തറ വര്‍ത്തമാനത്തിനും ഒരു തറവില വേണം! – ഭാഗം 3
1. റോമന്‍ കത്തോലിക്കാ സഭയിലെ എല്ലാ റീത്തുകള്‍ക്കും അവരുടേതായ പൈതൃകം ഉണ്ട് എന്ന തറയില്‍ വാദം ശരിയാണ്. റീത്തുകള്‍ക്ക് മാത്രമല്ല എല്ലാ സഭകള്‍ക്കും സ്വന്തം പൈതൃകം ഉണ്ട്. പക്ഷേ അത് തറയില്‍ കരുതുന്നതുപോലെ ആരാധനാ രീതിയുടെ അടിസ്ഥാനത്തില്ല. ലോക ക്രൈസ്തവ സമൂഹം സഭകളെ വര്‍ഗ്ഗീകരിക്കുന്നത് അവയുടെ വിശ്വാസം, ദേശീയത, വംശീയത, ഭാഷ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ്. യഥാര്‍ത്ഥ റോമന്‍ കത്തോലിക്കരായ ലത്തീന്‍ സഭയിലും ദേശീയത, വംശീയത, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ധാരണം നടന്നിരിക്കുന്നത്.
മദ്ധ്യ കാലഘട്ടത്തിനുശേഷം പൗരസ്ത്യ സഭകളില്‍ നിന്നും അടര്‍ത്തിമാറ്റി വിവിധ റീത്തുകള്‍ സൃഷ്ടിച്ചപ്പോഴാണ് റോമന്‍ കത്തോലിക്കാ സഭ, ആരാധന രീതി പൈതൃകമായി ഉയര്‍ത്തിക്കാട്ടിയത്. റോമാ സഭയിലെ രണ്ടാംതരം പൗരന്മാരായ വിവിധ റീത്തുകള്‍ എന്ന വരത്തന്മാര്‍ക്ക് (Uniate) സ്വന്ത വ്യക്തിത്വം ഉണ്ടന്നു കാണിക്കാനുള്ള ഒരു ശ്രമം മാത്രമായിരുന്നു അത്. അതിനിവിടെ പ്രസക്തിയൊന്നുമില്ല.
2. മലങ്കര ഓര്‍ത്തഡോക്‌സ് സഭ 2024-ല്‍ കോട്ടയത്തു നടന്ന മാര്‍ത്തോമ്മന്‍ പൈതൃക സമ്മേളനത്തില്‍ മാത്രമല്ല, എല്ലാക്കാലത്തും അഭിമാനിക്കുന്നതാണ് മാര്‍ത്തോമ്മന്‍ പൈതൃകത്തിന്റെ അവകാശികള്‍ എന്ന്. അതിന് ചരിത്രപരമായി വ്യക്തമായ കാരണങ്ങളുമുണ്ട്.
14-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ കേരളത്തിലെത്തിയ ഫ്രയോര്‍ ജോര്‍ഡാനസ് ഓഫ് കാറ്റലാനി എന്ന യൂറോപ്യന്‍ പുരോഹിതന്‍ നസ്രാണി വര്‍ണ്ണിക്കുന്നത് …അവര്‍ സെന്റ് തോമസിനെ ക്രിസ്തുവിനു തുല്യനായി കാണുന്നു… എന്നാണ്. അതിശക്തമായ ഈ തോമാവബോധം (St. Thomas Consciousness) കൂടുതല്‍ വ്യക്തമായി നസ്രാണികള്‍ പ്രകടിപ്പിച്ചത് 1498-ല്‍ ആരംഭിച്ച പാശ്ചാത്യ കൊളോണിയല്‍ അധിനിവേശകാലത്താണ്.
തങ്ങളെ റോമന്‍ കത്തോലിക്കാ സഭയുടെ ഭാഗമാക്കുവാന്‍ വന്ന പോര്‍ട്ടുഗീസുകാരോട് നസ്രാണികള്‍ തങ്ങളുടെ സ്വത്വം വ്യക്തമാക്കിയത് മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും എന്നാണ്. റോമന്‍ കത്തോലിക്കാ സഭയേയും അതിന്റെ വിശ്വാസ – സഭാവിജ്ഞാനിയ – ഭരണസംവിധാനങ്ങളെ അവര്‍ ശെമവോന്‍ കീപ്പായുടെ (പത്രോസിന്റെ) മാര്‍ഗ്ഗം എന്നു വിശേഷിപ്പിച്ചു. ഇവ രണ്ടും രണ്ടാണെന്നും തമ്മില്‍ ചേരുകയില്ല എന്നും നസ്രാണികള്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. റോമന്‍ കത്തോലിക്കരെ ഏറ്റവും ബുദ്ധിമുട്ടിച്ച സ്വത്വ വിശദീകരണമായിരുന്നു അത്. അതിനാലാണ് എ.ഡി. 1599-ലെ ഉദയംപേരൂര്‍ സുന്നഹദോസിന്റെ കാനോനാകളില്‍ മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും ശെമവോന്‍ കീപ്പായുടെ മാര്‍ഗ്ഗവും രണ്ടല്ല ഒന്നാണെന്നും, രണ്ടാണ് എന്നു പറയുന്നവര്‍ തല്‍ക്ഷണം മുടക്കപ്പെടുമെന്നും എഴുതിവെച്ചത്.
