എന്താണ് മലങ്കര സഭയിലെ തർക്കം? ഭാഗം 1
എന്താണ് മലങ്കര സഭയിലെ തർക്കം? കോടതികൾ എന്തു പറഞ്ഞു? സഭാ തർക്കം സ്വത്തിനു വേണ്ടിയോ? കേസുകൾ കൊടുത്തത് ഓർത്തഡോക്സ് സഭയോ?
നിലവിലെ സാഹചര്യങ്ങളെ ചരിത്ര പശ്ചാത്തലത്തിലും കോടതി വിധികളുടെ പശ്ചാത്തലത്തിലും പൊതുജനങ്ങളുടെ അറിവിലേക്കായി ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ വിശദീകരിക്കുന്നു. 1900-കളുടെ ആരംഭം മുതൽ 2018 വരെയുണ്ടായിട്ടുള്ള വിവിധ തർക്കങ്ങളെ സമഗ്രമായി അവതരിപ്പിക്കുകയാണ് ഈ ലേഖന പരമ്പരയുടെ ലക്ഷ്യം.
ഒന്നായിരുന്ന കേരളത്തിലെ ക്രൈസ്തവ സഭയിൽ കാലാകാലങ്ങളിൽ പിരിച്ചിലുകൾ ഉണ്ടായിട്ടുണ്ട്. അതിൽ ബഹുഭൂരിപക്ഷവും ഏതെങ്കിലുമൊരു പാശ്ചാത്യ സഭാ വിഭാഗം മലങ്കര സഭയുടെ ആഭ്യന്തര വിഷയങ്ങളിൽ കൈ കടത്തിയപ്പോൾ ഉണ്ടായതാണ്. അങ്ങനെ ഏതെങ്കിലും പാശ്ചാത്യ സഭയുടെ വാലായി പോയ പല സഭകളും ഇന്നു സ്വകീയതയും സ്വതന്ത്രതയും അവകാശപ്പെടുന്നത് വിരോധഭാസവും. ആ നിരവധിയായ പിരിച്ചിലുകളിലേക്ക് കടന്നു ചെല്ലുവാൻ ഇപ്പോൾ താൽപര്യപ്പെടുന്നില്ല. കഴിഞ്ഞ നൂറു വർഷമായി തുടരുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും യാക്കോബായ സഭയെന്നു 2002 മുതൽ പേര് സ്വീകരിച്ച അതിലെ വിഘടിത കൂട്ടായ്മയായും തമ്മിലുള്ള തർക്കത്തെപ്പറ്റി മാത്രമാണ് ഈ ലേഖന പരമ്പരയിൽ വിശദീകരിക്കുന്നത്. അതിനായി ഇരുപതാം നൂറ്റാണ്ടിലെ മലങ്കര സഭയെ പരിഗണിക്കുന്നു.
ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകത്തിൽ മലങ്കര സഭ ഒന്നായിരുന്നു. അത് മലങ്കര സുറിയാനി സഭയെന്നു അറിയപ്പെട്ടു. സുറിയാനി സഭാ മാസികയും മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനും ഒക്കെ ആ പേര് വഹിച്ചിരുന്നു. യാക്കോബായക്കാർ എന്നും അവരെ വിളിച്ചു പോന്നിരുന്നു. ചരിത്രപരമായി ആരാണ് യാക്കോബായക്കാർ എന്നു നോക്കാം. പലപ്പോഴും പലരും പറഞ്ഞിട്ടുള്ള വിഷയമാണ്. എ.