മലങ്കര സഭ നെരിപ്പോട് പോലെ എന്നും നീറി പുകയണം എന്ന് ആഗ്രഹിക്കുന്ന കൗശലം ആരുടേത് ?
കഴിഞ്ഞ ദിവസങ്ങളിൽ ആയി മലങ്കര സഭയിൽ നടന്നു വരുന്ന അസമാധാനവും , തുടർന്ന് കണ്ട നിർഭാഗ്യകരവും, അനധികൃതവുമായ കാര്യങ്ങൾ മനസ്സിനെ അലോസരപ്പെടുത്തുന്നത് കൊണ്ടാണ് ഈ കുറുപ്പ് പൊതു സമൂഹത്തിന് അറിവിലേക്ക് എഴുതാം എന്ന് കരുതുന്നത്. മലങ്കര സഭയിൽ ഒരിക്കലും സമാധാനം ഉണ്ടാവരുത് എന്നും, ഒരു കറവപശുവിനെ പോലെ കൗശലത്താലും, അനാവശ്യ ഇടപെടിലുകൾ നടത്തി ഭിന്നിപ്പിച്ചും, കൂടാ നിർത്താം എന്നും കരുതുന്ന ദൈവീകമല്ലാത്ത ഒരു ശക്തി ഇന്നും തീരാ ശാപമായി ഈ പാവപെട്ട സഭക്ക് മുകളിൽ കഴുകക്കണ്ണുകളുമായി വട്ടമിട്ടു പറക്കുന്നു എന്നതിനും തെളിവാണ് കഴിഞ്ഞ ദിവസങ്ങളിലായി നാം കണ്ടുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങൾ.
വാട്ട്സാപ്പും ഫേസ് ബുക്കും ഇല്ലാതിരുന്ന, യാത്ര സൗകര്യം തുലാം കുറവായിരുന്ന ഒരു കാലത്ത് മലങ്കര സഭയുടെ പ്രധാന ദേവാലയങ്ങളിൽ നിന്ന് എല്ലാം നമ്മുടെ പൂർവികർ ‘മലങ്കര സഭാ, എന്റെ സഭാ’ എന്ന ഒറ്റ വികാരത്തിൽ കൂനൻ കുരിശിൽ ആലാത്ത് കെട്ടി പ്രതിജ്ഞ എടുത്ത് വേരോടെ പിഴുതെറിഞ്ഞ വൈദേശിക അടിമത്വത്തിന്റെ ദുഷിച്ച അവശിഷ്ടം ഒരു ക്യാൻസർ പോലെ ഇന്നും ഈ വിശുദ്ധ സഭക്ക് ഉള്ളിൽ വേദനയും മുറിപ്പാടും മാത്രം സമ്മാനിക്കുന്നു എന്നത് നാം വളരെ ഗൗരവത്തോടും, ശ്രദ്ധയോടും വീക്ഷിക്കണം. വ്യക്തിപരമായ സ്ഥാനമാനങ്ങൾക്കും, നേട്ടങ്ങൾക്കും വേണ്ടി സഭാ മാതാവിനെ അപമാനിക്കുവാൻ കൂട്ടുനിൽക്കുന്ന ചിലർ ഈ അമ്മയുടെ മക്കളിലും ഉണ്ട് എന്നത് നിർഭാഗ്യകരമാണ്. രണ്ടു പിതാക്കന്മാർ തമ്മിൽ പരസപരം ബഹുമാനിക്കുന്നതും, സന്തോഷം പങ്കിടുന്നതും കണ്ടു നിൽക്കുവാൻ ഇത്ര അസഹിഷ്ണുത എന്തിനാണ്? ഏത് ആത്മാവാണ് ഇവരിൽ വ്യാപാരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല! . ‘പള്ളിപ്പിടുത്തം, ശവം അടക്കാൻ സമ്മതിക്കുന്നില്ല, കലഹം ഉണ്ടാക്കുന്നു, സഹോദര സമൂഹത്തോട് കരുണയൊ, നീതിയോ കാണിക്കുന്നില്ല’ തുടങ്ങി ഒട്ടനവധി ആരോപണങ്ങൾ ആണ് സഭാ തർക്ക വിഷയത്തിൽ മലങ്കര സഭാ കേൾക്കേണ്ടി വന്നത്, ആടുണ്ടോ അങ്ങാടി അറിയുന്നു എന്ന് പറയുംപോലെ ഇതേ കുറിച്ച് ഒന്നും കാര്യമായി അറിയാത്ത മറ്റു സഭകളും, പൊതു സമൂഹവും, സർക്കാരും ഒന്നായി നിന്ന് മലങ്കര സഭയെ ഒറ്റപ്പെടുത്തി.
