OVS - ArticlesOVS - Latest News

ഫിലിപ്പോസ് മാർ യൗസേബിയോസ്; അത്മീയതയിൽ ശോഭിച്ച ഉദയ നക്ഷത്രം

വിഖ്യാത ദൈവശാസ്ത്രജ്ഞനും, പ്രഗത്ഭ പണ്ഡിതനും ഗ്രന്ഥകാരനും, നല്ല വാഗ്മിയും കഴിവുള്ള കാര്യനിർവാഹകനും,നല്ല അദ്ധ്യാപകൻ, എഴുത്തുകാരൻ, എല്ലാറ്റിനുമുപരിയായി ക്രിസ്തുവിനായി പ്രവർത്തിക്കാനുള്ള ആത്മീയ ആഹ്വാനം തിരിച്ചറിഞ്ഞ നിശ്ചയദാർഢ്യമുള്ള വ്യക്ത്വതത്തിൻ്റെ ഉടമയാണ് പുണ്യശ്ലോകനായ ഫിലിപ്പോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി നാരങ്ങാനം പുത്തൻപറമ്പിൽ വീട്ടിൽ പി ജി തോമസിന്റെയും സാറാമ്മ തോമസിന്റെയും നാലാമത്തെ മകനായി 1931 ജൂൺ 1ന് ജനിച്ചു. ബേബി അഥവാ ഫിലിപ്പോസ് തോമസ് എന്ന പേരിലും അറിയപ്പെട്ടിരുന്നു. കോഴഞ്ചേരി സെന്റ് തോമസ് ഹൈസ്‌കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസവും, ആലുവ യുസി കോളേജിൽ നിന്നും ഇന്റർമീഡിയറ്റും ബിഎസ്‌സി യും കരസ്ഥമാക്കി. 1954 മുതൽ 1962 വരെ ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്തു. റെയിൽവേയിലെ ജോലിയിൽ ഇരിക്കെ ജോലി സ്വയം രാജി വച്ച് പിന്നീടുള്ള ജീവിതം ദൈവവേലയിൽ സ്വയം സമർപ്പിച്ചു . സെറാംപൂർ സർവ്വകലാശാലയിൽ നിന്ന് ബിഡിയും എംടിഎച്ചും, ജനീവ യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ഡിപ്ലോമയും കരസ്ഥമാക്കി.

