Departed Spiritual FathersOVS - Latest News

സ്തേഫാനോസ് മാർ തേവോദോസിയോസ്: ദൈവത്തിന്റെ പ്രവാചകൻ

മലങ്കര ഓർത്തഡോക്സ് സഭയ്ക്കായി ദൈവത്തിന് വലിയ പദ്ധതികളുണ്ടായിരുന്നു. കേരളത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക് മിഷനറി പ്രവർത്തനങ്ങൾ കൂടുതലായി വ്യാപിപ്പിക്കുക എന്നതായിരുന്നു ആ മഹാ ലക്ഷ്യം. രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിജി ഒരിക്കൽ പറഞ്ഞു – “ഇന്ത്യയുടെ ആത്മാവ് അതിന്റെ ഗ്രാമങ്ങളിലുണ്ട്“. 1970 കളുടെ തുടക്കത്തത്തിൽ ഉത്തരേന്ത്യയിലെ പല ഗ്രാമങ്ങളിൽ പലതും വിദ്യാഭ്യാസം, ആരോഗ്യം, വനിതാ ക്ഷേമം, ശിശുക്ഷേമം എന്നിവയിൽ വളരെ പിന്നോക്കമായിരുന്നു. അതിൽ നിന്നും മാറ്റങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട മഹാപുരോഹിതനാണ് “ബഡാ ബാബ” എന്നറിയപ്പെടുന്ന സ്തേഫാനോസ് മാർ തേവോദോസിയോസ് തിരുമേനി. തികഞ്ഞ മനുഷ്യസ്നേഹി, ഉത്തമ സന്യാസി, ദീർഘവീക്ഷകൻ, മികച്ച മിഷനറി പ്രവർത്തകൻ, അശരണരുടെ രക്ഷകൻ, അത്മീയ നേതാവ് തുടങ്ങിയ നിലകളിൽ വ്യക്തിമുദ്രകൊണ്ടും സ്നേഹം കൊണ്ടും ജനമനസ്സുകൾ കീഴടക്കിയ മഹാ വ്യക്തിത്വത്തിൻ്റെ ഉടമയാണ് മാർ തേവോദോസിയോസ്.

കോട്ടയം ജില്ലയിലെ പാത്തമുട്ടം ഗ്രാമത്തിലെ കൈയ്യലത്ത് കുടുംബത്തിൽ ശ്രീ കുര്യൻ്റെയും ശ്രീമതി മറിയാമ്മയുടെയും അഞ്ചമത്തെ പുത്രനായി 1924 ഒക്‌ടോബർ രണ്ടിന് കെ കെ പുന്നൂസ് (പീന്നീട് സ്തേഫാനോസ് മാർ തേവോദോസിയോസ്) ജനിച്ചു. ചെറുപ്പകാലം മുതൽ തന്നെ അത്മീകവും പഠനപരമായ കാര്യങ്ങളിൽ പുന്നൂസ് മികവ് പുലർത്തിയിരുന്നു. 1942 കാലഘട്ടത്തിൽ മലയാളം ഉന്നത പരീക്ഷ അദ്ദേഹം പാസായി. അതെതുടർന്ന് ചങ്ങനാശേരിയിൽ നിന്ന് 1943-ൽ അധ്യാപക പരിശീലന സർട്ടിഫിക്കറ്റ് പരീക്ഷയും, 1946 ഏപ്രിലിൽ എസ് എസ് എൽ സി പരിക്ഷയിലും അദ്ദേഹം മികച്ച വിജയം കരസ്ഥമാക്കി.1946 ഏപ്രിൽ 25 ന് പാത്താമുട്ടം സ്ലീബ പള്ളിയിൽ വച്ച് പരിശുദ്ധ ബസേലിയോസ് ഗീവർഗ്ഗീസ് ദ്വിതിയൻ കാതോലിക്ക അദ്ദേഹത്തിന് ശെമ്മാശ സ്ഥാനം നൽകുകയും, 1947 ൽ പുരോഹിത്യ ഗണത്തിലേക്ക് ഉയർത്തുകയും, ഓശാനാ ദിനത്തിൽ ആദ്യ കുർബാന അർപ്പിക്കുകയും ചെയ്യ്തു. 1952 ഏപ്രിൽ ഒന്നിന് ഇടവക വികാരിയായി മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നും അത്മീക സേവനങ്ങൾക്ക് തുടക്കം കുറിച്ചു. 1952 ഏപ്രിൽ ആറിന് കത്തോലിക്കാ ദിനത്തിൽ ജബൽപൂരിലെ ഗാരിസൺ പള്ളിയിൽ കേരളത്തിന് പുറത്ത് അദ്ദേഹം ആദ്യത്തെ വിശുദ്ധ കുർബാന അർപ്പിക്കുകയും ജബൽപൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി രൂപീകരിക്കുകയും ചെയ്തു.

