OVS - Latest NewsOVS-Kerala News

നാടകം പൊളിഞ്ഞതിന്റെ ജാള്യതമറയ്ക്കാൻ മൃതശരീരത്തെ കരുവാക്കരുത് : ഓർത്തഡോക്സ് സഭ

കോട്ടയം : മലങ്കരസഭയുടെ കട്ടച്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ മൃതദേഹം സംസ്ക്കരിക്കുന്നതിനെ ഓർത്തഡോക്സ് വിശ്വാസികൾ തടഞ്ഞു എന്ന കള്ളക്കഥ വീഡിയോ ദൃശ്യങ്ങളിലൂടെ തന്നെ പൊളിഞ്ഞതാണ്. പള്ളിയും, സെമിത്തേരിയും തുറന്നിട്ടിരിക്കുകയായിരുന്നു. ഒരു ഓർത്തഡോക്സ് സഭാം​ഗവും ആരെയും തടയുന്നതായും ദൃശ്യങ്ങളിലില്ല. വിഘടിത വിഭാ​ഗം സത്യത്തിൽ പള്ളിയുടെ നിയമപ്രകാരമുള്ള വികാരിയെയാണ് പാഴ്സനേജിൽ പൂട്ടിയിട്ടതും, വൈദ്യുതിബന്ധം വിച്ഛേദിച്ചതും. മരണപ്പെട്ടയാളിന്റെ വൈദികവിദ്യാർത്ഥിയായ ചെറുമകനും,ബന്ധുക്കൾക്കും സെമിത്തേരിയിൽ കയറാനുള്ള അനുവാദം നൽകിയിരുന്നതാണ്. എല്ലാ ക്രമീകരണങ്ങളും ബന്ധപ്പെട്ട റവന്യു അധികാരികളെയും, പോലീസിനെയും അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെല്ലാം വിരുദ്ധമായി വിഘടിത വിഭാ​ഗം വൈ​ദികർ സംഘടിച്ച് എത്തുകയും മന:പ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

മാതാവിന്റെ വാങ്ങിപ്പ് നോമ്പിലൂടെ കടന്നുപോകുന്ന ക്രൈസ്തവസമൂഹത്തിന് മുന്നിലാണ് വൈദികരും, വിശ്വാസികളെന്ന് അവകാശപ്പെടുന്നവരും നിലവിട്ട് സംസാരിക്കുകയും, നിയമം പാലിച്ച ഉദ്യോ​ഗസ്ഥരെ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തത്. സെമിത്തേരി ഓർഡിനൻസിനെക്കുറിച്ച് അറിവുള്ളവരാണ് പൊതുസമൂഹമെന്ന് തിരിച്ചറിയണം. മലങ്കരസഭയുടെ സെമിത്തേരിയിൽ അതിക്രമിച്ച് കയറി ശുശ്രൂഷ നടത്താനുള്ള അധികാരം നിയമപ്രകാരം വിഘടിത വിഭാ​ഗത്തിലെ വൈദികർക്കില്ല എന്നത് സുവ്യക്തമാണ്. അനധികൃത കടന്നുകയറ്റങ്ങളെയാണല്ലോ രാജ്യവും, സഭയും,സമൂഹവും വർത്തമാനകാലത്ത് ചെറുത്ത് തോൽപ്പിച്ചുകൊണ്ടിരിക്കുന്നത്. സഭാതർക്കത്തിന്റെ പേരിൽ മൃതശരീരങ്ങളെ കരുവാക്കി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ദയവായി ശ്രമിക്കരുത്. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന കള്ളക്കഥകളും, പ്രസ്താവനകളും കൊണ്ട് സത്യം ഇല്ലാതാകില്ല എന്ന് തിരിച്ചറിയണം. കട്ടച്ചിറയിൽ ഇക്കുറി പരാജയപ്പെട്ട നാടകം ഇനിയെങ്കിലും ആവർത്തിക്കാതിരിക്കാനുള്ള വിവേകവും, ക്രൈസ്തവസാക്ഷ്യവും ബന്ധപ്പെട്ടവർക്ക് ഉണ്ടാകുവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

error: Thank you for visiting : www.ovsonline.in