മൗണ്ട് നെബോ
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 710 മീറ്റർ (2,330 അടി) ഉയരത്തിൽ ജോർദാനിലെ ഒരു ഉയർന്ന പർവതനിരയാണ് മൗണ്ട് നെബോ. ദൈവം പ്രവാചകനായ മോശക്ക് വാഗ്ദത്തഭൂമിയായ കനാൻ ദേശം കാണിച്ചു കൊടുത്ത സ്ഥലമാണ് നെബോ പർവതം. ജോർദാന്റെ തലസ്ഥാനമായ അമ്മാൻ നിൽ നിന്ന് 35 കി. മീ അകലെയാണ് നെബോ പർവതം സ്ഥിതി ചെയ്യുന്നത്. ഇസ്രായേൽ ജോർദാൻ അതിർത്തി പ്രദേശത്താണ് നെബോ പർവതം നിലകൊള്ളുന്നത്.
വേദപുസ്തകത്തിൽ നെബോ പർവതത്തെ കുറിച് ഇപ്രകാരം പ്രതിപാദിക്കുന്നു.
ആവർത്തനം 34: 1 -4
1). അനന്തരം, മോശ മൊവാബുസമതലത്തിൽ നിന്നു ജറീക്കോയുടെ എതിർവശത്തു സ്ഥിതിചെയ്യുന്ന നെബോമലയിലെ പിസ് ഗായുടെ മുകളിൽ കയറി. കർത്താവ് അവന് എല്ലാ പ്രദേശങ്ങളും കാണിച്ചു കൊടുത്തു വേഗിലയാദു മുതൽ ദാൻവരെയുള്ള പ്രദേശങ്ങളും. 2). നഫ്താലി മുഴുവനും എഫ്രായിമിൻെറയും മനാസ്സെയുടെയും ദേശങ്ങളും പശ്ചിമസമുദ്രംവരെയുള്ള യൂദാദേശവും. 3). നെഗെബും ഈന്തപ്പനകളുടെ പട്ടണമായ ജറീക്കോ സ്ഥിതിചെയ്യുന്ന താഴ്വരയിലെ സോവാർ വരെയുള്ള സമതലവും. 4). അനന്തരം, കർത്താവ് അവനോടു പറഞ്ഞു: നിൻെറ സന്തതികൾക്കു നൽകുമെന്ന് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ഞാൻ ശപഥം ചെയ്ത ദേശമാണിത്. ഇതു കാണാൻ ഞാൻ നിന്നെ അനുവദിച്ചു; എന്നാൽ, നീ ഇതിൽ പ്രവേശിക്കുകയില്ല
പ്രവാചകനായ മോശയുടെ സ്മരണയ്ക്കായി നാലാം നൂറ്റാണ്ടിൽ സ്ഥാപിതമായ ദേവാലയം ആണ് മൗണ്ട് നെബോയിലെ പ്രധാന ആകർഷണം. ഇപ്പോൾ ഈ ദേവാലയം ബസലിക്ക ആയി ഉയർത്തപ്പെട്ടു. ബൈസൻന്റിയൻ കാലഘട്ടത്തിൽ നിർമ്മിച്ച മൊസൈക്കുകൾ കൊണ്ടുള്ള ചിത്രങ്ങളും അലങ്കാരങ്ങളൂം ദേവാലയത്തിൽ നന്നായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
പർവതത്തിന്റെ ഏറ്റവും ഉയർന്ന ഭാഗത്താണ് ദേവാലയം സ്ഥിതി ചെയ്യുന്നത്. അവിടെ നിന്ന്, സന്ദർശകർക്ക് ചാവുകടൽ, ബെത്‌ലഹേം, ജറുസലേം എന്നിവ തെളിഞ്ഞ ദിവസങ്ങളിൽ കാണാൻ കഴിയും. പർവതത്തിൽ നിന്ന് വിശുദ്ധ നാട്ടിലേക്കുള്ള ദൃശ്യം അവിസ്മരണീയമായ അനുഭവമാണ് സഞ്ചാരികൾക്കു നല്കുന്നത്.
മരുഭൂമിയിൽ മോശ ഉയർത്തിയ പിച്ചള സർപ്പത്തിനെ അനുസ്മരിപ്പിക്കുന്ന ശിൽപ്പം ദേവാലയത്തിന്റെ അരികിലായി സ്ഥിതി ചെയ്യുന്നു. ഇറ്റാലിയൻ കലാകാരൻ ജിയോവന്നി ഫാന്റോണിയാണ് മൗണ്ട് നെബോയിലെ ഈ സർപ്പ ക്രോസ് ശില്പം (ബ്രാസൻ സർപ്പ സ്മാരകം) സൃഷ്ടിച്ചത്.
മൌണ്ട് നെബോയുടെ സമീപത്താണ് കർത്താവ് സ്നാനമേറ്റ ജോർദാൻ നദിയും, ചാവു കടൽ തീരവുമൊക്കെ സ്ഥിതി ചെയ്യുന്നത്.
Nearest Airport : Queen Alia International Airport
Jefrin Samuel