ഓർത്തഡോക്സ് സഭയുടെ ഓണററി പിആർഒയായി ഡോ.ജേക്കബ് മണ്ണുംമൂടിനെ നിയമിച്ചു
കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പബ്ലിക് റിലേഷൻസ് പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനു വേണ്ടി ഓണററി പബ്ലിക് റിലേഷൻസ് ഓഫീസറായി ഡോ. ജേക്കബ് മണ്ണുംമൂടിനെ പരിശുദ്ധ കാതോലിക്കാ ബാവാ നിയമിച്ചു. കോട്ടയം ബസേലിയോസ് കോളജിൽ നിന്ന് ബിരുദവും പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നിന്ന് ബിരുദാനന്തര ബിരുദവും അണ്ണാമല യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് റിലേഷൻസിൽ ബിരുദാനന്തരബിരുദ ഡിപ്ലോമായും നേടിയിട്ടുള്ള ഇദ്ദേഹത്തിന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോ. സാമുവേൽ ചന്ദനപ്പള്ളിയുടെ കീഴിൽ സി. അന്തപ്പായിയുടെ കൃതികളെ കുറിച്ചു നടത്തിയ ഗവേഷണത്തിന് 2005 ൽ പി.എച്ച്.ഡി. ബിരുദം ലഭിച്ചു. മലയാള വിമർശനത്തിൻ്റെ പൂർവമുഖം , സമാധാനത്തിൻ്റെ വൈരുദ്ധ്യാത്മികത തുടങ്ങിയ ഗ്രന്ഥങ്ങൾ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ ബാവാ ജീവിതവും ദർശനവും എന്ന ഗ്രന്ഥത്തിൻ്റെ എക്സികുട്ടീവ് എഡിറ്ററായിരുന്നു. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കോട്ടയം ഭദ്രാസന സെക്രട്ടറി , ഓർത്തഡോക്സ് യുവജനം മാസിക എഡിറ്റർ , പാമ്പാടി എം.ജി. എം അഭയഭവൻ, ബാലഭവൻ കൗൺസിൽ അംഗം, കാതോലിക്കേറ്റ് & എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ മുഖപത്രമായിരുന്ന ജ്യോതിർഗമയ പത്രാധിപ സമതിയംഗം , പാത്താ മുട്ടം സ്തേഫാനോസ് മാർ തേവോദോസിയോസ ‘മെമ്മോറിയൽ മിഷൻ ബോർഡംഗം സഭാ പരിസ്ഥിതി കമ്മീഷൻ കേന്ദ്ര സമതിയംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അമയന്നൂർ കാരാട്ടു കുന്നേൽ സെന്റ്. മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്.മലങ്കര ഓർത്തഡോക്സ് ചർച്ച് പബ്ലിക്കേഷൻ സമതിയംഗമായ ഇദ്ദേഹം വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഹയർ സെക്കണ്ടറി ‘സ്കൂൾ പ്രിൻസിപ്പലാണ്.