മലങ്കര കത്തോലിക്ക റീത്തിൻ്റെ നുണപ്രചരണങ്ങള്‍
പരുമല സുന്നഹദോസ് മാര്‍ ഈവാനിയോസിനെ റോമുമായുള്ള ഐക്യത്തിനു ചുമതലപ്പെടുത്തി എന്ന മലങ്കര കത്തോലിക്ക റീത്തിൻ്റെ നുണപ്രചരണത്തിലെ വാസ്തവം എന്ത് എന്നാണ് കഴിഞ്ഞ അദ്ധ്യായത്തില്‍ നാം പരിശോധിച്ചത്. എന്നാല്‍ മലങ്കര റീത്തിൻ്റെ നുണപ്രചരണങ്ങള്‍ അവിടെ മാത്രം ഒതുങ്ങുന്നതല്ല. മാര്‍ ഈവാനിയോസിൻ്റെ സഭാഭ്രംശത്തെ ന്യായീകരിക്കാന്‍ പിന്നെയും ഒരുപാട് നുണക്കഥകള്‍ പ്രചരിപ്പിക്കുന്നുണ്ട്. തൻ്റെ ജീവിത സാഹ്യാന കാലത്ത് മാര്‍ ഈവാനിയോസ് രചിച്ചു എന്നു പറയപ്പെടുന്ന ”ആത്മകഥാകഥനം’‘ എന്ന പുസ്തകത്തില്‍ ഇത്തരം ധാരാളം നുണക്കഥകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അവ ഓരോന്നായി നമുക്ക് പരിശോധിക്കാം .
മര്‍ദീനില്‍ നിന്ന് മടങ്ങിയെത്തിയ വട്ടശേരില്‍ തിരുമേനിയെ ബോബെയില്‍ പോയി സ്വീകരിച്ചത് ഫാ. പി ടി ഗീവര്‍ഗീസ് ആയിരുന്നു എന്നും ബോംബെയില്‍ നിന്നും നാട്ടിലേക്കുള്ള ട്രയിന്‍ യാത്രക്കിടയില്‍ വട്ടശേരില്‍ തിരുമേനി മര്‍ദീനില്‍ വച്ച് അവിടുത്തെ അന്ത്യോഖ്യന്‍ കത്തോലിക്ക പാത്രികീസായിരുന്ന റഹ്മാനിയെ സന്ദര്‍ശിച്ചു എന്നും അന്ത്യോഖ്യന്‍ പാത്രികീസുമായുള്ള സന്ധി ചര്‍ച്ചകള്‍ വിഫലമാകുന്ന പക്ഷം റോമന്‍ കത്തോലിക്ക സഭയുമായുള്ള മലങ്കര സഭയുടെ ഐക്യത്തെകുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനുള്ള പ്രാരംഭമായി ബാഗ്ദാദ് മെത്രാപോലീത്തായുമായി പരിചയം സമ്പാദിക്കാന്‍ വേണ്ടിയാണ് താന്‍ റഹ്മാനി പാത്രികീസിനെ സന്ദര്‍ശിച്ചത് എന്ന് വട്ടശേരില്‍ തിരുമേനി ഈവാനിയോസ് മെത്രാനോട് ബോംബെയില്‍ നിന്നും നാട്ടിലേക്കുള്ള മടക്കയാത്രയില്‍ വെളിപ്പെടുത്തി എന്നതുമാണ് മറ്റൊരു നുണപ്രചരണം (ഫാ തോമസ് ഇഞ്ചക്കലോടി ,Mar Ivanios Volume1, Page 296).
അപ്പോള്‍ ഇവിടെ സ്വാഭാവികമായും ഉയരുന്ന കുറച്ചു ചോദ്യങ്ങള്‍ ഉണ്ട്. വട്ടശേരില്‍ തിരുമേനി റോമന്‍ സഭയുമായുള്ള ഐക്യത്തിനു പരിപൂര്‍ണ സന്നദ്ധനെന്നാണല്ലോ ഈ സംഭവം വെളിവാക്കുന്നത്. അപ്പോള്‍ എന്തിന് റോമുമായുള്ള കത്തിടപാടുകള്‍ മാര്‍ ഈവാനിയോസ് അതീവ രഹസ്യമാക്കി വച്ചു. വട്ടശേരില്‍ തിരുമേനിയെ അറിയിച്ചില്ല എന്ന് മാര്‍ ഈവാനിയോസ് തന്നെ റോമിലേക്കയച്ച തൻ്റെ രണ്ടാമത്തെ കത്തില്‍ തുറന്നു സമ്മതിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് അദ്ദേഹത്തെ അറിയിക്കാതിരുന്നത്. റഹ്മാനി പാത്രികീസിൻ്റെ കഥ സത്യമാണെങ്കില്‍ റോമാസഭയോട് യോജിക്കാന്‍ മാര്‍ ഈവാനിയോസിനേക്കാള്‍ താല്‍പര്യം വട്ടശേരില്‍ തിരുമേനിക്ക് ആയിരുന്നിരിക്കണമല്ലോ. എന്നിട്ടും എന്തിനാണ് അദ്ദേഹത്തെ അറിയിക്കാതെ രഹസ്യമാക്കി വച്ചത് ?.
