OVS - ArticlesOVS - Latest News

മലങ്കര സഭാതര്‍ക്കം സംബന്ധിച്ച് പൊതുസമൂഹം അറിഞ്ഞിരിക്കേണ്ട സത്യങ്ങള്‍

മലങ്കര സഭയില്‍ ഇന്ന് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് തികച്ചും തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ ചില കേന്ദ്രങ്ങള്‍ തുടര്‍ച്ചയായി പ്രചരിപ്പിക്കുന്നതിനാല്‍ യഥാര്‍ത്ഥ വസ്തുതകള്‍ ഇവിടെ വ്യക്തമാക്കുകയാണ്.

1. കോടതിവിധികളുടെ ‘മറവില്‍’ പള്ളി പിടുത്തമോ?
മാര്‍ത്തോമ്മാശ്ലീഹായുടെ കാലം മുതല്‍ മലങ്കര നസ്രാണികള്‍ പണികഴിപ്പിച്ച പള്ളികള്‍ മലങ്കര സഭയെന്ന ട്രസ്റ്റില്‍ ഉള്‍പ്പെടുന്നു. അവയെല്ലാം 1934 ഭരണഘടന അനുസരിച്ചു ഭരിക്കപ്പെടണമെന്ന 1995, 2017 എന്നീ വര്‍ഷങ്ങളിലുണ്ടായ സുപ്രീം കോടതി വിധി നടപ്പാക്കേണ്ടത് കേരള ഗവണ്‍മെന്റാണ്. 1934-ലെ ഭരണഘടന അനുസരിക്കുന്നവര്‍ പള്ളിയില്‍ തുടരും. അത് അനുസരിക്കാത്തവര്‍ക്ക് പള്ളിയില്‍ തുടരുവാന്‍ സാദ്ധ്യമല്ലാതായിത്തീരുന്നു.

2. മൃതശരീരം വച്ചു വിലപേശുന്നുവോ?
മലങ്കര ഓര്‍ത്തഡോക്‌സ് സഭ നാളിതുവരെ മൃതശരീരങ്ങളോട് അനാദരവു കാട്ടുകയോ മൃതശരീരം വച്ച് വിലപേശുകയോ ചെയ്തിട്ടില്ല. വടവുകോട്, ഓടക്കാലി, കോതമംഗലം, കട്ടച്ചിറ, വെട്ടിത്തറ, പിറവം എന്നീ പള്ളികളില്‍ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളുടെയും വൈദികരുടേയും മൃതദേഹങ്ങളെ കോടതിവിധി മുഖാന്തിരം കബറടക്കുന്ന സമയത്ത് തടസ്സങ്ങള്‍ സൃഷ്ടിക്കുകയും കൂക്കി വിളിക്കുകയും ചെയ്തത് പാത്രിയര്‍ക്കീസ് വിഭാഗമാണെന്ന് വീഡിയോകള്‍ സാക്ഷിക്കുന്നു.

3. ന്യൂനപക്ഷം പള്ളികളില്‍ നിന്നു ഭൂരിപക്ഷത്തെ അടിച്ചിറക്കുന്നുവോ?
പള്ളിയുടെ ഉടമസ്ഥത മലങ്കരസഭയെന്ന ട്രസ്റ്റില്‍ നിക്ഷിപ്തമാണ്. ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും മലങ്കരസഭയില്‍ വിശ്വാസമുള്ളവര്‍ക്കും 1934-ലെ ഭരണഘടന അനുസരിക്കുന്നവര്‍ക്കും മാത്രമേ പള്ളികളില്‍ അംഗത്വമുണ്ടാവൂ. അവര്‍ മലങ്കര സഭകളിലെ പള്ളി സ്വത്തുക്കളുടെ ഉപഭോക്താക്കളും ആത്മീയ സമ്പത്തുകള്‍ അനുഭവിക്കാന്‍ അര്‍ഹതപ്പെട്ടവരുമാണ്. 2017-ലെ കോടതിവിധിയുടെ സംഗ്രഹത്തിലെ 5, 17 വകുപ്പുകള്‍ ഇതാണ് പറഞ്ഞിരിക്കുന്നത്.

