സർക്കാർ കരട് ബില്ലിനെതിരെ പ്രതിഷേധം.
കുറുപ്പംപടി: ഇടതു പക്ഷ സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന മലങ്കര സഭാ കരട് ബില്ലിനെതിരെ കുറുപ്പംപടി സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ പ്രതിഷേധം രേഖപ്പെടുത്തി. 1958 -ലും, 1995 -ലും, 2017 -ലും, 2018 -ലും ബഹുമാനപ്പെട്ട സുപ്രീംകോടതി ആവർത്തിച്ച് ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുള്ള വിധിന്യായങ്ങളിൽ അട്ടിമറിക്കാനും, വ്യവസ്ഥാപിതമായി 1934-ലെ ഭരണഘടന പ്രകാരം സമാധനപരമായി പോകുന്ന ഇടവകകളിൽ വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കുവാനും, നിലവിലുള്ള സമാധാന അന്തരീക്ഷം തകർക്കുവാനുമുള്ള ഗൂഢ ലക്ഷ്യമാണോ നിർദ്ദിഷ്ട കരട് ബില്ലിനു പുറകിൽ എന്ന് സംശയിക്കുന്നു.
സർക്കാരിനു നേതൃത്വം കൊടുക്കുന്ന ചില നേതാക്കന്മാർ രാഷ്ട്രീയമോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള സ്വാധീനത്തിലോ വഴങ്ങിയാണു ഇപ്പോഴത്തെ ഈ കരട് ബിൽ അവതരിപ്പിക്കുവാനുള്ള നീക്കത്തിനു പുറകിൽ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. ആരാധന സ്വാതന്ത്ര്യം ഉണ്ടാക്കുന്നതിനു വേണ്ടിയാണു പുതിയ നിയമ നിർമ്മാണം എന്ന് പറയപ്പെടുന്നു. ബഹുമാനപ്പെട്ട സുപ്രീംകോടതി വിധി അംഗീകരിക്കുന്നവരുടെ യാതൊരു തരത്തിലുള്ള ആരാധന സ്വാതന്ത്ര്യം മാത്രമല്ല ഇടവക പള്ളികൾ മുതൽ സഭാ തലം വരെയുള്ള ഭരണ നിർവ്വഹണത്തിൽ പങ്കാളികൾ ആകുന്നത് വരെയുള്ള യാതൊരു സ്വാതന്ത്ര്യവും ഹനിക്കപ്പെട്ടിട്ടില്ല. രാജ്യത്തെ നിയമം അംഗീകരിക്കുന്ന മലങ്കര സഭയിൽ ശ്വാശ്വത സമാധാനം ആഗ്രഹിക്കുന്ന വിശ്വാസികൾക്കാണു വിഘടിത യാക്കോബായ വിഭാഗം കൈയ്യടക്കി ദേവാലയങ്ങളിൽ ഇവ നിഷേധിക്കപ്പെട്ടിട്ടുള്ളത്.
സുപ്രീംകോടതി വിധിക്കും ഭരണഘടനക്കും ഉള്ളിൽ നിന്നുകൊണ്ട് മലങ്കര സഭാ പ്രശ്നം തീർക്കാനെന്ന വ്യാജേന ബഹുമാനപ്പെട്ട സുപ്രീംകോടതി വിധികൾ അട്ടിമറിക്കാൻ ചിലർ നടത്തുന്ന നീക്കമാണു ഈ കരട് ബിൽ. മലങ്കര സഭയുടെ ഇടവക പള്ളികളെ സംബന്ധിച്ചും ഭരണസംവിധാനത്തെ സംബന്ധിച്ചും സുവ്യക്തമായ സുപ്രീം കോടതി വിധികൾ നിലനിൽക്കുമ്പോൾ സമാധാനം ഉണ്ടാക്കാനെന്ന പേരിൽ സുപ്രീംകോടതി വിധിയും 1934 ലെ മലങ്കര സഭാ ഭരണഘനയും നിലനിർത്തിക്കൊണ്ട് എല്ലാവർക്കും ആരാധന സ്വാതന്ത്യം ഉറപ്പ് വരുത്തുന്ന ബിൽ ആണു അവതരിപ്പിക്കാൻ പോകുന്നത് എന്ന വാർത്ത പ്രചരിപ്പിക്കുന്നത് പൊതുസമൂഹത്തെയും വിശ്വാസികളെയും തെറ്റിദ്ധരിപ്പിക്കുവാനുള്ള ശ്രമവും ബില്ലിനു അനുകൂലമായ സാഹചര്യം സൃഷ്ടിക്കുക എന്ന നീക്കവുമാണു എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.
സഭയിൽ ശാശ്വതും സുസ്ഥിരവും നിയമപരവുമായ സമാധാനവും യോജിപ്പുമാണു സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ ആർജ്ജവമുള്ള സർക്കാർ ചെയ്യേണ്ടത് സുപ്രീംകോടതി അക്ഷരാർത്ഥത്തിൽ നടപ്പാക്കുകയാണു. നിലനിൽക്കുന്ന രാജ്യത്തിന്റെ നിയമം അനുസരിക്കാത്തവർക്ക് വേണ്ടി മറ്റൊരു നിയമം നിർമ്മിക്കുവാനുള്ള നീക്കം അപലപനീയവും സംശയാസ്പദവുമാണു. ആയതിനാൽ നിർദ്ദിഷ്ട കരട് ബിൽ അവതരിപ്പിക്കുന്നതിൽ നിന്ന് സർക്കാർ പിൻവാങ്ങി കോടതി വിധികൾ യഥാ സമയം നടപ്പാക്കണമെന്ന് കുറുപ്പംപടി സെന്റ് തോമസ് കാതോലിക്കേറ്റ് സെന്ററിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. സഹ വികാരി ഫാ.കെ.എസ് സഖറിയാ അദ്ധ്യക്ഷം വഹിച്ചു. സഭാ മാനേജിംഗ് കമ്മിറ്റിയംഗം അലക്സ് എം കുറിയാക്കോസ് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.