മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ 2022 – കോലഞ്ചേരി – ഒരു തിരിഞ്ഞ് നോട്ടം
2022 ഫെബ്രുവരിയിൽ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ കോലഞ്ചേരിയിൽ നടത്തുന്നതിനായിട്ടുള്ള പരി. എപ്പിസ്കോപ്പൽ സിനഡിന്റെ ശുപാർശ മാനേജിങ് കമ്മിറ്റി അംഗീകരിച്ച നിമിഷം മുതൽ കോലഞ്ചേരിയ്ക്കും പ്രത്യേകാൽ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിനും തങ്ങൾക്ക് ലഭിച്ചത് മറ്റാർക്കും ലഭിക്കാത്ത ഒരു അസുലഭഭാഗ്യം ആണെന്ന് ഉത്തമ ബോധ്യം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഏതൊക്കെ രീതിയിൽ ഈ അസോസിയേഷൻ മികച്ചതാക്കാം എന്ന് ചിന്തിച്ച് ആ രീതിയിൽ അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകണമെന്ന ചിന്ത ആദ്യം മുതൽക്കേ എല്ലാവരിലും ഉണ്ടായിരുന്നു.
കൊറോണയുടെ നിരവധി പ്രശ്നങ്ങൾ ഉണ്ടെങ്കിലും എല്ലാ അസോസിയേഷൻ അംഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് സാമൂഹിക അകലം പാലിച്ച് കോലഞ്ചേരിയിൽ വച്ച് എങ്ങനെ ഈ അസോസിയേഷൻ ക്രമീകരിക്കാം എന്നതായിരുന്നു ഞങ്ങളുടെ ആദ്യ ചിന്ത. അതിലേക്കായി കോലഞ്ചേരി പള്ളി വക സ്കൂൾ, ബിഎഡ് കോളേജ്, ടി ടി സി, ഭദ്രാസന ആസ്ഥാനമായ പ്രസാദം സെൻർ, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ്, കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി എന്നിവിടങ്ങളിലെയെല്ലാം സൗകര്യങ്ങൾ എപ്രകാരം ഉപയോഗിക്കപ്പെടുത്താം എന്നൊരു ചിന്ത വരികയും അതേക്കുറിച്ച് അവയുടെയെല്ലാം ഉത്തരവാദിത്തപ്പെട്ട സമിതികളുമായി ചർച്ച ചെയ്തപ്പോൾ എല്ലാവരും വളരെ പോസിറ്റീവായ രീതിയിൽ ആണ് പ്രതികരിച്ചത്.
പരിശുദ്ധ പിതാവിൻറെ കല്പനപ്രകാരം കണ്ടനാട് വെസ്റ്റ്, കണ്ടനാട് ഈസ്റ്റ്, അങ്കമാലി, കൊച്ചി ഭദ്രാസനങ്ങളിലെ മെത്രാപ്പോലീത്തമാരുടെയും സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും ഭദ്രാസന സെക്രട്ടറിമാരുടെയും ഭദ്രാസന കൗൺസിൽ അംഗങ്ങളുടെയും കോലഞ്ചേരി പള്ളിയിലെ വികാരി ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളുടെയും കോലഞ്ചേരി കോളേജിലെയും മെഡിക്കൽ കോളേജിലെയും ഭരണസമിതി അംഗങ്ങളുടെയും ഒരു ആലോചനായോഗം കോലഞ്ചേരിയിൽ വച്ച് ജനുവരി അഞ്ചിന് കൂടുകയുണ്ടായി. ഈ ആലോചനായോഗത്തിൽ വച്ച് അസോസിയേഷന്റെ നടത്തിപ്പിനായി കോവിഡിന്റെ പ്രശ്നങ്ങൾ ഉൾപ്പെടെ മുൻകൂട്ടി കണ്ട് 3 തരത്തിലുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ധാരണയാവുകയും ആയതിലേക്ക് വിവിധ കമ്മിറ്റികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
