പരിശുദ്ധ കാതോലിക്കാ ബാവായുടെ എക്യുമെനിക്കല്‍ ബന്ധങ്ങള്‍
മലങ്കരസഭയുടെ അന്തര്‍ദേശീയ – എക്യുമെനിക്കല്‍ സഭാ ബന്ധങ്ങള്‍ 1937-ലെ എഡിന്‍ബറോ സമ്മേളനം തുടങ്ങിയെങ്കിലുമുള്ളതാണ്. പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കാലത്ത് എക്യുമെനിക്കല്‍ ബന്ധങ്ങള്‍ക്ക് പുത്തന്‍ കാഴ്ചപ്പാടുകള്‍ പകര്‍ന്നു. ഇക്കാലത്ത് സഭാ തലവന്മാരുടെ പരസ്പര സന്ദര്‍ശനങ്ങളും സഹകരണങ്ങളും ഉദയകക്ഷി ബന്ധങ്ങളും വ്യാപകമായി.
എക്യുമെനിക്കല്‍ – സഭാന്തരബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി നിരവധി രാജ്യാന്തര യാത്രകളും കൂടിക്കാഴ്ചകളും പരിശുദ്ധ പൗലോസ് ദ്വിതീയന്‍ ബാവാ നടത്തി. ഈജിപ്റ്റ് (2012), എത്യോപ്യ (2013, 2017), വത്തിക്കാന്‍ (2013), ഇംഗ്ലണ്ട് (2013), ഓസ്ട്രിയാ (2013), അര്‍മേനിയ (2015), ലെബനോന്‍ (2015), ജര്‍മനി (2017), റഷ്യ (2019) തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ വിവിധ സഭാ സമ്മേളനങ്ങളും ഉഭയകക്ഷി ചര്‍ച്ചകളും ശ്രദ്ധേയമാണ്.
പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പായുമായി 2013-ല്‍ വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ച ശ്രദ്ധേയമായിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പാ സ്ഥാനമേറ്റ് ആറു മാസങ്ങള്‍ക്കകം ബാവായെ വത്തിക്കാനില്‍ സ്വീകരിച്ചു. കര്‍ശനമായ വത്തിക്കാന്‍ പ്രോട്ടോക്കോള്‍ പലതും മാറ്റി വച്ച് മഹാശയനായ മാര്‍പാപ്പാ വളരെയേറെ സമയം അതിഥിയായ ബാവായോടൊപ്പം സംഭാഷണത്തിനു ചെലവഴിച്ചു.
ഈജിപ്റ്റിലെ കെയ്റോയില്‍ കോപ്റ്റിക് സഭാ തലവന്‍ പോപ്പ് തെവദ്രോസ് രണ്ടാമന്‍റെ സ്ഥാനരോഹണത്തില്‍ 2012-ലും ആഡിസ് അബാബയില്‍ എത്യോപ്യന്‍ സഭയുടെ തലവന്‍ ആബൂനാ മത്ഥിയാസ് പാത്രിയര്‍ക്കീസിന്‍റെ സ്ഥാനാരോഹണത്തില്‍ 2013ലും മുഖ്യാതിഥിയായി സംബന്ധിച്ചു. കെയ്റോയില്‍ അന്ത്യോഖ്യാ പാത്രിയാര്‍ക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ് സക്കാ പ്രഥമന്‍ ബാവായെ സന്ദര്‍ശിച്ചു. എത്യോപ്യന്‍ സഭയുടെ മെസ്കല്‍ ആഘോഷത്തിലും 2017-ലും മുഖ്യാതിഥിയായിരുന്നു.