ഡി 451-ൽ ക്രൈസ്തവ സഭയിൽ ആദ്യ വിഭജനം ഉണ്ടായി. ക്രിസ്തുവിൻ്റെ ദൈവത്വവും മനുഷ്യത്വവും എങ്ങനെ യോജിച്ചിരിക്കുന്നു എന്നതായിരുന്നു തർക്ക വിഷയം. ആശയഭിന്നതയെ അടിസ്ഥാനമാക്കി രണ്ട് വിഭാഗങ്ങൾ ഉണ്ടായി. ഏകസ്വഭാവ വാദികളും ഇരു സ്വഭാവ വാദികളും. ഭൂരിപക്ഷമുണ്ടായിരുന്ന ഇരു സ്വഭാവ വാദികളുടെ വാദത്തെ കൽക്കദൂനിൽ കൂടിയ സഭാ കൗൺസിൽ അംഗീകരിച്ചു. തീരുമാനത്തെ അംഗീകരിക്കാതെ പുറത്ത് പോയവർ കഠിനമായി പീഡിപ്പിക്കപ്പെട്ടു. ആ സമയത്ത് ഏക സ്വഭാവ വാദികളുടെ നേതൃത്വ നിരയിലേക്ക് മാർ യാക്കോബ് ബൂർദാന കടന്നു വന്നു. അദ്ദേഹത്തിൻ്റെ അനുയായികളെ ഇരുസ്വഭാവ വാദികൾ കളിയാക്കി വിളിച്ച പേരാണ് യാക്കോബായക്കാർ. ഇന്നുള്ള എല്ലാ ഒറിയന്റൽ ഓർത്തഡോക്സ് സഭകളും (കോപ്ടിക്, അർമീനിയ, അന്ത്യോഖ്യ, ഇന്ത്യൻ, എത്യോപ്യ, എറിത്രിയ) അന്നു യാക്കോബായക്കാർ എന്നു വിളിക്കപ്പെട്ടവരാണ്. എന്നാൽ ഇവരാരും ഇന്ന് ആ പേര് ഉപയോഗിക്കുന്നില്ല. കാരണം അത് പരിഹാസപേരാണെന്നു അവർക്കു ബോദ്ധ്യമുള്ളതു കൊണ്ടു തന്നെ. മലങ്കര സഭയും ഒരിക്കൽ ഈ പേരിൽ അറിയപ്പെട്ടിരുന്നു. അത് നല്ല പേരല്ലയെന്നു ഭരണഘടനാ രചയിതാക്കൾക്ക് ബോദ്ധ്യമുണ്ടായിരുന്നതിനാൽ അതിനെ ഉപേക്ഷിച്ചു യഥാർഥ പേരായ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്നു സാക്ഷാൽ പേര് ഔദ്യോഗികമായി സ്വീകരിച്ചു. ഈ വിവരം ഭരണഘടനയുടെ മൂന്നാം വകുപ്പിൽ ചേർത്ത് ഔദ്യോഗികവുമാക്കി. 1857-ൽ നടന്ന ഒന്നാം സ്വാതന്ത്യ സമരത്തെ കളിയാക്കി ബ്രിട്ടീഷുകാർ വിളിച്ച പേരാണ് ശിപായി ലഹളയെന്നത്. നമ്മുടെ ചില ചരിത്രകാരന്മാരും അത് ഉപയോഗിച്ചു. അതേപോലെ തന്നെ പൗരസ്ത്യ ഓർത്തഡോക്സ് സഭയെ പരിഹസിക്കാൻ ഉപയോഗിച്ച യാക്കോബായ എന്ന പദം 2002-ൽ ഔദ്യോഗികമായി സ്വീകരിച്ച മലങ്കരയിലെ വിഘടിത വിഭാഗം പുരാതന സഭയാണെന്ന വാദം തന്നെ അടിസ്ഥാനമില്ലാത്തതാണ്.
1665-ലാണ് ഒരു അന്ത്യോഖ്യൻ മെത്രാൻ മലങ്കര സന്ദർശിക്കുന്നത്. യെരുശലേമിൻ്റെ മെത്രാനായിരുന്ന മാർ ഗ്രീഗോറിയോസ് അബ്ദൽ ജലീൽ. അദ്ദേഹത്തിലൂടെ മലങ്കരയിൽ അന്ത്യോഖ്യൻ രീതിയിലുള്ള ആരാധനക്രമങ്ങളും മലങ്കരയിൽ എത്തിച്ചേർന്നു. തുടർന്നു വന്ന നിരവധി മെത്രാൻമാരുടെ ശ്രമഫലമായി പാശ്ചാത്യ സുറിയാനി ആരാധന മലങ്കരയിൽ വ്യാപകമായി. 