പരിശുദ്ധ കാതോലിക്കാ ബാവ പാണക്കാട് സന്ദര്‍ശനം നടത്തി
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗ വാര്‍ത്ത അറിഞ്ഞ് പ. ബാവ അനുശോചന സന്ദേശം അയച്ചു നല്‍കിയിരുന്നു. നേരിട്ട് പാണക്കാടെത്തി അനുശോചനം അറിയിക്കണമെന്ന ബാവായുടെ ആഗ്രഹത്തെ മുന്‍നിര്‍ത്തിയാണ് ഇപ്രകാരം ഒരു സന്ദര്‍ശനം ക്രമീകരിച്ചത്. കേരളത്തിന്റെ മതേതര മുഖമാണ് ഹൈദരലി തങ്ങളുടെ വിയോഗത്തിലൂടെ നഷ്ടമായത്. കേരള രാഷ്ട്രീയത്തിലെ അതിപ്രധാന പദവി അലങ്കരിക്കുമ്പോഴും വിനയം മുഖമുദ്രയാക്കി സാധാരണക്കാരായ ജനങ്ങളുടെ സങ്കടങ്ങളില്‍ ശ്രദ്ധയൂന്നി തന്റെ പൂര്‍വ്വീകരുടെ പാതയില്‍ പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു ഹൈദരലി തങ്ങളെന്ന് ബാവ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ചുമതല ഏറ്റെടുത്ത സാദിഖലി ശിഹാബ് തങ്ങളെ ബാവ അനുമോദിച്ചു. പൈതൃകം കാത്തുസൂക്ഷിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുവാന്‍ സാധ്യമാകട്ടെ. ഓര്‍ത്തഡോക്‌സ് സഭയുടെ സര്‍വ്വവിധ പിന്തുണയും ബാവ വാഗ്ദാനം ചെയ്തു. മലബാര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ സെറാഫിം, ഭദ്രാസന സെക്രട്ടറി ഫാ. തോമസ് കുര്യന്‍, ഫാ. ഗീവര്‍ഗീസ് ജോണ്‍സണ്‍ എന്നിവര്‍ പരിശുദ്ധ ബാവായെ അനുഗമിച്ചു.