OVS - Articles

തറ വര്‍ത്തമാനത്തിനും ഒരു തറവില വേണം! – ഭാഗം – 2

യാക്കോബായ എന്ന സംജ്ഞയുടെ ഉത്ഭവവുമായി മലങ്കര നസ്രാണികള്‍ക്ക് ബന്ധമൊന്നുമില്ല. എ. ഡി. 451-ലെ കല്‍ക്കദൂന്യാ സുന്നഹദോസിനു ശേഷം പൗരസ്ത്യ റോമാ സാമ്രാജ്യത്തിലെ ക്രൈസ്തവസഭയില്‍ പിളര്‍പ്പ് ഉണ്ടായി. എ. ഡി. 518-ല്‍ ജസ്റ്റിന്‍ ഒന്നാമന്‍ ചക്രവര്‍ത്തി അധികാരമേറ്റതോടെ കല്‍ക്കദൂന്യാ വിരുദ്ധര്‍ക്ക് രാഷ്ട്രീയ പിന്തുണ നഷ്ടപ്പെടുകയും അവര്‍ കടുത്ത പീഡയ്ക്ക് വിധേയരാവുകയും ചെയ്തു. ഈ വിഭാഗത്തില്‍പ്പെട്ട പുരോഹിതരെ ഉന്മൂലനം ചെയ്തതിനാല്‍ സിറിയ, ഈജിപ്ത്, അര്‍മേനിയ എന്നിവിടങ്ങളില്‍ ശക്തമായ സാന്നിദ്ധ്യം ഉണ്ടായിട്ടും പട്ടക്കാരുടേയും മെത്രാന്മാരുടേയും അഭാവം മൂലം കല്‍ക്കദൂന്യാ വിരുദ്ധരുടെ നിലനില്‍പ്പുതന്നെ അപകടത്തിലായി.

ഈ സാഹചര്യത്തിലാണ് യാക്കൂബ് ബുര്‍ദ്ദാനാ എന്നു പില്‍ക്കാലത്ത് അറിയപ്പെട്ട സന്യാസി, കോപ്ടിക് പോപ്പ് തേവോദോസ്യോസില്‍ നിന്നും രഹസ്യമായി മെത്രാന്‍ സ്ഥാനം സ്വീകരിച്ചത്. പീഡനത്തെ വകവയ്ക്കാതെ അദ്ദേഹം മെസപ്പൊട്ടോമിയ, അനാറ്റോലിയ, സിറിയ, പാലസ്തീന്‍, ഈജിപ്ത് പ്രദേശങ്ങളില്‍ ഓടിനടന്ന് പട്ടക്കാരെയും മെത്രാന്മാരെയും പാത്രിയര്‍ക്കീസന്മാരെയും വാഴിച്ച് സത്യ വിശ്വാസം നിലനിര്‍ത്തി. യാക്കൂബ് ബുര്‍ദ്ദാനാ ഏകനായി പ്രയത്‌നിച്ച് നിലനിര്‍ത്തിയ കല്‍ക്കദൂന്യാ വിരുദ്ധ വിശ്വാസം പിന്തുടരുന്നവരെ യാക്കോബായക്കാര്‍ എന്ന് എതിരാളികള്‍ പരിഹാസരൂപേണെ വിശേഷിപ്പിച്ചു.

