കൊണ്ടിരിക്കുന്ന തീർഥാടക സഹസ്രങ്ങൾ ഇതിനു തെളിവാണ്.
പെരുന്നാളിനോടനുബന്ധിച്ചുള്ള പുതുപ്പള്ളി തീർഥാടനം നാളെ രാവിലെ 10 മുതൽ ആരംഭിക്കും. വിവിധ പള്ളികളിൽ നിന്നും എത്തുന്ന തീർഥാടകർക്കു സ്വീകരണം നൽകും. പാറക്കൽ കുര്യാക്കോസ് കോർ എപ്പിസ്കോപ്പ മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കു വേണ്ടിയുള്ള അഖില മലങ്കര സംഗീത മൽസരം നാളെ 11ന് ആരംഭിക്കും. പുതുപ്പള്ളി പെരുന്നാൾ ഇന്ന് പ്രഭാതനമസ്കാരം – 7.00 കുർബാന –ഫാ.മാത്യു ഏബ്രഹാം കണ്ടത്തിൽ പുത്തൻപുരയിൽ– 7.30, പുതുപ്പള്ളി കൺവൻഷൻ– വചനപ്രഘോഷണം–ഫാ.സഖറിയ തോമസ് പടിഞ്ഞാറെ വടക്കേക്കര. റാസ നാളെ കൈതമറ്റംപുതുപ്പള്ളി പെരുന്നാളിനോടനുബന്ധിച്ചു മാർ ഗ്രിഗോറിയോസ് ചാപ്പലിൽ നിന്നു പുതുപ്പള്ളി പള്ളിയിലേക്കു നാളെ വൈകിട്ട് ആറിനു നടത്തുന്ന റാസയ്ക്കു പുമ്മറ്റം സെന്റ് ആന്റണിസ് ഇടവക വികാരി ഫാ.ജോസഫ്
മണ്ണാമ്പറമ്പിലിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ സ്വീകരണം നൽകും.