എത്യോപ്യന്‍ പാത്രിയര്‍ക്കീസ് ആബൂനാ മെര്‍ക്കോറിയോസ് കാലം ചെയ്തു
മലങ്കര സഭയുടെ സഹോദരി സഭയായ എത്യോപ്യൻ ഓർത്തഡോക്സ് തെവോഹാദോ സഭയുടെ നാലാം പാത്രിയർകീസ് പരിശുദ്ധ ആബൂന മക്കാറിയോസ് ബാവ (84) കാലം ചെയ്തു.
എത്യോപ്യന്‍ സഭയിലെ രണ്ടു പാത്രിയര്‍ക്കീസുമാരില്‍ ഒരാളായിരുന്നു. ഇരു പാത്രിയര്‍ക്കീസുമാരും സഭാ തലവന്മാരായിരുന്നെങ്കിലും ഭരണച്ചുമതല ആബൂനാ മത്ഥിയാസ് നിര്‍വഹിച്ചു വരികയായിരുന്നു.
1937ല്‍ ജനിച്ചു. 1979ല്‍ മെത്രാനായി. 1988 ഓഗസ്റ്റ് 29ന് എത്യോപ്യന്‍ സഭയുടെ നാലാമത്തെ പാത്രിയര്‍ക്കീസായി. കമ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ കീഴില്‍ പാത്രിയര്‍ക്കീസായി വാഴിക്കപ്പെട്ട ആബൂനാ മെര്‍ക്കോറിയോസ്, കമ്യൂണിസ്റ്റ് ഗവണ്‍മെന്‍റിന്‍റെ തകര്‍ച്ചയെ തുടര്‍ന്ന് അവരുമായി സഹകരിച്ചതിന്‍റെ പേരില്‍ 1991-ല്‍ സുന്നഹദോസിനാല്‍ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും 1993ല്‍ പലായനം ചെയ്യുകയും പിന്നീട് അമേരിക്കയില്‍ രാഷ്ട്രീയ അഭയം തേടുകയും ചെയ്തു. ഒരു ചെറിയ വിഭാഗത്തിനു നേതൃത്വം നല്‍കിക്കൊണ്ട് അദ്ദേഹം ന്യൂജേഴ്സിയില്‍ താമസിക്കുകയായിരുന്നു.
ആബൂനാ മത്ഥിയാസ് പാത്രിയര്‍ക്കീസ് നേതൃത്വം നല്‍കിയ ഔദ്യോഗിക വിഭാഗവും (ആഡിസ് അബാബാ സിനഡ്) ആബൂനാ മെര്‍ക്കോറിയോസ് പാത്രിയര്‍ക്കീസ് നേതൃത്വം നല്‍കിയ രാജ്യത്തിനു പുറത്തുള്ള വിഭാഗവും (എക്സൈല്‍ സിനഡ്) 2018 ജൂലൈ 31ന് സമ്പൂര്‍ണ യോജിപ്പിലെത്തി. ഇതേ തുടര്‍ന്ന് അമേരിക്കയില്‍ പ്രവാസിയായി കഴിഞ്ഞ ആബൂനാ മെര്‍ക്കോറിയോസ് എത്യോപ്യയില്‍ മടങ്ങിയെത്തി. എത്യോപ്യന്‍ പ്രധാനമന്ത്രി ഡോ. അബി അഹമദ് അലിയുടെ ശക്തമായ ഇടപെടലാണ് 27 വര്‍ഷത്തെ ഭിന്നിപ്പ് അവസാനിപ്പിച്ചത്. പരസ്പര മുടക്കുകള്‍ പിന്‍വലിച്ചതോടെ ഒരു സഭയും ഒരു സുന്നഹദോസും മാത്രമായി. സമീപകാലത്തെ വംശീയപ്രശ്നങ്ങള്‍ സഭയ്ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
റഷ്യന്‍ സഭ കഴിഞ്ഞാല്‍ ഏറ്റവും വലിയ ഓര്‍ത്തഡോക്സ് സഭയും ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളില്‍ ഏറ്റവും വലുതുമാണ് എത്യോപ്യന്‍ സഭ. എത്യോപ്യായിലെ ജനങ്ങളില്‍ പകുതിയോളം സഭാവിശ്വാസികളാണ്.
അലക്സന്ത്രിയായിലെ കോപ്റ്റിക് പാത്രിയര്‍ക്കീസുമാര്‍ (പോപ്പ്) വാഴിച്ചയയ്ക്കുന്ന മെത്രാന്മാരാണ് എത്യോപ്യന്‍ സഭയ്ക്ക് ആത്മീയ നേതൃത്വം നല്‍കിവന്നിരുന്നത്. 1951ല്‍ ഈ സഭ ഉള്‍ഭരണ സ്വാതന്ത്ര്യവും 1959ല്‍ പൂര്‍ണ സ്വാതന്ത്ര്യവും സ്വയംശീര്‍ഷകത്വവും കൈവരിച്ചു.
എത്യോപ്യന്‍ ചക്രവര്‍ത്തി ഹെയ്ലി സെലാസിയുടെ ഭരണകാലം (1930 – 1974) സഭയുടെ സുവര്‍ണ കാലഘട്ടമായിരുന്നു. 1956ല്‍ അദ്ദേഹം ഭാരതം സന്ദര്‍ശിച്ചപ്പോള്‍ മലങ്കരസഭയിലും സന്ദര്‍ശനം നടത്തി. ആഡിസ് അബാബായില്‍ 1965 ജനുവരിയില്‍ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭാതലവന്മാരുടെ സമ്മേളനം അദ്ദേഹം വിളിച്ചുകൂട്ടി. ഇത് ക്രൈസ്തവലോക ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമാണ്.
‘എത്യോപ്യയുടെ പാത്രിയര്‍ക്കീസും വി. തെക്ലേഹൈമനോത്തിന്‍റെ സിംഹാസനത്തിലെ എച്ചഗ്വേയും’ എന്നാണ് പാത്രിയര്‍ക്കീസിന്‍റെ സ്ഥാനനാമം. മലങ്കരസഭയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന സഭയാണിത്. സഭാതലവന്മാര്‍ പല തവണ പരസ്പര സന്ദര്‍ശനം നടത്തിയിട്ടുണ്ട്.