അസ്സോസിയേഷന്റെ CRO ആയ മുൻ രാജസ്ഥാൻ ചീഫ് സെക്രട്ടറി ഡോ. സി. കെ. മാത്യു സാറിന്റെ നേതൃത്വത്തിൽ ഉള്ള ഓൺലൈൻ ക്രമീകരണങ്ങൾക്കായുള്ള കോർ കമ്മറ്റി രൂപീകരിക്കപ്പെട്ടു. ഫാ. ഡോ. എം. ഒ. ജോണ്‍, അഡ്വ. ബിജു ഉമ്മന്‍, ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, ഫാ. അനിഷ് കെ. സാം, ഫാ. മാത്യു കോശി, റോണി വര്‍ഗീസ്, തോമസ് ജോര്‍ജ്, അലക്‌സ് എം. കുര്യാക്കോസ്, ഡോ. വിപിന്‍ കെ. വറുഗീസ് എന്നിവരും ഞാനുമടങ്ങുന്ന കമ്മിറ്റിയുടെ പ്രവർത്തനം പിന്നീട് ദ്രുതഗതയിൽ ആയിരുന്നു. (അതിനിടയ്ക്ക് ഈ കമ്മിറ്റിയെ കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വളരെ രസകരമായ പല കമൻറുകൾ വരികയും അവയെല്ലാം ഞങ്ങൾക്ക് വളരെ ആസ്വാദകരമായി തോന്നുകയും ചെയ്തു.) പിന്നീടങ്ങോട്ട് അസോസിയേഷൻ ഓൺലൈൻ ക്രമീകരണങ്ങൾ എങ്ങനെയൊക്കെ നടത്തണമെന്ന് ഓരോദിനവും മീറ്റിങ്ങുകൾ കൂടുകയും, ഓൺലൈൻ ഇലക്ഷൻ നടത്തി പരിചയമുള്ളവരിൽ നിന്നുള്ള അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്തു. ഈയൊരു ഘട്ടത്തിൽ എടുത്തു പറയേണ്ട രീതിയിൽ പ്രവർത്തിച്ച രണ്ട് ആൾക്കാരാണ് റോണി ചേട്ടനും തോമസ് സാറും. തങ്ങളുടെ എല്ലാവിധത്തിലുള്ള ഔദ്യോഗികമായ തിരക്കുകൾ ഒഴിവാക്കി വച്ചുകൊണ്ട് ഓൺലൈൻ വോട്ടിംഗ് സംവിധാനം ക്രമീകരിക്കുന്നതിനായി ഇവർ പ്രവർത്തിച്ചു. എപ്രകാരമുള്ള സോഫ്റ്റ് വെയർ വേണം. സോഫ്റ്റ് വെയറിൽ എന്തൊക്കെ ഉൾക്കൊള്ളിക്കണം, അതിന്റെ സുരക്ഷ എപ്രകാരമാകണം തുടങ്ങി വളരെ വിശദമായ ചർച്ചകൾ കമ്മിറ്റിയിൽ നടന്നു. ഇതിന്റെ നടത്തിപ്പിലേക്കായി കമ്പനികളിൽ നിന്നും ടെണ്ടർ വിളിച്ചു. കിട്ടിയവയിൽ നിന്ന് സാങ്കേതിക – സാമ്പത്തിക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ കമ്പനിയേയും വിലയിരുത്തി. ഏറ്റവും മികച്ച സാങ്കേതികവിദ്യ നൽകാൻ കഴിയുന്ന സ്ഥാപനത്തെ, വോട്ടിംഗ് സോഫ്റ്റ് വെയർ രംഗത്തുള്ള അവരുടെ മുൻപരിചയവും പരിഗണിച്ച് ഇ-വോട്ട് എന്ന കമ്പനിയെ തിരഞ്ഞെടുത്തു.
