HH Catholicos Paulose IIOVS - Latest NewsOVS-Pravasi News

മലങ്കരയുടെ മഹിതാചാര്യൻ്റെ വിയോഗത്തിൽ അന്തർദേശീയ അനുശോചനവും ആദരവും

ഭാരതത്തിൻ്റെ അതിപുരാതനവും ദേശീയ സഭയുമായ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പരിശുദ്ധ പൗരസ്ത്യ കാതോലിക്ക ബാവയും, മലങ്കര മെത്രാപ്പോലീത്തയുമായ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായുടെ ദേഹവിയോഗത്തിൽ ലോകനേതാക്കളും, വിദേശ ക്രൈസ്തവ സഭാധ്യക്ഷന്മാരും, വിവിധ സഭാ പ്രതിനിധികളും അനുശോചനവും, ദു:ഖവും മലങ്കര സഭയെ അറിയിച്ചു. ലോക ക്രൈസ്തവ സഭാ കൗൺസിൽ (WCC) സ്ഥാപകാംഗവും, ഓറിയന്റൽ ഓർത്തഡോക്സ്‌ കൂട്ടായ്മയിലെ സ്ഥാപകാംഗവുമായ മലങ്കര സഭയുടെ പരിശുദ്ധ കാതോലിക്കാ ബാവ ഭാരതത്തിൽ എന്ന പോലെ, ലോകമാകമാനം വിവിധ ക്രൈസ്തവ സഭകളുമായി നടത്തിയ സഹകരണത്തിൻ്റെയും, സഹവർത്തിതൻ്റെയും പ്രത്യക്ഷ തെളിവാണ് മലങ്കരയുടെ മഹിതാചാര്യൻ്റെ വിയോഗത്തിൽ ആകമാന ക്രൈസ്തവ ലോകത്തു നിന്നുള്ള അനുശോചന – അനുസ്‌മരണ പ്രവാഹം. കേവലം ഒരു ദശാബ്ദം മാത്രമാണ് പരിശുദ്ധ പിതാവ് മലങ്കര സഭയെ ഭരിച്ചതെങ്കിലും, ആ ഒരു കാലയളവിനുള്ളിൽ തന്നെ നിരന്തര സഹകരണം കൊണ്ടും, പരസ്‌പര കൂടിക്കാഴ്ചകൾ കൊണ്ടും ക്രൈസ്തവ ലോകത്തു വ്യക്തമായ സ്വാധീനവും, അംഗീകാരവും നേടിയെടുക്കാൻ പരിശുദ്ധ പിതാവിന് കഴിഞ്ഞിരുന്നു എന്ന് മലങ്കര സഭയുടെ ഭാവിയ്ക്കും ശുഭോദർഹമാണ്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഓസ്‌ട്രേലിയൻ ഇമ്മിഗ്രേഷൻ മന്ത്രി അലക്സ് ഹവക് തുടങ്ങി നിരവധി രാജ്യങ്ങളിലെ ഭരണാധികാരികളും, അംബാസ്സഡർമാരും പരിശുദ്ധ കാതോലിക്ക ബാവായുടെ വിയോഗത്തിൽ അനുശോചനം അറിയിയച്ചു. വത്തിക്കാൻ ഭരണാധികാരിയും ആഗോള കാതോലിക്ക സഭയുടെ തലവനുമായ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ, എക്യൂമെനിക്കൽ പാത്രിയർകീസ് പരിശുദ്ധ ബർത്തോലോമ ഒന്നാമൻ മുതൽ ആംഗ്ലിക്കൻ സഭയുടെ തലവൻ അഭിവന്ദ്യ. ജസ്റ്റിൻ വെൽബി വരെ നീളുന്ന സഭാദ്ധ്യകഷന്മാരുടെയും, സഭാ പ്രതിനിധികളുടെയും നീണ്ട നിര തന്നെ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പരമാധ്യക്ഷൻ്റെ വിയോഗത്തിൽ ദുഖവും, അനുശോചനവും, പ്രാർത്ഥനയും അറിയിച്ചു.

മലങ്കരയുടെ മഹിതാചാര്യൻ്റെ വിയോഗത്തിൽ ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്നും ലഭിച്ച അതിപ്രധാന അനുശോചന സന്ദേശങ്ങളിലൂടെ..

