കോട്ടയം ഭദ്രാസനത്തിലെ അഞ്ച് വൈദികർക്ക് കോറെപ്പിസ്കോപ്പാ സ്ഥാനം
കോട്ടയം∙ ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദികരായ ഫാ. കെ.എം.മാത്യു കുളക്കാട്ടുശേരിൽ, ഫാ. തോമസ് ഏബ്രഹാം കുറിയന്നൂർ, ഫാ. പി. യു. കുരുവിള പത്തിൽ, ഫാ. സി. ജോൺ ചിറത്തിലാട്ട്, ഫാ. ജോർജ് തോമസ് പൊടിപാറയിൽ എന്നിവർക്ക് കോറെപ്പിസ്കോപ്പാ സ്ഥാനം നൽകുന്നു. നാലിന് പാമ്പാടി മാർ കുര്യാക്കോസ് ദയറായിൽ നടക്കുന്ന ചടങ്ങിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവാ പ്രധാന കാർമികത്വം വഹിക്കും. എട്ടിന് കുർബാനയും തുടർന്ന് സ്ഥാനാഭിഷേക ശുശ്രൂഷയും. കോട്ടയം ഭദ്രാസന സഹായ മെത്രാപ്പൊലീത്ത യൂഹാനോൻ മാർ ദിയസ്കോറസ് സഹ കാർമികനായിരിക്കുമെന്ന് ഭദ്രാസന സെക്രട്ടറി ഫാ. പി. കെ. കുര്യാക്കോസ് പണ്ടാരക്കുന്നേൽ അറിയിച്ചു.
ഫാ. കെ. എം. മാത്യു (74) കുറിച്ചി കുളക്കാട്ടുശേരിൽ കുര്യൻ മത്തായിയുടെയും മറിയാമ്മ മത്തായിയുടെയും പുത്രനായി 1944 ൽ ജനിച്ചു. കുറിച്ചി സെന്‍റ് ജോൺസ് പള്ളി ഇടവകാംഗം, റിട്ട. അധ്യാപകൻ. 1973 -ൽ മാത്യൂസ് മാർ കൂറിലോസിൽ നിന്നു വൈദികപട്ടം സ്വീകരിച്ചു.
ഫാ. തോമസ് ഏബ്രഹാം (71) മീനടം കുറിയന്നൂർ തോമസ് ഏബ്രഹാമിന്‍റെ മകനായി 1947-ൽ ജനിച്ചു. റിട്ട. അധ്യാപകൻ. സഭാ മാനേജിങ് കമ്മിറ്റിയംഗമായിരുന്നു.
ഫാ. പി. യു. കുരുവിള (69) അയ്മനം തേലയ്ക്കാട്ടുശ്ശേരി തുണ്ടപ്പറമ്പിലായ പത്തിൽ ഉലഹന്നാന്‍റെയും അച്ചാമ്മയുടെയും മകനായി 1949-ൽ ജനിച്ചു. കല്ലുങ്കത്ര സെന്‍റ് ജോർജ് പള്ളി ഇടവകാംഗമാണ്. 1980-ൽ ജോസഫ് മാർ പക്കോമിയോസിൽ നിന്നു വൈദികപട്ടം സ്വീകരിച്ചു. മലങ്കരസഭാ മാനേജിങ് കമ്മിറ്റിയംഗമായിരുന്നു.
ഫാ. സി. ജോൺ (67) വാകത്താനം ചിറത്തലാട്ട് സി. ടി. മാത്യുവിന്‍റെയും ചിന്നമ്മയുടെയും മകനായി 1950-ൽ ജനിച്ചു. എസ്ബിടി ചീഫ് മാനേജരായിരുന്നു. പുത്തൻചന്ത സെന്‍റ് മേരീസ് ഇടവകാംഗം. ഗീവർഗീസ് മാർ ഇവാനിയോസിൽ നിന്നു വൈദികപട്ടം സ്വീകരിച്ചു. ഇപ്പോൾ പുത്തൻചന്ത സെന്‍റ് ജോർജ് പള്ളി വികാരി. പീരുമേട് എം.ബി.സി എൻജിനീയറിങ് കോളജ് ഡയറക്ടർ, കാരുണ്യ നിലയം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
ഫാ. ജോർജ് തോമസ് (67) മണർകാട് പൊടിപ്പാറയിലായ പോത്താനിക്കൽ പി.വി.തോമസിന്‍റെ മകനായി 1952-ൽ ജനിച്ചു. വെള്ളൂർ സെന്‍റ് തോമസ് പള്ളി ഇടവകാംഗം. ഭദ്രാസന വൈദികസംഘം സെക്രട്ടറി, മണർകാട് ഗ്രൂപ്പ് സൺഡേസ്കൂൾ ഇൻസ്പെക്ടർ. അറിയപ്പെടുന്ന ചിത്രകാരനാണ്. മീനടം സെന്‍റ് ജോൺസ് വടക്കേക്കര പള്ളി വികാരി.