സമൂഹവും ഉറപ്പിക്കുന്നു,അമൽ ഡോക്ടറാകണം;മലബാര്‍ ഭദ്രാസനവും തുണയേകും
നിലമ്പൂർ : അമൽ ഗോവിന്ദിനു ഡോക്ടാറാകാൻ പണം തടസ്സമാകില്ല. യുവാവിന്റെ പഠനാവശ്യങ്ങൾ ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനവും നിലമ്പൂർ സഹകരണ അർബൻ ബാങ്കും നിറവേറ്റും.ചാലിയാർ പെരുവമ്പാടം ആദിവാസി കോളനിയിലെ ഗോവിന്ദിന്റെയും മഞ്ജുവിന്റെയും മകനാണ് അമൽ. എംബിബിഎസിന് പ്രവേശനം നേടിയിട്ടും പഠനത്തിനു സാമ്പത്തികം തടസ്സമായതിനെക്കുറിച്ച് 14ന് മനോരമ പത്രം വാർത്ത പ്രസിദ്ധീകരിച്ചു. തുടർന്ന് കാരുണ്യവർഷവുമായി ഒട്ടേറെ സുമനസ്സുകളാണ് എത്തിയത്. ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസ്, അർബൻ ബാങ്കിനു വേണ്ടി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് എന്നിവർ യുവാവിന്റെ പഠനച്ചെലവ് വഹിക്കാൻ സന്നദ്ധരായി.
ഭദ്രാസന സെക്രട്ടറി ഫാ. മാത്യൂസ് വാഴക്കൂട്ടത്തിലാണ് മനോരമ വാർത്ത മാർ തെയോഫിലോസിന്റെ ശ്രദ്ധയിൽപെടുത്തിയത്. ബദൽ സ്കൂൾ അധ്യാപിക കെ.ഉമ്മുൽ വാഹിദ, ബെന്നി കൈതോലിൽ, ഐ.കെ.റഷീദ്, വി.സി.ജോർജ്, ഷാജി പൂവത്തിങ്കൽ, വി.സി.മാത്യു എന്നിവർക്കൊപ്പം അമൽ ഭദ്രാസനാധിപനെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങി. ഷൗക്കത്ത് 5,000 രൂപ നൽകി. ബാങ്കിന്റെ സഹായം വൈകാതെ അനുവദിക്കും. പി.കെ.ബഷീർ എം.എൽഎ 10,000 രൂപയും ആര്യാടൻ മുഹമ്മദ് 5,000 രൂപയും സമ്മാനിച്ചു.
ഇരുവരും ഐറ്റിഡിപി അധികൃതരെ ബന്ധപ്പെടുകയും ചെയ്തു. ചാലിയാർ സഹകരണ ബാങ്കിനു വേണ്ടി പ്രസിഡന്റ് കാട്ടുമുണ്ട മുഹമ്മദ്, സെക്രട്ടറി വി.സി.മാത്യു എന്നിവർ 10,000 രൂപ നൽകി. പെരിന്തൽമണ്ണയിലെ ശിശുരോഗ ചികിൽസാ വിദഗ്ധൻ ഡോ. നീലാർ മുഹമ്മദ് പഠനാവശ്യത്തിനുള്ള പുസ്തകങ്ങൾ വാഗ്ദാനം ചെയ്തു. പോത്തുകൽ സാന്ത്വനം ട്രസ്റ്റ്, ചുങ്കത്തറ സർവീസ് സഹകരണ ബാങ്ക് എന്നിവയും സഹായം ഉറപ്പ് നൽകി. അമലിനു പലിശരഹിത വിദ്യാഭ്യാസ വായ്പ അനുവദിക്കാൻ കാനറ ബാങ്ക് മലപ്പുറം റീജനൽ ജനറൽ മാനേജർ കെ.എ.നാസർ നിലമ്പൂർ ശാഖയ്ക്ക് നിർദേശം നൽകി.വാർത്തയെ തുടർന്ന് പട്ടികവർഗ വികസനവകുപ്പും അവസരത്തിനൊത്ത് ഉയർന്നു. എല്ലാ സഹായവും അമലിനു ലഭ്യമാക്കാൻ വകുപ്പുമന്ത്രി എ.കെ.ബാലൻ നിർദേശിച്ചതായി ഐടിഡിപി പ്രോജക്ട് ഓഫിസർ കെ.കൃഷ്ണൻ അറിയിച്ചു.