തോമാശ്ലീഹാ: മലങ്കരയുടെ കാവൽ പിതാവ്
മലങ്കര നസ്രാണികളുടെ വിശ്വാസവും ചരിത്രവും പാരമ്പര്യവും സകല പുരാതന ഗ്രന്ഥങ്ങളും എ. ഡി 52-ൽ ഇന്ത്യയുടെ മഹാഭാഗ്യമായി മാർത്തോമാ ശ്ലീഹ മലങ്കരയിൽ എത്തിച്ചേർന്നു എന്നുള്ളതാണ്. ഇത്തരത്തില്‍ സഭയുടെ അപ്പസ്തോലികതയുടെ അടിസ്ഥാനമായിരിക്കുന്ന ഒരു ക്രിസ്തുശിഷ്യനാണ് തോമ്മാശ്ലീഹാ. ശ്ലീഹാ യൂദയായിലെ ഗലീലിയില്‍ ജനിച്ചു എന്ന് കരുതപ്പെടുന്നു. തോമസ് എന്ന പേര് ഗ്രീക്കുഭാഷയിലുള്ള പുതിയ നിയമത്തില്‍ അപ്പസ്തോലന്റെ പേരായിട്ടുതന്നെയാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഇത് അറമായഭാഷയില്‍ രൂപംകൊണ്ടിട്ടുള്ള ഒരു വ്യക്തി നാമത്തിന്റെ ഭാഷാന്തരമാണ്. തോമസ് എന്ന പേരിന്റെ അര്‍ഥം ഇരട്ട എന്നാണ്. ഗ്രീക്കുഭാഷയില്‍ ദിദിമൂസ് എന്നാണ് ഈ പദം സൂചിപ്പിക്കപ്പെടുന്നത്. തെയോമ’ എന്ന അറമായ പദത്തിൽ നിന്നാണ് ‘തോമ’ എന്ന പേരിന്റെ ഉത്ഭവം. യോഹന്നാന്റെ സുവിശേഷത്തില്‍ (യോഹ 21:2) ദിദിമോസ് എന്നു വിളിക്കപ്പെടുന്ന തോമസ് എന്നു വിശദീകരിക്കുന്നത്. തോമസ് അപ്പസ്തോലന്റെ ആദ്യകാലജീവിതത്തെക്കുറിച്ച് കാര്യമായി ഒന്നും തന്നെ ചരിത്ര താളുകളിൽ രേഖപ്പെടുത്തിയിട്ടില്ല. മത്സ്യബന്ധനമായിരുന്നുവോ കുടുംബത്തിന്റെ തൊഴില്‍ എന്നതിനെക്കുറിച്ചും സൂചനയൊന്നും ലഭിച്ചിട്ടില്ല. അദ്ദേഹം ഒരു യഹൂദനായിരുന്നുവെന്ന് കരുതപ്പെടുന്നുവെങ്കിലും ക്രിസ്തുവിന്‍റെ ശിഷ്യനായിത്തീര്‍ന്നത് എങ്ങനെയെന്നതിനെക്കുറിച്ചും സുവിശേഷത്തില്‍ പരാമര്‍ശമൊന്നുമില്ല. നാലു സുവിശേഷകന്മാരും, അപ്പസ്തോലനടപടികളും, തോമസിനെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ടെങ്കിലും വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ നിന്നാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം നമുക്കു ലഭിക്കുന്നത്. സംശയാലുവെന്നു പലപ്പോഴും വിധിക്കപ്പെടുന്നുവെങ്കിലും, അദ്ദേഹത്തിന്റെ ധൈര്യവും, ഏതു സന്ദര്‍ഭത്തിലും യേശുവിനോടൊത്ത് നില്ക്കാനുള്ള സന്നദ്ധതയും, സത്യാന്വേഷണത്വരയും പ്രത്യേകം പ്രസ്താവ്യമാണ്.
