Court OrdersOVS - Latest NewsOVS-Kerala News

വിധിപകർപ്പ് പുറത്തായതോടെ യാക്കോബായ പ്രസ്താവനകൾ തെറ്റ് : ഓർത്തഡോക്സ്‌ സഭ

കോട്ടയം : മലങ്കരസഭയുടെ 6 പള്ളികൾ സംബന്ധിച്ച കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട സുപ്രീംകോടതി വിധി സഭാ സമാധാനത്തിന് കാരണമായി തീരുമെന്ന് പ്രതീക്ഷിക്കുന്നതായി ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം തലവൻ ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ്. ഇന്നലെ പുറത്തിറങ്ങിയ കോടതി ഉത്തരവിന്റെ പകർപ്പ് 2017ലെ അന്തിമസ്ഥിതിയെത്തിയ വിധി പൂർണമായി പാലിക്കപ്പെട്ടോ എന്ന ചോദ്യമാണ് ഉയർത്തിയിരിക്കുന്നത്. കേസിൽ വിശ്വാസികളുടെ കണക്കെടുപ്പിന് പ്രസക്തിയില്ലെന്ന് വിധി പകർപ്പിൽ പരമോന്നത കോടതി വ്യക്തമാക്കുന്നു. സർക്കാർ ശേഖരിച്ച കണക്ക് അപ്രസക്തമായതിനാൽ മടക്കി നൽകുകയും ചെയ്തു. കോടതി ഉത്തരവുകൾ അതിന്റെ പൂർണമായ അർത്ഥത്തിൽ നടപ്പാക്കേണ്ടതുണ്ടെന്ന സുപ്രീംകോടതി നിരീക്ഷണത്തെ മലങ്കര ഓർത്തഡോക്സ് സഭ സ്വാഗതം ചെയ്യുന്നു.
വിധി നടപ്പാക്കുക എന്നാൽ സഭയിൽ സമാധാനം സംജാതമാക്കുക എന്നാണ്.ഒപ്പം സമാന്തരഭരണത്തിന് അറുതി വരുത്തുക എന്നതും. വിധി നടത്തിപ്പിൽ അവശേഷിക്കുന്ന കാര്യങ്ങളിൽ ഹൈക്കോടതി തീർപ്പ് കൽപ്പിക്കുന്നതോടെ സഭയിൽ സമാന്തരഭരണം പൂർണവിരാമത്തിലെത്തും. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളുമായി ഇനിയും സഭാമക്കളെ ഇരുട്ടിൽ നിർത്താൻ ശ്രമിക്കുന്നത് ഖേദകരമാണ്. സഭാ സമാധാനത്തിന് കണക്കെടുപ്പ് മാത്രമാണ് പോം വഴിയെന്ന് പറഞ്ഞവർക്ക് സുപ്രീംകോടതി വിധി വീണ്ടുവിചാരത്തിന് വഴിവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. കണക്കെടുപ്പിനെ ആഘോഷമാക്കി വിശ്വാസികളെ കബളിപ്പിക്കാൻ ശ്രമിക്കുന്നവർ ഇനിയെങ്കിലും സഭാ സമാധാനത്തെക്കുറിച്ച് വീണ്ടുവിചാരം നടത്തണം. വിധി നടപ്പാക്കാതെ ഉരുണ്ട് കളിച്ച ഉദ്യോഗസ്ഥർക്ക് താൽക്കാലികമായി ആശ്വസിക്കാമെങ്കിലും കോടതിവിധി അനുസരിക്കാത്തവർ ഇപ്പോഴും നിയമത്തിന്റെ മുന്നിൽ കോടതിലക്ഷ്യത്തിലാണെന്നും അഭി ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് തിരുമേനി പ്രതികരിച്ചു.
error: Thank you for visiting : www.ovsonline.in