Mr. ജോ ബൈഡൻ, അമേരിക്കൻ പ്രസിഡന്റ്.
പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായുടെ നന്മ നിറഞ്ഞ ജീവിതം ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് നിത്യ പ്രചോദനമായി തുടരുമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ തൻ്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. അമേരിക്കയിൽ ഓർത്തഡോക്സ്‌ സഭയുടെ പുനരുജ്ജീവന ശ്രമങ്ങളിലും മനുഷ്യാവകാശങ്ങൾക്കും പൗരാവകാശങ്ങൾക്കും വേണ്ടി നിലകൊണ്ടതിലെ അർപ്പണ മനോഭാവത്തിലും പ്രതിഫലിക്കുന്നത് അദ്ദേഹത്തിൻ്റെ അസാധാരണമായ നേതൃമികവും ആർജവവുമാണ്. ബാവായുടെ വിയോഗത്തിൽ അമേരിക്കൻ ജനതയുടെയും സർക്കാരിൻ്റെയും പേരിൽ താനും പത്നി ജില്ലും അഗാധമായ അനുശോചനം രേഖപെടുത്തുന്നെന്നും ജോ ബൈഡൻ അറിയിച്ചു.

Mr. ജസ്റ്റിൻ ട്രൂഡോ, കനേഡിയൻ പ്രധാനമന്ത്രി.
കനേഡിയൻ ജനതയ്ക്കും, കനേഡിയൻ സർക്കാരിനും വേണ്ടി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും, പത്‌നി സോഫിയയും പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയുടെ വിയോഗത്തിലുള്ള വ്യസനവും, അനുശോചനവും മലങ്കര ഓർത്തഡോക്സ്‌ വിശ്വാസികൾക്കായി പുറത്തറിക്കിയ കുറിപ്പിൽ പ്രസ്താവിച്ചു. സമർപ്പിതനായ ആത്മീയ ആചാര്യനായിരുന്ന പരിശുദ്ധ പിതാവ് തൻ്റെ ജീവിതം മുഴുവൻ അശരണർക്കും, സാധുക്കൾക്കും വേണ്ടി മാറ്റിവെച്ചിരുന്നു. അദ്ദേഹം ലോകത്തു സകല മാനവരോടും കാട്ടിയിരുന്ന അനുകമ്പയും, സ്നേഹവും തുടർന്നും ലോകത്തു അനേകരെ പ്രചോദിപ്പിക്കും എന്ന പ്രത്യാശ നിങ്ങൾക്ക് ആശ്വാസകരമാകും എന്ന് ഞാനും സോഫിയും വിശ്വസിക്കുന്നു എന്ന് അദ്ദേഹം തൻ്റെ സന്ദേശത്തിൽ അറിയിച്ചു.

Mr. അലക്സ് ഹവക്, ഇമ്മിഗ്രേഷൻ മന്ത്രി – ഓസ്ട്രേലിയ.
കേരളത്തിൽ അന്തരാഷ്ട്ര നിലവാരത്തിൽ ഒരു കാൻസർ ചികിത്സ ആശുപത്രി കെട്ടിപ്പൊക്കാൻ അക്ഷീണം പരിശ്രമിച്ച പരിശുദ്ധ പിതാവ് സേവനത്തിൻ്റെയും, അനുകമ്പയുടെയും ഉന്നതമായ പാരമ്പര്യം കാട്ടിതന്നാണ് മടങ്ങിയത്. സാമൂഹിക നീതി, മദ്യ-മയക്കു മരുന്ന് വിരുദ്ധ പ്രവർത്തനം തുടങ്ങിയ സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന പരിശുദ്ധ പിതാവ് സ്ത്രീകൾക്ക് ഇടവകകളിൽ വോട്ടവകാശം അനുവദിച്ചും, സ്ത്രീകളെ സഭയുടെ അധികാര മേഖലകളിലേക്ക് പ്രവേശിപ്പിക്കുകയും വഴി ലിംഗ സമത്വത്തിൻ്റെ ഉത്താതമായ ഒരു മാതൃകയാണ് കാട്ടിത്തന്നത് എന്ന് ഓസ്‌ട്രേലിയൻ സർക്കാരിനെ പ്രതിനിധീകരിച്ച അയച്ച അനുശോചന സന്ദേശത്തിൽ ഇമ്മിഗ്രേഷൻ മന്ത്രിയായ അലക്സ് ഹവക് അനുസ്‌മരിച്ചു.

പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ – ആഗോള കാതോലിക്ക സഭയുടെ തലവൻ.
പരി. ഫ്രാന്‍സിസ് മാര്‍പാപ്പ, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സുന്നഹദോസ് സെക്രട്ടറി അഭി. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്തായ്ക്ക്, ഇന്‍ഡ്യയിലെ റോമന്‍ അപ്പോസ്തോലിക് നുണ്‍ഷ്യോ, അഭി. ആര്‍ച്ച്ബിഷപ്പ് ലിയോപോളോ ഗിറേല്ലി മുഖാന്തിരം അയച്ച സന്ദേശത്തിൻ്റെ പൂര്‍ണ്ണരൂപം. ”മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കാതോലിക്കാ പരി. ബസേലിയോസ് മാര്‍തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ, ദീര്‍ഘമായ രോഗാവസ്ഥയെ തുടര്‍ന്ന് നിര്യാതനായ കാര്യം, അഗാധമായ ദുഖത്തോടെയാണ് അറിഞ്ഞത്. മലങ്കര സഭയുടെ മെത്രാപ്പോലീത്തന്മാരോടും വൈദികരോടും വിശ്വാസികളോടും എൻ്റെ വ്യകതിപരമായ അനുശോചനവും, നിങ്ങള്‍ അനുഭവിക്കുന്ന നഷ്ടത്തോട് പ്രാര്‍ത്ഥനാധിഷ്ഠിതമായ ഐക്യവും അറിയിക്കുന്നു. സഭയുടെ ഇടയനും ആത്മീക പിതാവുമായി സേവനമനുഷ്ടിച്ച പരിശുദ്ധ പിതാവിൻ്റെ ശ്രേഷ്ടമായ ഇടയ ശുശ്രൂഷയിലൂടെ നിങ്ങള്‍ക്ക് ലഭിച്ച അനേക ദാനങ്ങളെ പ്രതി ഞാന്‍ ദൈവത്തിന് നന്ദി സമര്‍പ്പിക്കുന്നു. 2013 സെപ്റ്റംബറില്‍ റോമില്‍ വച്ച് ഞങ്ങള്‍ പരസ്പരം ഒരുമിച്ചു കൂടിയത് പ്രത്യേകം നന്ദിപൂര്‍വം ഞാന്‍ സ്മരിക്കുന്നു. യേശുക്രിസ്തുവിൻ്റെ മഹത്വത്തിലേക്ക് നമ്മൾക്ക് നമ്മുടെ ദൃഷ്ടികളെ ഉയര്‍ത്താം – മരണത്തിന്മേല്‍ അവൻ്റെ വിജയമാണല്ലോ നമ്മുടെ രക്ഷ. ഉത്ഥിതനായ ക്രിസ്തുവാണ് നമ്മോട് പ്രസംഗിക്കപ്പെട്ടത്, അവനെത്തന്നെയാണല്ലോ നമ്മള്‍ വിശ്വാസത്താല്‍ സ്വീകരിച്ചതും. നമ്മള്‍ അവനോട് ബന്ധിക്കപ്പെട്ടിരിക്കുന്നു. അവനാല്‍ നമ്മള്‍ രക്ഷിക്കപ്പെട്ടുമിരിക്കുന്നു (1 കൊരി. 15: 1-2). അഭി. തിരുമേനി, എൻ്റെ സഹോദര ഐക്യവും പ്രാര്‍ത്ഥനാപൂര്‍വ്വമായി ഒരുമയും ദയവായി സ്വീകരിക്കുമല്ലോ. പരി.ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ ബാവായെ, സര്‍വ്വ ശക്തന്‍ തൻ്റെ രാജ്യത്തില്‍ സ്വീകരിച്ച് നിത്യ വിശ്രമം നല്‍കട്ടെ. അദ്ദേഹത്തിൻ്റെ ശ്രേഷ്ടമായ സഭാ സേവനത്തിൻ്റെ ഓര്‍മ്മ എല്ലാവര്‍ക്കും പ്രചോദനമായി അവശേഷിക്കട്ടെ.’‘എന്ന് പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ തൻ്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു. റോമൻ കാതോലിക്ക പൊന്തിഫിക്കൽ കൌൺസിൽ ഫോർ ക്രിസ്ത്യൻ യൂണിറ്റിയ്ക്ക് വേണ്ടി അഭിവന്ദ്യ. കർദിനാൾ കുർട് കോച്ചും മലങ്കര സഭയുടെ പരിശുദ്ധ സുന്നഹദോസ് സെക്രട്ടറിയെ അനുശോചനം അറിയിച്ചു.