1972 ഡിസംബർ 21ന് ഫിലിപ്പോസ് ശെമ്മാ പട്ടം സ്വീകരിച്ചു. മുംബൈ – അങ്കമാലി ഭദ്രാസനാധിപനായിരുന്ന പുണ്യശ്ലോകനായ ഫിലിപ്പോസ് മാർ തെയോഫിലോസ് തിരുമേനിയിൽ നിന്ന് 1974 ജൂൺ 7 ന് വൈദീകനായി അഭിഷിക്തനായി. അദ്ദേഹം തൻ്റെ തുടർജീവിതം ആത്മീയ നേതൃപാടവത്താൽ ശ്രദ്ധിക്കപ്പെടുകയും മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ (MGOCSM) ജനറൽ സെക്രട്ടറിയായും, താടകം ക്രിസ്തുശിഷ്യ ആശ്രമത്തിൻ്റെ സെക്രട്ടറിയായും സുപ്പീരിയറായും കൽക്കട്ട ബിഷപ്പ് കോളേജ് ലെക്ചററായും, ആന്ധ്ര സൈക്ലോൺ റിലീഫ് ആക്ടിവിറ്റീസ് സെക്രട്ടറിയായും, മലങ്കര ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിലെ (പഴയ സെമിനാരി)ചർച്ച് ഹിസ്റ്ററി പ്രൊഫസറായും അത്മീയ സേവനം അനുഷ്ഠിച്ചു. തിരുവല്ല എം.ജി.എം ഹൈസ്കൂളിൽ 1982 ഡിസംബർ 28ന് നടന്ന മലങ്കര അസോസിയേഷൻ യോഗത്തിൽ അദ്ദേഹത്തെ എപ്പിസ്‌കോപ്പയായി തിരഞ്ഞെടുത്തു. 1983 മേയ് 14-ന് അന്നത്തെ നിയുക്ത കാതോലിക്കാ മാത്യൂസ് മാർ കൂറിലോസ് തിരുമേനി അദ്ദേഹത്തെ പരുമല പള്ളിയിൽ വച്ച് ദയറൂസോ (റമ്പാൻ) സ്ഥാനം നൽകി . 1985 മെയ് 15 ന് പുതിയകാവ് സെന്റ് മേരീസ് ദോവാലയത്തിൽ വെച്ച് കിഴക്കിൻ്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവ തിരുമനസ്സുകൊണ്ട് ഫിലിപ്പോസ് മാർ യൗസേബിയോസ് എപ്പിസ്കോപ്പയായി വാഴിച്ചു. 1985 ആഗസ്റ്റ് മുതൽ തുമ്പമൺ ഭദ്രാസനത്തിന്റെ സഹായമെത്രാനായി അഭിവന്ദ്യ ഡാനിയേൽ മാർ പീല്ക്‌സീനോസ് തിരുമേനിയോടൊപ്പം സേവനമനുഷ്ഠിച്ചു. അഭിവന്ദ്യ ഡാനിയേൽ മാർ പീലക്‌സീനോസ് തിരുമേനിയുടെ കാലശേഷം1990 ഡിസംബർ 13 മുതൽ യൗസേബിയോസ് തിരുമേനി തുമ്പമൺ ഭദ്രാസനത്തിന്റെ പൂർണ്ണ ചുമതല ഏറ്റെടുത്തു. മുൻഗാമിയും ഗുരുവുമായ ഡാനിയോൽ മാർ പീലക്സിനോസ് തിരുമേനിയിൽ നിന്നും ആർജ്ജിച്ചെടുത്ത നിഷ്ഠകളും, കർക്കശങ്ങളും, ആത്മീയ ജീവിതവും, അർപ്പണ ബോധവും ഏല്ലാം തന്നെ അദ്ദേഹത്തെ സമർത്ഥനായ നേതാവെന്ന നിലയിലും, അത്മീയ പിതാവെന്ന നിലയിലും, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രവാചകൻ എന്ന നിലയിലും, ഉത്തമ വഴികാട്ടി എന്ന നിലയിലും മികച്ച സേവനം സഭയിലും സമൂഹത്തിലും അദ്ദേഹത്തിന് അനുഷ്ഠിക്കുവാൻ സാധിച്ചു.

ക്രിസ്തുവിനായി പ്രവർത്തിക്കാനുള്ള ആത്മീയ ആഹ്വാനം തിരിച്ചറിഞ്ഞ നിശ്ചയദാർഢ്യമുള്ള വ്യക്തിയായിരുന്നു ഫിലിപ്പോസ് മാർ യൗസേബിയോസ് തിരുമേനി. വിവിധ തലങ്ങളിൽ സഭയ്ക്കും ലോകത്തിനും പല തരത്തിലുള്ള സേവനം ചെയ്തിട്ടുണ്ട്. സഭയിലെ യുവജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുവാനും അവരോടൊപ്പും ചെലവഴിക്കുന്നതിനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു എം‌ജി‌ഒ‌സി‌എസ്‌എം പ്രസ്ഥാനത്തിൻ്റെ പ്രസിഡന്റായും ഒരു നല്ല അത്മീയ നേതാവായും ക്രിസ്തീയ സഭകളിലെ വിദ്യാർത്ഥികളുടെ ആത്മീയ വികാസത്തിനായും അവരുടെ വളർച്ചയ്ക്കായും കഠിനമായി പരിശ്രമിച്ചു. ഇത് പല യുവതീ – യുവാക്കളെ അത്മീയ വെളിച്ചത്തിലേക്ക് പാതയൊരുക്കുന്നതിന് കാരണമായി.ആത്മീയ നേതാവിന്റെ നല്ല എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു.അദ്ദേഹത്തിന്റെ ലാളിത്യവും ഏതെങ്കിലും തരത്തിലുള്ള ആഡംബരങ്ങളോടുള്ള താൽപ്പര്യമില്ലായ്മയും അവസാന നിമിഷം വരെയും കാത്തുസൂക്ഷിച്ചിരുന്നു. ഒരിക്കലും തൻ്റെ തീരുമാനങ്ങളിൽ നിന്ന് അദ്ദേഹം വ്യതിചലിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പുരോഗമനപരമായ ആശയങ്ങളും ഏത് സാഹചര്യത്തിലുമെടുക്കുന്ന സമീപനവും അദ്ദേഹത്തെ ചെറുപ്പക്കാർക്കിടയിൽ വളരെ ജനപ്രിയനാക്കിയിരുന്നു. ഉറച്ച വിശ്വാസത്തോടും പ്രതിബദ്ധതയോടുമുള്ള വിട്ടുവീഴ്ചയില്ലാത്ത മനോഭാവം അദ്ദേഹത്തിന്റെ ഗുണങ്ങളിൽ ഒരു പൊൻ തൂവലാണ്.

