OVS - Latest NewsOVS-Kerala News

വന്ദ്യ സിൽവാനോസ് റമ്പാച്ചൻ (61 വയസ്) ദൈവസന്നിധിയിലേക്ക്‌ ചേർക്കപ്പെട്ടു

മലങ്കര ഓർത്തഡോക്സ് സഭയുടെ പുതുപ്പാടി സെന്‍റ് പോള്‍സ് ആശ്രമം സുപ്പീരിയര്‍ വന്ദ്യ സിൽവാനോസ് റമ്പാച്ചൻ (61 വയസ്) ദൈവസന്നിധിയിലേക്ക്‌ ചേർക്കപ്പെട്ടു. പരുമല സെന്‍റ് ഗ്രീഗോറിയോസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന റമ്പാച്ചന്‍റെ ആരോഗ്യനില മോശമാകുകയും ഇന്ന് രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. തുമ്പമണ്‍ ഭദ്രാസനത്തില്‍പ്പെട്ട ചന്ദനപ്പള്ളി സെന്‍റ് ജോര്‍ജ് വലിയപള്ളി അംഗമാണ്. ചന്ദനപ്പള്ളി ചിറക്കരോട്ട് ജോഷ്വായുടേയും തങ്കമ്മയുടെയും പുത്രനായ റമ്പാച്ചന്‍ നന്നേ ചെറുപ്പത്തിലേ മലങ്കര സഭയുടെ സന്യാസ പ്രസ്ഥാനത്തിൽ ആകൃഷ്ടനാകുകയും, 1982-ല്‍ പുതുപ്പാടി ആശ്രമത്തില്‍ അംഗമാകുകയും ചെയ്തു. ആന്ധ്രയിലെ യാച്ചാരം എന്ന സ്ഥലത്ത് കുഷ്ഠരോഗികളുടെ കുഞ്ഞുങ്ങൾക്കായി തണൽ വീട് ഒരുക്കിയും അവരുടെ വിദ്യാഭ്യാസത്തിനും വളർച്ചക്കായും സ്വജീവിതം സമർപ്പിച്ചു. ജീവിതത്തില്‍ വഴിത്തിരിവായത് അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയുമായുള്ള ബന്ധമാണ്. ശെമ്മാശനായും കശ്ശീശയായും അദ്ദേഹത്തിനു പട്ടത്വ അഭിഷേകങ്ങള്‍ നൽകിയതും മാർ ഒസ്താത്തിയോസ് തിരുമേനിയായിരുന്നു. അഭിവന്ദ്യ തിരുമേനിയുടെ വത്സല ശിഷ്യനായി വളർന്ന് വന്ദ്യ കെ.എം.ഫിലിപ്പ് റമ്പാച്ചനൊപ്പം സഭയുടെ ഒട്ടേറെ ജീവകാരുണ്യ പദ്ധതികളുടെ ചുമതലക്കാരനായി അദ്ദേഹം സേവനം ചെയ്തു. അഭിവന്ദ്യരായ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ. യൂഹാനോന്‍ മാർ തേവോദോറോസ് എന്നീ മെത്രാപ്പോലീത്തന്മാർ ചേർന്ന് അദ്ദേഹത്തെ റമ്പാനായി സ്ഥാനാഭിഷേകം ചെയ്തു.

വന്ദ്യ കെ.എം.ഫിലിപ്പ് റമ്പാച്ചന്‍റെ വിയോഗത്തെ തുടർന്ന് വന്ദ്യ സിൽവാനോസ് റമ്പാച്ചനെ പുതുപ്പാടി ആശ്രമത്തിന്‍റെ സുപ്പീരിയറായും അനുബന്ധ സ്ഥാപനങ്ങളുടെ ഡയറക്ടറുമായി നിയമിച്ചു. മൂന്നു പതിറ്റാണ്ടുകൾ നീണ്ട സന്യാസജീവിതം ത്യാഗനിർഭരവും ദൈവീക സ്നേഹത്താൽ സമ്പന്നവുമായിരുന്നു. ഇറ്റാർസിയിൽ തുടങ്ങി ഹൈദ്രബാദ്, യാച്ചാരം, പൂനെ, ഒടുവിൽ പുതുപ്പാടിയിൽ എത്തി നിന്ന വിശ്രമ രഹിതമായ ഈ ഭൂമിയിലെ യാത്രയ്ക്ക് വിരാമമിട്ട് സ്വര്‍ഗീയ മാലാഖ വൃന്ദത്തോടോപ്പം റമ്പാച്ചൻ ചേർക്കപ്പെട്ടു.

പറുദീസായുടെ അവകാശിയായ പുരോഹിതാ, സമാധാനത്തോടെ പോവുക…

സംസ്കാര ശുശ്രൂഷ

20/05/2021, വ്യാഴം, 9 AM പുതുപ്പാടി ആശ്രമ ചാപ്പലിൽ

 

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in