സഭയിലെ അസോസിയേഷൻ അംഗങ്ങളുടെ എല്ലാവരുടെയും കൃത്യമായ ഡേറ്റ എടുക്കുക എന്നത് ആദ്യ സമയത്ത് ഞങ്ങളുടെ മുന്നിൽ ഒരു വെല്ലുവിളിയായിരുന്നു. എന്നാൽ വന്ദ്യ മാത്യു കോശി അച്ചന്റെ കൃത്യമായ രീതിയിൽ ഉള്ള ഇടപെടലുകളിലൂടെ ഭദ്രാസന സെക്രട്ടറിമാരും സഭയിലെ യുവജനപ്രസ്ഥാന പ്രവർത്തകരും അണിനിരന്നപ്പോൾ ഡേറ്റ എങ്ങനെ കിട്ടും എന്ന ആശങ്ക ഞങ്ങൾക്ക് ഇല്ലാതായി. മാനേജിംഗ് കമ്മറ്റിയിൽ നടക്കുന്ന മേല്പട്ടക്കാരുടെ തിരഞ്ഞെടുപ്പിന് റിട്ടേണിംഗ് ഓഫീസറായി പീരുമേട് എൻജിനിയറിംഗ് കോളേജിലെ ശ്രീ പ്രിൻസ് വർഗീസ് സാറും ഈ സമിതിയിൽ എത്തി.
അങ്ങനെ പലതവണ കോർകമ്മിറ്റിയിൽ ടെസ്റ്റ് ചെയ്യുകയും വിവിധ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തതിനുശേഷം മാനേജിങ് കമ്മിറ്റി ഇലക്ഷന് ആദ്യമായി ഓൺലൈൻ വോട്ടിങ് സംവിധാനം നടപ്പിലാക്കി. അന്ന് അതിനായുള്ള ക്രമീകരണങ്ങൾ ഞങ്ങൾക്ക് ഒരുക്കി തരാൻ ഏറ്റവും മുന്നിൽ നിന്ന പഴയ സെമിനാരി മാനേജറായ ജോബിൻ അച്ഛനോടും അദ്ദേഹത്തിന്റെ കൂടെ ഞങ്ങളെ സഹായിച്ച ഫസ്റ്റ് ഇയർ വിദ്യാർത്ഥികളേയും, ഹെൽപ്പ് ഡെസ്ക് ആയി അന്ന് പ്രവർത്തിച്ച ഞങ്ങളുടെ പ്രിയ സുഹൃത്തുക്കളെയും പ്രത്യേകം ഓർക്കുന്നു. മാനേജിങ് കമ്മിറ്റി ഇലക്ഷനിൽ ഒരംഗം ഒഴിച്ച് എല്ലാവരും പങ്കെടുത്തു. ഓൺലൈൻ സംവിധാനത്തെക്കുറിച്ച് കാര്യമായ രീതിയിൽ ഉള്ള പരാതികൾ ഇല്ലാതിരുന്നത് ഞങ്ങളുടെ ആത്മവിശ്വാസം വർധിപ്പിച്ചു. അതുപോലെ ഇതിനെ കുറിച്ച് വളരെ നല്ല അഭിപ്രായം ബഹു. മാനേജിങ്ങ് കമ്മിറ്റിയംഗങ്ങളുടെ ഇടയിൽ രൂപപ്പെടുകയും ചെയ്തു.
ഫെബ്രുവരി 18 ന് പരിശുദ്ധ ബാവാ തിരുമേനിയുടെ അദ്ധ്യക്ഷതയിൽ പ്രസാദം സെന്ററിൽ വെച്ച് തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികളുടെ യോഗം വിളിക്കുകയും യോഗത്തിൽ വച്ച് അസോസിയേഷൻ നടത്തുന്നതിലേക്കുള്ള ഒരുക്കങ്ങൾ എങ്ങനെ വേണമെന്ന് പരിശുദ്ധ പിതാവിന്റെ നിർദ്ദേശങ്ങൾ ഞങ്ങൾ ശിരസ്സാ വഹിച്ചുകൊണ്ട് ഓരോ കമ്മിറ്റിയും അവരുടേതായ പ്രവർത്തനങ്ങൾ പരിശുദ്ധ പിതാവിനെ ധരിപ്പിച്ചു. തുടർന്നുള്ള 7 ദിനങ്ങൾ കൊണ്ട് അസോസിയേഷൻ എത്രയും ഭംഗിയായി നടത്തുന്നതിന് വേണ്ടിയുള്ള ക്രമീകരണങ്ങൾ സ്വീകരിക്കാൻ പരിശുദ്ധ പിതാവ് കൽപിക്കുകയും ചെയ്തു.