വൈദിക ജീവിതത്തോടൊപ്പം തന്നെ ഫാദർ കെ.കെ പുന്നൂസ് തൻ്റെ തുടർന്നുള്ള വിദ്യഭ്യാസത്തിനും പ്രധാന്യം നൽകിയിരുന്നു. ജബൽപൂരിലെ ഡി എൻ ജെയിൻ കോളേജിൽ നിന്ന് 1955-ൽ ഹിസ്റ്ററിയിൽ ബിരുദം കരസ്ഥമാക്കി. തുടർന്ന് 1956-ൽ ജീവശാസ്ത്ര പഠനത്തിനായി ജബൽപൂരിലെ ലിയോനാർഡ് തിയോളജിക്കൽ കോളേജിൽ ചേർന്നു എങ്കിലും ആ പഠനം പൂർത്തികരിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിരിന്നില്ല. 1957-ൽ ഭിലായ് ഓർത്തഡോക്സ് ദേവാലയം രൂപീകരിച്ചു; അവിടെ ആദ്യത്തെ വിശുദ്ധ കുർബാന അർപ്പിച്ചു. 1957 ഡിസംബറിൽ ഭോപ്പാൽ ഓർത്തഡോക്സ് ഇടവകയുടെ ആദ്യത്തെ വികാരിയായി ഫാ കെ.കെ പുന്നൂസ് നിയമിതനായി.ഭോപ്പാൽ ഇടവകയിലെ ആദ്യത്തെ ജനറൽ ബോഡി യോഗം 18 അംഗങ്ങളുമായി അദ്ദേഹത്തിൻ്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ടു.1952 മുതൽ 1958 വരെയുള്ള കാലഘട്ടങ്ങളിൽ ഉത്തരേന്ത്യയിൽ മറ്റൊരു ഓർത്തഡോക്സ് പുരോഹിതൻ ഇല്ലാതിരുന്നതിനാൽ ഇടവക അംഗങ്ങളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ന്യൂഡൽഹി, ഭോപ്പാൽ, ഭിലായ്,സത്‌ന, രേവ, കാൺപൂർ, ലഖ്‌നൗ തുടങ്ങിയ സ്ഥലങ്ങളിലെ ദേവാലയങ്ങൾ സന്ദർശിച്ചു വിശുദ്ധ കുർബാന അർപ്പിച്ചിരുന്നു.

ജബൽപൂരിലെ മഹാകോഷൽ മഹാവിദ്യാലയത്തിൽ നിന്ന് ചരിത്രത്തിൽ 1958-ൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. 1959-60 കാലങ്ങളിൽ മുംബൈയിലെ ഏക ഓർത്തഡോക്സ് ദേവാലയമായിരുന്ന ദാദറിലെ സെന്റ് മേരീസ് പള്ളിയിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. ആ വർഷങ്ങളിൽ തന്നെ അദ്ദേഹം അഹമ്മദാബാദിലും ബറോഡയിലും പ്രതിമാസമായി വിശുദ്ധ കുർബാന അർപ്പിച്ചിരുന്നു. 1961 മലയ-സിംഗപ്പൂർ തുടങ്ങിയ ഇടവകകളിലെ വികാരി ആയി നിയമിക്കപ്പെട്ടു. 1965 -ൽ അമേരിക്കയിലെ ന്യൂയോർക്കിൽ ജനറൽ തിയോളജിക്കൽ സെമിനാരിയിൽ പ്രവേശനം ലഭിക്കുകയും ബിഡി ബിരുദം കരസ്തമാക്കുകയും ചെയ്തു.1967 ൽ കണക്റ്റിക്കട്ടിലെ ന്യൂ ഹാവനിലെ യേൽ യൂണിവേഴ്സിറ്റി കാമ്പസിലെ ബെർക്ലി ഡിവിനിറ്റി സ്കൂളിൽ നിന്ന് എസ്ടിഎം ബിരുദവും കരസ്ഥമാക്കി. 1967 മുതൽ 1972 വരെ അദ്ദേഹം ബഹ്‌റൈൻ സെന്റ് മേരീസ് വികാരിയായി സേവനം അനുഷ്ഠിച്ചു. യു.എ.ഇയിലും ദോഹയിലും പുരോഹിതന്മാർ ഇല്ലാതിരുന്നതിനാൽ, വിശുദ്ധ കുർബാന നടത്തുന്നതിന് പ്രതിമാസം അവിടെ സന്ദർശിക്കാറുണ്ടായിരുന്നു. 1972 ൽ ബഹ്‌റൈൻ ഇടവക അദ്ദേഹത്തിൻ്റെ പൗരോഹിത്യത്തിന്റെ സിൽവർ ജൂബിലി ആഘോഷിച്ചു.

