എൻ്റെ കാലുകള്‍ നിൻ്റെ വാതിലുകളില്‍ നില്‍ക്കുകയായിരുന്നു.
‘കടന്നു പോവാന്‍ തയറെടുക്കുക’ ഭാഗ്യമരണത്തിൻ്റെ ലക്ഷണമായി പറയുന്ന ഒന്നാണ്. അപ്രകാരം തയാറെടുത്ത് കടന്നുപോയ ഭാഗ്യവാനാണ് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍.
‘സ്വബോധത്തോടെ അന്ത്യകൂദാശകളെല്ലാം സ്വീകരിച്ച് കര്‍ത്താവില്‍ നിദ്ര പ്രാപിക്കുക’ എന്നത് ഒരു റോമന്‍ കത്തോലിക്കാ പ്രയോഗമാണെങ്കിലും ഇന്ന് ക്രൈസ്തവമായ ഭാഗ്യമരണമായി ഇന്ന് മലയാളികള്‍ പൊതുവെ കണക്കാക്കുന്ന അനുക്രമമാണ്. ഇതനുസരിച്ചും പ. പിതാവിൻ്റെത് ഒരു ഭാഗ്യ മരണമാണ്. 2020 പിറന്നു വിണപ്പോള്‍ തൻ്റെ രോഗബാധ സ്ഥിതീകരിച്ചതോടെതന്നെ അദ്ദേഹം തൻ്റെ യാത്രയ്ക്കു തയാറെടുത്തു തുടങ്ങിയിരുന്നു എന്നു പറഞ്ഞാലും തെറ്റില്ല.
2021 ഫെബ്രുവരി 23-ന് പ. വട്ടശ്ശേരില്‍ തിരുമേനിയുടെ ദുഃഖ്‌റോനോ പെരുന്നാള്‍ ദിവസം കോവിഡ് സ്ഥിതീകരിച്ച് പരുമല ആശുപത്രിയില്‍ പ്രവേശിച്ചതുമുതല്‍ ഈ തയാറെടുപ്പ് അധികരിച്ചു. അനേക തവണ വി. കുര്‍ബാന സ്വീകരിച്ചു. താന്‍ ആവശ്യപ്പെട്ടതനുസരിച്ച് അവസാനമായി രോഗശാന്തിക്കുള്ള തൈലാഭിഷേക കൂദാശ 2021 ഏപ്രില്‍ 21-ന് പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്താ, പ. പിതാവിൻ്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫാ. തോമസ് പി. സഖറിയ, പരുമല ആശുപത്രി സി.ഇ.ഒ. ഫാ. എം.സി. പൗലൂസ്, കുന്നംകുളം അരമന മാനേജര്‍ ഫാ. ഗീവര്‍ഗീസ് കാട്ടില്‍, പ. പിതാവിൻ്റെ സെക്രട്ടറിമാരായ ഡീ. മെല്‍വിന്‍ മാത്യു, ഡീ. പ്രേസണ്‍ റ്റി. ജോണ്‍സണ്‍ എന്നിവരുടെ സഹകാര്‍മ്മികത്വത്തില്‍ നിര്‍വഹിച്ചു.
അവിടെയും അവസാനിച്ചില്ല മുന്നൊരുക്കങ്ങള്‍. മരണപത്രം മുന്‍പൂകൂട്ടി എഴുതിവെച്ചു. ആഴ്ചകള്‍ ഏടുത്ത് എഴുതിയും തിരുത്തിയും പരിഷ്‌ക്കരിച്ചും അന്ത്യശാസനം തയാറാക്കി. പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം കൂടാന്‍ നോട്ടീസു കല്പന പുറപ്പെടുവിച്ചു. ഗര്‍ഭത്തില്‍ വെച്ചുതന്നെ ക്ഷുദ്രശക്തികള്‍ ഞെരിച്ചുകൊന്നു എങ്കിലും, തൊഴുത്തില്‍ കയറാത്ത തൻ്റെ കുഞ്ഞാടുകളെ മടക്കിക്കൊണ്ടുവരുവാന്‍ നവമായി ആരംഭിച്ച ഒരു സമാധാനശ്രമത്തിന് അനുമതി നല്‍കി. സഹോദര മെത്രാപ്പോലീത്താമാരെ ഓരോരുത്തരെയായി രോഗക്കിടക്കയില്‍ വിളിച്ച് നിരപ്പായി. തൻ്റെ മുന്‍ഗാമി രചിച്ച ‘മരണാനന്തരാവസ്ഥ‘ പരായണം ചെയ്തതും ഈ തയാറെടുപ്പിൻ്റെ ഭാഗമായി വേണം കണക്കാക്കാന്‍.