പരിശുദ്ധ കിറിൽ ഒന്നാമൻ പാത്രിയർകീസ് – റഷ്യൻ ഓര്‍ത്തഡോക്സ് സഭ.
ലോകത്തെ ഏറ്റവും വലിയ ഓർത്തഡോക്സ്‌ സഭയായ റഷ്യൻ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ കിറിൽ ഒന്നാമൻ പാത്രിയർകീസ് പരിശുദ്ധ പിതാവിൻ്റെ ദേഹവിയോഗത്തിൽ കടുത്ത ദു:ഖവും അനുശോചനവും അറിയിച്ചു. 2019 സെപ്റ്റംബറിൽ പരിശുദ്ധ കാതോലിക്ക ബാവായുടെ ഊഷ്മളമായ റഷ്യൻ സന്ദർശനത്തെ അനുസ്‌മരിച്ച പരിശുദ്ധ പാത്രിയർകീസ്, പരിശുദ്ധ കാതോലിക്ക ബാവയ്ക്ക് റഷ്യൻ സഭയോടും അതിൻ്റെ പാരമ്പര്യത്തോടും ആത്യാത്മിക ആഴങ്ങളോടുമുള്ള അതീവ താല്പര്യത്തെ സ്മരിച്ചു. കാലം ചെയ്യുന്നതിന് കുറച്ചു നാൾ മുൻപ് പരിശുദ്ധ കാതോലിക്ക ബാവ എഴുതിയ ഒരു ലേഖനത്തിൽ റഷ്യൻ സഭയെ പറ്റിയും, റഷ്യൻ സഭയുടെ പ്രഖ്യാപിത പരിശുദ്ധയായ മാട്രോനയെ പറ്റി വിവരിച്ചതുമൊക്കെ എടുത്തു പറഞ്ഞ പരിശുദ്ധ കിറിൽ ഒന്നാമൻ, കാലം ചെയത പരിശുദ്ധ കാതോലിക്ക ബാവായുടെ 10 വർഷത്തെ വിവേകപൂർണമായ നേതൃത്വം മൂലം ഇന്ത്യയിൽ മാത്രമല്ല, ക്രൈസ്തവ ലോകമാകമാനം മലങ്കര സഭയുടെ സ്വാധീനവും, ശ്രേയസും വർധിപ്പിച്ചു എന്ന് പരിശുദ്ധ കിറിൽ പാത്രിയർകീസ് അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു. റഷ്യൻ സഭയുടെ എക്സ്റ്റർനൽ ചർച്ച റിലേഷനഷ് ഡിപ്പാർട്മെന്റിന് വേണ്ടി അഭിവന്ദ്യ. ഹിലാരിയോൻ മെത്രാപ്പോലീത്തയും അനുശോചന സന്ദേശം അറിയിച്ചു. പരിശുദ്ധ പിതാവ് അതീവ ഗുരുതരാവസ്ഥയിൽ പരുമല സെന്റ്‌ ഗ്രീഗോറിയോസ് കാൻസർ സെന്ററിൽ ചികില്സയിലാണ് എന്ന മനസിലാക്കിയ പരിശുദ്ധ കിറിൽ ഒന്നാമൻ പരിശുദ്ധ കാതോലിക്ക ബാവായുടെ രോഗാവസ്ഥയിലുള്ള വേദനയും ആശങ്കയും അറിയിച്ചു കൊണ്ട് പ്രാർത്ഥനാശംസകളോടെ മലങ്കരയിലേക്കു കത്തയച്ചത് മലങ്കര സഭയും കിഴക്കൻ ഓർത്തഡോക്സ്‌ സഭയായ റഷ്യൻ സഭയും തമ്മിലുള്ള ബന്ധത്തിൻ്റെ ആഴം വെളിവാക്കുന്നതാണ്.

പരിശുദ്ധ ബർത്തോലോമ ഒന്നാമൻ – എക്യൂമെനിക്കൽ പാത്രിയർകീസ് ഓഫ് കോൺസ്റ്റാന്റിനോപ്പിൾ.
സംയുകത കിഴക്കൻ ഓർത്തഡോക്സ്‌ സഭകളുടെ ആത്മീയ മേലധ്യക്ഷനായ എക്യൂമെനിക്കൽ പാത്രിയർകീസ് ഓഫ് കോൺസ്റ്റാന്റിനോപോളായ പരിശുദ്ധ ബർത്തോലോമ ഒന്നാമൻ പാത്രികിസ് മലങ്കര സഭയ്ക്ക് അയച്ച സന്ദേശത്തിൽ പരിശുദ്ധ കാതോലിക്ക ബാവായുടെ ദേഹവിയോഗത്തിലുള്ള അനുശോചനവും, പ്രാർത്ഥനയും അറിയിച്ചു.