1842-ൽ പാലക്കുന്നത്ത് മാത്യൂസിനെ അന്ത്യോഖ്യായുടെ പാത്രിയർക്കീസായിരുന്ന ഇഗ്നാത്തിയോസ് ഏലിയാസ് ദ്വിതിയിൻ മെത്രാനായി വാഴിച്ചു. അന്ത്യോഖ്യൻ പാത്രിയർക്കീസിൽ നിന്നു പട്ടം നേടുന്ന ആദ്യ നാട്ടു മെത്രാനും അങ്ങനെ പാലക്കുന്നത്ത് മാത്യൂസ് മാർ അത്താനാസിയോസ് ആയിത്തീർന്നു. എന്നാൽ മലങ്കര പള്ളിയോഗത്തിൻ്റെ അംഗീകാരം കൂടാതെ ശീമയിൽ നിന്നു പട്ടം നേടി വന്ന അത്താനാസിയോസ് നവീകരണാശയങ്ങളോട് പ്രതിപത്തിയുള്ള വ്യക്തി കൂടി ആയതിനാൽ അദ്ദേഹത്തെ സ്വീകരിക്കുവാൻ സഭ തയ്യാറായില്ല. എന്നാൽ രാജകീയ വിളംബരം കൂടി ലഭിച്ചതോടെ അത്താനാസിയോസ് മലങ്കര മെത്രാനായി ഭരണം തുടങ്ങി. പാത്രിയർക്കീസിൻ്റെ അധികാരപത്രത്തെപ്പറ്റി വിളംബരത്തിൽ പരാമർശം ഉണ്ടാവുക കൂടി ചെയ്തതിനാൽ കോട്ടൂർ പള്ളിയിൽ വച്ച് കൂടിയ മലങ്കര പള്ളിയോഗം പുലിക്കോട്ടിൽ ഇട്ടൂപ്പ് റമ്പാനെ മെത്രാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത് ആമീദിലേക്ക് അയച്ചു. അമീദിൽ വച്ച് 1865 ഏപ്രിൽ 30-നു ഇഗ്നാത്തിയോസ് യാക്കോബ് ദ്വിതിയൻ പാത്രിയർക്കീസ് അദ്ദേഹത്തെ യൗസേഫ് മാർ ദീവന്നാസിയോസ് എന്ന പേരിൽ മെത്രാനായി വാഴിച്ചു. തിരിച്ചു വന്ന ദീവന്നാസിയോസ് അത്താനാസിയോസുമായി മലങ്കര മെത്രാൻ സ്ഥാനത്തിനു അവകാശം ഉന്നയിച്ചു. അത്രകണ്ട് ശ്രമങ്ങൾ വിജയിക്കാതിരുന്നപ്പോൾ പാത്രിയർക്കീസിനെ തന്നെ മലങ്കരയിലേക്കു വരുത്തുവാൻ സഭ തീരുമാനിച്ചു. അപ്രകാരം 300 പവൻ യാത്രാ ചെലവ് അയച്ചു കൊടുത്തതിൻ പ്രകാരം 1875 -ൽ ഇഗ്നാത്തിയോസ് പത്രോസ് തൃതിയൻ പാത്രിയർക്കീസ് മലങ്കരയിലെത്തി. മലങ്കര സന്ദർശിച്ച ആദ്യ അന്ത്യോഖ്യൻ പാത്രിയർക്കീസ്. മലങ്കരയിലെ സമൂഹത്തിനെ മുഴവനായി വേഷവിധാനങ്ങളിൽ വരെ ശീമവൽക്കരിക്കുവാൻ അദ്ദേഹം ശ്രമിച്ചു. പൊതു അംഗീകാരം വാങ്ങാതെ മലങ്കരയെ ഏഴ് ഇടവകകളായി പാത്രിയർക്കീസ് തിരിച്ചു. ആറ് മെത്രാൻമാരെ വിധേയത്വത്തിൻ്റെ രജിസ്ട്രേഡ് ഉടമ്പടികൾ വാങ്ങി വാഴിച്ചു. മലങ്കര സഭയും ശക്തമായി പ്രതിഷേധിച്ചു. തന്നിഷ്ടപ്രകാരമുള്ള നടപടികളിൽ പ്രതിഷേധിച്ച് മാനേജിംഗ് കമ്മറ്റി രാജിവച്ചു. കൂടുതൽ അധികാരപ്രയോഗത്തിനായി 1877 ജനുവരിയിൽ കൂടിയ അസോസിയേഷൻ ബഹിഷ്കരിച്ചു. ഇതിനിടെ നവീകരണക്കാരുമായുള്ള തർക്കങ്ങൾ കോടതികൾ കടന്ന് തിരുവിതാംകൂർ റോയൽ കോടതിയിൽ എത്തി. 1898-ൽ ജോസഫ് മാർ ദീവന്നാസിയോസിനു അനുകൂലമായി കോടതി വിധി ഉണ്ടായി. അന്ത്യോഖ്യൻ പാത്രിയർക്കീസിനു ആത്മീയ മേൽനോട്ടം മാത്രമേയൊള്ളു എന്ന കോടതി പരാമർശം പാത്രിയർക്കീസിനെ ചൊടിപ്പിച്ചു എന്നതിനു സമകാലിക രേഖകൾ ഉണ്ട്.