സഭയുടെ കേസ് ഹൈക്കോടതിയിൽ വിസ്താരം നടക്കുമ്പോൾ ബഹു. കോടതി ഈ കേസ് ഒരു റഫറണ്ടം നടത്തി അവസാനിപ്പിച്ചുകൂടെ എന്ന് ചോദിച്ചപ്പോൾ അന്നത്തെ കാതോലിക്കാ ബാവ ആയിരുന്ന പരി. ബസേലിയോസ് മാർത്തോമ്മ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവ അതിനു സമ്മതമാണ് എന്ന് ബഹു. കോടതിയെ രേഖാമൂലം അറിയിച്ചു. എന്നാൽ മറു വിഭാഗം അതിന് തയ്യാറായില്ല എന്ന് മാത്രമല്ല ഞങ്ങൾക്ക് ബഹു. കോടതിയിൽ മാത്രമാണ് വിശ്വാസം എന്നും കോടതി വിധിയിലൂടെ നീതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു . ഈ ചോദ്യം ആവർത്തിച്ചപ്പോൾ എല്ലാം മറുഭാഗത്തിന് ഒരേ നിലപാട് ആയിരുന്നു. ഓർത്തഡോക്സ് വിഭാഗം സമവായത്തിന് തയ്യാറായി അഭിപ്രായം അറിയിച്ചു. പാത്രിയർക്കീസ് വിഭാഗം തയ്യാറായില്ല. മാത്രവുമല്ല 2017 കേസിന്റെ വാദം നടക്കുമ്പോൾ സമവായത്തെ കുറിച്ചുള്ള കോടതിയുടെ ചോദ്യത്തിന് ഓർത്തഡോക്സ് വിഭാഗം സമ്മതമാണ് എന്ന് അറിയിക്കുകയും അതേസമയം മറു വിഭാഗം തങ്ങൾ സമവായത്തിന് തയ്യാറല്ലെന്നും, we expect only justice through court verdict എന്നും കോടതിയെ ബോധിപ്പിച്ചു. മാത്രവുമല്ല ഈ വിധി മലങ്കര സഭയിലെ എല്ലാ പള്ളികൾക്കും ബാധകം ആകണമെന്നും പാത്രിയർക്കീസ് വിഭാഗം കോടതിയിൽ ഒരു പടികൂടി കടന്ന് ആവശ്യപ്പെട്ടു. ഇതാണ് വാസ്തവമായി ഉണ്ടായത്.
മലങ്കര സഭയുടെ ഭരണഘടന രജിസ്റ്റേഡ് അല്ലാത്തതിനാൽ അതിനു നിയമ സാധുത ലഭിക്കില്ലെന്നും പള്ളികളുടെ രജിസ്റ്റേഡ് ഉടമ്പടികൾക്ക് നിയമപരമായ അംഗീകാരം ലഭിക്കുമെന്ന മിഥ്യ ധാരണ ആയിരുന്നു ആരംഭം മുതൽ സമവായത്തിന് മറു വിഭാഗം തയ്യാറാകാതിരുന്നത്. 95-ൽ കേസ് അവർ തോറ്റു. തുടർന്ന് ഭൂരിപക്ഷപ്രകാരം മലങ്കര മെത്രാപ്പോലീത്തായി തെരഞ്ഞെടുക്കണമെന്ന് അവർ കോടതിയിൽ വീണ്ടും വിധി നടത്തിപ്പ് ഹർജി കൊടുത്തു. നീതി നിർവഹണത്തിന്റെ ഭാഗമായി സഭ ഭരണഘടനയിലെ പ്രാതിനിധ്യ സ്വഭാവം ഇടവക അംഗങ്ങളുടെ എണ്ണത്തിന് അനുപാതികമായി അമൻറ് ചെയ്യണമെന്ന് അവർ കോടതിയോട് അപേക്ഷിച്ചു. ഓർത്തഡോക്സ് വിഭാഗം