മലങ്കര ഓർത്തഡോക്സ് സഭയുടെ ഗ്രാമീണ മിഷണറി പ്രവർത്തനങ്ങളിലുള്ള അദ്ദേഹത്തിൻ്റെ വീക്ഷണങ്ങൾ വളരെ ആഴമേറിയവയായിരുന്നു. 1972-ൽ ഭിലായ് മിഷൻ ആരംഭിച്ച് പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ മാത്യൂസ് ഒന്നാമൻ മിഷൻ പ്രവർത്തനങ്ങൾ കൂടുതൽ പരിപോഷിപ്പിക്കുന്നതിന് മാർ തേവോദോസിയോസിനെ (അന്നത്തെ ഫാ. കെ. കെ. പുന്നോസ്) ഡയറക്ടറായി ചുമതലപ്പെടുത്തി. അദ്ദേഹം ഗ്രാമ മിഷന്റെ വിത്തുകൾ ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിലും നട്ടുപിടിപ്പിച്ചു അതിനെ കൂടുതൽ പരിപോഷിപ്പിക്കുകയും കരുതുകയും ചെയ്തു. ഉപജീവനമാർഗം, സ്വയം നിലനിൽപ്പ്, അടിസ്ഥാന ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവക്ക് അദ്ദേഹം കൂടുതൽ മുൻതൂക്കം തൽകി. അതിൻ്റെ ഭാഗമായി ഭോപ്പാൽ, ജബൽപൂർ, ഇൻഡോർ, കൊൽക്കത്ത, ഭണ്ഡാര, ബൊക്കാരോ തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് ഈ മിഷനറി ദൗത്യം വ്യാപിച്ചു.

കോളേജുകൾ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി അദ്ദേഹം സ്ഥാപിച്ചു. പാവപ്പെട്ടവർക്കും അവലംബഹീനർക്കുമായുള്ള മെഡിക്കൽ ക്ലിനിക്, അനാഥാലയങ്ങൾ,പരിശീലന കേന്ദ്രങ്ങൾ, കാർഷിക കേന്ദ്രങ്ങൾ, വനിതാ ക്ഷേമ കേന്ദ്രങ്ങൾ തുടങ്ങിയ നിരവധി പദ്ധതികൾ അദ്ദേഹം മിഷൻ പ്രവർത്തനത്തിൻ്റെ ഭാഗമായി സ്ഥാപിച്ചു. ജയിലുകളിലെ തടവുകാർക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാൻ സഹായിക്കുന്നതിന് പരിശീലന പരിപാടിയായ വിമോചൻ, ഇലക്ട്രോണിക്സ്, പാത്തോളജി, തയ്യൽ, മറ്റ് നിരവധി സാമൂഹിക സേവനങ്ങൾക്ക് മാർ തേവോദോസിയോസ് നേതൃത്വം നൽകി.

