പൊതുവിദ്യാലയമികവിന് അഭിമാനമായി അരീപ്പറമ്പുകാരൻ
കോട്ടയം: പൊതുവിദ്യാലയത്തിൽ പഠിച്ച്, മലയാളപത്രം വായിച്ച് സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ കോട്ടയംകാരിക്ക് പിന്നാലെ പൊതുവിദ്യാലയത്തിൽ പഠിച്ച് ഐഐറ്റി യിൽ നിന്ന് ഒന്നാം റാങ്ക് നേടിയ നാട്ടിൻപുറത്തുകാരൻ നാടിന് അഭിമാനമാകുന്നു.
അരീപ്പറമ്പ് സ്വദേശിയും, സാമൂഹ്യശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ ഒറവയ്ക്കൽ മേലേടത്ത് ഡോ.എം കുരിയൻ തോമസിന്റെയും, എംജിഎം ഹൈസ്കൂൾ അദ്ധ്യാപിക ജയാ ജേക്കബിന്റെയും മൂത്ത മകനായ എം തോമസ് കുര്യാക്കോസാണ് ഈ താരം. 2018 ൽ ഐഐറ്റി ഗുവാഹത്തിയിൽ എം എ ഡെവലെപ്മെൻറ് സ്റ്റഡീസ് വിദ്യാർത്ഥിയായിരുന്ന ഈ മിടുക്കൻ ഒന്നാം റാങ്കോടെയാണ് വിജയിച്ചത്. ഐഐറ്റി ഗുവാഹത്തിയുടെ 2017 ലെ യാദവ് ചന്ദ്ര ചാലിയ അവാർഡ് ഫോർ അക്കാദമിക് എക്സലൻസും ഈ മിടുക്കൻ നേടി. 2017 ൽ സ്വീഡിഷ് സർക്കാരിൻറെ ലിനേയസ് – പാമേ ഫെല്ലോഷിപ്പ് സ്വീഡനിലെ ലുണ്ട് സർവകലാശാലയിൽ ഒരു സെമസ്റ്റർ പഠിക്കുവാനും ഈ മിടുക്കന് അവസരമുണ്ടായി. എം എ ക്ക് പഠിക്കുമ്പോൾ സമർപ്പിച്ച പ്രൊജക്റ്റ് കാശ്മീരിൽ നിന്നും പലായനം ചെയ്യാത്ത പണ്ഡിറ്റുകളെക്കുറിച്ചുള്ള പഠനത്തെ അധികാരിച്ചായിരുന്നു.
സ്കൂൾ വിദ്യാഭ്യാസം കേരള സിലബസ്സിലുള്ള പാമ്പാടി എംജിഎം ഹൈസ്കൂളിൽ ആയിരുന്നു. പ്ലസ് ടു കോട്ടയം എം ഡി സെമിനാരി ഹയർ സെക്കണ്ടറി സ്കൂളിലും. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽനിന്നും സാമൂഹ്യശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷമാണ് ഐഐറ്റി യിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നത്. എൻട്രൻസ് പരീക്ഷയെഴുതിയാണ് ഇരു കോഴ്‌സുകൾക്കും പ്രവേശനം നേടിയത്. അനുജൻ: എം തോമസ് യാക്കോബ്, പാമ്പാടി കെ ജി കോളേജിൽ ബി എസ് സി ഫിസിക്സ് വിദ്യാർത്ഥിയാണ്.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വടക്കൻമണ്ണൂർ സെൻറ് തോമസ് ഓർത്തഡോക്സ് ചർച്ച് ഇടവകാംഗമാണ്.