 എക്യൂമെനിക്കൽ പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ എന്നും വിലമതിക്കത്തക്കതാണ്. കൂടാതെ ലോകമെമ്പാടുമുള്ള വിവിധ കോൺഫറൻസുകളിലും ദൈവശാസ്ത്ര മീറ്റിങ്ങുകളിൽ പങ്കെടുക്കുകയും വിവിധ എക്യുമെനിക്കൽ മീറ്റിംഗുകളിൽ സഭയെ പ്രതിനിധീകരിക്കുകയും ചെയ്തിട്ടുണ്ട്. 1961-ൽ ഡൽഹിയിൽ നടന്ന ഡബ്ല്യുസിസി അസംബ്ലിയിൽ സന്ദർശകനായും,1968-ലെ ~ഉപ്‌സല~ അസംബ്ലിയിൽ പ്രതിനിധിയായും, 1998-ലെ ഹരാരെ അസംബ്ലിയുടെ പ്രതിനിധിയായും, 1968-ലെ ഏഴാമത് സിൻഡസ്‌മോസ് അസംബ്ലിയിലും,1991-ലെ വലാമോ അസംബ്ലിയിലും അദ്ദേഹം പങ്കെടുത്തു.1978-ൽ മലേഷ്യയിലും 1981-ൽ ബാംഗ്ലൂരിലും 1991-ൽ മനിലയിലും നടന്ന സി സി ഏ (CCA -The Christian Conference of Asia )അസംബ്ലികളിലും അദ്ദേഹം പങ്കെടുത്തു. സിംഗപ്പൂർ, ബാങ്കോക്ക്, തായ്‌വാൻ, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നടന്ന വിവിധ സി സി ഏ (CCA -The Christian Conference of Asia ) യുടെ യോഗങ്ങളിലും മലങ്കര സഭയുടെ പ്രതിനിധിയായി പങ്കെടുത്തു. 2005-ൽ റോമിലും 2006-ൽ എച്ച്മിയാഡ്‌സിനിലും നടന്ന റോമൻ കാത്തലിക്, ഓറിയന്റൽ ഓർത്തഡോക്‌സ് ചർച്ച് കൂടികാഴ്ചകളിൽ അദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു.മലങ്കര സഭയെ പ്രതിനിധീകരിച്ച് വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ്, ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ, മറ്റ് അന്താരാഷ്ട്ര സെമിനാറുകൾ എന്നിവയുടെ നിരവധി യോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. എംഒസി കോർപ്പറേറ്റ് കോളേജുകളുടെ മാനേജർ, എംജിഒസിഎസ്എം പ്രസിഡന്റ്, മലങ്കര ചർച്ച് മിഷൻ ബോർഡ് വൈസ് പ്രസിഡന്റ്, ബാംഗ്ലൂരിലെ എക്യുമെനിക്കൽ ക്രിസ്ത്യൻ സെന്റർ ചെയർമാൻ, ഇന്റർ ചർച്ച് റിലേഷൻസ് കമ്മിറ്റി പ്രസിഡന്റ് ,താടകത്തെ ക്രിസ്തു ശിഷ്യ ആശ്രമത്തിലെ സന്ദർശക ബിഷപ്പ് എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.

ക്രിസ്തുവിനായി പ്രവർത്തിക്കാനുള്ള ആത്മീയ ആഹ്വാനം തിരിച്ചറിഞ്ഞ നിശ്ചയദാർഢ്യമുള്ള വ്യക്തിയായിരുന്നു ഫിലിപ്പോസ് മാർ യൗസേബിയോസ് തിരുമേനി. സാമൂഹ്യ നന്മകളും വളർച്ചകളും ലക്ഷ്യമിട്ട് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും അദ്ദേഹം സ്ഥാപിച്ചു. ജൂൺ 2000 ൽ ഫിലിപ്പോസ് മാർ യൗസേബിയോസ് സ്ഥാപിച്ച ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക വിദ്യാലയമാണ് പ്രകാശധാര. വൃദ്ധരായ ആളുകളെ സംരക്ഷിക്കുന്നതിന് വേണ്ടി സ്ഥാപിച്ച മാർ ഗ്രീഗോറിയോസ് ശാന്തി സദനം തുടങ്ങിയ ജീവകാരുണ്യ സ്ഥാപനങ്ങൾ അദ്ദേഹത്തിൻ്റെ സംഭാവനകളാണ്. രക്ഷയുടെ നല്ല സന്ദേശം പ്രചരിപ്പിച്ച് അർത്ഥവത്തായ ദൗത്യം ചെയ്തുകൊണ്ട് അദ്ദേഹം തൻ്റെ അവസാന നിമിഷം വരെയും തൻ്റെ തിരുമാനങ്ങളിൽ ഉറച്ചു നിന്നു. മനുഷ്യരാശിക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സമർപ്പണങ്ങളും കഠിനാധ്വാനവും തുമ്പമൺ ഭദ്രാസനത്തിലും സഭയുടെ വിവിധ മേഖലകളിലും എന്നും ഓർമ്മിക്കത്തക്കവയാണ്. സുവിശേഷത്തിന്റെയും നീതിയുടെയും സത്യത്തിന് വേണ്ടി എപ്പോഴും തുറന്ന് നിന്ന ഒരു മഹാനായ ക്രിസ്ത്യൻ പോരാളിയായിരുന്നു അദ്ദേഹം .അദ്ദേഹത്തിൻ്റെ ജീവിത ലക്ഷ്യം ദൈവത്തെയും ചുറ്റുമുള്ള ആളുകളെയും അവരുടെ ആവശ്യമുള്ള സമയത്ത് സേവിക്കുക. ഒരിക്കലും ഒരു തരത്തിലുള്ള അംഗീകാരത്തിനായി അദ്ദേഹം തൻ്റെ പ്രവർത്തനങ്ങളെയും അത്മീയ ജീവിതത്തെയും കണ്ടിരുന്നില്ല. അദ്ദേഹത്തിന്റെ ആശയങ്ങൾ എല്ലായ്‌പ്പോഴും പുരോഗമനപരവും ഏത് സാഹചര്യത്തോടുള്ള സമീപനവും പരിപൂർണ്ണ ഉദ്ദേശ്യത്തോടെയാണ് രൂപപ്പെടുത്തിയിരുന്നത്. മാർ യൗസേബിയസ് തന്റെ അത്മീയ വിളിയോടുള്ള ഉയർന്ന പ്രതിബദ്ധതയുള്ള ഒരു വിശിഷ്ട വ്യക്തിയായിരുന്നു. സത്യസന്ധത, ലാളിത്യം, നേർവഴി, മാതൃസഭയോടുള്ള തീക്ഷ്ണമായ സ്നേഹം എന്നിവയ്ക്ക് പേരുകേട്ടതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും പെരുമാറ്റ ശൈലികളും. മുഖമോ സ്ഥാനമോ നോക്കാതെ ദൈവമുമ്പാകെ എല്ലാവരെയും തുല്യരായി അദ്ദേഹം കണക്കാക്കിയിരുന്നു. അദ്ദേഹത്തിന്റെ പ്രവൃത്തികൾ തൻ്റെ മഹത്തായ ആദർശത്തോട് എന്നും പൊരുത്തപ്പെട്ടിരുന്നു.

