മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വടക്കൻ മേഖലാ പ്രതിഷേധ സംഗമം നവംബര്‍ 17-ന് കോലഞ്ചേരിയിൽ
കോലഞ്ചേരി: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആരാധനാലയങ്ങള്‍ക്കും, വിശ്വാസികള്‍ക്കും നേരെയുളള ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ ഞായറാഴ്ച വടവുകോട് പളളിയില്‍ ആരാധനയ്ക്ക് എത്തിയ വിശ്വാസികള്‍ക്ക് നേരെ അതിക്രൂരമായ അക്രമമുണ്ടായി. ഗുരുതരമായ പരുക്കുകളോടെ ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ രണ്ട് പേര്‍ ആശുപത്രിയിലാണ്. എല്ലാ അക്രമികളെയും പോലീസ് ഇതുവരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചകളില്‍ ആരാധന മുടക്കുന്നുതിനുവേണ്ടി പളളിയ്ക്കകത്ത് മുളകുപൊടി വിതറുകയും, ചോരക്കുഴി പളളിയില്‍ കോടതി വിധി നടപ്പാക്കുവാന്‍ പോലീസ് സംരക്ഷണം ഉണ്ടായിട്ട് പോലും പോലീസിൻ്റെ മുന്നില്‍ വെച്ച് ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ക്ക് നേരെ മുളകുവെളളം ഒഴിക്കുകയും ചെയ്തു. ദേവലോകം അരമന ചാപ്പലിൻ്റെ മുന്നിലുളള കുരിശടിയുടെയും, തുത്തൂട്ടി മാര്‍ ഗ്രീഗോറിയോസ് ചാപ്പലിൻ്റെയും നേരെ അക്രമം ഉണ്ടായി. മണര്‍കാട് പളളിയിലെ ഓര്‍ത്തഡോക്സ് സഭയുടെ ട്രസ്റ്റി സന്തോഷിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. വരിക്കോലിപള്ളി വികാരി വിജു ഏലിയാസ് അച്ചന് നിരവധി പ്രാവശ്യം മര്‍ദ്ദനമേറ്റു.
മലങ്കര സഭയുടെ ആരാധനാലയങ്ങളില്‍ നിന്ന് വ്യാപകമായി മോഷണം നടത്തുന്നു; പള്ളികള്‍ തകര്‍ക്കണമെന്ന് പാത്രിയര്‍ക്കീസ് വിഭാഗത്തിലെ മെത്രാപ്പോലീത്താമാര്‍ ആഹ്വാനം ചെയ്യുന്നു. ഇത്തരം അക്രമപരമ്പരകള്‍ അവസാനിപ്പിച്ച് സമാധാനം പുലരുവാന്‍ വേണ്ട നടപടികള്‍ ഗവണ്‍മെന്റും, അധികാരികളും കൈക്കൊളളണം. അനുകൂല കോടതി വിധി ലഭിക്കുന്ന എല്ലാ പളളികളിലും പളളി സംരക്ഷിക്കുവാന്‍ എന്ന പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടാന്‍ ശ്രമിക്കുകയാണ് പാത്രിയര്‍ക്കീസ് വിഭാഗം. ഈ അക്രമങ്ങളെല്ലാം ഗവണ്‍മെന്റിൻ്റെയും, നിയമം നടപ്പാക്കുവാന്‍ ബാധ്യതയുളള ഉന്നതഅധികാരികളുടെയും ഒത്താശയോടെയാണ് നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അക്രമ സംഭവങ്ങള്‍ അവസാനിപ്പിക്കുവാന്‍ ഗവണ്‍മെന്റ് സത്വര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
അയോദ്ധ്യ തര്‍ക്കത്തില്‍ ബഹു. സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് കേരള മുഖ്യമന്ത്രിയും മറ്റ് രാഷ്ട്രീയ മത-സാമുദായിക നേതാക്കന്മാരും ഒരേ സ്വരത്തില്‍ ആഹ്വാനം ചെയ്യുമ്പോള്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായി ലഭിച്ച വിധിയുടെ കാര്യത്തില്‍ എല്ലാവരും മൗനം പാലിക്കുകയാണ്. അക്രമങ്ങള്‍ നടത്തി ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിച്ച് നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ് പാത്രിയര്‍ക്കീസ് വിഭാഗം. സഭയ്ക്കെതിരേ നടക്കുന്ന ഈ അക്രമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുവാന്‍ മേഘലാ പ്രതിഷേധയോഗവും റാലിയും നവംമ്പര്‍ 17 ഞായറാഴ്ച മൂന്നു മണിക്ക് കോലഞ്ചേരി സെൻറ്. പീറ്റേഴ്സ് & സെൻറ്. പോള്‍സ് പള്ളി അങ്കണത്തില്‍ വച്ച് നടത്തുവാന്‍ നിശ്ചയിച്ചിരിക്കുകയാണ്. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം പരി. ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. കാലടി സംസ്‌കൃത സര്‍വ്വകലാശായിലെ മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ. എസ്. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. സഭയിലെ മെത്രാപ്പോലീത്തമാരായ ഡോ. തോമസ് മാര്‍ അത്താനാസിയോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, ആറന്മുള എം. എല്‍. എ ശ്രീമതി വീണാ ജോര്‍ജ്, വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ. ജോണ്‍, സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, വിവിധ രാഷ്ട്രീയ സാമുദായിക നേതാക്കന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത് പ്രസംഗിക്കും.
വടക്കൻ മേഖല പ്രതിഷേധ മഹാ സമ്മേളനം : പാർക്കിങ്ങ് ക്രമീകരണം
1) മുവാറ്റുപുഴ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ:
ബസ്സുകൾ/ട്രാവലർ കോലഞ്ചേരി ഇന്ത്യൻ ഓയിൽ പമ്പിന്റെയടുത്ത് വിശ്വാസികളെ ഇറക്കി വാഹനം തിരിച്ച് ഞാറ്റുംകാല ഹിൽ ടോപ്പിൽ പാർക്ക് ചെയ്യുക. കാർ – കോലഞ്ചേരി ഇന്ത്യൻ ഓയിൽ പംമ്പിന്റെയടുത്ത് വിശ്വാസികളെയിറക്കി വാഹനം സെന്റ് പീറ്റേഴ്സ് സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യുക.
2) പെരുമ്പാവൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ:
ബസ്സുകൾ/ട്രാവലർ:- കോലഞ്ചേരി വ്യാപാരഭവനിന്റെയടുത്ത് വിശ്വാസികളെയിറക്കി ഞാറ്റുംകാല ഹിൽ ടോപ്പിൽ പാർക്ക് ചെയ്യുക. കാർ:- കോലഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാൻറ്റിന് എതിർവശത്തുള്ള പാർക്കിങ്ങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യുക.
3) എർണാകുളം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ
ബസ്സുകൾ/ട്രാവലർ:- കോലഞ്ചേരി സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം വിശ്വാസികളെയിറക്കി ഞാറ്റുംകാല ഹിൽ ടോപ്പിൽ പാർക്ക് ചെയ്യുക. കാർ:– കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കേളേജ് ക്യാമ്പസിൽ പാർക്ക് ചെയ്യുക.
നിർദ്ദേശങ്ങൾ:
വോളന്റീയേഴ്സിന്റെ നിർദേശം കർശനമായി പാലിക്കുക.
കോട്ടയം- കൂത്താട്ടുകുളം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ എം സി റോഡ് വഴി മൂവാറ്റുപുഴ വന്ന് സമ്മേളനനഗരിയിൽ എത്തിച്ചേരുക.
പെരുവ – പിറവം -പാമ്പാക്കുട എന്നിവടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പെരുംമുഴി വഴി സമ്മേളനനഗരിയിലേക്ക് എത്തിച്ചേരുക
https://ovsonline.in/articles/malankara-church-dispute-3/