പത്രോസ് തൃതിയൻ പാത്രിയർക്കീസ് 1895 -ൽ കാലം ചെയ്തു. പിൻഗാമിയായി ഇഗ്നാത്തിയോസ് അബ്ദേദ് മശിഹാ (ദ്വിതിയൻ) വാഴിക്കപ്പെട്ടു. തിരഞ്ഞെടുപ്പിൽ അബ്ദേദ് മശിഹാ പരാജയപ്പെടുത്തിയത് അബ്ദുള്ള മാർ ഗ്രീഗോറിയോസിനെയായിരുന്നു. ഈ അബ്ദുള്ള മാർ ഗ്രീഗോറിയോസ് പത്രോസ് തൃതിയൻ്റെ കൂടെ മലങ്കരയിൽ എത്തിയ വ്യക്തിയും ദ്രവ്യഗ്രഹിയെന്നു പാത്രിയർക്കീസിനാൽ സാക്ഷ്യപ്പെടുത്തപ്പെട്ട വ്യക്തിയുമാണ്. സ്ഥാനം ലഭിക്കാതിരുന്ന ഗ്രീഗോറിയോസ് റോമാ സഭയിൽ ചേർന്നു. ധാരാളം പണം സമ്പാദിച്ച ശേഷം തുർക്കി സുൽത്താനെ സന്ദർശിച്ച് കൈക്കൂലി കൊടുത്ത് അബ്ദേദ് മശിഹായ്ക്കു സുൽത്താൻ നൽകിയിരുന്ന ഫർമാൻ (അധികാരപത്രം) പിൻവലിപ്പിച്ചു. തൻമൂലം സുൽത്താൻ്റെ അധികാരപരിധിയിൽ പാത്രിയർക്കീസിനടുത്ത അധികാരങ്ങൾ പ്രയോഗിക്കുക അസാധ്യമായിത്തീർന്നു. തുടർന്ന് മാർ ഗ്രീഗോറിയോസ് ഇഗ്നാത്തിയോസ് അബ്ദുള്ള ദ്വിതിയൻ പാത്രിയർക്കീസായി സ്ഥാനമേറ്റു. അങ്ങനെ അന്ത്യോഖ്യൻ സഭയിൽ ഒരേ സമയം രണ്ട് പാത്രിയർക്കീസൻമാർ ഉണ്ടായി. ഇങ്ങനെ ഒന്നിലധികം പാത്രിയർക്കീസൻമാർ ഉണ്ടായിരുന്നത് ഒരേസമയം മുൻപും ഉണ്ടായിട്ടുണ്ട്. 380-382 കാലഘട്ടത്തിൽ മിലിത്തോസ്, പൗലിയാനോസ് എന്ന രണ്ടു പേരും 13-ാം നൂറ്റാണ്ടിൽ മീഖായേൽ ദ്വിതിയൻ, ഇഗ്നാത്തിയോസ് അഞ്ചാമൻ എന്നീ രണ്ടു പേരും ഒരേ സമയം പാത്രിയർക്കീസൽമാരായി ഇരുന്നിട്ടുണ്ട് എന്ന് പാത്രിയർക്കീസ് കക്ഷിയുടെ മുഖപത്രമായിരുന്ന സഭാ ചന്ദ്രിക തന്നെ വിശദീകരിച്ചിട്ടുണ്ട്. (സഭാ ചന്ദ്രിക 1124 ഇടവം).