ഫാദർ കെ.കെ പുന്നൂസിൻ്റെ അമ്പതാം ജന്മവർഷമായ 1974 ഒക്ടോബർ 2-ന് നിരണത്ത് വെച്ച് നടന്ന മലങ്കര സുറിയാനി അസോസിയേഷനിൽ ഫാ. എം വി ജോർജ്, ഫാ. പോൾ വർഗ്ഗീസ്, ഫാ. കെ സി തോമസ്, ഫാ. പി വി ജോസഫ് എന്നിവർക്കൊപ്പം ഫാ. കെ കെ പുന്നൂസിനെയും മെത്രാപ്പോലീത്തൻ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. 1975 ഫെബ്രുവരി 15 -ന് പുത്തൻ‌കാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വച്ച് ദാനിയേൽ മാർ പീലെക്സിനോസ് മെത്രാപ്പോലീത്ത അദ്ദേഹത്തെ ദയറൂസോ (റമ്പാൻ) സ്ഥാനത്തേക്ക് ഉയർത്തി. 1975 ഫെബ്രുവരി 16 -ന് നിരണം വലിയ പള്ളിയിൽ വച്ച് കിഴക്കിൻ്റെ കത്തോലിക്കാ പരിശുദ്ധ ബസ്സേലിയോസ് ഔഗേൻ പ്രഥമൻ ബാവാ അദ്ദേഹത്തെ മെത്രാപ്പോലീത്തായായി വാഴിച്ചു. തുടർന്ന് മദ്രാസ് ഭദ്രാസനത്തിൻ്റെ പ്രഥമ ഇടയനായി ചുമതലയേറ്റു. മെത്രാപ്പോലീത്താ സ്ഥാനമേറ്റതിനുശേഷം അദ്ദേഹത്തിന്റെ കരങ്ങളാൽ ആദ്യ മൂറോൻ കൂദാശ ചെയ്ത ദേവാലയം ഭോപ്പാൽ സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ ചർച്ച് ആയിരുന്നു. (ഇപ്പോഴത്തെ ഭോപ്പാൽ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ).

1979 ജനുവരി ഒന്നിന് കൊൽകട്ടാ ഭദ്രാസനം രൂപികരിച്ചപ്പോൾ അതിൻ്റെ പ്രഥമ മെത്രാപ്പോലീത്തയായി സ്തേഫാനോസ് മാർ തേവോദോസിയോസിനെ നിയോഗിച്ചു. അദ്ദേഹത്തിൻ്റെ അശ്രന്തഫലമായി 1986 ജനുവരി 25 -ന് ഭദ്രാസന അസ്ഥാന മന്ദിരവും ചാപ്പലും പണിതുയർത്തി. ഗുണനിലവാരമുള്ള വിദ്യഭ്യാസം സമുഹത്തിന് നൽകുക എന്ന ലക്ഷ്യത്തോടെ തന്നെ പള്ളികൾക്കൊപ്പം വിദ്യാലയങ്ങളും അദ്ദേഹം പണിതുയർത്തി. അടിസ്ഥാന വിദ്യാഭ്യാസത്തിൻ്റെ പ്രധാന്യം മനസ്സിലാക്കിയ അദ്ദേഹം ഉത്തരേന്ത്യയിലെ പല ഗ്രാമങ്ങളിലും വിദ്യാഭ്യാസത്തിന് ആവശ്യമായ സംഭാവനകൾ നൽകി. സമൂഹത്തിൽ താഴ്ന്നവരും ദുർബലരുമായ വിഭാഗങ്ങൾക്ക് മിതമായ നിരക്കിൽ മുല്യ അധിഷ്ഠിത നിലവാരമുള്ള വിദ്യാഭ്യാസം നൽകുക എന്നത് അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടും ദൗത്യവുമായിരുന്നു. യുവതി-യുവാക്കളിൽ ഉയർന്ന ബിരുദം കരസ്തമാക്കുക എന്ന വീക്ഷണത്തോടെ 1986 ൽ സെന്റ് തോമസ് കോളേജിൻ്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു.

