2017-ലെ വിധിക്ക് വിരുദ്ധമായ ഉത്തരവു നൽകരുത്: കേസുകൾ വേഗത്തിൽ തീർപ്പാക്കണം
ന്യൂഡൽഹി: മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികൾ 1934-ലെ ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള അധികാരങ്ങൾ പ്രകാരമാണു ഭരിക്കേണ്ടതെന്ന വിധിക്ക് (2017) വിരുദ്ധമായ രീതിയിൽ ഉത്തരവുകൾ നൽകുന്നതിൽ നിന്ന് ഹൈക്കോടതിയെയും കീഴ്ക്കോടതികളെയും സുപ്രീം കോടതി വിലക്കി.
ഇനി കൂടുതൽ വ്യവഹാരങ്ങൾക്ക് അവസരമില്ലെന്നും അവശേഷിക്കുന്ന എല്ലാ കേസുകളും 2017-ൽ കെ.സി. വർഗീസ് കേസിൽ നൽകിയ വിധിയുടെ അടിസ്ഥാനത്തിൽ തീർപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. സഭാതർക്കവുമായി ബന്ധപ്പെട്ട നിലവിലുള്ള കേസുകളുടെ പട്ടിക 3 മാസത്തിനകം ലഭ്യമാക്കണമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതി റജിസ്ട്രാർ ജനറലിനോടു നിർദേശിച്ചു.
എറണാകുളം കണ്ടനാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 6-നു നൽകിയ ഉത്തരവിലാണു നിർദേശമുള്ളത്. ഉത്തരവ് ഇന്നലെയാണു പുറത്തുവന്നത്. കണ്ടനാട് പള്ളിയിൽ ഓരോ ആഴ്ച ഇടവിട്ട് ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾക്ക് ആരാധനാ സൗകര്യം അനുവദിച്ചു കഴിഞ്ഞ മാർച്ച് 8-നു ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവിനെതിരെ പള്ളി വികാരി ഐസക് മട്ടമ്മേൽ കോർ എപ്പിസ്കോപ്പ നൽകിയ ഹർജിയിലാണ് ഉത്തരവ്. ഹൈക്കോടതി ജഡ്ജിയെ അന്നു സുപ്രീം കോടതി വാക്കാൽ നിശിതമായി വിമർശിച്ചിരുന്നു.
- ഭരണഘടനയുടെ 141ാം വകുപ്പുപ്രകാരം, സുപ്രീം കോടതി പ്രഖ്യാപിക്കുന്ന നിയമം രാജ്യത്തെ എല്ലാ കോടതികൾക്കും ബാധകമാണ്.
- 144ാം വകുപ്പനുസരിച്ച്, ഇന്ത്യയിലെ എല്ലാ സിവിൽ, ജുഡീഷ്യൽ അധികാരികൾക്കും സുപ്രീം കോടതിയെ സഹായിക്കാൻ ബാധ്യതയുണ്ട്. കേരളവും ഇന്ത്യയുടെ ഭാഗമായതിനാൽ ബന്ധപ്പെട്ടവർക്ക് അതിനൊത്തു പ്രവർത്തിക്കാൻ ബാധ്യതയുണ്ട്.
- സഭയിൽ സമാധാനമുണ്ടാകണമെന്നാണ് സുപ്രീം കോടതി താൽപര്യപ്പെട്ടത്. എന്നാൽ, വിരുദ്ധമായ ഉത്തരവുകൾ വരുന്നതിനാൽ സുപ്രീം കോടതി നിർദേശിച്ച നിയമം നടപ്പാക്കാനാവാത്ത സ്ഥിതിയാണ്. ഇതു വിധിയുടെ ലംഘനമാണ്. ഭാവിയിൽ ഇത്തരം നടപടികളുണ്ടായാൽ അതു ഗൗരവത്തിലെടുക്കും.
- ഹൈക്കോടതി റജിസ്ട്രാർ ജനറൽ ഉടനെ ഉത്തരവിന്റെ പകർപ്പ് സംസ്ഥാനത്തെ എല്ലാ കോടതികൾക്കും ബന്ധപ്പെട്ട അധികാരികൾക്കും ലഭ്യമാക്കണം
-
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