പരിശുദ്ധ കാതോലിക്കാ ബാവ അനുശോചിച്ചു
കോട്ടയം: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്താ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ വേര്‍പാട് ഭാരത ക്രൈസ്തവ സഭയ്ക്ക് ഒരു തീരാനഷ്ടമാണ് എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വതീയന്‍ കാതോലിക്കാ ബാവ. ദൈവത്തിനും മനുഷ്യര്‍ക്കും ഒരുപോലെ പ്രീതികരമായ നിലയില്‍ മഹാ പൗരോഹിത്യ ശുശ്രൂഷ എങ്ങനെ നിറപടിയായി നിര്‍വ്വഹിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായുടെ അജപാലന ശുശ്രൂഷ. കേരള ജനതയുടെ മനസ്സില്‍ ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ വ്യത്യാസങ്ങള്‍ക്കപ്പുറമായി നന്മയെ പ്രഘോഷിക്കുന്ന ഒരു നല്ല ഇടയന്റെ പ്രതീകമായി ചിരപ്രതിഷ്ഠ നേടുവാന്‍ ആ പിതാവിന് സാധിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഉത്തമനായ സ്‌നേഹിതനായി എന്നും അദ്ദേഹം നിലകൊണ്ടു എന്നത് നന്ദിയോടെ ഓര്‍ക്കുന്നുതായി പരിശുദ്ധ ബാവ പറഞ്ഞു.
ഇതരസഭാ മേലദ്ധ്യക്ഷന്മാരുടെയും സമുദായ നേതാക്കളുടെയും മനസ്സില്‍ അദ്ദേഹത്തിന് ഒരു പിതാവിന്റെയും ഗുരുവിന്റെയും സ്ഥാനം ഉണ്ടായിരുന്നു എന്നത് ആ പിതാവിന്റെ അതുല്യവും ശ്രേഷ്ഠവുമായ വ്യക്തിത്വത്തിന്റെ സവിശേഷതയാണ്. ആദ്ദേഹം പകര്‍ന്നുതന്ന ആഴമേറിയ ജീവിത ദര്‍ശനങ്ങളിലൂടെയും അതിരുകള്‍ക്കപ്പുറമുള്ള മാനവീക മൂല്യങ്ങളിലൂടെയും വിശ്വാസികളുടെ ഹൃദയങ്ങളില്‍ അദ്ദേഹം എന്നും ജീവിക്കും. വ്യക്തിപരമായി അദ്ദേഹം നല്‍കിയിട്ടുള്ള സ്‌നേഹത്തിനും വാത്സല്യത്തിനും ഉപദേശത്തിനും എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അനുശോചനവും ആദരാജ്ഞലികളും അര്‍പ്പിക്കുന്നതായി പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു.
ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് (പി.ആര്‍.ഒ)