തറയില്‍ ഗാഥയില്‍ വിഴുങ്ങിയ ഒരു മഹാസംഭവം ഉണ്ട്. അത് 1653-ലെ കൂനന്‍കുരിശു സത്യം ആണ്. ഇന്ത്യന്‍ മണ്ണില്‍ പാശ്ചാത്യ അധിനിവേശ ശക്തികള്‍ക്കെതിരായി നടന്ന ആദ്യത്തെ സ്വാതന്ത്ര്യസമരം. കൂനന്‍കുരിശു സത്യത്തിലൂടെ രണ്ടു ലക്ഷത്തില്‍ നാനൂറു കുറെ മലങ്കര നസ്രാണികള്‍ 1599-ല്‍ തങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ച ശെമവോന്‍ കീപ്പായുടെ മാര്‍ഗ്ഗം തള്ളിക്കളഞ്ഞ് മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം പുനഃസ്ഥാപിച്ചു.
1663-ല്‍ പറമ്പില്‍ ചാണ്ടി ചതിച്ച് മറുകണ്ടം ചാടി മെത്രാനായതോടെ ഇവരില്‍ ഒരു വിഭാഗം വീണ്ടും റോമന്‍ കത്തോലിക്കാ സഭയുടെ ശെമവോന്‍ കീപ്പായുടെ മാര്‍ഗ്ഗം സ്വീകരിച്ചു. കൂനന്‍ കുരിശു സത്യവും അതിനു പിന്‍ബലമായ മട്ടാഞ്ചേരി പടിയോലയും വിഴുങ്ങിയ അവര്‍ക്കോ അതേ മാര്‍ഗ്ഗത്തില്‍ ഇന്നും ചരിക്കുന്ന അവരുടെ പിന്‍തലമുറയ്‌ക്കോ എങ്ങിനെ മാര്‍ത്തോമ്മന്‍ പൈതൃകം അവകാശപ്പെടാനാവും?
പിന്നീട് മലങ്കര സഭയെ വിഴുങ്ങാന്‍ ശ്രമിച്ച അന്ത്യോഖ്യന്‍ സഭയും ആംഗ്ലിക്കന്‍ സഭയും ശെമവോന്‍ കീപ്പായുടെ മാര്‍ഗ്ഗക്കാര്‍ ആണ്. അന്ത്യോഖ്യന്‍ സുറിയാനി സഭ, പത്രോസിന്റെ സിംഹാസനം അവകാശപ്പെടുന്നു. ആംഗ്ലിക്കന്‍ സഭ എന്ന ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പട്ടത്വവും പൈതൃകവും പത്രോസിന്റെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന റോമന്‍ കത്തോലിക്കാ സഭയില്‍ നിന്നാണ്. ഇവര്‍ ഇരുകൂട്ടരും ശ്രമിച്ചത് മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം തച്ചുടച്ച് പകരം തങ്ങളുടെ അധീശത്വവും തങ്ങളുടേതായ പത്രോസിന്റെ മാര്‍ഗ്ഗവും സ്ഥാപിക്കാനാണ്. അവയെ പല്ലും നഖവുമുപയോഗിച്ച് എതിര്‍ത്ത് പരിക്കുകളോടെയെങ്കിലും തദ്ദേശീയമായ മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം നിലനിര്‍ത്തിയ മലങ്കര സഭയ്ക്കല്ലാതെ മറ്റാര്‍ക്കാണ് മാര്‍ത്തോമ്മന്‍ പൈതൃകം അവകാശപ്പെടാനാവുക?
ഒരു പക്ഷേ മലങ്കര മാര്‍ത്തോമ്മാ സഭയ്ക്കു കൂടി സാധിച്ചേക്കാം. പക്ഷേ വിദേശാധിപത്യം നിഷേധിച്ച അവരും ശെമവോന്‍ കീപ്പായുടെ (പ്രോട്ടസ്റ്റന്റ്) മാര്‍ഗ്ഗം സ്വീകരിച്ച് പിതൃസ്മരണയും മദ്ധ്യസ്ഥതയും ഉപേക്ഷിച്ചു. ആ നിലയ്ക്ക് അവര്‍ക്കാകുമോ?
തികച്ചും അര്‍ഹത ഉണ്ടായിട്ടുതന്നെയാണ് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ, മാര്‍ത്തോമ്മന്‍ പൈതൃക സ്മരണ മഹാ സമ്മേളനമായി നടത്തുന്നത്.
(തുടരും)
ഡോ. എം. കുര്യന്‍ തോമസ്