പരിശുദ്ധ പോപ്പ് തേവാഡ്രോസ് ദ്വിതീയൻ – കോപ്റ്റിക് ഓർത്തഡോക്സ്‌ ചർച്ച (അലക്സാണ്ടറിയ-ഈജിപ്ത്).
പരിശുദ്ധ പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ ദേഹവിയോഗത്തിൽ അതീവ ദുഃഖം അറിയിച്ച വി. മർക്കോസിൻ്റെ സിംഹാസനാധിപനായ പരിശുദ്ധ പോപ്പ് തേവാഡ്രോസ് ദ്വിതീയൻ, അലക്സാണ്ഡ്രിയൻ സഭയുടെയും പരിശുദ്ധ സുന്നഹദോസിൻ്റെയും അനുശോചനങ്ങളും പ്രാർത്ഥനകളും സഹോദരി സഭയായ മലങ്കര സഭയ്ക്ക് അയച്ച അനുശോചന കത്തിൽ അറിയിച്ചു.

പരിശുദ്ധ അബ്ബാ മത്യാസ് പാത്രിയർകീസ് – എത്യോപ്യൻ ഓർത്തഡോക്സ്‌ തേവാഹെഡോ സഭ.
പരിശുദ്ധ ടെക്കലെ ഹേമനോട്ട് സിംഹാസനത്തിൽ വാഴുന്ന എത്യോപ്യൻ ഓർത്തഡോക്സ്‌ തേവാഹെഡോ സഭയുടെ പരിശുദ്ധ അബ്ബാ മത്യാസ് പാത്രിയർകീസ്, വി.തോമശ്ലീഹായുടെ സ്ലൈഹീക സിംഹാസനാധിപനായിരുന്ന പരിശുദ്ധ കാതോലിക്ക ബാവായുടെ ദേഹവിയോഗത്തിൽ അനുശോചന സന്ദേശം അറിയിച്ചു. 2017 സെപ്റ്റംബറിലെ സ്ലീബാ പെരുന്നാൾ സന്ദർശനമുൾപ്പെടെ പരിശുദ്ധ കാതോലിക്ക ബാവ എത്യോപ്പിയിലേക്ക് നടത്തിയിട്ടുള്ള മൂന്ന് അനുഗ്രഹപ്രദമായ സന്ദർശനങ്ങളെയും സ്മരിച്ചു കൊണ്ട് എത്യോപ്യൻ ജനതയുടെയും എത്യോപ്യൻ സഭാവിശ്വാസികളുടെയും മനസ്സിൽ പരിശുദ്ധ പിതാവ് എക്കാലവും അനശ്വരമായിരിക്കും എന്ന് പരിശുദ്ധ അബ്ബാ മത്യാസ് പാത്രിയർകീസ് തന്റെ അനുശോചന സന്ദേശത്തിൽ സഹോദരി സഭയായ മലങ്കര സഭയെ അറിയിച്ചു. ഓറിയന്റൽ ഓർത്തഡോക്സ്‌ വിശ്വാസത്തിനും, എത്യോപ്യൻ ഓർത്തഡോക്സ്‌ സഭയ്ക്കും, സഭാന്തര ബന്ധങ്ങൾക്കും വേണ്ടി പരിശുദ്ധ കാതോലിക്ക ബാവ ചെയ്ത് എല്ലാ മഹത്വരമായ സേവനങ്ങളെയും പരിശുദ്ധ അബ്ബാ മത്യാസ് പാത്രിയർകീസ് അനുസ്‌മരിച്ചു.

പരിശുദ്ധ കരേക്കിൻ രണ്ടാമൻ കാതോലിക്കോസ് – സുപ്രീം പാത്രിയർകീസ് & കാതോലിക്കോസ് ഓഫ് ഓൾ അർമേനിയന്സ്.
കർത്താവിന്റെ ശിഷ്യന്മാരായിരുന്ന വി. ബർത്തോലോമയും വി. തദേയൂസും സ്ഥാപിച്ച അർമേനിയൻ അപ്പസ്തോലിക സഭയുടെ പരമാധികാരിയായ പരിശുദ്ധ കരേക്കിൻ രണ്ടാമൻ കാതോലിക്കോസ് മലങ്കര സഭയുടെ പരിശുദ്ധ ബസേലിയസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായുടെ ദേഹവിയോഗത്തിൽ സഹോദരി സഭയായ മലങ്കര സഭയെ അനുശോചനവും പ്രാർത്ഥനയും അറിയിച്ചു. ക്രൈസ്തവ ലോകത്തിനു പൊതുവായും, പ്രത്യേകാൽ ഓറിയന്റൽ ഓർത്തഡോക്സ്‌ സമൂഹത്തിനും അർമേനിയൻ ഓർത്തഡോക്സ്‌ സഭയ്ക്കും പരിശുദ്ധ കാതോലിക്ക ബാവായുടെ വിയോഗം നികത്താനാവാത്ത ഒരു നഷ്ടമാണ് എന്ന് പരിശുദ്ധ കരേക്കിൻ രണ്ടാമൻ കാതോലിക്കോസ് തന്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു. അർമേനിയൻ ഓർത്തഡോക്സ്‌ സഭയിൽ സുപ്രീം പാത്രിയർകീസ് & കാതോലിക്കോസ് ഓഫ് ഓൾ അർമേനിയൻസിനു കീഴിലായി സ്വയഭരണാധികാരമുള്ള കാതോലിക്കോസ് ഓഫ് സില്സ്യ, പാത്രിയാക്റ്റ് ഓഫ് ജെറുസലം, പാത്രിയാക്റ്റ് ഓഫ് കോൺസ്റ്റാന്റിനോപ്പിൾ & തുർക്കി എന്നീ പ്രാദേശിക ഉപസഭകളുമുണ്ട്.

