61മത് കേന്ദ്ര ലളിതകലാ അക്കാദമി പുരസ്കാര ജേതാവ് ശ്രീ സുനിൽ തിരുവാണിയൂരിനെ ആദരിച്ചു
പിറവം: കാനായി കുഞ്ഞിരാമന് ശേഷം 30വർഷത്തെ ഇടവേളയിൽ ശില്പകലയ്ക്ക് കേന്ദ്ര ലളിതകലാ അക്കാദമി പുരസ്കാരം 2020 ൽ ഇന്ത്യൻ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദിൽ നിന്നും ഏറ്റുവാങ്ങിയ ശ്രീ സുനിൽ തിരുവാണിയൂരിനെ 2021 ജനുവരി 24 ഞായറാഴ്ച പിറവം വലിയ പള്ളി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ പുരസ്‌കാര വേദിയിൽ വെച്ച് നോർത്ത് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാർ നിക്കോളാവോസ് തിരുമേനി പൊന്നാടയണിയിച്ച് ആദരിച്ചു. ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ പുരസ്‌കാരത്തിന് തനതായ ഒരു പുരസ്കാരശില്പം രൂപകല്പന ചെയ്തതിനാണ് അദ്ദേഹത്തെ ആദരിക്കുന്നതിന് സംഘാടക സമിതി തീരുമാനിച്ചത്. രാഷ്ട്രപതിയിൽ നിന്നും പുരസ്കാരം നേടിയതിനു ശേഷം ആദ്യമായാണ് അദ്ദേഹത്തിന് ജന്മനാടായ തിരുവാണിയൂരിൽ നിന്നും അധികം ദൂരത്തല്ലാത്ത പിറവത്ത് ഇതുപോലെ പ്രൗഢ ഗംഭീരമായ ഒരു ചടങ്ങിൽ വെച്ച് ആദരവ് ലഭിയ്ക്കുന്നത്.
ക്രിസ്ത്യൻ ആർട്ടിനേക്കുറിച്ച് വേദപുസ്തകാടിസ്ഥാനത്തിൽ പാണ്ഡിത്യമുള്ള ഇദ്ദേഹം വിവിധ സെമിനാരികളിൽ ക്ലാസുകൾ എടുക്കാറുമുണ്ട്. മുവ്വാറ്റുപുഴയിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ കലാധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്