1929 ജനുവരിയില്‍ പ്രസിദ്ധീകരിച്ച മാര്‍ ഈവാനിയോസിൻ്റെ ആത്മകഥയായ ഗിരിദീപത്തില്‍ ഈ ബോംബെയില്‍ പോയി വട്ടശേരില്‍ തിരുമേനിയെ സ്വീകരിച്ചു നാട്ടിലേക്ക് ട്രെയിനില്‍ വന്ന ചരിത്രം വിശദമായി എഴുതിയിട്ടുണ്ട്. (ഗിരിദീപം, മെത്രാപോലീത്തായുടെ ശീമായാത്രയും അനന്തരഫലങ്ങളും. പേജ് 38,39,40) എന്തുകൊണ്ടാണ് റഹ്മാനി പാത്രികീസിനെ വട്ടശേരില്‍ തിരുമേനി കണ്ട കാര്യം ഗിരിദീപത്തില്‍ മാര്‍ ഈവാനിയോസ് എഴുതാതിരുന്നത്. 1929 ജനുവരിയില്‍ ആണ് ഗിരിദീപം പ്രസിദ്ധീകരിച്ചത്. അതായത് മാര്‍ ഈവാനിയോസ് റോമാസഭയിലേക്ക് പോകാന്‍ സകല തയാറെടുപ്പുകളും നടത്തി ഒരുങ്ങിയിരിക്കുന്ന സമയത്താണ് ഗിരിദീപം പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഗിരിദീപം ഒരു സൂക്ഷ്മ ദര്‍ശിനി വച്ചു പരിശോധിച്ചാല്‍ പോലും അതിൻ്റെ ഗ്രന്ഥകാരന്‍ 1 വര്‍ഷത്തിനുള്ളില്‍ മലങ്കര സഭ വിട്ട് റോമാ സഭയില്‍ ചേരും എന്ന് ആരും വിശ്വസിക്കില്ല.
റോമാ സഭയില്‍ ചേര്‍ന്നതിനു ശേഷം അദ്ദേഹം എഴുതി എന്ന് പറയപ്പെടുന്ന ”ആത്മകഥാകഥനം” എന്ന ഗ്രന്ഥത്തിലാണ് ഈ നുണക്കഥകള്‍ എല്ലാമുള്ളത്. ആത്മകഥാകഥനത്തില്‍ പറയുന്നതില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യം ഉണ്ടെങ്കില്‍ അത് എന്തുകൊണ്ട് അദ്ദേഹം ഗിരിദീപത്തില്‍ എഴുതിയില്ല ?.
ആത്മകഥാകഥനത്തില്‍ മാര്‍ ഈവാനിയോസ് എഴുതിച്ചേര്‍ത്തതെല്ലാം തൻ്റെ നിലപാടുമാറ്റത്തെ ന്യായീകരിക്കാന്‍ വേണ്ടി ചമച്ചുണ്ടാക്കിയ കള്ളക്കഥകള്‍ ആയിട്ടേ കണക്കാക്കാന്‍ കഴിയൂ. ഇനി ഇതില്‍ ഏതെങ്കിലും ഒരു സംഭവം യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണെങ്കില്‍ മാര്‍ ഈവാനിയോസിനെ പോലെ തന്ത്രജ്ഞനായ ഒരാള്‍ അത് ഗിരിദീപത്തില്‍ എഴുതാതെ വിടുമോ?. റോമാസഭയിലേക്ക് ചേരാനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി അവിടുന്നുള്ള ആനുമതിക്കായി മാത്രം കാത്തുനില്‍ക്കുന്ന സമയത്താണ് മാര്‍ ഈവാനിയോസ് ഗിരിദീപം എഴുതി പ്രസിദ്ധീകരിക്കുന്നത് എന്നത് കൂടെ പ്രത്യേകം ശ്രദ്ധിക്കുക. മുകളില്‍ പറഞ്ഞിട്ടുള്ള എന്തെങ്കിലും ഒരു സംഭവം അത് യഥാര്‍ത്ഥത്തില്‍ നടന്നിട്ടുള്ളതായിരുന്നെങ്കില്‍ ആ സംഭവം ഗിരിദീപത്തില്‍ കൂടെ പരാമര്‍ശിച്ചു പോയിരുന്നെങ്കില്‍ അത് മാര്‍ ഈവാനിയോസിനും തന്മൂലം സ്ഥാപിക്കപ്പെടാന്‍ പോകുന്ന മലങ്കര കത്തോലിക്ക റീത്തിനും തൻ്റെ നിലപാടു മാറ്റത്തിനു ഭാവിയില്‍ നല്‍കേണ്ടി വരുന്ന വിശദീകരണത്തിന് എത്രമാത്രം ഉപകാരപ്പെടും എന്ന് ചിന്തിക്കാന്‍ ശേഷിയില്ലാത്ത ആളാണ് മാര്‍ ഈവാനിയോസ് എന്ന് കരുതുക പ്രയാസമാണ്.
കോപ്പിറൈറ് – ഓ സി പി പബ്ലിക്കേഷൻസ് 2020
പ്രസിദ്ധീകരണ വകുപ്പ്
ഓർത്തഡോക്സി കോഗ്നേറ്റ് പേജ് സൊസൈറ്റി
www.theorthodoxchurch.info