OVS - Articles

മലങ്കര സഭാ കേസിലെ സുപ്രീംകോടതി വിധി അട്ടിമറിക്കപ്പെടുന്നുവോ? പിന്നിൽ ആര്?

മലങ്കര സഭ പള്ളി തർക്ക കേസിൽ 2017-ൽ ബഹുമാനപ്പെട്ട സുപ്രീംകോടതിയിൽ നിന്നും ഉണ്ടായ വിധി ന്യായവും ഉത്തരവുകളും നടപ്പാക്കുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന വിമുഖത വർഷങ്ങളായി കേരള സമൂഹം കണ്ടുകൊണ്ടിരിക്കുകയാണ്. ബഹുമാനപ്പെട്ട സുപ്രീംകോടതിയിൽ നിന്നും ഉണ്ടായ വിധി ന്യായങ്ങൾ നടപ്പാക്കുന്നതിന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള മലങ്കര സഭയുടെ പള്ളികൾക്ക് പോലീസ് സംരക്ഷണവും റവന്യൂ അധികാരികളുടെ സഹായവും നൽകണമെന്ന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഉത്തരവിട്ടിട്ട് വർഷങ്ങൾ പിന്നിടുന്നു. ആയത് നടപ്പാക്കാതെ സർക്കാരും പോലീസ് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും നടത്തുന്ന നാടകങ്ങൾക്കെതിരെ കോടതി അലക്ഷ്യ ഹർജികൾ തുടരെത്തുടരെ ഹൈക്കോടതിയിൽ ഫയൽ ചെയ്യപ്പെടുന്ന സാഹചര്യവും ഉണ്ടാകുന്നു. ഒരു സ്റ്റേഷൻ ഹൗസ് ഓഫീസർ മാത്രം വിചാരിച്ചാൽ നടപ്പാക്കാവുന്ന കോടതിവിധികൾ സംസ്ഥാന പോലീസ് സേന മുഴുവൻ വിചാരിച്ചിട്ട് നടപ്പാക്കാൻ സാധിക്കുന്നില്ല എന്ന നാണംകെട്ട അവസ്ഥ ഉണ്ടാക്കപ്പെടുന്നു.

രാജ്യത്തിന്റെ ഭരണഘടനയുടെ നിലനിൽപ്പിന്റെ തന്നെ പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നായ ജുഡീഷ്യറിയുടെ ഉത്തരവുകൾ പ്രത്യേക നിർദ്ദേശങ്ങൾ ഒന്നും കൂടാതെ തന്നെ നടപ്പാക്കാനുള്ള ഉത്തരവാദിത്വവും ഭരണഘടനാപരമായ ബാധ്യതയും ഉള്ള സർക്കാർ നിസ്സംഗത പാലിക്കുന്നതിന് പിന്നിൽ എന്താണ് എന്ന് അന്വേഷിക്കേണ്ടത് തന്നെയല്ലേ?

ഇപ്പോൾ കേരള സംസ്ഥാനത്തിലെ തന്നെ ഒരു ഭരണകക്ഷി എംഎൽഎ തൊടുത്തു വിട്ടിരിക്കുന്ന ആരോപണങ്ങൾ വിശ്വസിക്കുകയാണെങ്കിൽ ഈ സംശയവും ചെന്നെത്തുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്മാരിലേക്ക് തന്നെ ആണോ എന്ന സംശയവും സ്വാഭാവികം അല്ലേ?

കേരളത്തിലെ എല്ലാ പൗരന്മാരുടെയും നീതിയും ന്യായവും ഉറപ്പുവരുത്തുവാൻ ബാധ്യതയുള്ള ഭരണഘടനാ സ്ഥാപനമായ സംസ്ഥാന അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിൽ പോലും ഗൂഢാലോചനകൾ നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധികൾ നടപ്പാക്കാത്തതിനെതിരെ ഫയൽ ചെയ്യപ്പെട്ടിട്ടുള്ള കോടതി അലക്ഷ്യ കേസുകളിൽ, കേരള പോലീസിന് ഈ വിധികൾ നടപ്പാക്കാൻ സാധിക്കുകയില്ല എന്ന് പറയുവാനുള്ള ധൈര്യം സർക്കാർ അഭിഭാഷകർക്ക് എങ്ങനെയുണ്ടായി എന്നും അന്വേഷിക്കപ്പെടേണ്ടതല്ലേ?.