പരിശുദ്ധ ആരാം ഒന്നാമൻ കാതോലിക്കോസ് – കാതോലിക്കോസ് ഓഫ് സിലിഷ്യ
ലെബനോനിലെ ആന്റലിയാസ് ആസ്ഥാനമായി ലെബനൻ, സിറിയ, സൈപ്രസ് എന്നീ ഭദ്രാസനങ്ങളുടെ സ്വയംഭരണാധികാരമുള്ള അർമേനിയൻ കാതോലിക്കോസായ പരിശുദ്ധ ആരാം ഒന്നാമൻ കാതോലിക്കോസ് സഹോദരി സഭയായ മലങ്കര സഭയുടെ പരിശുദ്ധ കാതോലിക്ക ബാവായുടെ ദേഹവിയോഗത്തിൽ അനുശോചന സന്ദേശം അറിയിച്ചു. മലങ്കര സഭയുടെ പരമോന്നത ബഹുമതിയായ “ഓർഡർ ഓഫ് സെന്റ്‌ ജോർജ്” 2010 ഫെബ്രുവരി 27 -നു ലഭിച്ചിട്ടുള്ള പരിശുദ്ധ ആരാം ഒന്നാമൻ കാതോലിക്കോസ്, പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവായുടെ കർത്തവ്യനിർവ്വഹകരണം, സുവിശേഷികരണം, ക്രിസ്തുസാക്ഷീകരണം എന്നീ മേഖലയിലെ മഹത്തായ സേവനങ്ങളെ അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു.

പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ – സിറിയൻ ഓർത്തഡോക്സ്‌ സഭ.
മലങ്കര സഭയുടെ ബസേലിയോസ് മാർത്തോമാ പൗലോസ് കാതോലിക്ക ബാവായുടെ കാലവിയോഗത്തിലുള്ള അനുശോചനം മലങ്കര സഭയുടെ മെത്രാപ്പോലീത്തന്മാർക്കും, വിശ്വാസികൾക്കുമായി അയച്ച കത്തിൽ ലെബനൻ ആസ്ഥാനമായ സിറിയൻ ഓർത്തഡോക്സ്‌ സഭയുടെ പരിശുദ്ധ പാത്രിയർകീസ് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ അറിയിച്ചു.

അഭിവന്ദ്യ. ടൈഖോൻ മൊല്ലാർഡ് – പരമാധികാരി, ഓർത്തഡോക്സ്‌ ചർച്ച ഇൻ അമേരിക്ക.
ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭാ വിഭാഗത്തിലുൾപ്പെട്ട അമേരിക്കൻ ഓർത്തഡോക്സ്‌ സഭയുടെ പരമാധികാരി അഭിവന്ദ്യ. ടൈഖോൻ മൊല്ലാർഡ് മെത്രാപ്പോലീത്ത പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയുടെ ദേഹവിയോഗത്തിൽ അമേരിക്കൻ ഓർത്തഡോക്സ്‌ സഭയുടെ അനുശോചനങ്ങളും, പ്രാർത്ഥനകളും മലങ്കര സഭയ്ക്ക് അയച്ച കത്തിൽ അറിയിച്ചു. 2015 -ൽ കോട്ടയം പഴയ സെമിനാരിയുടെ 200 -മത് വാർഷിക ആഘോഷങ്ങൾക്ക് എത്തിയ തനിക്കും, പ്രതിനിധി സംഘത്തിനും പരിശുദ്ധ പിതാവിൽ നിന്നും ലഭിച്ച സ്നേഹോഷ്മളമായ ആതിഥേയത്വത്തെയും അനുശോചന സന്ദേശത്തിൽ സ്മരിച്ചു.

