OVS - Latest NewsOVS-Kerala News

ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന് സമാപനം

കോട്ടയം : ലോകമെമ്പാടുമുള്ള ക്രൈസ്തവർ വലിയ നോമ്പിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുമ്പോൾ ഏഴ് പ്രമേയങ്ങൾ അടിസ്ഥാനപ്പെടുത്തി ഹരിതനോമ്പ് ആചരിക്കാൻ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ആഹ്വാനം ചെയ്തു. വലിയനോമ്പിന്റെ ആദ്യ ആഴ്ച്ചയിൽ ജല സംരക്ഷണമാണ് പ്രമേയം. ജലസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവൽക്കരണം വിശ്വാസികൾക്കിടയിൽ നടത്തും. മഴവെള്ള സംഭരണത്തെക്കുറിച്ച് സെമിനാറുകൾ സംഘടിപ്പിക്കും. ഈ ആഴ്ച്ചയിൽ ജല സ്രോതസുകളുടെ ശുചീകരണം നടത്തും. പള്ളികളിൽ ജലസംക്ഷണ പ്രതിജ്ഞ എടുക്കുന്നതിനൊപ്പം ജല ഓഡിറ്റിങും നടത്തും.

നോമ്പിന്റെ രണ്ടാം ആഴ്ച്ചയിൽ പരിസ്ഥിതി സന്തുലിതാവസ്ഥയുടെ പുതുക്കമാണ് മുഖ്യവിഷയം. ദൈവാലയ പരിസര ശുചീകരണവും, ഉദ്യാനങ്ങൾ പുനരുദ്ധരിക്കുകയും, സമീപത്തെ പാർക്കുകളുടെ നവീകരണം നടത്തുകയും, പെതുസ്ഥലങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുകയും ചെയ്യും. പരിസ്ഥിതി – ദൈവശാസ്ത്ര സെമിനാറുകൾ ഇതിനൊപ്പം സംഘടിപ്പിക്കും.

വലിയ നോമ്പിന്റെ മൂന്നാം ആഴ്ച്ചയിൽ പ്രകൃതി ഏവരുടേയും എന്ന സന്ദേശത്തിൽ പ്രചാരണം നടത്തും. ദൈവാലയത്തെ വീൽചെയർ സൗഹൃദമാക്കുന്നതിന് പ്രാധാന്യം നൽകണം. ശാരീരിക – മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് പ്രകൃതിഭംഗി ആസ്വദിക്കാൻ അവസരമൊരുക്കുകയും പരിസ്ഥിതി നടത്തം സംഘടിപ്പിക്കുകയും ചെയ്യണം.

മാലിന്യ ലഘൂകരണമാണ് നാലാം ആഴ്ച്ചയിലെ പ്രമേയം. വീടുകളിലും, പള്ളികളിലും, സഭാ സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്ക്കരണം നടപ്പിലാക്കുക എന്ന സന്ദേശം വ്യാപകമായി പ്രചരിപ്പിക്കും. ദൈവാലയങ്ങളിലെ ആവശ്യങ്ങൾക്കായി ഡിസ്പോസിബിൾ പാത്രങ്ങൾ ഉപയോഗിക്കരുത്.പേപ്പർ,പ്ലാസ്റ്റിക്ക് നിർമ്മിത ഗ്ലാസുകളുടെയും,പാത്രങ്ങളുടെയും ഉപയോഗം പരമാവധി കുറയ്ക്കുക എന്നതാണ് ലക്ഷ്യം.

അഞ്ചാം ആഴ്ച്ചയിൽ ഊർജ സംരക്ഷണത്തിന്റെ പ്രധാന്യമാണ് മുഖ്യ വിഷയം. വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനായി ഒരു ദിവസത്തെ പ്രാർത്ഥനാ ചടങ്ങുകൾ പൂർണമായും മെഴുകുതിരി വെളിച്ചത്തിൽ നടത്തും. CANDLE LIGHT WORSHIP ലൂടെ വൈദ്യുതി ഉപഭോഗം കുറച്ച് മാതൃക തീർക്കും. ഇതോടൊപ്പം എനർജി ഫാസ്റ്റിങ് അഥവാ ഊർജ ഉപവാസ ചലഞ്ചുകൾ സംഘടിപ്പിക്കണം. ദൈവാലയങ്ങളിലെയും, സ്ഥാപനങ്ങളിലെയും വൈദ്യുത ലൈറ്റുകൾ എൽ.ഇ.ഡിയിലേക്ക് മാറ്റി വൈദ്യുതി ഉപഭോഗം കുറയ്ക്കാം.

സൃഷ്ടി പരിപാലനമാണ് ആറാം ആഴ്ച്ചയിലെ മുഖ്യചിന്താവിഷയം. ദൈവത്തിന്റെ സൃഷ്ടിയിൽ മനുഷ്യർക്ക് സവിശേഷ പങ്കും ഉത്തരവാദിത്വവുമുണ്ടെന്ന അവബോധം വളർത്തും. പരിസ്ഥിതി ദിനത്തിൽ നട്ട വൃക്ഷത്തൈകളുടെ പരിപാലനം നടത്തണം. യുവാക്കൾക്കായി എക്കോ ട്രെയിനിങ് സംഘടിപ്പിക്കാം. സഭയുടെ സൺഡേ സ്ക്കൂൾ കുട്ടികൾക്കായി പരിസ്ഥിതി വിജ്ഞാന ക്ലാസുകളും നടത്തും.

ഏഴാം ആഴ്ച്ചയിൽ പരിസ്ഥിതി സൗഹൃപരമായ റോഡ് ഗതാഗതത്തെ പ്രോത്സാഹിപ്പിക്കും. കാർ രഹിത ഞായർ ആചരിച്ച് ദൈവാലയത്തിലേക്ക് നടന്നുപോകാം. ഒന്നിലധികം ആളുകൾ ഒരുമിച്ച് ഉപയോഗിക്കുന്ന കാർ പൂളിങ് നടപ്പാക്കാം. വാഹനങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായി അയൽക്കാർ ഒരുമിച്ച് ഒരുവാഹനത്തിൽ ദൈവാലയത്തിലേക്ക് എത്താൻ ശ്രമിക്കണം. ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ ആഴ്ച്ച മാറ്റിവെക്കാം.

നോമ്പും ഉപവാസവും വ്യക്തിഗത ആത്മീയ പോഷണത്തിന് സഹായിക്കും. മനുഷ്യന് പ്രകൃതിയോടും, സഹജീവികളോടും ചില ഉത്തരവാദിത്വങ്ങളുണ്ട്. പ്രകൃതിയെ കരുതുന്ന 50 ദിനങ്ങളിലൂടെ ആ ഉത്തരവാദിത്വം നിറവേറ്റാൻ കഴിയുമെന്ന് സഭയുടെ ഇക്കോളജിക്കൽ കമ്മീഷൻ പ്രസിഡന്റ് ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. വലിയ നോമ്പിന്റെ ആരംഭ ദിവസം കല്ലട സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ ഹരിത നോമ്പിന്റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും.

error: Thank you for visiting : www.ovsonline.in