മാർത്തോമ്മാ ക്രിസ്ത്യാനികളുടെ നിരണം കുരിശ്
കുരിശ് ക്രൈസ്തവ സഭയുടെ പ്രധാന പ്രതീകവും, വിശ്വാസത്തിൻ്റെ ഭാഗവുമാണ്. പേഗൻ സംസ്കാരത്തിലും, റോമൻ ഭരണ സംവിധാനത്തിലെ ശിക്ഷാരീതിയായും, ക്രിസ്തുമതത്തിൻ്റെ ആവിർഭാവത്തിന് മുമ്പ് തന്നെ കുരിശിൻ്റെ സ്ഥാനം ചരിത്രത്തിൽ കാണാൻ സാധിക്കും. എന്നാൽ രാഷ്ട്രീയ കാഴ്ചപ്പാടിൽ നിന്നും മാറി കുരിശിന് അദ്ധ്യാത്മികമായ ഒരു ഭാവം കൈവന്നത് യേശു ക്രിസ്തുവിൻ്റെ ക്രൂശുമരണവും, അതിലൂടെ സൃഷ്ടി മുഴുവനും കൈവന്ന രക്ഷയും മുൻനിർത്തിയാണ്. കുരിശ് കഴുമരം എന്ന ധാരണയ്ക്കപ്പുറമായി സ്നേഹത്തിൻ്റെയും, വീണ്ടെടുപ്പിൻ്റെയും, ദൈവീക കൃപയുടെയും അനുഭവവുമായി മാറ്റപ്പെട്ടു. കാലഗതിയിൽ റോമാ സാമ്രാജ്യത്തിൽ ക്രൈസ്തവസഭ ഔദ്യോഗിക മതമായപ്പോൾ കുരിശ് ഒരു മതചിഹ്നമായി തീർന്നു.ചരിത്രവും, രാഷ്ട്രീയവും വിശ്വാസവും ഇഴചേർന്നു നിൽക്കുന്നതാണ് കുരിശിനു പിന്നിലുള്ള ചരിത്രം.
ഭാരത ക്രൈസ്തവ ചരിത്രത്തിൽ കുരിശു രൂപങ്ങൾക്ക് അദ്ധ്യാത്മീക തലം മാത്രമല്ല മറിച്ച് തലമുറകളായി കൈമാറി വരുന്ന ചരിത്രം, സംസ്കാരം, കലാവൈദഗ്ധ്യം എന്നീ തലങ്ങൾ കൂടി ഉണ്ട് . ഉദാഹരണമായി പുരാതന നസ്രാണി പള്ളികളുടെ ചുവരുകളിലും മേൽക്കൂരകളിലും വി. മദ്ബഹായ്ക്കുള്ളിലെ കൊത്തുപണികളിലും വിവിധ കുരിശുരൂപങ്ങൾ കാണാൻ സാധിക്കും. ഇന്നത്തെപ്പോലെ ആധുനിക യന്ത്രങ്ങളുടെ സഹായമില്ലാതെ, മനുഷ്യബുദ്ധിയും കലാ വിരുതും മഹത്തായി സമ്മേളിച്ചതാണ് ഈ നിർമ്മാണങ്ങൾ ഒക്കെയും. ഏറെ പ്രചാരം ലഭിച്ച പേർഷ്യൻ കുരിശും അതിൻ്റെ നിർമ്മാണ ചാരുതയും ഇന്നും ശ്രദ്ധ പിടിക്കുന്നത് ചരിത്ര- സാംസ്കാരിക ബന്ധങ്ങളും, വിശ്വാസത്തിൽ ഉറച്ച പ്രതീകാത്മക ബോധ്യങ്ങളും ചേർന്നുനിൽക്കുന്നതു കൊണ്ടാണ് .മലങ്കര സഭ ചരിത്രത്തിൽ ചില കുരിശ് രൂപങ്ങൾ പൗരാണികതയും, രൂപഭംഗിയും ഒക്കെക്കൊണ്ട് ശ്രദ്ധ നേടിയപ്പോൾ, ആരുടെയും കാര്യമായ ശ്രദ്ധ പതിയാതിരുന്ന, എന്നാൽ ഏറെ പ്രത്യേകകൾ ഉള്ള കുരിശുരൂപമാണ് ഭാരത ക്രൈസ്തവരുടെ ഈറ്റില്ലമായ നിരണം പള്ളിയിലെ പുരാതനമായ മമോദീസ തൊട്ടിയിൽ കൊത്തിവെച്ചിട്ടുള്ളത്.