ഈ വാദം അംഗീകരിച്ചു തയ്യാറായി. കോടതിയിൽ ഇരുവിഭാഗത്തിന്റെയും വാദം കേട്ട് സഭ ഭരണഘടന അമെൻഡ്മെന്റ് ചെയ്തു. അസോസിയേഷൻ അത്പ്രകാരം 2002-ൽ സുപ്രീംകോടതിയുടെ നിയന്ത്രണത്തിൽ നടത്തുവാൻ വിധിയായി. കോടതി ചെലവ് തുല്യമായി ഇരുവിഭാഗവും കെട്ടിവച്ചു. എന്നാൽ അസോസിയേഷൻ പ്രതിനിധികളുടെ ലിസ്റ്റ് അംഗീകരിച്ചു കഴിഞ്ഞപ്പോൾ തങ്ങൾക്ക് ഭൂരിപക്ഷം ലഭിക്കുകയില്ല എന്ന് ഉറപ്പായ പാത്രിയർക്കീസ് വിഭാഗം അസോസിയേഷൻ ബഹിഷ്കരിക്കുകയും പുത്തൻകുരിശിൽ സമാന്തര അസോസിയേഷൻ കൂടി പുതിയ ഭരണഘടനയും കോ ഓപ്പറേറ്റീവ് സൊസൈറ്റി ആയി ഒരു സംഘടന രജിസ്റ്റർ ചെയ്യുകയും ഉണ്ടായി. എന്നാൽ ബഹു. സുപ്രീംകോടതി നിയമപരമല്ലാത്ത ആ ഭരണഘടന അസാധുവാക്കി പ്രഖ്യാപിക്കുകയും സഭ ഒന്നേയുള്ളൂ എന്നും സമാന്തര ഭരണം പാടില്ല എന്നും അതിന് ഭരണഘടന 34 -ൽ പാസാക്കിയത് മാത്രം സാധ്യതയുള്ളത് എന്നും അത് ആരാലും ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതും ആകുന്നു എന്നും പരി. അന്ത്യോഖ്യ പാത്രിയര്കീസിന്റെ മലങ്കരയിലെ അധികാരം വാനിഷിംഗ് പോയിന്റിൽ ആണ് എന്നും വിധിയും ഉണ്ടായി.
മറു വിഭാഗം ഒരു പുതിയ സഭ പ്രഖ്യാപിച്ചു, ബഹു. കോടതിക്കും, ഭരണ സംവിധാനത്തിന് എതിരായി മറു വിഭാഗം വ്യാജ പ്രചാരണം നടത്തി അക്രമ പരമ്പര സൃഷ്ടിച്ചു. ഇതിനെല്ലാം വിദേശ സഹായം ലഭിച്ചുകൊണ്ടിരുന്നു. സമവായത്തിന് തയ്യാറാകാതിരുന്നത് ആരാണ്? മലങ്കരയിൽ അസമാധാനം സൃഷ്ടിക്കുന്നത് ആരാണ്? സ്വാതത്ര ഭരതത്തിന്റെ ഈ മണ്ണിൽ എല്ലാ മത വിഭാഗങ്ങൾക്കും ആരധനാ സ്വാതന്ത്ര്യവും സ്വയം ഭരണ അവകാശവും ഉണ്ട് എന്നിരിക്കെ ഇവിടെ കലഹം ഉണ്ടാക്കുവാൻ ശ്രമിക്കുന്നത് ആരാണ് ? വട്ടശേരിൽ തിരുമേനി മുതൽ പരി. പൗലോസ് രണ്ടാമൻ ബാവ വരെ കേട്ട പഴിയും, അനുഭവിച്ച പീഡനവും, അപമാനവും ഈ സത്യം വിളിച്ചു പറഞ്ഞതിന്റെ പേരിൽ ആയിരുന്നില്ലേ? ഇന്നും ഈ സഭയുടെ പിതാക്കന്മാരെ അപമാനിക്കുവാൻ ശ്രമിക്കുന്നതും വ്യാജ പ്രചാരണം നടത്തുന്നതും ആരാണ് എന്ന് സമീപകാല സംഭാവനകൾ വിളിച്ചുപറയുന്നില്ലേ?
