മലങ്കര അസോസിയേഷന്‍ ഒക്‌ടോബര്‍ 14 -ന് പരുമല സെമിനാരിയില്‍
കോട്ടയം: അര്‍ത്ഥവത്തായ ക്രിസ്തീയ ജീവിതത്തിലൂടെ ദൈവാനുരൂപരായി രുപാന്തരപ്പെടണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവാ. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേര്‍ന്നത്. പരിശുദ്ധ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി ഒരാളെ തിരഞ്ഞെടുക്കുന്നതിനായി ‘മലങ്കര അസോസിയേഷന്‍’ 2021 ഒക്‌ടോബര്‍ 14 പരുമല സെമിനാരിയില്‍ ചേരാന്‍ നിശ്ചയിച്ചതായി അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.
സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായ വിദ്യാര്‍ത്ഥികള്‍ക്കുളള മെറിറ്റ് സ്‌കോളര്‍ഷിപ്പുകളില്‍ 80 : 20 അനുപാതം അനുവദിച്ചുളള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി മാനേജിംഗ് കമ്മറ്റി യോഗം സ്വാഗതം ചെയ്തു. ഭരണ തുടര്‍ച്ച നേടിയ ഇടത് സര്‍ക്കാരിനും അതിന് നേതൃത്വം കൊടുക്കുന്ന ബഹു. മുഖ്യമന്ത്രി പിണറായി വിജയനെയും, ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെയും യോഗം അഭിനന്ദിച്ചു. തുടര്‍ച്ചയായി 12 തവണ പുതുപ്പളളിയില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ യോഗം അനുമോദിച്ചു. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
മാര്‍ത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്താ അഭി. ഫീലപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ വിയോഗത്തില്‍ യോഗം ദുഃഖം രേഖപ്പെടുത്തി. വെരി. റവ. സില്‍വാനിയോസ് റമ്പാന്‍, റവ. ഫാ. എം.എം മാത്യൂസ് ഓലിക്കല്‍ കോര്‍ എപ്പിസ്‌കോപ്പ, റവ. ഫാ. ജേക്കബ് മനയത്ത്, മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിളള, മാമ്മന്‍ വര്‍ഗീസ് (മലയാള മനോരമ പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ്) എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട് (പി.ആർ. ഒ)