ദരിദ്രനെ ചേർത്ത് നിർത്തി സംരക്ഷിക്കുന്നതാണ് യഥാർത്ഥ ക്രിസ്തീയത : ഗീവർഗീസ് മാർ കൂറിലോസ്
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പുരാതന മിഷൻ പ്രസ്ഥാനമായ സ്ലീബാദാസ സമൂഹത്തിന്റെ സൗഹൃദ സംഗമം 2022 ജൂലൈ 2 ശനിയാഴ്ച കോട്ടയം മാർ ഏലിയ കത്തീഡ്രലിൽ പ്രസ്ഥാനം അധ്യക്ഷൻ അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ നടത്തപ്പെട്ടു.
മാർ ഏലിയ കത്തീഡ്രൽ വികാരി ഫാ. സൈബു.എം. സഖറിയ സദസിന് സ്വാഗതം ആശംസിച്ചു. പ്രസ്ഥാനം വൈസ് പ്രസിഡൻ്റ് ഫാ.പി.കെ.തോമസ് ആമുഖ സന്ദേശം നടത്തി.അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണംനടത്തി.
ദരിദ്രരെ ചേർത്ത് നിർത്തുന്നതാണ് യഥാർത്ഥ സുവിശേഷം എന്ന് കാണിച്ചു തന്ന സ്ലീബാദാസ സമൂഹം സ്ഥാപകൻ ഭാഗ്യസ്മരണാർഹനായ പത്രോസ് മാർ ഒസ്താത്തിയോസ് മെത്രാപ്പൊലീത്തായുടെ പ്രേഷിത പ്രവർത്തനങ്ങൾ മലങ്കര സഭാമക്കൾ ശരിയായി ഉൾക്കൊണ്ട് അത് തലമുറകൾക്ക് പകർന്ന് നൽകണം എന്ന് അഭിവന്ദ്യ തിരുമേനി അനുഗ്രഹ പ്രഭാഷണത്തിൽ അറിയിച്ചു.
മലങ്കര ഓർത്തഡോക്സ് സഭ പി.ആർ ഒ ഫാ.മോഹൻ ജോസഫ്, കോട്ടയം സെൻട്രൽ ഭദ്രാസന സെക്രട്ടറി ഫാ.മാത്യു കോശി, ഫാ.പി.എ ഫിലിപ്പ്, ഫാ.തോമസ് ജോർജ്, ഫാ.ബിനു മാത്യു ഇട്ടി എന്നിവർ ഉൾപ്പെടുന്ന കോട്ടയം സെൻട്രൽ ഭദ്രാസനത്തിലെ ബഹുമാന്യരായ വൈദികരും, അൽമായ പ്രമുഖരും പരിശുദ്ധ സഭയുടെ പ്രേഷിത പ്രവർത്തനത്തിൻ്റെ ഇന്നിൻ്റെ പ്രസക്തിയെ പറ്റി വിവിധങ്ങളായ ആശയങ്ങൾ അവതരിപ്പിച്ചു.
പരിശുദ്ധ സഭയുടെ ‘സഹോദരൻ ‘ പദ്ധതിയിലൂടെ വാകത്താനം പുത്തൻചന്ത യിൽ നിർമ്മിക്കുന്ന ഭവനത്തിൻ്റെ നിർമ്മാണ സഹായ തുകയുടെ ചെക്ക് പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് വേണ്ടി അഭി. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത കൈമാറി.
സ്ലീബാദാസ സമൂഹം ജനറൽ സെക്രട്ടറി ഫാ.സോമു.കെ.ശാമുവേൽ കൃതജ്ഞത രേഖപ്പെടുത്തി. ആശിർവാദത്തോടെ യോഗം അവസാനിച്ചു.