OVS - Latest NewsOVS-Kerala News

യാക്കോബായ വിഭാഗത്തിന്റേത് സമാധാനന്തരീക്ഷം തകർക്കുന്ന നീക്കം ;വിമത നേതാവിന്റെ നിയമനത്തിൽ പ്രതികരിച്ച് ഓർത്തഡോക്സ് സഭ

കോട്ടയം : സുപ്രീംകോടതിയുടെ 2017ലെ അന്തിമ വിധിയിലൂടെ മലങ്കരസഭാ തർക്കം അതിന്റെ അന്ത്യത്തിലേക്ക് എത്തിയതാണ്. അവകാശവാദങ്ങളും, തർക്കങ്ങളും കീഴ്ക്കോടതികൾ മുതൽ കേട്ടും വിലയിരുത്തിയും വസ്തുതകൾ പരിശോധിച്ചും പരമോന്നത നീതിപീഠം വിധി കൽപ്പിച്ചു. 1934ലെ ഭരണഘടനയാൽ മലങ്കരസഭ ഭരിക്കപ്പെടണമെന്നത് കോടതിയുടെ തീർപ്പാണ്. മലങ്കരയിലെ സമാന്തരഭരണത്തിന് രാജ്യത്തിന്റെ സുപ്രീംകോടതി അന്ത്യം കുറിയ്ക്കുകയും ചെയ്തു. എന്നാൽ കോടതി വിധിക്ക് ശേഷവും സമാധാന പുന:സ്ഥാപനം വൈകുന്നത് ഖേദകരമാണ്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് ഈ വിഷയത്തെ വളരെ ആഴത്തിൽ പരിശോധിച്ചു.

മലങ്കരസഭാ മക്കൾ ഭൂരിപക്ഷവും സമാധാനം ആ​ഗ്രഹിക്കുന്നു. ഇതിനിടയിൽ വീണ്ടും സമാന്തരഭരണത്തിനുള്ള നീക്കം നടത്തുന്നത് നിലവിലെ സമാധാന അന്തരീക്ഷത്തെ തകർക്കും. മലങ്കരസഭയും അതിന്റെ ആത്മീയ- ലൗകിക അധികാരങ്ങളും പൗരസ്ത്യകാതോലിക്കായിലും മലങ്കര മെത്രാപ്പോലീത്തയിലും നിക്ഷിപ്തമാണ്. ഈ സത്യം നിലനിൽക്കെ സമാന്തര അധികാര സ്ഥാനികളെ വാഴിക്കാനുള്ള ചിന്ത തന്നെ കോടതിയലക്ഷ്യവും നിരാശാജനകവുമാണ്. ഒരുമിച്ച് നിന്നാൽ മലങ്കര സഭ കേരളത്തിലെ വലിയ ക്രൈസ്തവ ശക്തിയാണ്. ഭിന്നതകൾ അടുത്ത തലമുറയിലേക്ക് കൈമാറരുത്. ഈ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാൻ എല്ലാവരും തയാറാകണമെന്ന് പരിശുദ്ധ സുന്നഹദോസ് ആഹ്വാനം ചെയ്തു. സഭയുടെ മറ്റു സമിതികൾക്കൂടി ഈ ചിന്ത ചർച്ച ചെയ്യേണ്ടതുണ്ടെന്നും സുന്നഹദോസ് വിലയിരുത്തി.

പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന്റെ മറ്റ് തീരുമാനങ്ങൾ

1. സഭയുടെ എക്യുമെനിക്കൽ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ഇതിന്റെ ഭാ​ഗമായി ദേശീയ അന്തർദേശീയ തലങ്ങളിൽ വിവിധ സഭകളുടെ അധ്യക്ഷൻമാരെ സന്ദർശിക്കാനും, സമൂഹത്തെ പൊതുവായി ബാധിക്കുന്ന പ്രശ്നങ്ങളിൽ ഒറ്റക്കെട്ടായി പ്രതികരിക്കാനും ധാരണയായി.

2. സഭയുടെ വിവിധ ഭദ്രാസനങ്ങളുമായി ബന്ധപ്പെട്ടകാര്യങ്ങൾ സുന്നഹദോസിൽ ചർച്ച ചെയ്തു.

3. ഭദ്രാസനതലങ്ങളിൽ ജോബ് ഓപ്പർച്ച്യൂണിറ്റി സെന്ററുകൾ തുടങ്ങുന്നത് പരി​ഗണിക്കണം.

4. സഭയിലെ 40 മുതൽ 60 വയസുവരെ പ്രായമുള്ളവർക്കായുള്ള സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് പ്രസിഡന്റായി മദ്രാസ് ഭദ്രാസനാധിപൻ‍ ​ഗീവർ​ഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തയെ നിയമിച്ചു.

5. 60 വയസിന് മുകളിൽ പ്രായമുള്ളവർക്കായുള്ള സെന്റ് ജോസഫ് എൽഡേഴ്സ് ഫോറം പ്രസിഡന്റായി മലബാർ ഭദ്രാസനാധിപൻ ​ഗീവർ​ഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തയെ നിയമിച്ചു.

6. ന്യൂനപക്ഷ കമ്മീഷന്റെ ആനുകൂല്യങ്ങൾ സഭാം​ഗങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഭ​ദ്രാസനങ്ങൾ ശ്രദ്ധചെലുത്തണം.

7. മദ്യ – മയക്കുമരുന്ന് വിപത്തിനെതിരെ ഇടവകതലത്തിൽ ആധ്യാത്മിക സംഘടനകളുടെ നേതൃത്വത്തിൽ വിവിധ സ്ക്വാഡുകൾ രൂപീകരിക്കാൻ തീരുമാനിച്ചതായും പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അറിയിച്ചു.

error: Thank you for visiting : www.ovsonline.in