4. കോടതി വിധികള്‍ അനുകൂലമായിട്ടുള്ളവര്‍ വിട്ടുവീഴ്ച ചെയ്യേണ്ടതല്ലേ?
മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി 1958-ല്‍ സുപ്രീംകോടതി വിധി വന്നപ്പോള്‍ പാത്രിയര്‍ക്കീസ് വിഭാഗക്കാര്‍ കോടതിവിധി അംഗീകരിച്ച് 1934-ലെ ഭരണഘടന സ്വീകരിക്കുവാന്‍ തയ്യാറായ സാഹചര്യത്തില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പാത്രിയര്‍ക്കീസ് വിഭാഗം നല്‍കേണ്ടിയിരുന്ന കോടതിച്ചെലവുകള്‍ സഭ ഇളവു ചെയ്തുകൊടുത്തു. 1991-ല്‍ കാതോലിക്കയുടെയും മലങ്കര മെത്രാപ്പോലീത്തയുടേയും പിന്‍ഗാമിയായി മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ തെരഞ്ഞെടുത്ത് വാഴിച്ച മാത്യൂസ് ദ്വിതീയന്‍ കാതോലിക്ക ബാവയെ സ്വീകരിക്കുവാന്‍ 1995-ലെ സുപ്രീംകോടതി വിധിയനുസരിച്ചും, 1934-ലെ ഭരണഘടനപ്രകാരവും വീണ്ടും അസ്സോസിയേഷന്‍ കൂടി മലങ്കര മെത്രാപ്പോലീത്തയായി അദ്ദേഹത്തെ ഒരു പ്രാവശ്യം കൂടി തെരഞ്ഞെടുക്കണമെന്ന് പാത്രിയര്‍ക്കീസ് വിഭാഗം ആവശ്യപ്പെട്ടു. ഈ ആവശ്യം മലങ്കരസഭ പരിഗണിച്ച് 2002-ല്‍ അസ്സോസിയേഷന്‍ കൂടി മാത്യൂസ് ദ്വിതീയന്‍ കാതോലിക്ക ബാവയെ വീണ്ടും മലങ്കര മെത്രാപ്പോലീത്ത ആയി തെരഞ്ഞെടുത്തത് കോടതി വിധി എല്ലാവരും അംഗീകരിച്ചപ്പോള്‍ സഭ ഒന്നാകുവാന്‍ വേണ്ടി മലങ്കരസഭ ചെയ്ത വിട്ടുവീഴ്ചയാണ്. ഇപ്പോള്‍ പാത്രിയര്‍ക്കീസ് വിഭാഗം 2017-ലെ കോടതിവിധി അനുസരിച്ച് 1934-ലെ ഭരണഘടനപ്രകാരം മലങ്കരസഭയില്‍ ഒന്നായിത്തീരുവാന്‍ തയ്യാറായാല്‍ മലങ്കരസഭയില്‍ ശാശ്വതസമാധാനം സാദ്ധ്യമാകും.

5. സമാധാന ചര്‍ച്ചകളില്‍ നിന്ന് ഓര്‍ത്തഡോക്‌സ് സഭ പിന്‍മാറുന്നതെന്ത്?
1927-ല്‍ കോനാട്ട് മാത്തന്‍ മല്‍പ്പാന്‍, ഇ.ജെ. ജോണ്‍, ഒ.എം. ചെറിയാന്‍, 1931-ല്‍ വൈസ്രോയി ഇര്‍വിന്‍ പ്രഭു, 1934-ല്‍ ഔഗേന്‍ മാര്‍ തീമോത്തിയോസ്, 1935-ല്‍ ബിഷപ്പ് പെക്കന്‍ ഹാം വാല്‍ഷ്, 1941-ല്‍ ആലുവ വട്ടമേശ സമ്മേളനം, 1950-ല്‍ കോട്ടയം പീസ് ലീഗ്, 1995-ല്‍ ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് മുന്‍കൈയെടുത്ത്, 2001-ല്‍ സുപ്രീം കോടതി വിധി മുഖാന്തിരം മദ്ധ്യസ്ഥനായി നിയമിക്കപ്പെട്ട ജസ്റ്റിസ് മളീമട്ടിൻ്റെ നേതൃത്വത്തില്‍, 2002-ന് ശേഷം മാറിമാറി കേരളഭരണത്തില്‍ വന്ന യു.ഡി.എഫ്., എല്‍.ഡി.എഫ്. മുഖ്യമന്ത്രിമാരുടെയും, മന്ത്രിസഭ ഉപസമിതികളുടെയും നേതൃത്വത്തില്‍ അനേകപ്രാവശ്യം ഇരുവിഭാഗങ്ങളുമായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അതാതുകാലത്തെ പാത്രിയര്‍ക്കീസന്മാരും കേരളത്തിലെ പാത്രിയര്‍ക്കീസ് വിഭാഗക്കാരും ഇന്ത്യയിലെ കോടതിവിധികള്‍ അംഗീകരിച്ച് ഭരണസംവിധാനങ്ങളില്‍ സഹകരിക്കുവാന്‍ തയ്യാറാകാത്തതിനാലാണ് മലങ്കര സഭയില്‍ ശാശ്വത സമാധാനം ഉണ്ടാകാത്തത്.