ഭിലായി മിഷന് കീഴിൽ പ്രവർത്തിക്കുന്ന ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് അഭയ നികേതൻ മകോഡിയ മിഷൻ പ്രവർത്തനങ്ങൾ. ഇതിൻ്റെ അമരക്കാരനും ഭിലായി ബാബാ എന്നറിയപ്പെടുന്ന മാർ തേവോദോസിയോസായിരുന്നു. 1986 അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മകോഡിയ മിഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഗ്രാമ-കാർഷിക വികസനം, മേഖലയിലെ ആദിവാസികൾക്കിടയിലെ സമുദായ വികസന പരിപാടികൾ, അവരുടെ പുരോഗതി ഉറപ്പുവരുത്തുന്നതിനായി സമൂഹത്തിൽ മാന്യമായ ജീവിതം എന്നിവയാണ് ദൗത്യത്തിന്റെ പ്രധാന ഉദ്ദേശങ്ങൾ. ക്രിസ്തുവിന്റെ സ്നേഹം തന്റെ സഹജീവികളുമായി പങ്കുവെക്കുക എന്ന ലക്ഷ്യം ഈ ദൗത്യത്തിലൂടെ അദ്ദേഹം ദർശനം കണ്ടിരുന്നത്. അർപ്പണ ബോധത്തിന്റെയും ത്യാഗ മനോഭാവത്തിന്റെയും മികച്ച ഉദാഹരണമാണ് മാർ തേവോദോസിയോസ്. തിരക്കേറിയതും വൃത്തികെട്ടതും ദുർഗന്ധം വമിക്കുന്നതുമായ ട്രെയിനുകളിലും, ചിലപ്പോൾ മോട്ടോർ കാറുകളിലും കാളവണ്ടിയിലുമായിട്ടാണ് അദ്ദേഹം കൂടുതലായി യാത്ര ചെയ്തിരിരുന്നത്. ചൂടുള്ളതും പൊടി നിറഞ്ഞതും തകർന്നതുമായ റോഡുകളിലൂടെ കീലോ മീറ്ററുകളോളും തൻ്റെ ആടുകളെ തേടി ഈ നല്ല ഇടയൻ കാൽനടയായി സഞ്ചരിച്ചിരുന്നു.

ന്യൂയോർക്കിലെ ജനറൽ തിയോളജിക്കൽ സെമിനാരി 1990 -ൽ മാർ തേവോദോസിയോസിനെ ഡോക്ടർ ഓഫ് ഡിവിനിറ്റി നൽകി ആദരിച്ചു. 1994-ൽ അദ്ദേഹം ബാഗ്ഡോണ മിഷൻ സെന്റർ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ സേവനത്തിനുപുറമെ, 1995-ൽ ഭിലായിൽ സ്ഥാപിതമായ മലങ്കര ഓർത്തഡോക്സ് സഭയുടെ വൈദീക സെമിനാരിയായ സെന്റ് തോമസ് ദൈവശാസ്ത്ര സെമിനാരിയുടെ സ്ഥാപക പിതാവാണ് മാർ തേവോദോസിയോസ്.തന്റെ ഭദ്രാസനത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ചു കൊൽക്കത്ത ഭദ്രാസനത്തിൽ സഭയുടെ സെമിനാരി സ്ഥാപിക്കുന്നതിനുള്ള സ്തേഫാനോസ് മാർ തേവോദോസിയോസിൻ്റെ അഭിപ്രായത്തെ പരിശുദ്ധ എപ്പിസ്കോപ്പൽ സിനഡ് സ്വീകരിക്കുകയും. അതിൻ്റെ ഭാഗമായി സെമിനാരിയുടെ പ്രവർത്തനം 1995 സെപ്റ്റംബർ 14-ന് ഭിലായിലെ സെന്റ് തോമസ് ആശ്രമത്തിൽ തുടക്കം കുറിച്ചു. 1996 ജൂലൈ സിനഡിൽ, ഭിലായ് സെമിനാരിക്ക് സ്വയംഭരണ പദവി നൽകുകയും സെന്റ് തോമസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 1996 സെപ്റ്റംബർ 25-ന് സ്തേഫാനോസ് മാർ തോവോദോസിയോസ് തിരുമേനിയുടെ സാന്നിധ്യത്തിൽ മലങ്കര സഭയുടെ മിഷൻ ബോർഡ് പ്രസിഡന്റ് ഗീവർഗീസ് മാർ ഒസ്താത്തിയോസ് സെമിനാരി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന് 1999 ജൂലൈ 7-ന് സെമിനാരി നാഗ്പൂരിലേക്ക് മാറ്റി. മാർ തേവോദോസിയോസ് 2002 ഒക്ടോബർ 29 ന് സെമിനാരി ചാപ്പലിന് തറക്കല്ലിട്ടു. 2004 ഫെബ്രുവരിയിൽ നിർമാണം പൂർത്തിയാക്കിയ സെമിനാരി ചാപ്പലിൻ്റെ മൂറോൻ കൂദാശ പരിരുദ്ധ ബസ്സേലിയോസ് മാർത്തോമ്മ മാത്യൂസ് രണ്ടാമൻ കാതോലിക്കാ ബാവായുടെ കാർമ്മികത്വത്തിലും, മാർ ഒസ്താത്തിയോസ്, മാർ തേവോദോസിയോസ്, മാർ കുറിലോസ് എന്നിവരുടെ സഹകാർമികത്വത്തിലും 2004 ഫെബ്രുവരി 19 -ന് ചാപ്പൽ കൂദാശ ചെയ്തു സഭയ്ക്ക് സമർപ്പിക്കപ്പെട്ടു. 2007 സെപ്റ്റംബർ ഒന്നിന് ഭോപ്പാലിലെ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തെ (ഭോപ്പാൽ കത്തീഡ്രലിന്റെ ചാപ്പൽ) അദ്ദേഹം സ്വതന്ത്ര ഇടവകയായി ഉയർത്തി.