അബ്ദേദ് മശിഹാ പാത്രിയർക്കീസ് മുടക്കപ്പെട്ടവനോ? പാത്രിയർക്കീസ് കക്ഷി കഴിഞ്ഞ നൂറു വർഷമായി പറഞ്ഞു പറഞ്ഞു തേഞ്ഞു പോയ വാദമാണ് അബ്ദേദ് മശിഹാ പാത്രിയർക്കീസ് മുടക്കപ്പെട്ടവനാണെന്നത്. എന്നാൽ നാളിതുവരെ അതിനു ഒരു തെളിവും അവർക്കു ഹാജരാക്കാൻ സാധിച്ചിട്ടില്ല. സമുദായകേസിൽ 1113-ൽ പാത്രിയർക്കീസിൻ്റെ പ്രതിനിധി യൂലിയോസ് മെത്രാൻ മൊഴി കൊടുത്തപ്പോൾ പറഞ്ഞത് അബ്ദേദ് മശിഹായെ സുന്നഹദോസ് വിസ്തരിച്ചു മുടക്കി എന്നു പറഞ്ഞു. അബ്ദേദ് മശിഹായ്ക്കു ആറേഴു വർഷം ഭ്രാന്തായിരുന്നു എന്നു യൂലിയോസും ഒസ്താത്തിയോസും മൊഴി കൊടുത്തു. കൂടാതെ അപ്രകാരം മുടക്കി എന്നു പറയുന്ന ഒരു രേഖയും കോടതിയിൽ ഹാജരാക്കി. എന്നാൽ ഈ രേഖ കൃത്രിമമാണെന്നും സത്യത്തിനു നിരക്കാത്ത പ്രവർത്തിയാണ് ഈ മെത്രാന്മാരിൽ നിന്നു ഉണ്ടായതെന്നും കോടതികൾ വിധിച്ചു. (വട്ടിപ്പണം ജഡ്ജ്മെന്റ് para 253 ,254. സമുദായക്കേസ് ജില്ലാ ജഡ്ജ്മെന്റ് para 14)
അപ്രകാരം രണ്ട് പാത്രിയർക്കീസൻമാർ ഒരേ സമയം അന്ത്യോഖ്യൻ സിംഹാസനത്തിൽ ഇരുന്നിരുന്ന വിവരം മലങ്കരയിൽ അറിഞ്ഞിരുന്നു. ശീമയിൽ ഉണ്ടായിരുന്ന ഔഗേൻ റമ്പാൻ വട്ടശേരിൽ ഗീവറുഗീസ് മൽപാനു എഴുതിയതും വട്ടിപ്പണക്കേസിൽ B.M എന്നു നമ്പറിട്ടു കോടതിയിൽ ഹാജരാക്കുകയും ചെയ്ത കത്തിൽ അന്നത്തെ സാഹചര്യവും അബ്ദേദ് മശിഹായും അബ്ദുള്ളയും തമ്മിലൊരു താരതമ്യവും കാണുന്നുണ്ട്. അതിലെ പ്രസക്ത ഭാഗങ്ങൾ. … പാത്രിയർക്കീസിൻ്റെ സംഗതിയിൽ വലിയ കുഴപ്പം ഉണ്ടാകാൻ മാർഗമുണ്ട്… പഴയ പത്രിക്കീസിൽ (അബ്ദേദ് മശിഹാ) വലിയ തെറ്റൊന്നും ഇല്ലായിരുന്നു. ചില പ്രധാനികളുടെ ഇഷ്ടം സാധിച്ചില്ലായെന്നേയുള്ളു. തുറബ്ദീൻകാർ എല്ലാവരും അദ്ദേഹത്തെ മാത്രമേ സ്വീകരിക്കുകയൊള്ളു…. പുതിയ പാത്രിക്കീസിനെ വാഴിച്ചിട്ടു തിരിച്ചു ഇടവകയിൽ ചെന്നപ്പോൾ പള്ളിയിൽ കയറ്റാത്തതിനാൽ ചിലരെല്ലാം (മെത്രാൻമാർ) തിരിച്ചു ദയറായിൽ എത്തി തുടങ്ങിയിരിക്കുന്നു. പുതിയ ബാവായ്ക്ക് (അബ്ദുള്ള) മലയാളത്തെത്തി കുറേ പണം പിരിച്ചാൽ കൊള്ളാമെന്നുണ്ട്.. അനേകം വിലയേറിയ പുസ്തകങ്ങൾ ഇവിടങ്ങളിൽ ചിതറിക്കിടപ്പുണ്ട്. ഒരു കാശും കയ്യിൽ ഇല്ല. എഴുതുന്നതിനു കടലാസിനു പോലും പണമില്ല. മലയാളത്തു വല്ല മാന്യമാരും സഹായിച്ചെങ്കിൽ.. അബ്ദുള്ള പാത്രിയർക്കീസിന്റെ ദ്രവ്യഗ്രഹവും ശീമയിലെ ദരിദ്രാവസ്ഥയും സൂചിപ്പിക്കുന്ന മികച്ച സമകാലിക രേഖകളിൽ ഒന്നാണ്.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |
പുലിക്കോട്ടിൽ മാർ ദീവന്നാസിയോസിനു പ്രായം ഏറുകയാൽ പിൻഗാമിയെ തിരഞ്ഞെടുക്കേണ്ടത് ആവശ്യമായി വന്നു. അപ്രകാരം അസോസിയേഷൻ കൂടുവാൻ ജോസഫ് മാർ ദീവന്നാസിയോസ് 1083 മകരം രണ്ടാം തീയതി കൽപന അയച്ചു. അതിൻപ്രകാരം 1083 – ൽ പഴയ സെമിനാരിയിൽ കൂടിയ പൊതുയോഗം വട്ടശേരിൽ ഗീവറുഗീസ് റമ്പാനെയും കൊച്ചുപറമ്പിൽ പൗലോസ് റമ്പാനെയും മെത്രാൻ സ്ഥാനത്തേക്ക് മുമ്പേ തിരഞ്ഞെടുത്തത് അംഗീകരിച്ചു. തിരഞ്ഞെടുക്കപ്പെട്ടവർ സ്ഥാനം പ്രാപിക്കുവാൻ വലിയനോമ്പിൽ യെരുശലേമിൽ എത്തണമെന്നു അബ്ദുള്ള പാത്രിയർക്കീസ് അറിയിച്ചിരുന്നു. അതിൻപ്രകാരം നിയുക്ത മെത്രാൻമാർ യെരുശലേമിൽ എത്തി. മേടം 25-നു യോപ്പായിൽ എത്തിയെന്നു കല്ലാശേരിൽ പുന്നൂസ് റമ്പാൻ 1083 മേടം 25-നു യെരുശലേമിൽ നിന്നു എഴുതിയ കത്തിൽ പറയുന്നുണ്ട്. അങ്ങനെ 1083 ഇടവം 18-നു ഗീവറുഗീസ് റമ്പാനെ ദീവന്നാസിയോസ് എന്ന പേരിലും കൊച്ചുപറമ്പിൽ റമ്പാനെ കുറീലോസ് എന്ന പേരിലും പാത്രിയർക്കീസ് മെത്രാനായി വാഴിച്ചു. ഇതുമായി ബന്ധപ്പെട്ടും ഒരു വ്യാജപ്രചരണം പാത്രിയർക്കീസ് വിഭാഗം നടത്തിയിട്ടുണ്ട്. ഇന്നും നടത്തുന്നുണ്ട്. വട്ടശേരിൽ മാർ ദീവന്നാസിയോസ് കോടതിയിൽ വച്ചു പറഞ്ഞുവത്രെ കാപ്പയ്ക്കുള്ളിൽ ആയതിനാൽ തനിക്ക് ആരാണ് മെത്രാൻ സ്ഥാനം നൽകിയതെന്നു അറിയില്ലായെന്നു. ആരോ പഠിപ്പിച്ചതു പാടുക എന്നത് മാത്രമാണ് ഇവർ വർഷങ്ങളായി ചെയ്യുന്നത്. ഏത് കോടതിയിൽ വച്ചാണ് പറഞ്ഞതെന്നു തിരിച്ചു ചോദിച്ചാൽ ചിലർക്ക് ജില്ലാക്കോടതി ചിലർക്കു ഹൈക്കോടതി. എന്തിനു സുപ്രീം ക്കോടതിയെന്നു വരെ പറയുന്നവരുണ്ട്. എന്നാൽ എന്താണ് വാസ്തവമെന്നു പരിശോധിക്കുവാൻ പോലും ഇവർ തയ്യാറാവുന്നില്ല. 1091 ഇടവം 13-നും കുന്നംകുളം കേസിൽ മാർ ദീവന്നാസിയോസ് നൽകിയ മൊഴി പരിശോധിക്കാം.
“ഞാൻ മെത്രാൻ സ്ഥാനമേറ്റത് ഊർശ്ലേമിൽ വച്ചാണ്. ഞങ്ങൾ രണ്ടാൾക്കും ഒരേ സമയത്തുതന്നെ ആണ് പട്ടം തന്നത്. ഞങ്ങൾ ഇരുവർക്കും ഒരേ സ്ഥലത്തു വച്ചു തന്നെയാണ് പട്ടം തന്നത്. മെത്രാൻ സ്ഥാനം ഏറ്റ് തിരിച്ചുപോരുമ്പോൾ എനിക്ക് സ്ഥാത്തികോൻ തന്നിട്ടുണ്ട്. സ്ഥാത്തിക്കോൻ തന്നത് അബ്ദുള്ള പാത്രിയർക്കീസാണ്.