യേശുക്രിസ്തുവിന്റെ ദിവ്യാഹ്വാനം സ്വീകരിച്ച് അവിടുത്തെ ശിഷ്യഗണത്തിൽ ഒരുവനായി ക്രിസ്തുവിനോട് കൂടെ പ്രധാന കർമ്മരംഗങ്ങളിലെല്ലാം ധീരനായ തോമായെ കാണാനാകും. മറ്റു ശിഷ്യന്മാർ ഭയംമൂലം മടിച്ചുനിന്ന സമയത്ത് ”വരൂ നമുക്കും അവനോടുകൂടെ പോയി മരിക്കാം” (യോഹ 11:16) എന്നുള്ള പ്രഖ്യാപനത്തിൽ തോമാശ്ലീഹായുടെ വ്യക്തിത്വം മനസ്സിലാക്കാം. ”വഴിയും സത്യവും ജീവനും ഞാനാകുന്നു” എന്നുള്ള അരുളപ്പാട് ദിവ്യഗുരുവിൽ നിന്നുണ്ടാകാൻ നിമിത്തമായത് തോമായുടെ നിഷ്‌കളങ്കമായ ചോദ്യമായിരുന്നു. മനുഷ്യനായ മിശിഹാ പൂർണ്ണ ദൈവമാണ് എന്ന സത്യത്തിന്റെ ആദ്യ പരസ്യ പ്രഘോഷണമാണ് തോമാശ്ലീഹായുടെത്. “എന്റെ കർത്താവും എന്റെ ദൈവമേ” എന്നത് ഉത്ഥിതനായ ക്രിസ്തുവിന്റെ മുമ്പിൽ വിശുദ്ധ തോമാശ്ലീഹാ ഏറ്റു പറഞ്ഞ വാക്കുകളാണ്. ഈ വാക്കുകൾക്ക് പിന്നിൽ ആഴമായ സ്നേഹമുണ്ട്, വിശ്വാസമുണ്ട്, അർപ്പണബോധമുണ്ട്, ഒപ്പം അവന്റെ സമർപ്പിത ജീവിതമുണ്ട്.
വിശുദ്ധ തോമാശ്ലീഹായുടെ പ്രേഷിതപ്രവര്‍ത്തനങ്ങളെക്കുറിച്ചും അതെക്കുറിച്ച് ഇന്നുള്ള രേഖകളെക്കുറിച്ചും, ചരിത്രകാരന്മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെങ്കിലും അദ്ദേഹം ഇന്ത്യയില്‍ സുവിശേഷം പ്രസംഗിച്ചു എന്നുള്ളതിനെക്കുറിച്ച് ഏവരും ഏകാഭിപ്രായക്കാരാണ്. തോമായുടെ നടപടികള്‍ എന്ന പുസ്തകമനുസരിച്ച് അപ്പസ്തോലന്മാര്‍ ലോകംമുഴുവനും സുവിശേഷം പ്രസംഗിക്കുന്നതിനായി തീരുമാനിക്കുന്ന വേളയില്‍, ഓരോ ദിക്കും തെരഞ്ഞെടുക്കുന്ന അവസരത്തില്‍ ക്രിസ്തുവിന്റെ പ്രത്യേക ദര്‍ശനത്തിന്റെ സ്വാധീനത്തില്‍ തോമ്മാശ്ലീഹാ ഇന്ത്യ തെരഞ്ഞെടുത്തു എന്നു വിവരിക്കുന്നുണ്ട്. ഭാരത യാത്രയ്ക്കു മുമ്പേതന്നെ തോമാശ്ലീഹാ പേര്‍ഷ്യ, മേദിയ തുടങ്ങിയ രാജ്യങ്ങളില്‍ സുവിശേഷ പ്രഘോഷണം നടത്തിയെന്നു പറയപ്പെടുന്നു. പാര്‍ത്തിയായിലെ വിവിധ സെമിറ്റിക് വിഭാഗങ്ങളോടും മറ്റു ജനതകളോടും പ്രസംഗിച്ചശേഷം ഭാരതത്തിലെ യഹൂദരോടും അവര്‍വഴി യഹൂദരല്ലാത്തവരോടും പ്രസംഗിക്കാനായിരിക്കാം ശ്ലീഹാ എത്തിയത്. അന്നത്തെ കാലത്ത് ഭാരതത്തില്‍ എത്തണമെങ്കില്‍ അതിനു തക്ക കാരണങ്ങളുണ്ടായിരിക്കണം. ഇന്ത്യയും പേര്‍ഷ്യയും തമ്മിലുള്ള വ്യാപാരബന്ധം ഇന്ത്യയിലെത്തുന്നതിന് അദ്ദേഹത്തിനു സഹായമായിട്ടുണ്ട് എന്നു കരുതാം. കച്ചവടത്തിനായി എത്തിയ യഹൂദന്മാരുടെ കോളനികള്‍ അന്നത്തെ കേരളത്തില്‍ ഉണ്ടായിരുന്നു. പശ്ചാത്യലോകവുമായി കച്ചവടം നടത്തി യഹൂദന്മാര്‍ കേരളത്തിലുണ്ടായിരുന്നു. ക്രി.