ദൈവത്താൽ നിയോഗിക്കപ്പെട്ട തന്റെ കർത്തവ്യങ്ങൾ പൂർത്തികരിച്ച് 2009 നവംബർ അഞ്ചിന് മസ്‌കറ്റ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് മാർ തേവോദോസിയോസ് സ്വർഗ്ഗീയ വാസസ്ഥലത്തിലേക്ക് വിളിക്കപ്പെട്ടു. 2009 നവംബർ ഏഴിന് റായ്പൂർ വിമാനത്താവളത്തിൽ എത്തിയ മഹാ ഇടയൻ്റെ മൃതശരീരത്തെ വൈദീകരും സഭാ മക്കളും നിറകണ്ണീരോടെ ഏറ്റുവാങ്ങി. ഭിലായി സെൻ്റ് തോമസ് അരമനയിൽ പൊതുദർശനത്തിൽ വച്ച മൃതശരീരത്തെ നാനാജാതി മതസ്ഥർ അന്ത്യേപചാരം അർപ്പിച്ചു. 2009 നവംബർ എട്ടിന് സഭയിലെ മെത്രാപ്പോലീത്താമാരുടെയും വൈദീകരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ സെൻ്റ് തോമസ് അരമന ചാപ്പലിൽ പരിശുദ്ധ മദ്ബഹായോട് ചേർന്ന് കബറടക്കി.

ആഗാധമായ ഭക്തിയോടും പ്രതിബദ്ധതയോടും കൂടിയ ശ്രേഷ്ഠാചാര്യനായിരുന്നു മാർ തേവോദോസിയോസ്. അതുല്യമായ വ്യക്തിത്വവും അത്മീയ ചൈതന്യവും ദീർഘവീക്ഷണവുമുള്ള മഹാ ഇടയൻ. ഉത്തേരേന്ത്യയിലെ ക്രിസ്തീയ സാക്ഷിയായി സ്വയം ജീവിതമർപ്പിച്ചു, പാവങ്ങളുടെയും അശരണരുടെയും ഇടയിൽ അദ്ദേഹം തന്റെ ജീവിത കാലം മുഴുവൻ സമർപ്പിക്കുകയും തൻ്റെ ആഗ്രഹങ്ങൾക്കും ദീർഘവീക്ഷണങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കുകയും ചെയ്തു. കഠിനാധ്വാനം ചെയ്തു തന്റെ വിയർപ്പിലൂടെ നൂറുമേനി വിളവു കൊയ്യിച്ച ആ മണ്ണിൽ തന്നെ ആ മഹാ ഇടയൻ ഇന്നും വിശ്രമിക്കുന്നു.

എഴുതിയത്:
വർഗ്ഗീസ് പോൾ കൈത്തോട്ടത്തിൽ
(റായ്പൂർ സോണൽ സെക്രട്ടറി, അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷക സംഘം. കൽകട്ടാ ഭദ്രാസനം)

error: Thank you for visiting : www.ovsonline.in