ചോ– ഊർശ്ലേമിലെ ഈഗുപ്തായ പാത്രിയർക്കീസും സുറിയാനി പാത്രിയർക്കീസും കൂടിയാണോ അവിടത്തേക്ക് പട്ടം നൽകിയത്.
ഉ– എനിക്ക് പട്ടം തന്നത് ഇവരും കൂടെ കൂടിയിട്ടാണ്. ഇവരും കൂടെ കൂടിയിട്ടാണ് എന്ന് പറഞ്ഞത് എനിക്ക് പട്ടം തന്ന സിനഡിൽ ഉൾപ്പെട്ടവരെന്നാണ്.
ചോ– ആരുടെ കാപ്പയ്ക്കകത്താണ് അവിടുത്തെ കയറ്റി നിർത്തി എന്ന് ഓർമ്മയുള്ളത്.
ഉ– കയറ്റി നിറുത്തി എങ്കിൽ അത് അബ്ദുള്ള പാത്രിയർക്കീസിൻ്റെ കാപ്പയ്ക്കകത്തു മാത്രമേ അവാൻ പാടുള്ളു. അങ്ങനെ ആയിരിക്കണം.
ചോ – ശുശ്രൂഷാ സമയത്ത് അവിടുത്തെ തലയിൽ ആരെങ്കിലും കൈവച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ആരാണ്?
ഉ – എല്ലാവരും കൂടെ കൈവയ്ക്കുന്നു എന്നുള്ള സ്ഥിതിയിൽ ഏവൻഗേലിയോൻ പിടിക്കുകയും അംശവടിയിൻമേൽ എല്ലാവരും പിടിക്കുകയും ചെയ്തിട്ടുണ്ട്. എൻ്റെ തലമേൽ ഓരോരുത്തർ മാറി മാറി കൈവച്ചിട്ടില്ല. അങ്ങനെ മാറി മാറി കൈ വയ്ക്ക പതിവില്ല. ഒരാൾ നേരെ കൈ വയ്ക്കുകയും മറ്റുള്ളവർ അതിനോടുകൂടെ സംബന്ധിക്കുകയുമാണ് പതിവ്. അങ്ങനെ ചെയ്തിരിക്കും.
ചോ – ഒരാൾ നേരെ കൈവയ്ക്കും എന്ന് പറഞ്ഞത് ആരാണ്?
ഉ – എൻ്റെ സംഗതിയിൽ അങ്ങനെ ചെയ്തത് അബ്ദുള്ള പാത്രിക്കീസ് ആയിരിക്കണം.
ചോ- അബ്ദുള്ള പാത്രിയർക്കീസ് ആയിരിക്കണം എന്നേയുള്ളോ അതോ ഓർമ്മയുണ്ടോ?
ഉ– കുറുബാന ചൊല്ലുന്ന ആളാണ് അങ്ങനെ ചെയ്ക പതിവ്. അബ്ദള്ളാ പാത്രിക്കീസാണ് കുറുബാന ചൊല്ലിയത്. അതിനാൽ അദ്ദേഹമായിരിക്കണം. മേൽപ്പട്ട സ്ഥാനമേൽക്കുന്ന ആളിൻ്റെ തലയും മുഖവും മിക്ക സമയങ്ങളിലും മൂടപ്പെട്ടിരിക്കുന്നതുകൊണ്ട് എനിക്ക് സ്ഥാനം തന്ന സമയത്ത് നടന്ന സംഗതികളെക്കുറിച്ച് ഒക്കെയും കണ്ടറി വായി പറവാൻ പാടില്ല.. ( കുന്നംകുളം കേസ് മൊഴി page 25, 27)
ഇതിൽ എവിടെയാണ് അബ്ദുള്ള പാത്രിയർക്കീസിനെ വട്ടശേരിൽ തിരുമേനി നിഷേധിച്ചത്. ഈ മൊഴിയെ അടിസ്ഥാനമാക്കി 1094 ചിങ്ങം 13-നു വട്ടിപ്പണക്കേസിൽ മാർ ദീവന്നാസിയോസിനെ വിസ്തരിച്ചപ്പോഴും ചോദ്യങ്ങൾ ചോദിക്കുകയുണ്ടായി.