6. 2017 ലെ സുപ്രീം കോടതി വിധി എല്ലാ പള്ളികള്‍ക്കും ബാധകമാണോ?
1958, 1995, 2002, 2017 എന്നീ വര്‍ഷങ്ങളിലുണ്ടായ എല്ലാ സുപ്രീംകോടതി വിധികളും മലങ്കരസഭയിലെ എല്ലാ പള്ളികള്‍ക്കും ബാധകമാണ്. 2017-ലെ സുപ്രീം കോടതി വിധിയുടെ സംഗ്രഹമായി കൊടുത്തിട്ടുള്ള 28 പോയിന്റുകള്‍ വായിക്കുന്ന ഏവര്‍ക്കും അത് വ്യക്തമായി മനസ്സിലാവും. അതിൻ്റെ അടിസ്ഥാനത്തിലാണല്ലോ കേരളത്തിലെ കോടതികളില്‍ നിലവിലുള്ള എല്ലാ പള്ളിക്കേസുകളും 2017-ലെ വിധിയനുസരിച്ച് ബാധകമാകുന്നുവോ എന്ന് പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കുവാന്‍ 2020-ല്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

7. കോടതിവിധി ന്യായമാണെങ്കിലും നീതി നിഷേധിക്കപ്പെടുന്നില്ലേ?
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടെ ജനാധിപത്യഭരണസംവിധാനത്തിൻ്റെ സ്ഥാപനമാണ് കോടതി. അത് നീതിന്യായകോടതി എന്നാണ് വിളിക്കപ്പെടുന്നത്. നീതിയും ന്യായവും സത്യവും ഒന്നിച്ച് പോകുന്നതാണ്. ഒന്നിനെ മറ്റൊന്നില്‍ നിന്ന് വേര്‍തിരിച്ച് കാണുവാന്‍ സംസ്‌കാര പാരമ്പര്യത്തിന് സാധിക്കുകയില്ല. നീതിയും ന്യായവും ധര്‍മ്മവും പുലരാന്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് ചേരുന്ന രീതിയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്ന കോടതിവിധികള്‍ അംഗീകരിച്ച് നടപ്പാക്കുകയെന്നത് ഉത്തരവാദിത്വമുള്ള ഏത് സമൂഹത്തിൻ്റെയും സംസ്‌കാരമാണ്.

8. ഓര്‍ത്തഡോക്‌സ് സഭയുടെ രാഷ്ട്രീയ നിലപാടെന്ത്?
മലങ്കര ഓര്‍ത്തഡോക്‌സ് സഭ എല്ലാ രാഷ്ട്രീയപാര്‍ട്ടികളേയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു. നീതിയും സത്യവും ധര്‍മ്മവും പരിപാലിക്കുന്നതില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ വീഴ്ച വരുത്തുമ്പോള്‍ ആര്‍ക്കെതിരായാലും സഭ പ്രതികരിക്കും. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് സഭയ്ക്ക് വിധേയത്വമോ വിരോധമോ ഇല്ല. മലങ്കര സഭാംഗങ്ങളുടെ വോട്ട് ബാങ്ക് വച്ച് രാഷ്ട്രീയ പാര്‍ട്ടികളോട് വിലപേശേണ്ട ആവശ്യം മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്കില്ല. ജനാധിപത്യരാജ്യത്ത് മലങ്കര സഭാംഗങ്ങളുടെ ‘വിപ്പാ‘യി പ്രവര്‍ത്തിക്കുവാന്‍ സഭയ്ക്ക് സാദ്ധ്യമല്ല. യുക്തമായ രീതിയില്‍ തങ്ങളുടെ സമ്മതിദാനാവകാശം അതാത് സമയങ്ങളില്‍ ഉപയോഗിക്കുവാനുള്ള വിവരവും വിവേകവുമുള്ള പ്രബുദ്ധരായ സഭാംഗങ്ങളാണ് മലങ്കര സഭയ്ക്കുള്ളത്.

കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം
പ്രസാദം സെന്റര്‍, കോലഞ്ചേരി

error: Thank you for visiting : www.ovsonline.in