യാക്കോബായ കള്ള പ്രചരണങ്ങൾക്കിടെ വിധി വിശകലനം ചെയ്തു കുറിപ്പ് ചർച്ചയാകുന്നു
യാക്കോബായ വിഭാഗത്തിന് അനുകൂലമായി സുപ്രീം കോടതിയിൽ നിന്ന് വിധിയുണ്ടോ? പി ആർ പ്രചരണം നടക്കുന്നതിനിടെ പള്ളിക്കേസിൽ സുപ്രീം കോടതിയിൽ നിന്നുണ്ടായ വിധിയുടെ വശങ്ങൾ ഉൾകൊള്ളിച്ചു സോഷ്യൽ മീഡിയയിൽ കുറിപ്പ് ചർച്ചയാകുന്നു.
മലങ്കര സഭാ തര്‍ക്കത്തില്‍ കോടതിയലക്ഷ്യ നടപടികള്‍ നടന്നു കൊണ്ടിരിക്കുന്ന 6 പള്ളികളുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി 2025 ജനുവരി 30 പുറപ്പെടുവിച്ച വിധിയുടെ പകര്‍ക്ക് ഈ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. പുറത്ത് വന്ന വിധിപ്പകര്‍പ്പുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടേയിരിക്കുമ്പോള്‍ വിധിയുടെ ഒരു വിശദമായ വിശകലനം നടത്തുകയാണ് ഈ പോസ്റ്റിലൂടെ ഉദ്ദേശിക്കുന്നത്.
വിധിപ്പകര്‍പ്പിന്റെ ഓരോ പാരഗ്രാഫും എടുത്ത് വിശദീകരിക്കേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു.
വിധിപ്പകര്‍പ്പിന്റെ രണ്ടാമത്തെ പാരഗ്രാഫില്‍ ഇപ്രകാരമൊരു അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനക്ക് വരാനിടയായ സാഹചര്യം ആണ് വിവരിക്കുന്നത് . മൂന്നാം പാരഗ്രാഫില്‍ കേരളത്തിലെ രണ്ട് ക്രൈസ്തവ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ ഭാഗമായാണ് ഈ അപ്പീല്‍ ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണക്ക് വന്നിരിക്കുന്നത് എന്നും മുമ്പ് 2017 ലും 2018 ലും 2020 ലും ഈ തര്‍ക്കം സുപ്രീം കോടതിയില്‍ വിവിധ കേസുകളില്‍ പരിഗണനാ വിഷയമായിട്ടുള്ളതാണ് എന്നും സുപ്രീം കോടതി വിധിയില്‍ തുടര്‍ന്ന് വിവരിക്കുന്നു.സുപ്രീം കോടതി വിധി 2017 ലും 2018 ലും 2020 ലും പുറപ്പെടുവിച്ചിട്ടുള്ള വിധികള്‍ നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട് നിരവധി കോടതിയലക്ഷ്യ കേസുകള്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
നാലാം പാരഗ്രാഫില്‍ വിവരിക്കുന്നത് ഒരു സുപ്രധാന വിഷയമാണ്. അത് വളരെ വിശദമായി വിവരിച്ചാലേ വായനക്കാര്‍ക്ക് മനസിലാകൂ എന്നതിനാല്‍ വിഷയം വിശദമായി വിവരിക്കേണ്ടതുണ്ട്.സുപ്രീം കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതിനായി റിട്ട് പെറ്റീഷനുകളും (Writ Petition ) കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യപ്പെടുകയും അത്തരം റിട്ട് പെറ്റീഷനുകള്‍ മാത്രം പരിഗണിച്ച് കേരള ഹൈക്കോടതി സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിനുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതായി ആക്ഷേപം ഉയര്‍ന്നു വരികയും ആയത് ഒരു പ്രത്യേക അപ്പീല്‍ വിഷയമായി (SLP ) ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുമാണെന്ന് സുപ്രീം കോടതി വിധിപ്പകര്‍പ്പില്‍ പറയുന്നു.