വ. ഒന്നാം നൂറ്റാണ്ട് ഇത്തരം കച്ചവടം അത്യുച്ചകോടിയിലെത്തിയ കാലഘട്ടമായിരുന്നു. യഹൂദരുടെ സാന്നിദ്ധ്യമാണ് അദ്ദേഹത്തെ ഇവിടെ കൊണ്ടെത്തിച്ചത്. കച്ചവടക്കാരായ യഹൂദരോട് അറമായ ഭാഷയില്‍ അദ്ദേഹം പ്രസംഗിച്ചു എന്ന് കരുതപ്പെടുന്നു. പാശ്ചാത്യലോകത്തുനിന്ന് മണ്‍സൂണ്‍ കാറ്റിന്റെ ഗതിയനുസരിച്ച് കുറഞ്ഞസമയം കൊണ്ട് ഭാരതത്തിലെത്താം എന്നു കണ്ടുപിടിക്കപ്പെട്ടതോടെ കേരളവും പാശ്ചാത്യലോകവുമായുള്ള വ്യാപാരബന്ധം ശതഗുണീഭവിച്ചു. ഇപ്രകാരമുള്ള വ്യാപാരികളുടെ കൂടെയാകാം മാര്‍തോമാ കേരളത്തിലെത്തിയത്. റോമക്കാര്‍ കടലിലെ വഴികളൊക്കെ കൊള്ളക്കാരില്‍നിന്ന് സുരക്ഷിതമാക്കി. പശ്ചിമേഷ്യയില്‍ നിന്ന് മാര്‍ തോമാശ്ലീഹാ കൊടുങ്ങല്ലൂരിനടുത്തുള്ള മാല്യങ്കര എന്ന സ്ഥലത്താണ് വന്നിറങ്ങിയതും ആദ്യം സുവിശേഷം പ്രസംഗിച്ചതും സഭ സ്ഥാപിച്ചതും. അക്കാരണത്താല്‍ ശ്ലീഹാ സ്ഥാപിച്ച സഭ “മലങ്കരസഭ” എന്നു അറിയപ്പെടുന്നു.
കേരളത്തിലെ സഭ വളര്‍ച്ചയുടെ ചരിത്രത്തില്‍ ഏറെ പ്രധാനപ്പെട്ട പങ്ക് കേരളത്തിലെ ഏഴര പള്ളികള്‍ക്കുണ്ട്. ക്രിസ്തു വര്‍ഷം ആരംഭിക്കുന്നതിനു മുന്നേ മധ്യ പൂര്‍വ്വ രാജ്യങ്ങളിലായി വാണിജ്യ ബന്ധം സ്ഥാപിച്ചതില്‍ പ്രശസ്തി നേടിയിരുന്നു മലബാര്‍. ഇസ്ലാം മതത്തിന്റെ ആവിര്‍ഭാവത്തിനു മുന്‍പ് വരെ ഇവരുടെ വാണിജ്യ ഭാഷ ക്രിസ്തു സംസാരിച്ചിരുന്ന അരമായ ഭാഷയായിരുന്നു. ക്രിസ്തു മതത്തിന്റെ പ്രചാരണാര്‍ഥം ഏഴു ദേവാലയങ്ങള്‍ സ്ഥാപിച്ചത് ആണ് ഏഴരപ്പള്ളികള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ ദേവാലയങ്ങളില്‍ പലതും അന്ന് യഹൂദന്മാരുടെ ആവാസ കേന്ദ്രങ്ങളിലായിരുന്നു. ഏഴരപ്പള്ളികള്‍ എന്ന പേരില്‍ അറിയപ്പെട്ട ഈ പള്ളികള്‍ മാല്യങ്കര (കൊടുങ്ങല്ലൂര്‍), പാലയൂര്‍ (ചാവക്കാട്), കോക്ക മംഗലം (ചേര്‍ത്തല), പരവൂര്‍ (കോട്ടക്കാവ്), നിരണം, കൊല്ലം, നിലയ്ക്കല്‍ (ചായല്‍), തിരുവിതാംകോട് (കന്യാകുമാരി) എന്നിവയാണ്. മാല്യങ്കരയില്‍ പണിത പള്ളി ആണ് ആദ്യത്തെ പള്ളിയായി കരുതപ്പെടുന്നത്. കന്യാകുമാരിയിലെ തിരുവിതാംകോടുള്ള പള്ളിയെ ആണ് അര പള്ളിയായി കരുതുന്നത്. ഏഴരപള്ളികളില്‍ കേരളത്തിന് പുറത്തുള്ള ഏക ദേവാലയവും ഈ പള്ളിയാണ്.
തന്റെ പ്രേഷിതപ്രവര്‍ത്തനങ്ങളിൽ വിശ്വാസമർപ്പിച്ച മൈലാപ്പൂര്‍ രാജാവും അനുജനും ക്രിസ്തുവില്‍ വിശ്വസിച്ച് മാമോദീസാ സ്വീകരിച്ചു. മൈലാപ്പൂരില്‍ അനേകരെ തോമാശ്ലീഹാ ക്രിസ്തു വിശ്വാസത്തിൽ മാനസാന്തരപ്പെടുത്തി. അവിടെയുള്ള ചിലര്‍ക്ക് പുതിയ മതത്തിന്റെ പ്രചാരകനായ തോമാ ശ്ലീഹായോടു വിദ്വേഷം ഉണ്ടാവുകയും പ്രാര്‍ത്ഥനാ നിരതനായിരിക്കുമ്പോള്‍ അദ്ദേഹത്തെ ശൂലം എറിഞ്ഞ് കൊല്ലുകയും ചെയ്തു. അങ്ങനെ രക്തം ചിന്തി ക്രിസ്തുവിനു വേണ്ടി രക്ഷസാക്ഷ്യത്വം വഹിച്ച് ഭാരത അപ്പോസ്തോലൻ ഈ ലോകത്തില്‍ നിന്നു കടന്നുപോയി. തന്റെ ശിഷ്യന്മാര്‍ ശ്ലീഹായുടെ ശരീരം മൈലാപ്പൂരില്‍ സംസ്ക്കരിച്ചു. അതിനു മുകളില്‍ പില്‍ക്കാലത്ത് ഒരു ദൈവാലയം ഉയര്‍ന്നുവന്നു. മൈലാപ്പൂര്‍ കത്തിഡ്രനുള്ളിലാണ് ഇപ്പോള്‍ മാര്‍തോമാശ്ലീഹായുടെ കല്ലറ. മയിലിനെ എയ്ത വേടന്റെ അമ്പു കൊണ്ടാണ് വിശുദ്ധ ശ്ലീഹാ മരിച്ചത് എന്നൊരു പാരമ്പര്യത്തെപ്പറ്റിയും ചിലര്‍ അഭിപ്രായപ്പെടുന്നു. മൂന്നാം നൂറ്റാണ്ടില്‍ മാര്‍തോമാശ്ലീഹായുടെ തിരുശേഷിപ്പിന്റെ പ്രധാനഭാഗം മൈലാപ്പൂരില്‍ നിന്ന് മെസപ്പൊട്ടേമിയായിലെ എഡേസ്സ (ഉര്‍ഫാ) യിലേക്കു മാറ്റപ്പെട്ടു. ഭാരതത്തില്‍നിന്നു പശ്ചിമേഷ്യയിലേക്കു കൊണ്ടുപോകുവാനുള്ള സാഹചര്യം അജ്ഞാതമാണ്. പശ്ചിമേഷ്യയില്‍ മുഹമ്മദീയാക്രമണം ശക്തിപ്പെട്ട സാഹചര്യത്തില്‍ 1143-ല്‍ അത് ഏഷ്യാമൈനറിന്‍റെ പടിഞ്ഞാറെ തീരത്തുള്ള കിയോസ് ദ്വീപിലേയ്ക്കു മാറ്റപ്പെടുകയുണ്ടായി. അവിടെനിന്ന് 1257-ല്‍ മധ്യഇറ്റലിയുടെ കിഴക്കേ തീരത്തുള്ള ഓര്‍തോണായിലേയ്ക്കു മാറ്റപ്പെട്ടു. ജൂലൈ 3 -ന് മാർത്തോമായുടെ ദുകറോനോ ദിനമായി ആചരിക്കുന്നു.
