OVS - Latest NewsOVS-Kerala News

വി. മൂറോന്‍ കൂദാശ ഒരുക്കങ്ങൾ പൂർത്തിയായി

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ പരമാദ്ധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വലിയ നോമ്പിലെ 40-ാം വെളളിയാഴ്ച്ചയായ മാര്‍ച്ച് 23-ാം തീയതി കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ വിശുദ്ധ മൂറോന്‍ കൂദാശ നടക്കും. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും വൈദീകരും സഭാസ്ഥാനികളും വിശ്വാസികളും സംബന്ധിക്കും.

2009-ല്‍ പരിശുദ്ധ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവായാണ് ഏറ്റവും ഒടുവില്‍ മൂറോന്‍ കൂദാശ നടത്തിയത്. ഇപ്പോഴത്തെ കാതോലിക്കാ ബാവാ സ്ഥാനാരോഹണം ചെയ്തതിനു ശേഷമുളള ആദ്യത്തെ മുറോന്‍ കൂദാശയാണിത്. സഭയുടെ സ്വാതന്ത്ര്യത്തിന്‍റെയും സ്വയം ശീര്‍ഷകത്വത്തിന്‍റെയും പ്രതീകമായ ഈ കൂദാശ പാത്രീയര്‍ക്കീസ്, കാതോലിക്കാ എന്നീ സ്ഥാനികള്‍ക്കുളള പ്രത്യേക അവകാശമാണ്. പ്രധാനകാര്‍മ്മീകനോടും, മെത്രാപ്പോലീത്താമാരോടുമൊപ്പം 12 വൈദീകര്‍, 12 പൂര്‍ണ്ണശെമ്മാശന്മാര്‍, 12 ഉപശെമ്മാശന്മാര്‍ എന്നിവര്‍ അംശവസ്ത്രങ്ങള്‍ ധരിച്ച് ശുശ്രൂഷയില്‍ സംബന്ധിക്കും. ഇവര്‍ മൂന്ന് സംഘമായി തിരിഞ്ഞാണ് ശുശ്രൂഷകള്‍ നിര്‍വ്വഹിക്കുന്നത്. അനുതാപപ്രാര്‍ത്ഥനകള്‍, സങ്കീര്‍ത്തനങ്ങള്‍, ഗാനങ്ങള്‍ എന്നിവ ഉള്‍ക്കൊളളുന്നതാണ് ഈ കൂദാശയുടെ ക്രമം. മൂറോന്‍ എന്ന ഗ്രീക്ക് പദത്തിന്‍റെ അര്‍ത്ഥം സുഗന്ധതൈലം എന്നാണ്. മാമോദീസാ നടത്തുന്നതിനായുളള വെളളം വാഴ്ത്തുന്നതിനും മാമോദീസായ്ക്കു ശേഷമുളള അഭിഷേകത്തിനും ദേവാലയ കൂദാശ, കുര്‍ബ്ബാനയര്‍പ്പണ വേളയില്‍ ത്രോണോസില്‍ പൂജാപാത്രങ്ങള്‍ വയ്ക്കുന്ന പലക (തബ്ലൈത്താ)യുടെ കൂദാശ എന്നിവയ്ക്കാണു വിശുദ്ധ മൂറോന്‍ ഉപയോഗിക്കുന്നത്.

സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷനായ സമിതിയാണ് സുഗന്ധതൈലം നിര്‍മ്മിക്കുന്നതിനായുളള ചേരുവകള്‍ തയ്യാറാക്കി ഒരുക്കിയത്. ശുശ്രൂഷാസംവിധാനം നിര്‍വ്വഹിക്കുന്നത് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയാണ്. ഗായകസംഘം നയിക്കുന്നത് ഫാ. ഡോ.എം.പി. ജോര്‍ജ്. രാവിലെ 6.30-ന് ആരംഭിക്കുന്ന ശുശ്രൂഷ 1.30-ന് സമാപിക്കും. കൂദാശ ചെയ്ത വിശുദ്ധ മൂറോന്‍ നിറച്ച കുപ്പി വിശ്വാസികള്‍ മുത്തുന്നതോടെയാണ് ശുശ്രൂഷകള്‍ക്ക് പരിസമാപ്തിയാകുന്നത്.

https://ovsonline.in/articles/holy-mooron-2/

error: Thank you for visiting : www.ovsonline.in