സമാധാനം പുനസ്ഥാപിക്കുവാൻ പ്രതിജ്ഞാബദ്ധം : ഓർത്തഡോക്സ് സഭ
കോട്ടയം :സഭാ ഭരണ സംവിധാനത്തിന് അടുക്കും ചിട്ടയും നിയമപരമായ പരിരക്ഷയും പ്രദാനം ചെയ്യുന്ന സഭാ ഭരണഘടന ഇരുപതാം നൂറ്റാണ്ടിൽ ഭാരതത്തിൽ ഉണ്ടായ നവോത്ഥാനത്തിൻ്റെ പ്രതിഫലനമാണന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പ്രസ്താവിച്ചു. ദൈവോന്മുഖമായ സഭാദർശനത്തിലും ഉന്നതമായ ജനാധിപത്യബോധത്തിലും ഊന്നിയ സഭാ ഭരണഘടന എപ്പിസ്ക്കാേപ്പസിയും ജനാധിപത്യവും സമഞ്ജസമായി സമന്വയിച്ച ഭരണ സംവിധാന ത്തിൻ്റ പ്രമാണരേഖയാണന്നും പരിശുദ്ധ ബാവാ ഓർമിപ്പിച്ചു. 2017 ജൂലായ് 3 ലെ സുപ്രീം കോടതി വിധിക്കും സഭാ ഭരണഘടനയ്ക്കും വിധേയമായി മലങ്കര സഭയിൽ സമാധാനം പുനസ്ഥാപിക്കുവാൻ സഭ എന്നും പ്രതിജ്ഞാബദ്ധമാണന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടി ചേർത്തു. കോട്ടയം എം.ഡി സെമിനാരിയിൽ ചേർന്ന മലങ്കര സഭാഭരണഘടന നവതിയാഘോഷം ഉദ്ഘാടനം ചെയ്യുകയാരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ.
രാവിലെ 7 മണിക്ക് പഴയ സെമിനാരിയിൽ നടന്ന വി. കുർബാനയ്ക്ക് പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ മുഖ്യ കാർമികത്വം വഹിച്ചു. രാവിലെ 10.30 മുതൽ കോട്ടയം മാർ എലിയാ കത്തീഡ്രലിൽ മലങ്കര സഭാഭരണഘടന അന്തഃസത്തയും ഊന്നലുകളും, ഭരണഘടനയും സുപ്രീം കോടതി വിധികളും എന്നീ വിഷയങ്ങളിൽ നടക്കുന്ന സെമിനാറുകളിൽ അഡ്വ. പോൾ കുറിയാക്കോസ്, അഡ്വ. മുഹമ്മദ് ഷാ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. സക്കറിയാസ് മാർ അപ്രേം മെത്രാപ്പോലീത്താ, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ എന്നവർ മോഡറേറ്റർമാരായിരുന്നു. കോട്ടയം മാർ ഏലിയാ കത്തീഡ്രലിലെ ധൂപപ്രാർത്ഥനയ്ക്കു ശേഷം പരിശുദ്ധ കാതോലിക്കാ ബാവായേയും മെത്രാപ്പോലീത്തന്മാരേയും സഭാ മാനേജിംഗ് കമ്മറ്റിയംഗങ്ങളുടെ നേതൃത്വത്തിൽ മാർ ഏലിയാ കത്തീഡ്രലിനോട് ചേർന്നുള്ള എം.ഡി. സെമിനാരി അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ നഗറിലേക്ക് ആനയിച്ചു. ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ മെത്രാപ്പോലീത്ത, വൈദീക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. ജോൺ തോമസ്, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബഹാം , മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഫാ. ഡോ. വർഗീസ് വർഗീസ്, പ്രൊഫാ. ജേക്കബ് കുര്യൻ ഓണാട്ട് എന്നിവർ പ്രസംഗിച്ചു. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈദീക സെമിനാരിയും ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസികും സംയുക്തമായി അവതരിപ്പിക്കുന്ന ഗാനശുശ്രൂഷയും സഭാ ഭരണഘടനയുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങളുടെ എക്സിബിഷനും സമ്മേളന സ്ഥലത്ത് ക്രമീകരിച്ചിരുന്നു.
മലങ്കര സഭാ അൽമായ ട്രസ്റ്റിയായിരുന്ന യശ്ശ ശരീരനായ മുത്തൂറ്റ് എം.ജി. ജോർജിൻ്റെ ഉടമസ്ഥതയിൽ കൊടുങ്ങല്ലൂരിൽ ഉള്ള സ്ഥലം മാർത്തോമൻ സ്മൃതി ഹെറിറ്റേജ് സമുച്ചയം നിർമ്മിക്കുവാനായി അദ്ദേഹത്തിൻ്റെ അനന്തരാവകാശികൾ സഭയക്ക് കൈമാറിയതായി പരിശുദ്ധ കാതോലിക്കാ ബാവാ അറിയിച്ചു. 1934 ഡിസം ബർ 26 ന് മലങ്കര അസോസിയേഷൻ ചേർന്ന അതേ സ്ഥലത്തു തന്നെയാണ് ഒൻപത് പതിറ്റാണ്ടുകൾക്കു ശേഷം നവതിയാഘോഷം നടന്നത് എന്ന പ്രത്യേകതയും സമ്മേളത്തിനുണ്ട്. മലയാളത്തിൻ്റെ ഇതിഹാസ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ ദേഹവിയോഗത്തിൽ ആദരാഞ്ജലികൾ അർപിച്ചാണ് യോഗം ആരംഭിച്ചത്. മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ അനുശോചന പ്രമേയം അവതരിപ്പിച്ചു..ഡോ ഗീവർഗീസ് മാർ കൂറിലോസ് , യൂഹാനോൻ മാർ പോളികർപ്പോസ് , ഡോ യൂഹാനോൻ തേവോദോറസ്. ഡോ. ഏബ്രഹാം മാർ സ്തേഫാനോസ് സഖറിയാസ് മാർ സേവേറിയോസ്, ഗീവർഗീസ് മാർ തേ യോഫിലോസ് , മാത്യൂസ് മാർ തീമോത്തിയോസ്, മാത്യൂസ് മാർ തേവോദോസിയോസ് ‘ ഡോ. ഏബ്രഹാം മാർ സെറാഫിം, ഡോ. ജോസഫ് മാർ ദീവന്നാസ്യോസ് എന്നിവർ സംബന്ധിച്ചു.