മോസ്റ്റ്. റവറന്റ് ജസ്റ്റിൻ വെൽബി – ക്രാൻബെറി ആർച്ച്ബിഷപ്പ്, ചർച്ച ഓഫ് ഇംഗ്ലണ്ട്.
പരിശുദ്ധ പിതാവിൻ്റെ കാലഘട്ടത്തിൽ ഓറിയന്റൽ ഓർത്തഡോക്സ്‌ – ആംഗ്ലിക്കൻ ഇൻ്റർനാഷണൽ കമ്മീഷനുകളുടെ പ്രവർത്തന പന്ഥാവിനും അപ്പുറം ആംഗ്ലിക്കൻ സഭയുമായി മലങ്കര സഭയുടെ പരിശുദ്ധ കാതോലിക്ക ബാവ തിരുമേനി നടത്തിയ കൂട്ടായ്മയും ഊഷ്മള ബന്ധവും അനുസ്‌മരിച്ച ആംഗ്ലിക്കൻ സീനിയർ ബിഷപ്പും സഭാധ്യക്ഷനുമായ മോസ്റ്റ്. റവറന്റ് ജസ്റ്റിൻ വെൽബി പരിശുദ്ധ പിതാവിൻ്റെ വേർപാടിൽ ദുഃഖവും അനുശോചനവും അറിയിച്ചു.

മോസ്റ്റ്. റെവ. ജോഷിയഹ് ഐഡോ ഫെരോൺ – സെക്രട്ടറി ജനറൽ, ആംഗ്ലികൻ കമ്മ്യൂണിയൺ.
മലങ്കര സഭയുടെ പരിശുദ്ധ കാതോലിക്ക ബാവായുടെ ദേഹവിയോഗത്തിലുള്ള ദുഖവും അനുശോചനവും അറിയിച്ചു കൊണ്ട് ആംഗ്ലികൻ കമ്മ്യൂണിയൺ സെക്രട്ടറി ജനറൽ മോസ്റ്റ്. റെവ. ജോഷിയഹ് ഐഡോ ഫെരോൺ അയച്ച സന്ദേശത്തിൽ വിദേശത്തും, കേരളത്തിലും വെച്ച് നടന്ന ആംഗ്ലിക്കൻ – ഓറിയന്റൽ ഓർത്തഡോക്സ്‌ അന്താരാഷ്ട്ര കമ്മീഷണുകൾക്ക് വേണ്ടി പരിശുദ്ധ കാതോലിക്ക ബാവ ചെയ്ത് സേവനങ്ങളെ സ്മരിച്ചു.

അഭിവന്ദ്യ. മോർ ഫിലിപ്പോസ് മെത്രാപ്പോലീത്ത – സിറോ ഓർത്തഡോക്സ്‌ ചർച്ച ഓഫ് മാർത്തോമാ.
മലങ്കര സഭയുടെ പുത്രി സഭയായി കണക്കാക്കപ്പെടുന്ന സിറോ ഓർത്തഡോക്സ്‌ ചർച്ച ഓഫ് മാർത്തോമാ ഫ്രാൻസിലെ ചന്ദായി നഗരം ആസ്ഥാനമായി യൂറോപ്പ്യൻ മേഖലയിൽ പ്രവർത്തിക്കുന്ന സഭയാണ്. മലങ്കര സഭയുടെ ആരാധനയും, പാരമ്പര്യവും, വിശ്വാസവുമാണ് അഭിവന്ദ്യ. മോർ ഫിലിപ്പോസ് മെത്രാപ്പോലീത്ത അധ്യക്ഷനായുള്ള സിറോ ഓർത്തഡോക്സ്‌ ചർച്ച ഓഫ് മാർത്തോമാ. മലങ്കര സഭയുടെ പരിശുദ്ധ കാതോലിക്ക ബാവായുടെ ദേഹവിയോഗത്തിലുള്ള ദുഖവും അനുശോചനവും അറിയിച്ചു കൊണ്ട് മലങ്കര സഭയുടെ ദുഃഖാചരണത്തിൽ തങ്ങളും പങ്ക്‌ ചേരുന്നതായി അഭിവന്ദ്യ. മോർ ഫിലിപ്പോസ് മെത്രാപ്പോലീത്ത അനുശോചന സന്ദേശത്തിൽ അറിയിച്ചു.