2017 ലെ വിധിനടത്തിപ്പുമായി ബന്ധപ്പെട്ട് ടി വിധി ബാധകമായ പള്ളികള്‍ക്ക് സ്യൂട്ട് പെറ്റീഷനുകള്‍ ഫയല്‍ ചെയ്ത് ഒറിജിനല്‍ സ്യൂട്ട് (OS ) പെറ്റീഷനില്‍ ട്രയല്‍ കോടതികളില്‍ വാദം നടത്തി 2017 വിധി ആ പള്ളിക്ക് ബാധകമാണെന്ന് കണ്ടെത്തിയാല്‍ മാത്രമേ ആ പള്ളിക്ക് ആ വിധി ബാധകമാവുകയുള്ളൂ എന്നാണ് പാത്രികീസ് വിഭാഗത്തിന്റെ വക്കീല്‍ ശ്യാം ധിവാന്‍ സുപ്രീം കോടതിയില്‍ വാദിച്ചത്. എന്നാല്‍ ട്രയല്‍ കോടതിയില്‍ സ്യൂട്ട് പെറ്റീഷനുകള്‍ ഫയല്‍ ചെയ്യാതെ റിട്ട് പെറ്റീഷനുകള്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത് ഓര്‍ത്തഡോക്സ് വിഭാഗം ഹൈക്കോടതിയില്‍ നിന്നും അനുകൂല ഉത്തരവുകള്‍ വാങ്ങി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്നും ഈ നടപടി നിയമവിരുദ്ധം ആണ് എന്നതുമായിരുന്നു ശ്യാം ധിവാന്റെ വാദം. എറണാകുളം ജില്ലയിലെ മഴുവന്നൂര്‍ പള്ളി കേസില്‍ ഓര്‍ത്തഡോക്സ് സഭ ട്രയല്‍ കോടതിയില്‍ സ്യൂട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്യാതെ നേരിട്ട് ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്ത് അനുകൂല ഉത്തരവ് വാങ്ങിയതിനെയാണ് ശ്യാം ധിവാന്‍ ചോദ്യം ചെയ്തത്. റിട്ട് പെറ്റീഷനില്‍ ഹൈക്കോടതി നല്‍കിയ ഉത്തരവിനെതിരെ ശ്യാം ധിവാന്‍ മുഖാന്തരം പാത്രികീസ് വിഭാഗം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയും ആ അപ്പീല്‍ സുപ്രീം കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട് . സത്യത്തില്‍ ഈ കേസ് പാത്രികീസ് വിഭാഗത്തെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രധാനപ്പെട്ടതാണ്. 2017 സുപ്രീം കോടതി വിധി ബാധകമാകുന്ന പള്ളികള്‍ക്ക് വിധിനടപ്പാക്കാന്‍ സ്യൂട്ട് പെറ്റീഷനുകള്‍ അനിവാര്യമാണെന്ന് സുപ്രീം കോടതി വിധിച്ചാല്‍ പാത്രികീസ് വിഭാഗത്തിന് ആശ്വസിക്കാം. സുപ്രീം കോടതിയില്‍ നിന്ന് അപ്രകാരം ഒരു തീര്‍പ്പ് ഉണ്ടാകും എന്ന് തന്നെയാണ് ഞാനും കരുതുന്നത്. അല്ല ഇനി മറിച്ച് സ്യൂട്ട് പെറ്റീഷനുകള്‍ ആവശ്യമില്ല ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ മാത്രം ഫയല്‍ ചെയ്ത് സുപ്രീം കോടതി വിധി നടപ്പാക്കാം എന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരി വച്ചാല്‍ പാത്രികീസ് വിഭാഗത്തിന്റെ പെട്ടിയിലെ അവസാന ആണിയും അടിച്ചു എന്ന് മനസിലാക്കാം. നിലവില്‍ ഓര്‍ത്തഡൊക്സ് വിഭാഗത്തിന്റെ കോതമംഗലം , മണര്‍കാട് ,പിറമാടം , കിഴക്കമ്പലം പള്ളികളുടെ ഒറിജിനല്‍ സ്യൂട്ട് പെറ്റീഷനുകള്‍ ട്രയല്‍ കോടതികള്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് തള്ളിക്കളഞ്ഞിട്ടുണ്ടല്ലോ. പള്ളികളില്‍ വിധി നടത്തിപ്പിന് സ്യൂട്ട് പെറ്റീഷനുകള്‍ വേണ്ട റിട്ട് പെറ്റീഷന്‍ മാത്രം മതി എന്ന് സുപ്രീം കോടതിയും ശരി വച്ചാല്‍ മേല്‍പറഞ്ഞ പള്ളികളുടെ സ്യൂട്ട് പെറ്റീഷനുകള്‍ തള്ളിയ ട്രയല്‍ കോടതി വിധികള്‍ അപ്രസക്തമാവുകയും മേല്‍പറഞ്ഞ പള്ളികള്‍ക്കെല്ലാം വിധിനടത്തിപ്പാവശ്യപ്പെട്ട് റിട്ട് പെറ്റീഷനുകളുമായി ഹൈക്കോടതിയെ സമീപിക്കാന്‍ ഓര്‍ത്തഡോക്സ് സഭക്ക് സാധിക്കുകയും ചെയ്യും.