മലങ്കരയുടെ പ്രഥമ കാതോലിക്കാ പരിശുദ്ധ പൗലോസ് പ്രഥമൻ ബാവായ്ക്ക് ജന്മം നൽകിയ കോലഞ്ചേരിയുടെ മണ്ണ്, പരിശുദ്ധ സഭയുടെ സ്വത്വവും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിച്ച 2017 ജൂലൈ 3 വിധിയ്ക്കു കാരണമായ കോലഞ്ചേരിയിലെ മണ്ണ് അസോസിയേഷൻറെ ഒരുക്കങ്ങൾക്ക് വേണ്ടി ക്രമീകരിക്കപ്പെട്ട് തുടങ്ങി. കോവിഡിന്റെ പ്രശ്നങ്ങൾമൂലം ആദ്യ മീറ്റിംഗിൽ തീരുമാനിച്ചതുപോലെ പോലെ രണ്ടാമത്തെ പ്ലാൻ ആയ സഭയിലെ അഭി. തിരുമേനിമാരും മാനേജിങ് കമ്മിറ്റി അംഗങ്ങളും മാത്രമാണ് കോലഞ്ചേരിയിലെ അസോസിയേഷൻ നഗറിൽ സമ്മേളിക്കുകയെന്നും ബാക്കി എല്ലാ അസോസിയേഷൻ അംഗങ്ങളും ഓൺലൈൻ ആയിട്ട് മാത്രമാണ് മീറ്റിംഗിൽ സംബന്ധിക്കുക എന്നും തീരുമാനമായി.
കോലഞ്ചേരി ഇടവകയ്ക്ക് കിട്ടിയ ഈ ഭാഗ്യം എത്രമേൽ ഭംഗി ആക്കി തീർക്കാൻ കഴിയും എന്നത് മാത്രമായിരുന്നു ഞങ്ങൾ കോലഞ്ചേരിക്കാരുടെ ചിന്ത. ആയതിലേക്ക് അസോസിയേഷന്റെ ജോയിന്റ് കൺവീനറും കോലഞ്ചേരി പള്ളി വികാരിയുമായ ബഹു. ജേക്കബ് കുര്യൻ അച്ചനും പള്ളിയിലെ അസിസ്റ്റൻറ് വികാരിമാരായ ജോബി അച്ചനും അജയ് അച്ചനും പള്ളിയുടെ ട്രസ്റ്റിമാരായ സാജു ചേട്ടനും ജോർജ് ചേട്ടനും പള്ളിയുടെ മാനേജിങ് കമ്മിറ്റി അംഗങ്ങളും കുടുംബയൂണിറ്റ് സെക്രട്ടറിമാരും ഉൾപ്പെടുന്ന മീറ്റിംഗ് പള്ളിയിൽ വിളിക്കുകയും അസോസിയേഷൻ ക്രമീകരണങ്ങൾ എത്രയും ഭംഗിയാക്കി തീർക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു. കോലഞ്ചേരി സ്കൂളിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സ്പോർട്സ് സെൻറിനെ അസോസിയേഷന്റെ പ്രധാന വേദിയായി തീരുമാനിക്കുകയും അത് നിർമിച്ചുനൽകുന്ന പ്ലാൻറ് ലിപ്പിഡ്സ് കമ്പനിയുടെ ഉടമയായ ശ്രീ ജോർജ്ജ് സാറിനോട് അതിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ ഞങ്ങൾ ആരായുകയും ചെയ്തു. ഞങ്ങളെക്കാൾ ആവേശത്തോടുകൂടി ജോർജ് സാർ സമയബന്ധിതമായി അതിന്റെ പണികൾ തീർത്തു തരാമെന്നും ഉറപ്പുനൽകി. തുടർന്നങ്ങോട്ട് ഇതിന്റെ പണികൾ ഏറ്റെടുത്ത് നടത്തിക്കൊണ്ടിരുന്ന ജോബിചേട്ടന്റെയും ബോബിച്ചേട്ടന്റെയും നേതൃത്വത്തിലുള്ള ഒരുകൂട്ടം ആളുകളുടെ രാപകലില്ലാത്ത അദ്ധ്വാനത്തിന്റെ ഫലം ആണ് സ്പോർട്സ് സെൻറ്റർ, ഇത്രയും ഭംഗിയായി ഈ പറഞ്ഞ സമയത്തിനുള്ളിൽ, അസോസിയേഷൻ വേദിയായി ക്രമീകരിക്കുവാൻ ഇടയാക്കിയത്.