‘മലങ്കരയുടെ ബാര്‍ എബ്രായ‘ ആയ പ. ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ രചിച്ച ഒരു ശ്രേഷ്ഠഗ്രന്ഥമാണ് ‘മരണാനന്തരാവസ്ഥ.’ വി. വേദപുസ്തകത്തേയും ആദിമ സഭാ പിതാക്കന്മാരേയും അവലംബിച്ച് പണ്ഡിത പാരാവാരമായ പ. ഔഗേന്‍ ബാവ രചിച്ച ലഘുകൃതിയാണിത്. ‘…സര്‍വ്വേശ്വരൻ്റെ ആസ്ഥിക്യംപോലെതന്നെ, മനുഷ്യാത്മാക്കളുടെ മരണാനന്തരചൈതന്യസ്ഥിതിയും ഏറ്റം പ്രധാനമായ ഒരു വിഷയമാണ്. ഇതിനെക്കുറിച്ചും വിശ്വാസികള്‍ ബോദ്ധ്യപ്പെട്ടിരിക്കേണ്ടത് അവശ്യം ആവശ്യമാകുന്നു…’ എന്ന് ഗ്രന്ഥകാരന്‍ ആമുഖത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. ഈ വിഷയത്തെപ്പറ്റി മലയാളത്തില്‍ മറ്റൊരു കൃതിയും ശ്രദ്ധയില്‍ പെട്ടിട്ടില്ല.
2021 ഫെബ്രുവരി ആദ്യവാരം പ. പിതാവ് ‘മരണാനന്തരാവസ്ഥ’ മനസിരുത്തി വായിച്ചു. വായിക്കുക മാത്രമല്ല. ‘പൈതൃകം പരമ്പരയില്‍ ഉള്‍പ്പെടുത്തി അത് പുനഃപ്രസിദ്ധീകരിക്കണമെന്ന് എം.ഒ.സി. പബ്‌ളിക്കേഷന്‍സ് പ്രസിഡന്റ് ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. അതിനായി തൻ്റെ കൈവശമുള്ള 1954-ല്‍ പ്രസിദ്ധീകരിച്ച ഒന്നാം പതിപ്പിൻ്റെ കോപ്പി നല്‍കാമെന്നും പ. പിതാവ് അറിയിച്ചു.
‘പൈതൃകം’ പരമ്പരയെപ്പറ്റി ഒരു വാക്ക്. വൈദീകരും അവൈദീകരും ആയമണ്‍മറഞ്ഞ മലങ്കരസഭാ പിതാക്കന്മാരുടെ രചനകള്‍ പുനഃപ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ 2018-19-ലെ പൊതു ബജറ്റില്‍ പ്രഖ്യാപിച്ചതാണ് ‘പൈതൃകം : മലങ്കരസഭാ സാഹിതീ സരണി.‘ താമസിയാതെ ഈ ലേഖകനെ ഈ നുതന പദ്ധതിയുടെ ചുമതല ഏല്‍പ്പിച്ച് പ. പിതാവ് കല്പനയും നല്‍കി. പ. പിതാവിന് വ്യക്തിപരമായി ഏറെ താത്പര്യമുള്ള ഒരു പദ്ധതിയായിരുന്നു പൈതൃകം. അനേകം വേദികളില്‍ ഈ ഗ്രന്ഥ പരമ്പരയെപ്പറ്റി അദ്ദേഹം ദീര്‍ഘമായിത്തന്നെ സംസാരിച്ചിട്ടുണ്ട്. ലോക്ഡൗണിൻ്റെ പരിമിതകള്‍ക്കുള്ളിലും അമ്പതോളം കൃതികള്‍ ഈ പരമ്പരയിലൂടെ വെളിച്ചം കണ്ടു.