സത്യത്തെ കുഴിച്ചുമൂടിയ മൂന്നാം ദിവസം അത് ഉയർത്തെഴുന്നേൽക്കും എന്നത് ആരും മറക്കരുത്. തള്ളി കളഞ്ഞ 95, 2002, 2017 തുടങ്ങിയ കോടതി വിധികൾ ഇന്ന് മലങ്കര സഭയിൽ കലഹം ഉണ്ടാകുവാൻ ശ്രമിക്കുന്നവരുടെ തലക്ക് മീതെ വാള് പോലെ ഉയർന്നു നിൽക്കുമ്പോൾ വായിക്കുന്നവർ ചിന്തിച്ചു കൊള്ളട്ടെ. മലങ്കര സഭാ സ്വത്രന്ത്ര സഭയാണ്. അതിന് വ്യവസ്ഥാപിതമായ ഒരു ഭരണഘടന ഉണ്ട് . ഈ സഭയെ സഹായിച്ചവരോട് മലങ്കര സഭക്ക് എന്നും സ്‌നേഹവും കടപ്പാടും ഉണ്ട് എന്നാൽ അത് ഏതെങ്കിലും തരത്തിലുള്ള അടിമത്തമോ, അനാവശ്യ ഇടപെടലിനോ ഉള്ള പഴുതല്ല. നമ്മുടെ സഹോദരങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന ഈ പ്രതിസന്ധി മലങ്കര സഭാ ഒരു കാലത്ത് അനുഭവിച്ചതാണ്. പരി. വട്ടശ്ശേരിൽ തിരുമേനിക്ക് പിന്നിൽ മലങ്കര സഭാ മക്കൾ പാറ പോലെ ഉറച്ചു നിന്ന് വിദേശ ആധിപത്യത്തിന് എതിരെ ജീവൻ പണയം വെച്ചും പോരാടി നേടിയെടുത്ത സ്വാതന്ത്ര്യമാണ് നാം ഇന്ന് അനുഭവിക്കുന്നത്. ഈ സ്വാതന്ത്ര്യം അടിയറവു വെക്കുവാൻ മലങ്കര സഭ ആരെയും അനുവദിക്കില്ല. നിരങ്ങി വരുന്ന നേരാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. എക്കാലവും മലങ്കര സഭ ആയിരുന്നു ശരി എന്ന് ഇന്ന് നടക്കുന്ന ഓരോ സംഭവങ്ങളും വിളിച്ചുപറയുന്നു. എല്ലാ സഭകൾക്കും ഈ മണ്ണിൽ സ്വതന്ത്രമായി ആരാധന നടത്തുവാനും, ശുശ്രൂഷ നിർവ്വഹിക്കുവാനും സ്വാതന്ത്ര്യമുണ്ട്. അതിനെ ചോദ്യം ചെയ്യുവാനോ, തടയുവാനോ ആർക്കും സാധ്യമല്ല. ആത്മീയതയുടെ മറവിൽ കോടതിവിധികളെ വെല്ലുവിളിക്കുന്നവർ ചെയ്യന്നത് രാജ്യദ്രോഹമാണ്. മലങ്കരയിൽ എപ്പിസ്കോപ്പയെ വഴിക്കുന്നതിനും, മുടക്കുന്നതിനും ഉള്ള അവകാശം ഇവിടുത്തെ സഭാധ്യക്ഷനിൽ മാത്രം നിലനിൽക്കുന്ന അധികാരമാണ്. അതിന് വിദേശ കൈകടത്തൽ അനുവദിക്കുവാൻ സാധിക്കുകയില്ല. അത്തരം അനധികൃത ഇണ്ടാസുകളെ അർഹിക്കുന്ന അവജ്ഞയോടെ മലങ്കര സഭ തള്ളിക്കളഞ്ഞിട്ടുണ്ട്. മലങ്കര സഭയിൽ അസമാധാനം ഉണ്ടാക്കുവാൻ ശ്രമിക്കുന്ന എല്ലാ ശക്തികളെയും ഒറ്റകെട്ടായി നിന്ന് ചെറുത്ത് തോൽപ്പിക്കുവാനും, സ്വാർത്ഥ ലാഭത്തിന് വേണ്ടി കൂട്ടത്തിൽ നിന്ന് ഒറ്റുന്നവരെ ഒറ്റപ്പെടുത്തുവാനും മലങ്കര മക്കൾക്ക് സാധിക്കണം. മലങ്കര സഭയിൽ ശ്വാശ്വത സമാധാനം പുലരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഡോ മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത
ചെങ്ങന്നൂർ ഭദ്രാസനം
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ
2017-ലെ വിധിക്ക് വിരുദ്ധമായ ഉത്തരവു നൽകരുത്: കേസുകൾ വേഗത്തിൽ തീർപ്പാക്കണം