ഇന്നും ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ പിന്തുടരുന്നത് യാക്കൂബ് ബുര്‍ദ്ദാനാ നിലനിര്‍ത്തിയ അലക്‌സാന്‍ഡ്രിയന്‍ വേദശാസ്ത്രമാണ്. ഇതാണ് യഥാര്‍ത്ഥ ഓര്‍ത്തഡോക്‌സ് വിശ്വാസം. പാശ്ചാത്യ ലോകത്ത് റോമന്‍ കത്തോലിക്കരും തുടര്‍ന്ന് പ്രൊട്ടസ്റ്റന്റുകളും ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ പിന്തുടരുന്ന കല്‍ക്കദോന്യ-പൂര്‍വ അലക്‌സാന്‍ഡ്രിയന്‍ വേദശാസ്ത്രത്തെ യാക്കോബായ വിശ്വാസം എന്നാണ് വിശേഷിപ്പിച്ചുവന്നത്. ഇതിനൊരു പ്രധാന കാരണം 1054-ല്‍ കല്‍ക്കദോന്യാ അനുകൂലികള്‍ പിളര്‍ന്നപ്പോള്‍ അതിലെ ബൈസന്റിയന്‍ വിഭാഗവും സ്വയം വിശേഷിപ്പിച്ചത് ഓര്‍ത്തഡോക്‌സ് എന്നാണ് എന്നതിനാലാണ്. ഓറിയന്റല്‍ സഭകളുടെ വേദശാസ്ത്ര നിലയെ ദ്യോതിപ്പിക്കുന്ന ഒരു സംജ്ഞ എന്ന നിലയില്‍ മാത്രമാണ് യാക്കോബായ എന്ന വിശേഷണം നിലവില്‍ വന്നത്. പേര്‍ഷ്യന്‍ സഭയുടെ നെസ്‌തോറിയന്‍, ആംഗ്ലിക്കന്‍ സഭയുടെ പ്രൊട്ടസ്റ്റന്റ് മുതലായ വിശേഷണങ്ങള്‍ ഉദാഹരണമായിട്ടെടുക്കാം.

ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ ഒന്നും യാക്കോബായ എന്നു സ്വയം വിശേഷിപ്പിക്കുന്നില്ല. കോപ്ടിക്ക് ഓര്‍ത്തഡോക്‌സ് സഭ (ഈജിപ്ത്), അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ (പശ്ചിമേഷ്യ), അര്‍മീനിയന്‍ അപ്പോസ്‌തോലിക്ക് സഭ (അര്‍മീനിയ), മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ (ഇന്ത്യ), എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് തെവാഹിദോ സഭ (എത്യോപ്യ), എറിട്രിയന്‍ ഓര്‍ത്തഡോക്‌സ് തെവാഹിദോ സഭ (എറിട്രിയ) എന്നിങ്ങനെയാണ് അവയുടെ ഔദ്യോഗിക നാമങ്ങള്‍. ഈയിടെ കേരളം സന്ദര്‍ശിച്ച പ. ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്റെ ഔദ്യോഗിക സ്ഥാനം പോലും അന്ത്യോഖ്യയിലെ സുറിയാനി ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസ് എന്നാണ്!