ചോ- അവിടുന്ന് മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടപ്പോൾ അവിടുത്തെ തലയിൽ കൈവച്ചത് അബ്ദുള്ള പാത്രിക്കീസല്ലെ?
ഉ – നേരെ കൈവച്ചത് അബ്ദുള്ള പാത്രിയർക്കീസാണെന്നാണ് എൻ്റെ പൂർണ്ണ വിശ്വാസം.
ചോ- അവിടുന്നു സ്ഥാനമേറ്റ സമയം അവിടുത്തെ തലയിൽ കൈവച്ചത് അബ്ദുള്ള പാത്രിയർക്കീസ് ആണെന്ന് പൂർണ വിശ്വാസം മാത്രമേയുള്ളു, നിശ്ചയമില്ല എന്നാണോ പറയുന്നത്?
ഉ- നിശ്ചയമില്ല എന്നല്ല, കാണാൻ സാധിച്ചില്ല എന്നാണ്. (വട്ടിപ്പണക്കേസ് മൊഴി p. 1002)
ഈ തെളിവുകളിലൂടെ ഇന്നും ജീവിക്കുന്ന യാഥാർഥ്യത്തെയാണ് പാത്രിയർക്കീസ് വിഭാഗം നുറു വർഷമായി അവഹേളിച്ചും വളച്ചൊടിച്ചും കൊണ്ടു പ്രചരിപ്പിച്ചു പോന്നത്.
സ്ഥാനം പ്രാപിച്ച നവാഭിഷിക്ത മെത്രാൻ മാർ 1908 ജൂലൈ 17 -നു പഴയ സെമിനാരിയിൽ എത്തിച്ചേർന്നു. മലങ്കരയിൽ ഭിക്ഷാംദേഹിയായി കഴിഞ്ഞു പോന്നിരുന്ന സ്ലീബാ ശെമ്മാനെയും പാത്രിയർക്കീസ് ഒസ്താത്തിയോസ് എന്ന പേരിൽ മെത്രാനായി വാഴിച്ചിരുന്നു. തുടർന്ന് എത്രയും വേഗം ഭരണഭാരം ഒഴിയണമെന്ന് തീർച്ചപ്പെടുത്തി മാർ ദീവന്നാസിയോസ്, വട്ടശേരിൽ മാർ ദീവന്നാസിയോസിനെ പിൻഗാമിയായി കണക്കാക്കണമെന്നും വട്ടിപ്പണത്തിൻ്റെ പലിശ അദ്ദേഹത്തിൻ്റെ രസീതിൻപടി കൊടുക്കുകയും ചെയ്യണമെന്ന് ബ്രട്ടീഷ് റസിഡന്റിനു 1909 മെയ് മാസം 28-ാം തീയതി കത്തയച്ചു. കത്തയച്ച് ഒന്നര മാസം കഴിഞ്ഞപ്പോൾ, 1084 മിഥുനം 28-ാം തീയതി കോട്ടയം ചെറിയപള്ളിയിൽ വച്ച് കാലം ചെയ്തു. പിറ്റേന്ന് കോട്ടയം പഴയ സെമിനാരിയിൽ കബറടക്കി.
ജോസഫ് മാർ ദീവന്നാസിയോസിൻ്റെ മുപ്പതാം അടിയന്തരത്തിൽ ശേഷം 1084 കർക്കിടകം 28-നു പഴയ സെമിനാരിയിൽ കൂടിയ സമ്മേളനത്തെത്തുടർന്ന് വട്ടശേരിൽ മാർ ദീവന്നാസിയോസ് ഔപചാരികമായി ഭരണത്തിലേക്കു പ്രവേശിച്ചു. ഉടനെ തന്നെ അബ്ദുള്ള പാത്രിയർക്കീസ് മലങ്കരയിലേക്ക് എത്തുന്നു എന്നറിയിപ്പും കിട്ടിയിരുന്നു.
(തുടരും)
ഭാഗം 2 :- അബ്ദുള്ള എത്തുന്നു; കുഴഞ്ഞു മറിയുന്നു.
https://ovsonline.in/latest-news/malankara-church-dispute-part2/
https://ovsonline.in/articles/black-propaganda/