അധാർമിക ലോകത്തെ പ്രകാശിപ്പിക്കുവാൻ ആധ്യാത്മികതയ്ക്ക് മാത്രമേ സാധിക്കൂ: വൈദിക സംഗമം
പിറവം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ വടക്കൻ മേഖല വൈദിക സംഗമം കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ മുളക്കളം സെന്റ് ജോർജ് ഓർത്തഡോക്സ് കർമ്മേൽക്കുന്ന് പള്ളിയിൽ വച്ച് നടത്തി. അഖില മലങ്കര വൈദിക സംഘം പ്രസിഡണ്ട് ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച സമ്മേളനം അങ്കമാലി ഭദ്രാസനാധിപൻ അഭിവന്ദ്യ യുഹാനോൻ മാർ പോളിക്കർപ്പോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. അധാർമികതയും അക്രമവും ചൂഷണവും നടമാടുന്ന ഇന്നത്തെ കാലഘട്ടത്തിൽ വൈദികർ തികഞ്ഞ ജാഗ്രതയോടെ സമൂഹ നന്മയ്ക്കായി പ്രവർത്തിക്കണം എന്ന് ഉദ്ഘാടകൻ അറിയിച്ചു. മദ്യവും മയക്കുമരുന്നും ലഹരിവസ്തുക്കളും കേട്ട് കേൾവി പോലുമില്ലാത്ത അധാർമ്മികതയെ പ്രവർത്തിക്കുവാൻ മനുഷ്യനെ പ്രേരിപ്പിക്കുമ്പോൾ അവയ്ക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുവാൻ വൈദികർക്ക് സാധിക്കണം. അഭിവന്ദ്യ സക്കറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത, വൈദിക സംഘം ജനറൽ സെക്രട്ടറി ഫാദർ ഡോക്ടർ നൈനാൻ വി ജോർജ്, ജോയിൻ സെക്രട്ടറി ഫാദർ മാത്യു വർഗീസ്, സോണൽ സെക്രട്ടറി ഫാദർ ഷിബു കുര്യൻ, കണ്ടനാട് വെസ്റ്റ് ഭദ്രാസന സെക്രട്ടറി ഫാദർ ജോസ് തോമസ് പൂവത്തുങ്കൽ, ഇടവക വികാരി ഫാദർ മഹേഷ് തങ്കച്ചൻ, വൈദിക സംഘം സെക്രട്ടറി ഫാദർ ജസ്റ്റിൻ തോമസ് പൂവത്തുങ്കൽ, ജോയിൻ സെക്രട്ടറി ഫാദർ റോബിൻ ജേക്കബ്, ഫാദർ റെജി അലക്സാണ്ടർ, ഫാദർ ടിജു കുര്യാക്കോസ്, ഫാദർ ടിജു ഡാനിയേൽ, ഫാദർ ഏലിയാസ് കുറ്റിപറചേൽ, ഡോക്ടർ ടോണി എബ്രഹാം, എന്നിവർ പ്രസംഗിച്ചു. അനുകാലിക ജീവിത സാഹചര്യങ്ങളിൽ വൈദികർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, ആധ്യാത്മികതയുടെ വിവിധ തലങ്ങളെ കുറിച്ചും സെമിനാറുകൾ സംഘടിപ്പിച്ചു. കണ്ടനാട് വെസ്റ്റ് കണ്ടനാട് ഈസ്റ്റ് കൊച്ചി അങ്കമാലി തൃശ്ശൂർ എന്നീ 5 ഭദ്രാസനങ്ങളിൽ നിന്നായി 150 ഓളം വൈദികർ പങ്കെടുത്തു.