റെവ. അമ്മാനുവേൽ ബെഞ്ചമിൻ ഗരീബ് – ചെയർമാൻ, നാഷൻൽ ഇവന്ജലികൽ ചർച്ച കുവൈറ്റ്.
പരിശുദ്ധ കാതോലിക്ക ബാവായുടെ ദേഹവിയോഗം മലങ്കര സഭയ്ക്ക് മാത്രമല്ല, ക്രൈസ്തവ ലോകത്തിനും വിശേഷാൽ കുവൈറ്റ് ഇവന്ജലികൽ സമൂഹത്തിനും ഒരു തീരാ നഷ്ടമാണെന്നും, കുവൈറ്റിലെ ഇവന്ജലികൽ സമൂഹം എന്നും പരിശുദ്ധ പിതാവിനെയും അദ്ദേഹത്തിൻ്റെ നന്മകളെയും സ്മരിക്കും എന്ന് അറബ് വംശജനായ റെവ. അമ്മാനുവേൽ ബെഞ്ചമിൻ ഗരീബ് തൻ്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

റെവ. പ്രൊഫ് ഇയോൻ സൗക്ക – ജനറൽ സെക്രട്ടറി, വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ്.
മലങ്കര സഭയുടെ പരിശുദ്ധ കാതോലിക്ക ബാവായുടെ ദേഹവിയോഗത്തിലുള്ള ദുഖവും അനുശോചനവും വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിനു വേണ്ടി ജനറൽ സെക്രട്ടറി റെവ. പ്രൊഫ് ഇയോൻ സൗക്ക അറിയിച്ചു. എളിമയും, വിനയവും, ആർക്കും വളരെ എളുപ്പത്തിൽ സംവദിക്കുവൻ പ്രാപ്തനുമായിരുന്ന ഒരു ലളിത ജീവിതത്തിനു ഉടമയായിരുന്ന പരിശുദ്ധ പിതാവ് എന്ന് റെവ. ഇയോൻ സൗക്ക അനുശോചന സന്ദേശത്തിൽ അറിയിച്ചു.

ഓസ്‌ട്രേലിയിലെ ബ്രിസ്ബേൻ നഗരപിതാവ് അഡ്രിയാൻ സ്ക്രിന്നെർ, ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഇന്ത്യയക്കു വേണ്ടി ജനറൽ സെക്രട്ടറി ശ്രീ.മാത്യു ജോർജ് ചുനക്കര, ആംഗ്ലിക്കൻ സഭയുടെ സൗത്ത് വാക് (ലണ്ടൻ) ഭദ്രാസനത്തിന് വേണ്ടി ബിഷപ്പ് റൈറ്റ്. റെവ ക്രിസ്റ്റഫർ ചേസോൺ ബിഷപ്പ്, ചർച്ച ഓഫ് അയർലണ്ട് ബിഷപ്പ് റൈറ്റ്. റവ. മൈക്കിൾ ജോഫ്‌റിയ ജാക്ക്സൺ, ന്യൂയോർക്കിലെ സെന്റ്‌ വ്ളാഡ്മിർ ഓർത്തഡോക്സ്‌ തെയോളോജിക്കൽ സെമിനാരിക്ക് വേണ്ടി പ്രസിഡന്റ് വെരി.റെവ.ഡോ ചാഡ് ഹാറ്റ്ഫീൽഡ്, ഗ്രീക്ക് ഓർത്തഡോക്സ്‌ സഭയുടെ ഖത്തർ ആർച്ച്ബിഷപ്പ് അഭിവന്ദ്യ. മക്കാറീയോസ്, കോപ്റ്റിക് ഓർത്തഡോക്സ്‌ സഭയുടെ മെൽബൺ ഭദ്രാസനം തുടങ്ങി ക്രൈസ്തവ ലോകത്തു നിന്നും നിരവധി അനുശോചനങ്ങളാണ് വി.മാർത്തോമാ ശ്ലീഹായുടെ സ്ലൈഹീക പാരമ്പര്യത്തിൽ, സഹസ്രാബ്‌ധങ്ങളുടെ മഹത്ത്വരമായ ചരിത്രം പേറുന്ന ഭാരതത്തിൻ്റെ ദേശീയ ക്രൈസ്തവ സഭയുടെ ആസ്ഥാനത്തേക്ക് ഒഴുകിയെത്തിയത്.

മലങ്കര സഭയുടെ മഹിതാചാര്യൻ്റെ വിട വാങ്ങലുമായി ബന്ധപ്പെട്ട പ്രമുഖരുടെ അനുസമരണങ്ങളും, അനുശോചനങ്ങളും കോർത്തിണക്കി മലങ്കര സഭയുടെ മാധ്യമ വിഭാഗം തയ്യാറാക്കിയ പ്രത്യേക സപ്ലിമെന്റ്.

HH-Paulose-II-Funeral-Special

 

ദേശീയ സഭയുടെ പരിശുദ്ധ പിതാവിൻ്റെ ദേഹവിയോഗത്തിൽ രാജ്യത്തിൻ്റെ ആദരവും, അനുശോചനവും.

error: Thank you for visiting : www.ovsonline.in