കോടതി വിധികൾ നടപ്പാക്കാത്ത സർക്കാർ നിലപാട് അപലപനീയം
കോട്ടയം: മലങ്കര സഭയുടെ ദേവാലയങ്ങൾ ബഹുമാനപ്പെട്ട കോടതി ഉത്തരവ് അനുസരിച്ച് അവകാശികൾക്ക് പ്രവേശിക്കുവാൻ അവസരം നിഷേധിക്കുന്നത് അപലപനീയം ആണെന്ന് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപോലീത്ത അഭിപ്രായപ്പെട്ടു. ബഹുമാനപ്പെട്ട സുപ്രീം കോടതി വിധി അനുസരിച്ച് ബഹു. കേരള ഹൈക്കോടതി ഉത്തരവ് നടപ്പാക്കുവാൻ പോലീസ് റവന്യൂ അധികാരികൾ തയ്യാറാകണം. പള്ളിയിൽ മലങ്കര മക്കൾ പ്രവേശിക്കുന്നത് പള്ളിപ്പിടുത്തമാണെന്ന് മലങ്കര സഭയെ അവഹേളിക്കുന്ന സമീപനം 24 ന്യൂസ് പോലുള്ള മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് അപഹാസ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമ ധർമ്മത്തെയും, മര്യാദകളേയും വ്യഭിചരിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ മലങ്കര സഭയുടെ യുവത ഉണരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
നിയമവാഴ്ച്ച നിലനിൽക്കുന്ന രാജ്യത്തെ നിയമ സംവിധാനങ്ങൾ ജനങ്ങൾക്ക് നീതി നടത്തിക്കൊടുക്കുവാനാണ് പരിശ്രമിക്കേണ്ടത്. നീതി ന്യായ കോടതികളുടെ വിധി കൾ അട്ടിമറിക്കുന്നതിന് കൂട്ട് നിൽക്കുന്ന ഭരണകൂടത്തിന്റെ ഇരട്ടതാപ്പ് അംഗീകരിക്കാനാവില്ല. മലങ്കരസഭ നിയമപരമല്ലാത്ത ഒരു അവകാശങ്ങളും ആനുകൂല്യങ്ങളും ആവശ്യപ്പെടുന്നില്ല. മലങ്കര സഭയുടെ പൈതൃക സ്വത്തുക്കൾ നിയമാനുസൃതം സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. മലങ്കര സഭ മക്കളുടെയും വൈദീകരുടെയും നേരെ കൊഞ്ഞനം കുത്തുന്ന സമീപനം സർക്കാർ അവസാനിപ്പിക്കണം. എത്ര അധിക്ഷേപങ്ങൾ സഹിക്കേണ്ടി വന്നാലും മലങ്കര മക്കളെ ഭിന്നിപ്പിച്ചു നേട്ടം കൊയ്യുന്ന ഛിദ്ര ശക്തികളിൽ നിന്നും മലങ്കര സഭയുടെ ദേവാലയങ്ങൾ സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിക്കുന്ന കാലം വിദൂരമല്ല. ഓർത്തഡോൿസ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാ. ഷിജി കോശി, ഫാ. വിജു ഏലിയാസ്, പേൾ കണ്ണേത്ത് , നിഖിൽ ജോയി, അരുൺ വിജോയ്, അനീഷ് കൊട്ടാരക്കര എന്നിവർ പ്രസംഗിച്ചു.
2017-ലെ വിധിക്ക് വിരുദ്ധമായ ഉത്തരവു നൽകരുത്: കേസുകൾ വേഗത്തിൽ തീർപ്പാക്കണം