OVS - Latest NewsOVS-Kerala News

ഡോ. സിസാ തോമസിനെ അപമാനിക്കരുത്.

കേരള സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ സ്ഥാനം ഗവർണറുടെ ഉത്തരവ് പ്രകാരം ഏറ്റെടുത്ത ഡോ. സിസാ തോമസിനെ മോഷണക്കുറ്റം ചുമത്തി അപമാനിക്കാൻ ശ്രമിക്കുന്നതിൽ ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തുന്നു.

ഗവർണറുടെ ഉത്തരവ് അനുസരിച്ചതിന്റെ പേരിൽ ഏത് വിധേനെയും അവരെ കുറ്റക്കാരിയാക്കി സമൂഹ മധ്യത്തിൽ അവഹേളിക്കാനും ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കാനുമാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടലിനിടയിൽ ഗവർണറെ അനുസരിച്ചതാണ് സാങ്കേതിക വിദ്യാഭ്യാസവകുപ്പ് ജോയിൻ്റ് ഡയറക്ടറായിരുന്ന ഡോ. സിസാ തോമസ് ചെയ്ത കുറ്റം.

വി.സി ആയി ചുമതല ഏറ്റ അന്നു മുതൽ സർക്കാർ പകപോക്കൽ സമീപനം ആരംഭിച്ചു. വിരമിക്കുന്നതിന് ഒരു മാസം ഉള്ളപ്പോൾ വി. സി സ്ഥാനത്തോട് ഒപ്പം വഹിച്ചിരുന്ന സീനിയർ ജോയിൻ്റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് അവരെ മാറ്റി. പകരം ചുമതല നൽകാതെ ദൂരേക്ക് സ്ഥലം മാറ്റുമെന്നുള്ള സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേറ്റീവ് ട്രീബ്യൂണലിനെ സമീപിച്ച് തിരുവനന്തപുരം ബാർട്ടൺ ഹിൽ എഞ്ചിനീയറിംഗ് കോളേജിൽ പ്രിൻസിപ്പൽ ആയി നില്ക്കുകയാണ് ഉണ്ടായത്.

സർക്കാർ അനുമതിയില്ലാതെ വി. സി യായി ചുമതല ഏറ്റെന്ന കാരണത്താൽ മെമ്മോ നൽകി. സർവ്വീസിൽ നിന്ന് വിരമിക്കുന്ന ദിവസം അഡീഷണൽ സെക്രട്ടറിയുടെ മുമ്പിൽ ഹാജരാകാനാണ് മെമ്മോയിലെ നിർദ്ദേശം. സാമ്പത്തിക വർഷം അവസാനിക്കുന്ന ദിവസം ആയതിനാൽ മാർച്ച് 31-ന് ഹാജരാകുവാൻ പ്രയാസമാണന്ന് സർക്കാരിനെ അറിയിക്കുകയും ചെയ്തു.

വൈസ് ചാൻസലർ എന്ന നിലയിൽ ചെയ്ത് തീർക്കേണ്ട എല്ലാ കാര്യങ്ങളും ചെയ്ത് തീർത്ത ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും പിടിയിറങ്ങിയ ഡോ. സിസ തോമസിന്റെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കുന്ന നടപടികളിലേക്ക് സർക്കാർ നീങ്ങി.

ഇത് മനസിലാക്കി ഹൈക്കോടതിയെ അവർ സമീപിച്ചു. ഹൈക്കോടതി ഡോ.സിസ തോമസ് ഗവർണറുടെ ഉത്തരവ് അനുസരിച്ചത് അച്ചടക്ക ലംഘനമല്ലന്ന് വിധിച്ചു. കോടതി വിധി അനുസരിച്ച് ആനുകൂല്യങ്ങൾ നൽകാൻ തയ്യാറാകുന്നതിന് പകരം സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി ഹർജി ഫയലിൽ പോലും സ്വീകരിക്കാതെ തള്ളി.

തിരിച്ചടികൾ തുടരെ തുടരെ ഉണ്ടായിട്ടും സർക്കാർ പിന്തിരിയാൻ തയ്യാറായില്ല. ഇപ്പോൾ മോഷണ കുറ്റമാണ് സിസ തോമസിന്റെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്. ഫയലുകൾ കാണാനില്ലന്ന് പറഞ്ഞ് മോഷണ കുറ്റം ചുമത്തി പ്രഗത്ഭയായ ഒരു എഞ്ചിനീയറിംഗ് കോളേജ് അദ്ധ്യാപികയെ ശിക്ഷിക്കാനും അപമാനിക്കുവാനും ശ്രമിക്കുകയാണ് സംസ്ഥാന സർക്കാർ.

ഈ രാജ്യത്ത് ഭരണാധികളിൽ നിന്ന് എന്ത് നീതിയാണ് സാധാരണ മനുഷ്യർ പ്രതീക്ഷിക്കേണ്ടത്. ഗവർണറും സർക്കാരുകളും അധികാരത്തിൻ്റെ ഭാഗമാണ്. ഒരു അധികാര കേന്ദ്രം പറയുന്നത് കീഴ് സ്ഥാനികളായ ഉദ്യോഗസ്ഥർ അനുസരിച്ചേ പറ്റു. ഗവർണരുടെ നടപടിയിൽ തെറ്റുണ്ടെങ്കിൽ അത് തിരുത്താനുള്ള മാർഗ്ഗം സംസ്ഥാനസർക്കാരാണ് തേടേണ്ടത്. അല്ലാതെ സാധാരണ സർക്കാർ ജീവനക്കാരല്ല.

സംസ്ഥാന സർക്കാർ അവരെ അപമാനിക്കാൻ ശ്രമിക്കുമ്പോൾ കേന്ദ്ര സർക്കാർ രാജ്യത്തെ പ്രമുഖ ശാസ്ത്ര ഗവേഷണ സ്ഥാപനമായ ഐ.ഐ.എസ്.ടി യുടെ ഓംബുഡ്സ് പേഴ്സൺ ആയി നിയമിച്ചത് അവരുടെ കഴിവ് തിരിച്ചറിഞ്ഞതിന്റെ വെളിച്ചത്തിലാണ്.

ഈ സംസ്ഥാനത്തെ സർവ്വീസ് പ്രശ്നങ്ങൾ പരിശോധിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ട്രിബുണലും, കേരള ഹൈക്കോടതിയും, സുപ്രീം കോടതിയും കുറ്റക്കാരിയായി കാണാത്ത സിസ തോമസിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നത് ഒരു ജനാധിപത്യ സർക്കാരും ചെയ്യാത്ത നടപടിയാണ്. ജനാധിപത്യവിരുദ്ധവും നീതി രഹിതമായ ഇത്തരം നടപടികളിൽ നിന്നും സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ ആവശ്യപ്പെടുന്നു.

error: Thank you for visiting : www.ovsonline.in