നിരണം കുരിശും – ശൈലിയും
സാധാരണ കുരിശു രൂപങ്ങളുടെ തനതു ശൈലിയിൽ നിന്നും ഏറെ വേറിട്ടു നിൽക്കുന്ന ഒരു രൂപമാണ് നിരണം കുരിശിനുള്ളത്. ഇടതു കൈയുടെ അഗ്രം ചുണ്ടൻ വള്ളങ്ങളുടെ അമരം പോലെ മുകളിലേക്കും, വലതുകൈയുടെ അഗ്രം ഇതിൻ്റെ വിപരീത രീതിയിൽ താഴേക്ക് കുനിഞ്ഞുമാണ് ഉള്ളത്. ആ രീതിയിൽ ഉള്ള ഒരു കുരിശ് നിരണം പള്ളിയിൽ അല്ലാതെ വേറെ എങ്ങും ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് ഇന്ത്യയ്ക്ക് അകത്തും പുറത്തു നിന്നും ഉള്ളവരായ ചരിത്ര-പുരാവസ്തു ഗവേഷകരുടെ നിരീക്ഷണം. ഈ കുരിശു രൂപം കാണുമ്പോൾ സ്വസ്തിക ചിഹ്നത്തോട് ചെറു സാമ്യം ഉണ്ടെങ്കിലും പൂർണ്ണമായും അതിനൊടു ചേർച്ചയും ഇല്ല. ഭാരതീയ പാരമ്പര്യത്തിലെ ദേവീദേവന്മാരുടെ വിഗ്രഹശാസ്ത്ര മുറപ്രകാരമുള്ള അഭയ – വരദ മുദ്രകളായാണ് നിരണം കുരിശിൻ്റെ ഇരു കരങ്ങളും ചമച്ചിരിക്കുന്നത് എന്ന് പുരാവസ്തു ഗവേഷണ വിദ്യാർത്ഥിയും, സുഹൃത്തുമായ രൂബേൻ അഭിപ്രായപ്പെടുന്നു. ബുദ്ധ – ഹിന്ദു മതങ്ങളിൽ വിഗ്രഹത്തിൻ്റെ വലതു കൈ മേൽപ്പോട്ട് ഉയർന്ന്, ഭക്തന് അഭയം നൽകുന്ന രീതിയിലും. ഇടത് കയ്യാവട്ടെ വരം പ്രദാനം ചെയ്തുകൊണ്ട് പുറത്തേക്ക് നീട്ടിയ മട്ടിലും കാണപ്പെടുന്നു. ഒരു പക്ഷെ നിരണം ദേശത്ത് ഉണ്ടായിരുന്ന ബുദ്ധമത സാന്നിധ്യവും, പുരാതന ഹൈന്ദവ ക്ഷേത്ര പാരമ്പര്യങ്ങളും ഈ കുരിശിനെ സ്വാധീനിച്ചതുമാകാൻ സാധ്യതയുണ്ട്.കാരണം ഇപ്പോൾ നിലവിൽ ഉള്ള നിരണം പള്ളി പുതുക്കി പണിതത് ഒരു നൂറ്റാണ്ടിന് മുമ്പേയായിരുന്നെങ്കിലും മാമോദീസ തൊട്ടിയുടെ നിർമ്മാണ ശൈലി അതിലും പഴയതാണ്. ഒരു പക്ഷെ പഴയ പള്ളിയിൽ ഉപയോഗിച്ച മാമോദീസ തൊട്ടി പുനർ നിർമ്മിച്ച പള്ളിയിൽ ഉപയോഗിച്ചതുമാകാം. സ്മൃതിമന്ദിരത്തിൽ സൂക്ഷിച്ചിരിക്കുന്ന പഴയ പള്ളിയുടെ ചില ഭാഗങ്ങൾ ഇത് തെളിയിക്കുന്നുമുണ്ട്.