‘പൈതൃകം’ പരമ്പരയിലെ എല്ലാ കൃതികളും പ. പിതാവ് ശ്രദ്ധാപൂര്‍വം വിക്ഷിക്കുന്നുണ്ടായിരുന്നു. എന്നു മാത്രമല്ല, ചെമ്മനം ചാക്കോയുടെ ‘ദൈവമേ ഞാന്‍ പരിശുദ്ധനാകുന്നു,’ ഡോ. സാമുവേല്‍ ചന്ദനപ്പള്ളിയുടെ ‘വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ’ എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അവരുടെ സഹധര്‍മ്മിണിമാരായ ബേബി ടീച്ചര്‍, ശ്രീമതി ഗ്രേസി സാമുവേല്‍ എന്നിവര്‍ക്ക് ഓരോ കോപ്പി സ്വന്തം കൈയ്യൊപ്പിട്ട് അതത് ഇടവക വികാരിമാര്‍ വഴി പ. പിതാവ് സമ്മാനിക്കുകയും ചെയ്തു. ഓണ്‍ലൈനില്‍ പോലും പ. പിതാവ് ‘പൈതൃകം‘ കൃതികള്‍ പ്രകാശനം ചെയ്തിട്ടുണ്ട്.
ഇനി ‘മരണാനന്തരാവസ്ഥ’യിലേയ്ക്ക് മടങ്ങിവരാം. പ. പിതാവിൻ്റെ താല്പര്യം മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ ഈ ലേഖകനെ അറിയിച്ചു. ഭാഗ്യവശാല്‍ പ. ഔഗേന്‍ ബാവായുടെ രചനകളായ ‘വിശുദ്ധ മതോപദേശ സത്യങ്ങള്‍, പരമയാഗം, സുന്നഹദോസുകള്‍, മരണാനന്തരാവസ്ഥ’ എന്നിവ, ‘വിശുദ്ധ മതോപദേശ സത്യങ്ങള്‍, ഔഗേന്‍ ബാവായുടെ കൃതികള്‍’ എന്നീ നാമങ്ങളില്‍ രണ്ടു വാല്യങ്ങളായി മുദ്രണ-പൂര്‍വ പ്രവര്‍ത്തനം പൂര്‍ത്തിയായി ഇരിക്കുക ആയിരുന്നു. ഒരാഴ്ചയക്കുള്ളില്‍ രണ്ടു കൃതികളും അച്ചടിച്ചു. ഫെബ്രുവരി 15-ന് ഈ ലേഖകന്‍ ദേവലോകത്ത് എത്തി പതിവുപോലെ കോപ്പികള്‍ പ. പിതാവിന് നേരിട്ടു കൈമാറി. കണ്ടു; സന്തോഷവാനായി.
‘വ്യവഹാരരഹിത സഭ’ എന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ പ. പിതാവിന് സാധിച്ചില്ല. അതില്‍ വലിയ പുതുമയൊന്നുമില്ല കാരണം, നാല്പതുവര്‍ഷം ഇസ്രായേല്‍ ജനത്തെ സര്‍വ പ്രതികൂലതകളിലും മരുഭൂമിയിലൂടെ വഴിനടത്തിയ മോശയ്ക്ക് വാഗ്ദത്ത കനാന്‍ ദൂരെനിന്നു കാണുവാനല്ലാതെ കാല്‍ കുത്തുവാന്‍ സാധിച്ചില്ല.
‘യിസ്രായേല്‍ യൗസേഫിനോടു പറഞ്ഞു: ഇതാ ഞാന്‍ മരിക്കുന്നു. ദൈവം നിങ്ങളോടുകൂടി ഉണ്ടായിരിക്കട്ടെ. നിങ്ങളുടെ പിതാക്കന്മാരുടെ ദേശത്തേയ്ക്ക് അവന്‍ നിങ്ങളെ തിരികെ കൊണ്ടുവരും.’ (ആദ്യപുസ്തകം 48: 21 – പെശീത്ത) പ. പിതാവ് ഒരുക്കത്തോടെ ‘മരിച്ച് തൻ്റെ ജനത്തോട് ചേരുമ്പോള്‍’ നല്‍കുന്ന അനുഗ്രഹവും അതാണ്. വ്യവഹാരരഹിതമായ സഭയിലേയ്ക്ക് ദൈവം നിങ്ങളെ തിരികെ കൊണ്ടുവരും.
(തലക്കെട്ട്: സങ്കീര്‍ത്തനം 121: 2 പശീത്താ, കൊഹനൈത്താ ക്രമം)
ഡോ. എം. കുര്യന്‍ തോമസ്