മാർത്തോമ്മാ ശ്ലീഹയുടെ ഇന്ത്യൻ പ്രേഷിതത്വതേയും മൈലാപ്പൂരിലെ രക്തസാക്ഷ്യത്തെയും പറ്റി ആദ്യകാല സഭാ പിതാക്കന്മാരായ അപ്രേം, ഗ്രിഗറിനസ്സിയാൻസെൻ, ജെറോം, അംബ്രോസീസ്, ഇസിദോർ തുടങ്ങിയവരുടെ കൃതികളിലും രക്തസാക്ഷി ചരിതങ്ങളിലും (Martyrology) അസന്നിഗ്ധമായ പ്രസ്താവിക്കുന്നുണ്ട്. പ്രശസ്ത ലോകസഞ്ചാരികളായ തിയഡോർ, മാർ ഈശോയാബ്, കോസ്മോസ് ഇൻഡിക്കോപ്ലസ്റ്റസ്, മാർക്കോപോളോ, നിക്കോളോ ഡി കോണ്ടി തുടങ്ങിയവർ കേരളതീരത്ത്, പൗരസ്ത്യ മെശിയാനികരെ കണ്ടതായി പ്രസ്താവിക്കുന്നുണ്ട്. ബാബിലോൺ പാട്രിയാർക്കേറ്റുമായി ബന്ധപ്പെട്ടു നിൽക്കുന്ന, പൗരസ്ത്യ സുറിയാനി ആരാധനക്രമം പിന്തുടരുന്ന ഒരു സഭയായിരുന്നു പോർച്ചുഗീസുകാർ വരുമ്പോൾ ഇവിടെ നിലനിന്നിരുന്നത്. പ്രശസ്ത ബ്രിട്ടീഷ് ചരിത്രകാരനായ വിൻസെൻറ് സ്മിത്ത്, വിശ്വപ്രസിദ്ധ നരവംശശാസ്ത്രജ്ഞനായ എഡ്ഗാർ തേഴ്സ്റ്റൻ, വിദേശീയ ചരിത്ര പണ്ഡിതന്മാരായമിംഗാന, നഥാലിസ് അലക്സാണ്ടർ, റവുലിൻ, കേണൽ യുൾ, പീറ്റർ ജാറിക്, ഡോക്ടർ ബുക്ക്മാൻ തുടങ്ങിയവരും കേരള ചരിത്ര നായകന്മാരായ കെ. പി. പദ്മനാഭമേനോൻ, എ. ശ്രീധരമേനോൻ, സർദാർ കെ. എം. പണിക്കർ. കേരളസഭാ ചരിത്ര പടുക്കളായ ഫാ. ബർനാർദ് തോമ്മാ, പ്ലാസിഡ് പൊടിപാറ, മത്തിയാസ് മുണ്ടാടൻ, ജോർജ് മേനാച്ചേരിതുടങ്ങിയവരും മാർത്തോമായെ ക്കുറിച്ചുള്ള ദക്ഷിണേന്ത്യൻ പാരമ്പര്യത്തെ പിന്താങ്ങുന്നവതാണ്. പോർച്ചുഗീസുകാർ, പുരാവസ്തുവകുപ്പിന്റെ സഹകരണത്തോടെ 1523–ലും, പിന്നീട് 1970-ലും നടത്തിയ ഖനനങ്ങൾ, കബറിടത്തിന്റെ ആധികാരികതെയേയും ചരിത്രപരതയേയും പറ്റി വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട്. കല്ലറയുടെ കിഴക്കുഭാഗം കെട്ടിയ ഇഷ്ട്ടിക, 1-ആം നൂറ്റാണ്ടിലെ റോമൻ വ്യാപാര തുറമുഖമായിരുന്ന അരിയ്ക്കമേടിൽ (പോണ്ടിച്ചേരി) നിന്നും ഖനനം ചെയ്യപ്പെട്ട ഇഷ്ട്ടികയുടെ അതേ സ്വഭാവവും അളവുകളും ഉള്ളതാണെന്നു പുരാവസ്തു വിദഗ്ധർ കണ്ടെത്തുന്നു. എന്നാൽ, ഇതിനേക്കാളെല്ലാം വലിയ തെളിവാണ് രണ്ടു സഹസ്രാബ്ദമായി കേരള തീരത്തു നിലനില്ക്കുന്ന ശക്തമായ നസ്രാണി ക്രിസ്ത്യാനികളുടെ സാന്നിധ്യം.
“നീതിമാന്റെ ഓർമ്മ വാഴ്‌വിനാകട്ടെ”
എഴുതിയത്: വർഗ്ഗീസ് പോൾ കൈത്തോട്ടത്തിൽ