രാജ്യത്തിന്റെ നിയമം നടപ്പാക്കപ്പെടുന്നത് പരാജയമാണ് എന്ന് തുറന്നുപറയുന്ന സംസ്ഥാന സർക്കാരും പോലീസ് അധികാരികളും അവരുടെ ഭരണഘടനാ ബാധ്യത നിറവേറ്റാതെ ഭരണഘടന ലംഘനം നടത്തുകയും അവർ നടത്തിയ സത്യപ്രതിജ്ഞയുടെ ലംഘനങ്ങൾ നടത്തുകയുമല്ലേ ചെയ്യുന്നത്. രാജ്യത്തെ നിയമം അനുസരിക്കുകയും നടപ്പാക്കുകയും ചെയ്യുവാൻ സാധിക്കാത്ത സർക്കാരിന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരുവാൻ അർഹതയോ അവകാശമോ ഇല്ല എന്നുള്ള വസ്തുത എല്ലാവരും മനസ്സിലാക്കേണ്ടതാണ്.

ബഹുമാനപ്പെട്ട കോടതികളിൽ തുടരെത്തുടരെ പരാജയപ്പെടുന്ന വിഘടിത യാക്കോബായ വിഭാഗം കേസ് നടത്തിപ്പിനെന്ന പേരിൽ വിശ്വാസികളിൽ നിന്നും പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ പോലീസ് ഉന്നതന്മാർക്കും മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നവരിലേക്കും എത്തിച്ചേർന്നിട്ടുണ്ട് എന്ന് സംശയിച്ചാൽ ഭരണകക്ഷി എംഎൽഎ തന്നെ തൊടുത്തുവിട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അത് തെറ്റ് ആണ് എന്ന് പറയുവാൻ സാധിക്കുകയില്ല. ക്രമസമാധാന പരിപാലനം ഉറപ്പുവരുത്തി കൊണ്ട് രാജ്യത്തെ കോടതിവിധികളും നിയമവും നടപ്പാക്കാതെ നടത്തുന്നതായ നാടകങ്ങൾ ലോകം മുഴുവൻ കഴിഞ്ഞ നാളുകളിൽ കണ്ടുകൊണ്ടിരുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് നടന്ന പ്രതിപക്ഷ സമരങ്ങളെ ജലപീരങ്കി കൊണ്ടും ലാത്തി കൊണ്ടും നേരിട്ട പോലീസ് ഉദ്യോഗസ്ഥരും സർക്കാരും മലങ്കര സഭയുടെ പള്ളികളിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർക്ക് കൈ കൊടുക്കുന്ന ലജ്ജാകരമായ ദൃശ്യങ്ങൾക്ക് മാധ്യമങ്ങൾ വഴി നാം എല്ലാവരും സാക്ഷികളാണ്.

രാജ്യത്തെ നിയമം അത് തിരുവനന്തപുരത്ത് ആണെങ്കിലും ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന് മുന്നിലാണെങ്കിലും മലങ്കര സഭയുടെ ദേവാലയങ്ങൾക്ക് മുന്നിലാണെങ്കിലും ഒരേ പോലെ പാലിക്കപ്പെടേണ്ടതും നടപ്പാക്കപ്പെടേണ്ടതുമാണ്. പ്രതിപക്ഷ സംഘടനകളുടെ സമരങ്ങളെ ജലപീരങ്കി കൊണ്ടും ലാത്തികൾ കൊണ്ടും നേരിടുന്ന സർക്കാരും പോലീസും കോടതിവിധികൾ നഗ്നമായി ലംഘിച്ചുകൊണ്ട് നിയമം കയ്യിലെടുത്ത് ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന വിഘടിത യാക്കോബായ വിഭാഗത്തിന്റെ തോളിൽ കയ്യിട്ടു നിൽക്കുന്ന കാഴ്ചകളും അനവധി പള്ളികളുടെ മുമ്പിൽ വിധി നടപ്പാക്കാൻ എന്ന വ്യാജേന നടത്തിയ നാടകത്തിൽ കേരള സമൂഹം കണ്ടുകഴിഞ്ഞതാണ്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ ഭരണഘടനയുടെ സംരക്ഷകരായ ബഹുമാനപ്പെട്ട ജുഡീഷ്യറിയുടെ തന്നെ ശക്തമായ ഇടപെടലുകൾ ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധികൾ നടപ്പാക്കപ്പെടുന്നതിന് ഉണ്ടാകും എന്ന വിശ്വാസമാണ് സാധാരണക്കാരായ പൗരന്മാർക്ക് ഉള്ളത്.

കേരള സർക്കാരിനോടും പോലീസ് ഉദ്യോഗസ്ഥരോടും റവന്യൂ ഉദ്യോഗസ്ഥരോടും ഓർത്തഡോക്സ് വിശ്വാസ സംരക്ഷകന് ഓർമിപ്പിക്കുവാൻ ഉള്ളത് ഒന്നു മാത്രമാണ്…. “വൈകുന്ന (വൈകിപ്പിക്കുന്ന) നീതിയും, നീതി നിഷേധം തന്നെയാണ്” “delayed justice is denied justice”

മലങ്കര സഭയിലെ എല്ലാ പള്ളികള്‍ക്കും ബാധകമായ നിര്‍ണ്ണായകമായ വിധിപ്പകര്‍പ്പ്‌

error: Thank you for visiting : www.ovsonline.in