ഫെബ്രുവരി 20 മുതൽ അസോസിയേഷൻ നഗറിൽ ഓൺലൈൻ വോട്ടിംഗ് ക്രമീകരണങ്ങൾക്കുള്ള ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനം ആരംഭിച്ചു. റോണി ചേട്ടൻറെ നേതൃത്വത്തിൽ രാത്രിയും പകലും വ്യത്യാസമില്ലാതെ ഒരുപറ്റം സഭാ സ്നേഹികളായ യുവതീയുവാക്കളുടെ കൂട്ടായപ്രവർത്തനം ആയിരുന്നു പിന്നീട് കാണുവാൻ സാധിച്ചത്. സഭയുടെ നട്ടെല്ലാണ് യുവജനങ്ങൾ എന്ന് പറയുന്നത് പോലെ തന്നെ ഓൺലൈൻ വോട്ടിംഗ് സംവിധാനത്തിന്റെ നട്ടെല്ലായിരുന്നു ഡേറ്റയും അതിനെ സപ്പോർട്ട് ചെയ്യാൻ ഇരുന്ന ഹെൽപ്പ് ഡെസ്ക് അംഗങ്ങളും. ആ ഉത്തരവാദിത്വം ഉത്തമബോധ്യത്തോടെ മനസ്സിലാക്കി പ്രവർത്തിച്ചവർ ആയിരുന്നു അവിടെ ഉണ്ടായിരുന്ന എല്ലാവരും. അതുപോലെ തന്നെ അസോസിയേഷനോടനുബന്ധിച്ച് തങ്ങളിൽ അർപ്പിതമായ ഉത്തരവാദിത്വങ്ങൾ ഓരോ സമിതികളും ഭംഗിയായി നിറവേറ്റി.
കോലഞ്ചേരി അസോസിയേഷന്റെ ക്രമീകരണങ്ങൾ ഇത്രയും ഭംഗിയായി തീർക്കുന്നതിന് ഭദ്രാസന നേതൃത്വം വഹിച്ച പങ്ക് വാക്കുകൾക്ക് അതീതമാണ്. ഭദ്രാസന സെക്രട്ടറിയായ ബഹു. ജോസച്ചന്റെയും ഭദ്രാസനത്തിലെ കൗൺസിൽ അംഗങ്ങളായ ബഹു. റോബിൻ അച്ചന്റെയും ബഹു. ജിൻസച്ചന്റെയും, റോയി ചേട്ടന്റെയും, സജി ചേട്ടന്റെയും, ഗ്ലാഡ്സൺ ചേട്ടന്റെയും, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ പ്രിൻസ് ചേട്ടന്റെയും റോയിചേട്ടന്റെയും, ഭദ്രാസനത്തിലെ ബഹുമാനപ്പെട്ട വൈദികരുടെയും, ഭദ്രാസന യുവജനപ്രസ്ഥാന അംഗങ്ങളുടെയും, ഭദ്രാസന ഓഫീസിലെ അംഗങ്ങളായ മിൻസൺ ചേട്ടന്റെയും സഹപ്രവർത്തകരുടെയും പ്രവർത്തനങ്ങൾ ഒന്നിനൊന്ന് മികച്ചതായിരുന്നു.
അസോസിയേഷൻറെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് പരിശുദ്ധ സഭയിലെ എല്ലാ അസോസിയേഷൻ അംഗങ്ങളും ഓൺലൈനിൽ സംവിധാനത്തോട് വളരെ മികച്ച രീതിയിൽ ആണ് പ്രതികരിച്ചത്. എല്ലാവരുടെയും പ്രതീക്ഷയ്ക്ക് ഉപരിയായി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ രജിസ്ട്രേഷനും വോട്ടിംഗ് പ്രക്രിയയും പൂർത്തീകരിച്ച് തങ്ങളിൽ അർപ്പിതമായ ഉത്തരവാദിത്വം കാത്തുസൂക്ഷിക്കുവാൻ എല്ലാ അംഗങ്ങളും പരിശ്രമിച്ചതിന്റെ ഫലമാണ് കോലഞ്ചേരി അസോസിയേഷന്റെ ഇലക്ഷൻ പ്രക്രിയ ചരിത്രത്തിൽ ഇടം പിടിക്കുന്ന രീതിയിൽ ഒരു വിജയത്തിന് കാരണമായി തീർന്നത്. അതുപോലെ ഇലക്ഷന്റെ റിസൾട്ട് മലങ്കര മെത്രാപ്പോലീത്താ ഔദ്യോഗികമായി പ്രഖ്യാപിക്കും വരെ ആ സദസ്സും സ്‌റ്റേജും കാലിയാകാതിരുന്നതും പലവിധത്തിലുള്ള റിസൾട്ടുകൾ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ വരാതിരുന്നതും കോലഞ്ചേരി അസോസിയേഷന്റെ പ്രത്യേകതകളിൽ ഒന്നായിരുന്നു.
ആധുനിക കാലത്തിനുതകുന്ന സജ്ജീകരണങ്ങളോടു കൂടിയ മലങ്കര പള്ളിയോഗം കോലഞ്ചേരിയിൽ ക്രമീകരിക്കുവാൻ സാധിച്ചതിൽ ഞങ്ങൾ കൃതാർത്ഥരാണ്. പലവിധമായ പ്രതിസന്ധികളെ അതിജീവിച്ചാണ് ഇപ്രകാരമൊരു യോഗം കുറ്റമറ്റ രീതിയിൽ നടത്താനിടയാക്കിയത് എന്നത് കൂടുതൽ അഭിമാനാർഹമാണ്. ദൈവത്തിൻ്റെ അളവറ്റ കൃപയും ഏഴാം മാർത്തോമ്മ, പരിശുദ്ധ മുറിമറ്റത്തിൽ ബാവാ, പരിശുദ്ധ ഔഗേൻ ബാവ, അഭിവന്ദ്യ പക്കോമിയോസ് തിരുമേനി തുടങ്ങിയ പിതാക്കൻമാരുടെ പ്രാർഥനയുമാണ് ഈ യോഗത്തിൻ്റെ വിജയകാരണമെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കും. മലങ്കര സഭയുടെ പള്ളിയോഗ ചരിത്രത്തിൽ കോലഞ്ചേരി പള്ളിയുടെയും കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെയും സ്ഥാനം ഉറപ്പിച്ച ഈ അസോസിയേഷൻ നടത്തിപ്പിനു പരിശുദ്ധ ബാവാ തിരുമേനിയും അഭിവന്ദ്യ പിതാക്കന്മാരും സഭയും ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന് ഞങ്ങൾ നന്ദി അർപ്പിക്കുന്നു. ആ വിശ്വാസത്തിനു ഒരൽപ്പം പോലും ഭംഗം വരാതെ ഞങ്ങളുടെ ചുമതലകൾ പൂർത്തീകരിക്കാൻ ഇടയാക്കിയ ദൈവത്തിനു നന്ദി അർപ്പിച്ചുകൊണ്ട് ഈ കുറിപ്പ് ഞാൻ നിർത്തട്ടെ.
അജു മാത്യു പുന്നയ്ക്കൽ.