OVS - Latest News

ഇത്തവണ വചനിപ്പ് പെരുന്നാൾ ഹാശാ ആഴ്ചയിൽ

മാർച്ച് 25 പാശ്ചാത്യ സുറിയാനി ആരാധനാപാരമ്പര്യത്തിൽ വളരെയേറ പ്രാധാന്യമുള്ള ഒരു ദിവസമാണ്. വചനിപ്പ് പെരുന്നാൾ എന്ന് അറിയപ്പെടുന്ന ഈ ദിവസമാണ് ഗബ്രിയേൽ ദൂതൻ കന്യാമറിയത്തോട് യേശുവിൻ്റെ ജനന വാർത്ത (മംഗള വാർത്ത) അറിയിച്ചതെന്നാണ് വിശ്വാസം. സിംഹഭൂരിഭാഗം വർഷങ്ങളിലും ഈ ദിവസം വലിയനോമ്പിലാണ് വരിക. വലിയ നോമ്പിൽ ശനി, ഞായർ ദിവസങ്ങളിലും, പാതിനോമ്പ് ബുധനാഴ്ചയും നാല്പതാം വെള്ളിയാഴ്ചയും മാത്രമാണ് കുർബാന അർപ്പിക്കുവാൻ സാധിക്കുക. വലിയ ആഴ്ച (ഹാശാ ആഴ്ച)-യിൽ പെസഹ വ്യാഴാഴ്ചയും ദുഃഖ (അറിയിപ്പിന്റെ) ശനിയാഴ്ചയും (ദുഃഖവെള്ളിയുടെ പിറ്റേ ദിവസം) മാത്രമാണ് കുർബാന അർപ്പിക്കുവാൻ അനുവാദമുള്ളത്. എന്നാൽ ഏത് ദിവസം വചനിപ്പ് വന്നാലും (ദുഃഖവെള്ളിയാണെങ്കിൽ പോലും) അന്ന് പെരുന്നാൾ രീതിയിൽ കുർബാന ചൊല്ലണമെന്ന് നിർബന്ധമാണ്.

ഇത്തവണ ഹാശായുടെ തിങ്കളാഴ്ചയാണ് വചനിപ്പ് പെരുന്നാൾ. 2027-ൽ പെസഹായുടെ അന്നായിരിക്കും വചനിപ്പ് പെരുന്നാൾ.

അവസാനമായി 2016 -ലാണ് വചനിപ്പും ദു:ഖവെള്ളിയും ഒരുമിച്ച് വന്നത്. ഇനി ഈ നൂറ്റാണ്ടിലും അടുത്ത നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിലും വചനിപ്പും ദു:ഖവെള്ളിയും ഒരുമിച്ച് വരില്ല. ഇനി 2157 -ലാണ് വചനിപ്പും ദു:ഖവെള്ളിയും ഒരുമിച്ച് വരുന്നത്. 2168-ലും ഇതാവർത്തിക്കും.

ഈ നൂറ്റാണ്ടിൽ ഇനി 2029 -ലും 2040 -ലും ഓശാനയും വചനിപ്പും ഒരുമിച്ച് വരും. 2035-ലും 2046- ലും ഈസ്റ്ററും വചനിപ്പും ഒരുമിച്ച് വരും.

2024, 2027, 2032, 2043, 2054, 2059, 2062, 2070, 2073, 2081, 2084, 2086, 2092, 2097, 2100 വർഷങ്ങളിൽ വചനിപ്പ് കഷ്ടാനുഭവ ആഴ്ചയിൽ വരും.

ഇതിൽ 2027 കൂടാതെ 2032, 2100 വർഷങ്ങളിൽ പെസഹായ്‌ക്കും 2062, 2073, 2084 വർഷങ്ങളിൽ ദു:ഖശനിയാഴ്ചയും വചനിപ്പ് വരും.

ബൈസാൻ്റിയൻ ആരാധനാപാരമ്പര്യത്തിൽ ഈസ്റ്ററും വചനിപ്പും ഒരുമിച്ച് വരുന്നതിന് സവിശേഷ പ്രാധാന്യമുണ്ട്. അവർ അതിനെ Kyriopascha എന്ന് വിശേഷിപ്പിക്കുന്നു.

ഡെറിൻ രാജു

error: Thank you for visiting : www.ovsonline.in