കേരളത്തില്‍ യാക്കോബായ എന്ന പദം ഉപയോഗിച്ചതും കേവലം ഒരു വിശ്വാസസംഹിത എന്ന അര്‍ത്ഥത്തിലാണ്. എ.ഡി. 1665-ല്‍ പുത്തന്‍കൂര്‍ നസ്രാണികള്‍ അലക്‌സാന്‍ഡ്രിയന്‍ വേദശാസ്ത്രം പിന്തുടരുന്ന അന്ത്യോഖ്യന്‍ സുറിയാനി സഭയുമായി ബന്ധം ആരംഭിച്ചപ്പോള്‍ ആ സഭയുടെ വേദശാസ്ത്രനിലയെപ്പറ്റി തങ്ങള്‍ അറിയുന്ന സംജ്ഞ എന്ന നിലയില്‍ യാക്കോബായ എന്നു പ്രചരിപ്പിച്ചത് റോമന്‍ കത്തോലിക്കര്‍ ആണ്. പില്‍ക്കാലത്ത് അധിനിവേശ പ്രൊട്ടസ്റ്റന്റുകളും ഇത് ഏറ്റുപിടിച്ചു. 1686-ലെ ചെങ്ങന്നൂര്‍ സുന്നഹദോസ് മലങ്കര നസ്രാണികളുടെ വിശ്വാസസംഹിതയായി അലക്‌സാന്‍ഡ്രിയന്‍ വേദശാസ്ത്രത്തെ അംഗീകരിച്ചതുമുതല്‍ തങ്ങളുടെ വേദശാസ്ത്ര അടിസ്ഥാനം എന്ന നിലയില്‍ റോമന്‍ കത്തോലിക്കര്‍ പ്രചരിപ്പിച്ച യാക്കോബായ എന്ന വിശേഷണം മലങ്കര നസ്രാണികള്‍ ഉപയോഗിച്ചിട്ടുണ്ട് എങ്കിലും അതൊരിക്കലും അവരുടെ സഭാനാമമായിരുന്നില്ല.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍ മാത്രമാണ് യാക്കോബായ പുത്തന്‍കൂര്‍ നസ്രാണികളുടെ ഔദ്യോഗിക നാമമായി സര്‍ക്കാര്‍ രേഖകളില്‍ ഇടംപിടിക്കുന്നത്. എ.ഡി. 1817, 1818, 1829 വര്‍ഷങ്ങളില്‍ യഥാക്രമം കിടങ്ങന്‍ മാര്‍ പീലക്‌സിനോസ്, പുന്നത്ര മാര്‍ ദീവന്നാസ്യോസ് മൂന്നാമന്‍, ചേപ്പാട് മാര്‍ ദീവന്നാസ്യോസ് നാലാമന്‍ എന്നിവര്‍ക്കു തിരുവിതാംകൂര്‍ മലങ്കര മെത്രാപ്പോലീത്താമാരായി നല്‍കിയ രാജകീയ വിളംബരത്തില്‍ യാക്കോബായ എന്നല്ല, പുത്തന്‍കൂര്‍ സുറിയാനിക്കാര്‍ എന്നാണ് പരാമര്‍ശനം. പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസിന് 1852-ല്‍ നല്‍കിയ വിളംബരത്തിലാകട്ടെ മലങ്കര ഇടവകയിലെ പുത്തന്‍കൂര്‍ സുറിയാനിക്കാര്‍ എന്നു വിശേഷിപ്പിക്കുന്നു. 1876-ലെ വിളംബരത്തില്‍ സുറിയാനി സഭ എന്നു മാത്രവും.

യഥാര്‍ത്ഥത്തില്‍ യാക്കോബായ എന്ന പ്രയോഗം ഔദ്യോഗികമാകുന്നത് 1889-ല്‍ തിരുവിതാംകൂര്‍ റോയല്‍ കോടതി വിധിയില്‍ അവസാനിച്ച സെമിനാരിക്കേസും അനുബന്ധ സംഭവങ്ങളും മൂലമാണ്. അക്കാലമായപ്പോഴേയ്ക്കും പുത്തന്‍കൂര്‍ സുറിയാനിക്കാര്‍ക്കിടയില്‍ പ്രൊട്ടസ്റ്റന്റ് അനുഭാവമുള്ള ഒരു നവീകരണ വിഭാഗം ഉണ്ടായി. അതോടെ പുത്തന്‍കൂര്‍ സുറിയാനിക്കാര്‍ എന്ന പൊതു സംജ്ഞ ഉപയോഗിക്കുന്നത് അപ്രായോഗികമായി. ഈ സാഹചര്യത്തിലാണ് യഥാര്‍ത്ഥ അലക്‌സാന്‍ഡ്രിയന്‍ വേദശാസ്ത്രം പിന്തുടരുന്ന സത്യവിശ്വാസികള്‍ യാക്കോബായ എന്ന നാമത്തില്‍ പരാമര്‍ശിക്കപ്പെട്ടത്. 1876-ലെ മുളന്തുരുത്തി സുന്നഹദോസില്‍ സ്തുതി ചൊവ്വാകപ്പെട്ട യാക്കോബായ വിശ്വാസം എന്നു വിശ്വാസ സംബന്ധിയായ പരാമര്‍ശനം മാത്രമാണ് ഉള്ളത്. അവിടെ രൂപീകരിച്ച അസോസിയേഷന്റെ നാമം സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ എന്നു മാത്രമാണ്. ഓര്‍ത്തഡോക്‌സ് എന്ന വാക്കിന്റെ പരിഭാഷയാണ് സ്തുതി ചൊവ്വാകപ്പെട്ട എന്നതും ഇവിടെ സ്മരണീയമാണ്.

