കോതമംഗലം പള്ളി കേസ് – മുൻസിഫ് കോടതി ഉത്തരവ് അസ്ഥിരപ്പെടുത്തി കേരളാ ഹൈക്കോടതി
കോതമംഗലം ചെറിയ പള്ളിയുടെ ഒറിജിനൽ അന്യായം കോതമംഗലം മുൻസിഫ് കോടതി തള്ളി കളഞ്ഞതിനെതിരെ വികാരി ഫാ.തോമസ് പോൾ റമ്പാൻ നൽകിയ ഹർജി കേരളാ ഹൈക്കോടതി അനുവദിച്ചു ഉത്തരവായി. മുൻസിഫ് കോടതി ഉത്തരവ് ഹൈക്കോടതി തളളിക്കളയുകയും ചെയ്തു.
ബഹു. സുപ്രിം കോടതിയുടെ 2017 ജൂലായ് 3 വിധി കോതമംഗലം ചെറിയപള്ളിക്ക് ബാധകമാണെന്ന് കണ്ടെത്തുകയും അതിനാൽ കേസുകളുടെ ബാഹുല്യം അനുവദിക്കുന്നില്ല എന്നുള്ള നിരീക്ഷണത്തിൽ കോതമംഗലം മുൻസിഫ് കോടതി ഒറിജിനൽ അന്യായം തള്ളുകയുമായിരുന്നു.
എന്നാൽ മുൻസിഫ് കോടതി ഹർജി തള്ളിയത് നിയമ പ്രകാരമല്ല എന്നും കേസ് വീണ്ടും പരിഗണിച്ച് നിയമ പ്രകാരം വീണ്ടും വിധി പ്രഖ്യാപിക്കണമന്നുമുള്ള ഹർജിക്കാരൻ്റെ ആവശ്യം കേരളാ ഹൈക്കോടതി അംഗീകരിച്ച് ഉത്തരവിട്ടു. ഒറിജിനൽ കേസിലെ നിയമപരമായ വിഷയങ്ങൾ പരിഗണിച്ച് 6 മാസത്തിനുള്ളിൽ ഉത്തരവിറക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. അതിനായി ഇരു കക്ഷികളും ജൂലായ് 7 ന് മുൻസിഫ് കോടതിയിൽ ഹാജരാവുന്നതിനും ഉത്തരവിട്ടിട്ടുണ്ട്.
സമാന സ്വഭാവത്തോടെ മറ്റ് പല പള്ളികളുടെ കേസുകളും വിവിധ കോടതികൾ തള്ളിയിരുന്നു. ഈ വിധി അപ്രകാരം ഉള്ള കേസുകൾ വീണ്ടും പരിഗണിക്കുന്നതിന് ഇടയാക്കുന്നതാണ്.
ഹർജിക്കാരന് വേണ്ടി സീനിയർ അഭിഭാഷകൻ എസ്. ശ്രീകുമാർ, അഡ്വ. റോഷൻ ഡി. അലക്സാണ്ടർ എന്നിവർ ഹാജരായി