ഇനി നമുക്ക് ജനുവരി 30 ലെ വിധിപ്പകര്‍പ്പിലേക്ക് തിരികെ വരാം. സുപ്രീം കോടതി 6 പള്ളികളുടെ കണ്ടമ്പ്റ്റ് കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നടന്നിട്ടുള്ള കേസുകളുടെ വിശദാംശങ്ങളാണ് 6 ആം പാരഗ്രാഫില്‍ വിവരിക്കുന്നത്. ഏഴും എട്ടും പാരഗ്രാഫുകളില്‍ സുപ്രീം കോടതി ഈ കേസ് പരിഗണിച്ചപ്പോള്‍ നല്‍കിയ ഇടക്കാല ഉത്തരവുകളെ കുറിച്ചാണ് പരാമര്‍ശിക്കുന്നത്.
ഒന്‍പതാം പാരഗ്രാഫില്‍ കേസുമായി ബന്ധപ്പെട്ട് കക്ഷികള്‍ ഫയല്‍ ചെയ്ത അഫിഡവിറ്റുകളെ കുറിച്ച് വിശദീകരിക്കുന്നു.
പത്താമത്തെ പാരഗ്രാഫില്‍ സുപ്രീം കോടതി ഡിസംബര്‍ 12 ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെ കുറിച്ചാണ് പരാമര്‍ശിച്ചിരിക്കുന്നത്.
പതിനൊന്നാം പാരഗ്രാഫില്‍ സുപ്രീം കോടതി പറയുന്നു മലങ്കര സഭാ തര്‍ക്കത്തില്‍ പള്ളികളിലെ കക്ഷി നില കോടതിയലക്ഷ്യ കേസുകളുമായി ബന്ധപ്പെട്ട് അപ്രസക്തമായതിനാല്‍ പള്ളികളിലെ കക്ഷിനില സംബന്ധിച്ച് ഗവണ്‍മെന്റ് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ സര്‍ക്കാരിന്റെ വക്കീലിന് തന്നെ തിരികെ നല്‍കുന്നു എന്ന്. അതായത് ഒരു പള്ളിയില്‍ 99.9% വും പാത്രികീസ് വിഭാഗം ആണെങ്കിലും .1% മാത്രമേ ഓര്‍ത്തഡൊക്സ് വിഭാഗം ഉള്ളൂ എങ്കിലും കോടതിയലക്ഷ്യ നടപടികള്‍ക്ക് അതൊരു വിഷയമേ അല്ല എന്ന് സുപ്രീം കോടതി വിധിയില്‍ വ്യക്തമായി പറയുന്നു.
പന്ത്രണ്ടാം പാരഗ്രാഫില്‍ സുപ്രീം കോടതി ഹൈക്കോടതിയുടെ മുന്നില്‍ കുറച്ചു നിര്‍ദേശങ്ങള്‍ വക്കുകയാണ്. 6 പള്ളികളുടെ കോടതിയലക്ഷ്യ കേസുകള്‍ വീണ്ടും വിശദമായി പരിഗണിക്കാന്‍ സുപ്രീം കോടതി കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനോട് ആവശ്യപ്പെടുന്നു. കൂട്ടത്തില്‍ 7 ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുകയും വേണം. ആ ചോദ്യങ്ങള്‍ ഇവയാണ്.
1) 2017 ലും തുടര്‍വര്‍ഷങ്ങളിലും സഭാതര്‍ക്ക വിഷയത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധികളുടെ അന്തസത്ത എന്താണ് ?
2) സുപ്രീം കോടതി വിധികള്‍ യഥാര്‍ത്തത്തില്‍ ബാധകമാകുന്നത് ഏതൊക്കെ കക്ഷികള്‍ക്കാണ് ?
3) സുപ്രീം കോടതി അന്തിമ തീര്‍പ്പുകല്‍പ്പിച്ചിട്ടുള്ള കാര്യങ്ങള്‍ പൂര്‍ണമായി നടപ്പായിട്ടുണ്ടോ ?
4) ഇല്ല എങ്കില്‍ അന്തിമ തീര്‍പ്പുകളില്‍ ഇനിയും നടപ്പാകാത്തത് എന്തൊക്കെയാണ്, അവ നടപ്പില്‍ വരുത്താന്‍ എന്താണ് ആവശ്യമായ നടപടി ക്രമം.
5) കേരള സര്‍ക്കാര്‍ പാസാക്കിയ ശവസംസ്കാര നിയമം ഈ കോടതിയലക്ഷ്യ നടപടികളില്‍ ഉണ്ടാക്കാവുന്ന നിയമപരമായ സ്വാധീനം എന്താണ് ?
