പെരുന്നാൾ വിശേഷം അനുഗ്രഹ മഴ പെയ്യിച്ച് പുതുപ്പള്ളി പള്ളി
പുതുപ്പള്ളി ∙ ആചാരാനുഷ്ഠാനങ്ങളുടെ സവിശേഷതകളും അനുഗ്രഹീത മുഹൂർത്തങ്ങളുടെ പറഞ്ഞാൽ തീരാത്ത സംഭവങ്ങളുമാണു പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലേക്കു വിശ്വാസ സഹസ്രങ്ങളെ ആകർഷിക്കുന്നത്. പള്ളിയിലെ വിശ്വാസ പ്രസിദ്ധമായ പൊന്നിൻകുരിശ് ഗതകാല മഹത്വത്തിന്റെയും സമൃദ്ധിയുടേയും പ്രതീകമാണ്.
401 പവൻ തൂക്കമുള്ള അതിമനോഹരമായ ഈ പൊന്നിൻ കുരിശ് പെരുന്നാൾ ദിനങ്ങളിൽ മാത്രമാണു പുറത്തെടുക്കുന്നത്. ഇത്തവണ പെരുന്നാൾ ദിനമായ ആറിനു 11നാണു പൊന്നിൻ കുരിശ് മദ്ബഹായിൽ പ്രതിഷ്ഠിക്കുന്നത്. ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് കാർമികത്വം വഹിക്കും. പൊന്നിൻ കുരിശു വണങ്ങി പ്രാർഥിച്ച് അനുഗ്രഹം തേടാൻ വർഷം തോറും തീർഥാടകരുടെ എണ്ണം വർധിച്ചു വരുകയാണ്.
പുതുപ്പള്ളി പെരുന്നാളിന് ജോർജിയൻ സ്കൂളിന്റെ ബാന്റ് മേളം
പുതുപ്പള്ളി പെരുന്നാളിന് ജോർജിയൻ പബ്ലിക് സ്കൂളിലെ കുട്ടികളുടെ ബാന്റ് മേളം
അരങ്ങേറും. 30 ൽ പരം കുട്ടികൾ ഒരു മാസത്തെ പരിശീലനത്തിനു ശേഷമാണ് പെരുന്നാൾ
പ്രദക്ഷിണത്തിന് കൊഴുപ്പേകാൻ രംഗത്തെത്തുന്നത്. ജോർജിയൻ പബ്ലിക് സ്കൂൾ ഡയറക്ടർ പ്രഫ. കുര്യൻ കുഞ്ഞ്, പ്രിൻസിപ്പൽ ലിബി എലിസബത്ത് മുകേഷ്, പരിശീലകൻ കോട്ടയം രാജു, സ്കൂൾ സെക്രട്ടറി,അധ്യാപകർ എന്നിവർ ബാന്റ് മേളത്തിനു നേതൃത്വം നൽകും.
മർത്തമറിയം സമാജം വാർഷികം നാളെ
ഓർത്തഡോക്സ് മർത്തമറിയം സമാജം വാർഷികം നാളെ 10 മുതൽ ഒന്നുവരെ പുതുപ്പള്ളി
സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വൈസ് പ്രസിഡന്റ് ഫാ. വി.എം. ഏബ്രഹാം വാഴയ്ക്കലിന്റെ അധ്യക്ഷതയിൽ നടക്കുമെന്നു സെക്രട്ടറി റീനി തോമസ് അറിയിച്ചു. ഫാ. തോമസ് വർഗീസ് കാവുങ്കൽ,ഫാ. സി. ജോൺ ചിറത്തലാട്ട് എന്നിവർ പ്രസംഗിക്കും. രണ്ടുമണി മുതൽ ക്വിസ് മത്സരവും നടക്കും