തളിർത്ത കുരിശ് ആണ് നിരണം കുരിശ് എന്നും, കുരിശിൻ്റെ തളിർപ്പുകളാവാം ഇരു വശത്തും കാണപ്പെടുന്നത് എന്നും രൂബേൻ അഭിപ്രായപ്പെടുന്നുണ്ട്. കേരളീയ ചുവർചിത്ര കലാപാരമ്പര്യത്തിൽ ലത അഥവാ വള്ളി എന്ന് പറഞ്ഞുവരുന്ന ഡിസൈനുമായി കുരിശിൻ്റെ ഇടത്-വലത് കൈകൾക്ക് സാമ്യമുണ്ടെന്നും, കൽപ്പണിക്കാരൻ കുരിശിൻ്റെ തളിർത്ത അവസ്ഥയെ മനോഹരമായി അവതരിപ്പിച്ചതാവണം എന്നുമാണ് അദ്ദേഹം പറയുന്നത്.ഈ നിരീക്ഷണങ്ങൾ ഒന്നും തന്നെ പൂർണ്ണമായും ശരിയെന്നോ തെറ്റെന്നോ പറയാൻ സാധിക്കില്ല, എങ്കിലും തുടർപഠനങ്ങൾ നടക്കുമ്പോൾ ചരിത്രത്തിൻ്റെ ചുരുളുകൾ അഴിയുമെന്നു തന്നെ കരുതാം
നിരണം കുരിശും അന്തർലീനമായിരിക്കുന്ന അർത്ഥതലങ്ങളും
ക്രൈസ്തവരെ സംബന്ധിച്ച് കുരിശ് കർത്താവിൻറെ മരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും കുരിശു മൂലം ഉണ്ടായ രക്ഷയുടെയും പ്രതീകമാണ്. ഒപ്പം രക്ഷ പ്രദാനം ചെയ്ത കർത്താവിൻ്റെ തന്നെ പ്രതീകമായും സഭാ പിതാക്കൻമാർ പഠിപ്പിക്കുന്നു. നിരണം കുരിശിൻ്റെ ആകൃതിയിൽ ചേർത്തു വെക്കാവുന്ന അർത്ഥം സൃഷ്ടിയുടെ വീണ്ടെടുപ്പിനു വേണ്ടി മനുഷ്യനായ ദൈവപുത്രൻ തൻ്റെ രക്ഷാസംഭവത്തിൽ കൂടി ഉയരത്തേയും ആഴത്തേയും തമ്മിൽ ഒന്നാക്കി ദൈവീകാനുഗ്രഹങ്ങൾ സർവ്വ സൃഷ്ടിയ്ക്കും നൽകുന്നു എന്നുള്ളതായിരിക്കാം. മാമോദീസ തൊട്ടിയിൽ ഈ കുരിശു രൂപം നിർമ്മിച്ച പിതാക്കൻമാർ ഇങ്ങെനെ ഒരു അർത്ഥം തന്നെയാണോ ഉദ്ദേശിച്ചത് എന്ന് തീർച്ചയില്ല, എങ്കിലും ക്രിസ്തുസംഭവം (Christ Event) നന്നായി വിവരിക്കാൻ നിരണം കുരിശിനു സാധിക്കും.
സംഗ്രഹം
അന്വേഷണവും, യാത്രയും ഒന്നിൻ്റെയും അവസാനമല്ല മറിച്ച് പുതിയ കാഴ്ചയുടെയും അറിവനുഭവത്തിൻ്റെ പുതു തുറവിയാണ് സമ്മാനിക്കുന്നത്. നിരണം പള്ളിയുടെ ചരിത്രവും ചരിത്ര ശേഷിപ്പുകളും അങ്ങനെയാണ്. നിരണം കുരിശ് എന്ന് വിളിക്കപ്പെടുന്ന വി മാമോദീസ തൊട്ടിയിലെ കുരിശിൻ്റെ അന്വേഷണം കൂടുതൽ അർത്ഥങ്ങൾ കണ്ടെത്താൻ സഹായിക്കട്ടെ എന്ന് മാത്രം ആശിക്കുന്നു. ഈ ചെറു കുറിപ്പ് ആധികാരികമായ ഒരു പഠനമൊന്നുമല്ല. ഒന്നിൻ്റെയും തീർപ്പുമല്ല , മറിച്ച് ഒരു ശ്രദ്ധ ക്ഷണിക്കൽ മാത്രമാണ്. വിസ്മരിച്ചു പോകാവുന്ന ചരിത്രത്തിലേക്കുള്ള ഒരു ക്ഷണം മാത്രം. അവഗണിച്ചു വിടാവുന്ന ഒരു ചെറിയ സംസാരത്തെ വിവിധ തരത്തിൽ സഹായിച്ച എല്ലാവർക്കും നന്ദി.
ഫാ. ജിജോ മത്തായി നിരണം