6) സര്‍ക്കാരിന്റെ ശവസംസ്കാര നിയമം കോടതിയലക്ഷ്യ നടപടികളില്‍ ഉണ്ടാക്കാവുന്ന നിയമപരമായ അനന്തരഫലം എന്താണ് ?
7) മതപരമായ തര്‍ക്കങ്ങളില്‍ കോടതിക്ക് മതസ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം കൊടുക്കേണ്ട ആവശ്യമുണ്ടോ അങ്ങനെ ആവശ്യം ഉണ്ടെങ്കില്‍ അത്തരം നിര്‍ദ്ദേശം പൊതുതാല്‍പര്യത്തിനനുസൃതമാണോ ?
.
പതിമൂന്നാം പാരഗ്രാഫില്‍ ഹൈക്കോടതി മേല്‍പറഞ്ഞ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനും ഡിവിഷന്‍ ബെഞ്ച് രൂപീകരിച്ച് കോടതിയലക്ഷ്യ ഹര്‍ജികള്‍ വീണ്ടും വാദം കേള്‍ക്കാനും സുപ്രീം കോടതി നിര്‍ദേശിക്കുന്നു അതോടൊപ്പം ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ കോടതിയലക്ഷ്യ നടപടികള്‍ റദ്ദാക്കുകയും ചെയ്യുന്നു.
പതിനാലാം പാരഗ്രാഫില്‍ ഹൈക്കോടതി ഫെബ്രുവരി 24 ന് ഈ കേസ് പരിഗണക്കണമെന്നും കക്ഷികള്‍ ആ ദിവസം കോടതിയില്‍ ഹാജരാകാനും നിര്‍ദ്ദേശിക്കുന്നു.
പതിനഞ്ചാം പാരഗ്രാഫില്‍ മലങ്കര സഭാതര്‍ക്ക ബന്ധപ്പെട്ട വിഷയത്തിലൊന്നും തങ്ങള്‍ യാതൊരു അഭിപ്രായവും പറയാന്‍ ആഗ്രഹിക്കുന്നില്ല എന്ന് കോടതി വ്യക്തമാക്കുന്നു അതോടൊപ്പം സിവില്‍ അഡ്മിനിസ്ട്രേറ്റിവ് ഉദ്യോഗസ്ഥര്‍ക്ക് കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിന് നല്‍കിയ ഇളവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിച്ച് തീര്‍പ്പാക്കുന്നത് വരെ നീട്ടുന്നു.
അതോടൊപ്പം പതിനാറാം പാരഗ്രാഫില്‍ സുപ്രീം കോടതി സുപ്രധാനമായ ഒരു പ്രഖ്യാപനവും നടത്തുന്നുണ്ട്. സുപ്രീം കോടതിയുടെ ഉത്തരവുകള്‍ നടപ്പാക്കുന്നതിനായി എന്ത് നടപടികള്‍ സ്വീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യവും കേരള ഹൈക്കോടതിക്കുണ്ട് എന്നതാണ് ആ പ്രഖ്യാപനം.
ഇതാണ് ജനുവരി 30 ലെ സുപ്രീം കോടതി വിധിയുടെ അന്തസത്ത. 2017 വിധി നിലനില്‍ക്കും. ആ വിധി ആര്‍ക്കൊക്കെയാണ് ബാധകമാകുക എന്നത് ഹൈക്കോടതി കണ്ടത്തണം. അത് കണ്ടെത്തിയാല്‍ വിധി നടപ്പാക്കുന്നതിനായി ഹൈക്കോടതിക്ക് എന്ത് നടപടിയും സ്വീകരിക്കാം . പോലീസ് നടപടി ഇല്ലാതെ വിധി നടപ്പാക്കാമോ എന്ന് പരിശോധിക്കണം . കോടതിയലക്ഷ്യം നടത്തുന്നവര്‍ക്കെതിരെ സ്വതന്ത്രമായി കോടതിയലക്ഷ്യ നടപടിക്രമങ്ങള്‍ ഹൈക്കോടതിക്ക് സ്വീകരിക്കാം. ഇനി പോലീസ് നടപടി ഉണ്ടെങ്കിലേ കോടതി വിധി നടപ്പാവുകയുള്ളൂ എങ്കില്‍ ഹൈക്കോടതിക്ക് പോലീസിനെ ഉപയോഗിച്ച് കോടതിവിധി നടപ്പാക്കാനുമുള്ള സ്വാതന്ത്ര്യം സുപ്രീം കോടതി നല്‍കിയിട്ടുണ്ട്.