1889-ലെ റോയല്‍ കോടതി വിധിയെത്തുടര്‍ന്ന് നവീകരണ വിഭാഗം നവീകരണ സുറിയാനി സഭ എന്ന പേരില്‍ പുതിയ സഭയായി മാറി. സത്യവിശ്വാസത്തില്‍ നിലനിന്നവര്‍ക്ക് ഇക്കാലത്തോടെ യാക്കോബായ എന്ന പേരുറച്ചു. നവീകരണ വിഭാഗം പില്‍ക്കാലത്ത് തങ്ങളുടെ സഭയെ മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ എന്നു പുനര്‍നാമകരണം ചെയ്തു. മലങ്കര സഭയാകട്ടെ, 1934-ലെ മലങ്കരസഭാ ഭരണഘടനപ്രകാരം മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ എന്ന യഥാര്‍ത്ഥനാമം പ്രഖ്യാപിക്കുകയും ഈ സഭയെ പിശകായി യാക്കോബായ എന്നു വിളിച്ചിരുന്നു എന്നു വ്യക്തമാക്കുകയും ചെയ്തു. അതായത് കേവലം അമ്പത് വര്‍ഷത്തില്‍ താഴെ മാത്രമാണ് യാക്കോബായ എന്ന നാമം ഔദ്യോഗികമായി മലങ്കര സഭയ്ക്ക് ഉണ്ടായിരുന്നത്!

പുനര്‍നാമകരണം അതത് സമൂഹത്തിന്റെ മൗലിക അവകാശമാണ്. സായിപ്പിന്റെ നാവു വഴങ്ങാതെ ട്രിവാന്‍ഡ്രവും, ക്വയിലോണും, ആലപ്പിയും ട്രിച്ചൂരും ടെല്ലിച്ചേരിയും ആയി മാറിയ തിരുവനന്തപുരവും കൊല്ലവും ആലപ്പുഴയും ത്രിശ്ശൂരും തലശ്ശേരിയും മടങ്ങിയെത്തിയിട്ട് അധികകാലമൊന്നും ആയില്ല. അതുപോലൊരു മടക്കം മാത്രമാണ് 1934-ല്‍ സംഭവിച്ചത്.

ആനുഷംഗികമായി ഒരു ചോദ്യം ഇവിടെ പ്രസക്തമാണ്. കേരളത്തിലെ റോമാ-സുറിയാനിക്കാര്‍ക്ക് സീറോ-മലബാര്‍ സഭ എന്ന പേര് എന്നാണ് ലഭിച്ചത്? എത്ര വിശാലമായി ചിന്തിച്ചാലും 1923-ല്‍ എറണാകുളം വികാരിയത്ത് അതിരൂപതയാക്കുകയും അതിന്റെ മെത്രാനായ മാര്‍ അഗസ്റ്റിന്‍ കണ്ടത്തിലിന്റെ കീഴില്‍ കേരളത്തിലെ സുറിയാനി വികാരിയത്തുകളായ ചങ്ങനാശ്ശേരിയും തൃശൂരും സംയോജിപ്പിക്കുകയും ചെയ്തപ്പോള്‍ മാത്രമാണ് ഇത് സംഭവിച്ചത്. അതിനുമുമ്പ് കേരളത്തില്‍ റോമാ-സുറിയാനിക്കാര്‍ ഇല്ലായിരുന്നു എന്നല്ലല്ലോ അതിന്റെ അര്‍ത്ഥം. റോമാ-സുറിയാനിക്കാരുടെ ഒരു പുനഃസംഘടനയും പുനര്‍നാമകരണവും മാത്രമാണ് 1923-ല്‍ നടന്നത്.

ഇത്രയും പൊതുവായി പറഞ്ഞശേഷം ഇനി സെബാസ്റ്റ്യന്‍ ടി. തറയില്‍ ഉയര്‍ത്തുന്ന വിഡ്ഡിത്വങ്ങളിലേയ്ക്കു കടക്കാം.

ഡോ. എം. കുര്യന്‍ തോമസ്
(തുടരും)

തറ വര്‍ത്തമാനത്തിനും ഒരു തറവില വേണം! – ഭാഗം 3

തറ വര്‍ത്തമാനത്തിനും ഒരു തറവില വേണം! – ഭാഗം 1

error: Thank you for visiting : www.ovsonline.in