OVS - Latest NewsOVS-Kerala News

മലങ്കര അസോസിയേഷന് പരുമല ഒരുങ്ങി; കാതോലിക്കാ സ്ഥാനത്തേക്ക് എതിരില്ലാതെ ഡോ. മാത്യൂസ് മാർ സേവേറിയോസ്.

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പൊലീത്തയുടെയും പിൻഗാമിയെ തിരഞ്ഞെടുക്കാൻ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം പരുമല സെമിനാരി അങ്കണത്തിലെ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ നഗറിൽ ഇന്ന് (Oct 14) ഒരു മണിക്ക് ചേരും. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസിനെയാണ് സഭാ മാനേജിങ് കമ്മിറ്റി നാമനിർദേശം ചെയ്തിട്ടുള്ളത്. മറ്റു നാമനിർദേശങ്ങൾ ഇല്ലാത്തതിനാൽ അദ്ദേഹത്തെ അസോസിയേഷൻ ഐകകണ്ഠ്യേന തിരഞ്ഞെടുക്കും.

സഭയുടെ ഏറ്റവും വലിയ ജനാധിപത്യസമിതി വിഡിയോ കോൺഫറൻസിലൂടെ സമ്മേളിക്കുന്നത് ഇതാദ്യമാണ്. വിദേശ രാജ്യങ്ങളിലേതടക്കം 30 ഭദ്രാസനങ്ങളിലെ 1590 ഇടവകകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട വൈദികരും അൽമായരും സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളും മെത്രാപ്പൊലീത്തമാരും ഉൾപ്പെടെ 4007 ആളുകളാണ് യോഗത്തിൽ പങ്കെടുക്കേണ്ടത്.

കോവിഡ് കാരണം പള്ളി പ്രതിപുരുഷന്മാർക്ക് ഒരേ സ്ഥലത്ത് ഒരുമിച്ചുകൂടാൻ കഴിയാത്ത സാഹചര്യവും വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്രാസൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം ഭദ്രാസനങ്ങളിൽ തയാറാക്കുന്ന കേന്ദ്രങ്ങളിൽ സമ്മേളിച്ച് ഒരേ സമയം യോഗത്തിൽ സംബന്ധിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ അറിയിച്ചു. 30 ഭദ്രാസനങ്ങളിലെ 50 കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും ഈ സംവിധാനം. യോഗത്തിന്റെ മുഖ്യവരണാധികാരിയായി ഫാ. ഡോ. അലക്സാണ്ടർ ജെ. കുര്യനെ നിയമിച്ചിട്ടുണ്ട്. 50 അസി. റിട്ടേണിങ് ഓഫിസർമാർ വിവിധ കേന്ദ്രങ്ങളിലുണ്ടാവും.

ഇന്നലെ അസോസിയേഷൻ നഗറിൽ, അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ പ്രസിഡന്റും സീനിയർ മെത്രാപ്പൊലീത്തയുമായ കുര്യാക്കോസ് മാർ ക്ലിമ്മീസ് കാതോലിക്കേറ്റ് പതാക ഉയർത്തി. തുടർന്ന് സഭാ മാനേജിങ് കമ്മിറ്റി യോഗം ചേർന്നു.

ഇന്ന് രാവിലെ 9 മുതൽ 12 വരെ, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ അസോസിയേഷൻ പ്രതിനിധികളുടെ രജിസ്ട്രേഷൻ പരുമലയിലും മറ്റു പ്രതിനിധികളുടെ റജിസ്ട്രേഷൻ ഭദ്രാസന അടിസ്ഥാനത്തിൽ ക്രമീകരിക്കുന്ന കേന്ദ്രങ്ങളിലും നടക്കും. റജിസ്ട്രേഷനും ഉച്ചഭക്ഷണവും പൂർത്തിയാക്കിക്കഴിഞ്ഞ് പ്രതിനിധികൾ യോഗാരംഭത്തിന് 30 മിനിറ്റ് മുൻപ് യോഗ ഹാളുകളിൽ പ്രവേശിച്ച് യഥാസ്ഥാനങ്ങളിൽ ഇരിക്കേണ്ടതാണ്. ഓരോ കേന്ദ്രത്തിലും പങ്കെടുക്കേണ്ട പ്രതിനിധികളുടെ എണ്ണത്തിന് അനുസരിച്ചുള്ള ഇരിപ്പിടങ്ങൾ സാമൂഹിക അകലം പാലിച്ച് ക്രമീകരിച്ചിട്ടുണ്ട്.

പരുമലയിലെ അസോസിയേഷൻ നഗറിൽ സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളും മെത്രാപ്പൊലീത്തമാരും മാത്രമാണ് പങ്കെടുക്കേണ്ടത്. ഉച്ചയ്ക്ക് 12.30-ന് പരുമല പള്ളിയിലെ പ്രാർഥനയ്ക്കുശേഷം മെത്രാപ്പൊലീത്തമാരെ ആനയിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കും. യോഗത്തിൽ അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ പ്രസിഡന്റ് കുര്യാക്കോസ് മാർ ക്ലിമ്മീസ് അധ്യക്ഷത വഹിക്കും.

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനും കാതോലിക്കാ – മലങ്കര മെത്രാപ്പോലീത്താ തിരഞ്ഞെടുപ്പുകളും

error: Thank you for visiting : www.ovsonline.in