 മലങ്കരയുടെ ഒരു ഉത്തമ സന്യാസി ശ്രേഷ്ഠനായിരുന്നു. ഫിലിപ്പോസ് മാർ യൗസേബിയോസ് തിരുമേനി. തൻ്റെ ബുദ്ധി, ജ്ഞാനം, സ്നേഹം, ദർശനം എന്നിവ കൊണ്ട് അദ്ദേഹം തൻ്റെ ആടുകളെ ഒരു നല്ല ഇടയനെ പോലെ നയിച്ചു. അദ്ദേഹം തന്റെ ജീവിതം മുഴുവൻ സഭയ്ക്കും സുവിശേഷത്തിനും വേണ്ടി സമർപ്പിച്ചു. രഹസ്യ പ്രാർത്ഥനകൾക്ക് കൂടുതൽ പ്രധാന്യം കൊടുത്തിരുന്നു.അദ്ദേഹം ഒരിക്കലും കാനോനിക്കൽ പ്രാർത്ഥനകൾ നഷ്‌ടപ്പെടുത്തിയിരുന്നില്ല. കൂടാതെ ഉപവാസ ദിവസങ്ങളെക്കുറിച്ച് വളരെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ‘കുറവ് ലഗേജ്, കൂടുതൽ സുഖം’ എന്ന റെയിൽവേയുടെ പ്രസിദ്ധമായ മുദ്രാവാക്യം അദ്ദേഹം തന്റെ പ്രസംഗങ്ങളിലും ജീവിതത്തിലും വഹിച്ചു . ജീവിതത്തിലെ ഭാരങ്ങൾ കുറയുമ്പോൾ, അവനിലേക്കുള്ള യാത്രയിൽ നാം കൂടുതൽ സുഖകരമാണ് എന്നാണ് അദ്ദേഹം ലക്ഷ്യമാക്കിയിരുന്നത്. തെറ്റുകൾ കണ്ടാൽ മുഖം നോക്കാതെ തന്നെ കർക്കശമായി നിലപാടുകളെ എതിർക്കുകയും തൻ്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഒരു മാതൃകാ ക്രിസ്ത്യാനിയായി അതിലുപരി ഒരു ഉത്തമ സന്യാസിയായി ജീവിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ജ്വലനം എന്നും വിസ്മയിക്കത്തക്കവയാണ്

പ്രതിബദ്ധകളുടെ സ്നേഹ പ്രവാചകൻ 2009 ജനുവരി 21ന് തന്റെ നിത്യവാസത്തിൽ പ്രവേശിച്ചു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം പത്തനംതിട്ട സെന്റ് ബേസൽ അരമന ചാപ്പലിൽ തൻ്റെ മുൻഗാമി പുണ്യശ്ലോകനായ ദാനിയോൽ മാർ പീലക്സിനോസ് തിരുമേനിയുടെ കബറിടത്തിനോട് ചേർന്ന് പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് ദിദിമോസ് ബാവയുടെ കാർമ്മികത്വത്തിൽ കബറടക്കി.

അങ്ങയുടെ ഓർമ്മ അനുഗ്രഹദായകം തന്നെ.

എഴുതിയത് :

വർഗ്ഗീസ് പോൾ കൈത്തോട്ടത്തിൽ

varghesepaul103@gmail.com

+919497085736 (whatapp)

error: Thank you for visiting : www.ovsonline.in