2015-ല്‍ അര്‍മേനിയന്‍ വംശവിച്ഛേദനത്തിന്‍റെ ശതാബ്ദി അനുസ്മരണ സമ്മേളനത്തില്‍ സംബന്ധിച്ചത് ഒരു ചരിത്രസംഭവമായിരുന്നു. എച്മിയാഡ്സിനില്‍ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളുടെ പ്രധാനമേലദ്ധ്യക്ഷന്മാരോടൊപ്പമായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവായുടെ സാന്നിധ്യം. അവിടെ എത്തിച്ചേര്‍ന്ന അഞ്ച് ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭാമേലദ്ധ്യക്ഷന്മാര്‍ ഒരു ഉന്നതതല യോഗം ചേര്‍ന്നു. 1965-ലെ ആഡീസ് അബാബാ സമ്മേളനത്തിനുശേഷം ആദ്യമായാണ് ഓറിയന്‍റല്‍ സഭാദ്ധ്യക്ഷന്മാര്‍ ഇപ്രകാരം ഒരുമിച്ചു ചേരുന്നത്. അന്ത്യോഖ്യാ പാത്രിയാര്‍ക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ ബാവായുമായുള്ള അത്യൂഷ്മളയായ കൂടിക്കാഴ്ചകളും ഒരുമിച്ചുള്ള പ്രാര്‍ത്ഥനയും ഭക്ഷണവുമെല്ലാം മറ്റു സഭാ തലവന്മാരെയും സഭയുടെ ഐക്യവും അനുരഞ്ജനവും സമാധാനവും ആഗ്രഹിക്കുന്ന എല്ലാ നല്ല മനുഷ്യരെയും പ്രത്യാശാനിര്‍ഭരരാക്കി. നൂറു വര്‍ഷം മുമ്പ് അര്‍മേനിയന്‍ വംശഹത്യയില്‍ വധിക്കപ്പെട്ടവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന ശുശ്രൂഷയിലും പങ്കെടുത്തു.
2015-ല്‍ തന്നെ സിലിസിയായിലെ അര്‍മേനിയന്‍ കാതോലിക്കാ ആരാം ഒന്നാമന്‍ ലെബനോനിലെ ആന്‍റിലിയാസില്‍ നടത്തിയ വിശുദ്ധ മൂറോന്‍ കൂദാശയിലും വിശിഷ്ടാതിഥിയായി ബാവാ പങ്കെടുത്തു. ഈ യാത്രയില്‍ അന്ത്യോഖ്യന്‍ സുറിയാനി കത്തോലിക്കാ പാത്രിയര്‍ക്കീസ് മാര്‍ ഇഗ്നാത്തിയോസ് യൂസഫ് മൂന്നാമന്‍ യൗനാനുമായി കൂടിക്കാഴ്ച നടത്തി.
റഷ്യന്‍ സഭയും മലങ്കര സഭയും തമ്മിലുണ്ടായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ റഷ്യന്‍ സഭയുടെ പരിശുദ്ധ കിറിള്‍ പാത്രിയര്‍ക്കീസുമായി മോസ്കോയില്‍ 2019-ല്‍ സംഭാഷണം നടത്തി, ഉദയ കക്ഷി ബന്ധത്തിന് സമിതി രൂപീകരിച്ചു.
2013-ല്‍ ഇംഗ്ലണ്ട് സന്ദര്‍ശിച്ച പരിശുദ്ധ ബാവായെ കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പിന്‍റെ ആസ്ഥാനമായ ലാംബത്ത് കൊട്ടാരത്തില്‍ ഒരു എക്യൂമെനിക്കല്‍ യോഗം ചേര്‍ന്നാണ് ആദരിച്ചത്. അതിനു മുന്‍പായി പ്രോ-ഓറിയന്‍റെയുടെ അതിഥിയായി വിയന്ന സന്ദര്‍ശിച്ചു. 2018ല്‍ ജര്‍മ്മനിയില്‍ മാര്‍ട്ടിന്‍ ലൂഥറിന്‍റെ മത നവീകരണത്തിന്‍റെ 500-ാം വാര്‍ഷികത്തില്‍ പങ്കെടുത്തു.
2012-ല്‍ എറണാകുളത്ത് കാതോലിക്കേറ്റ് ശതാബ്ദി സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംബന്ധിച്ച ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമായുമായി നടന്ന കൂടിക്കാഴ്ചയും അവിസ്മരണീയമായിരുന്നു. സഭാഭേദമെന്യേ വിശാല എക്യൂമിനിക്കല്‍ ബന്ധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സഭാ പിതാവാണ് പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ എന്ന് നിസംശയം പറയാം.
വര്‍ഗീസ് ജോണ്‍ – 9446412907
(ഫാ. ഡോ. കെ. എം. ജോര്‍ജ്, ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, ഫാ. ഏബ്രഹാം തോമസ്, ഡോ. എം. കുര്യന്‍ തോമസ്, ജോയ്സ് തോട്ടയ്ക്കാട് എന്നിവരോട് കടപ്പാട്).
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |