സത്യവിശ്വാസികൾ അറിയേണ്ടത്: ORTHODOXY -THE LIFE: വിശുദ്ധ കുർബാന – Part 1
കൂദാശകൾ വ്യക്തമായും ക്രിസ്തു – സംഭവങ്ങളുടെ തുടർച്ചയാണ്. ശുദ്ധീകരണ കർമമെന്ന വി. കൂദാശകൾ നമ്മെ ദൈവീകമായി രൂപാന്തരപ്പെടുത്തുന്നു. നിസ്സയിലെ വി. ഗ്രിഗോറിയയോസിൻ്റെ ദർശനത്തിൽ: ദൈവത്തിൻ്റെ നന്മയിലേക്ക് മനുഷ്യനെ നയിക്കുന്നത് ആരാധനാപരവും കൗദാശികപരവുമായ ജീവിതം വഴിയാണ്. ‘മനുഷ്യൻ പാപിയാണ്, എന്നാൽ അവൻ്റെ സൃഷ്ട പ്രകൃതം ദൈവസദൃശ്യമാണ്‘. മനുഷ്യൻ്റെ ദൈവീകരണവും ശുദ്ധീകരണവും ആണ് വി. കൂദാശകളിലൂടെ ഉദ്ദേശിക്കുന്നത്.
വി. കൂദാശകളുടെ അടിസ്ഥാനം കർത്താവിൻ്റെ കാൽവരി യാഗമാണ്. എല്ലാ കൂദാശകളുടെയും പൂർത്തീകരണം വി.കൂർബാനയിൽ ആണ് (Holy Qurbana is the Sacrament of Sacraments) നമ്മുക്ക് വിശുദ്ധിയും ദൈവീകരണവും പ്രാപിക്കുവാൻ മുഖാന്തരമാക്കുന്ന വിശുദ്ധ കുർബാനയെ പറ്റിയുള്ള പഠനം ആണ് ഇവിടെ നടത്തുന്നത്.
1). ‘കുർബാന’ എന്ന പദത്തെ വിശദമാക്കാമോ?
‘കുർബാന’ എന്ന വാക്കിൻ്റെ എബ്രായ തത്തുല്യ പദം Corban (മർക്കോസ് 7 :11) ആണ്. ‘കുർബാന‘ എന്ന പദം Qurbano, Koroobo എന്നി സുറിയാനി പദങ്ങളിൽ നിന്നും വന്നിട്ടുള്ളതാണ്. ശരിക്കും ‘Qurbano’ എന്നത് പാശ്ചാത്യ സുറിയാനി പദമാണ്. കുർബാന. Qurbano എന്ന വാക്കിന് കാഴ്ച്ച അഥവാ അർപ്പണം എന്ന അർത്ഥമാണുള്ളത്. Koorobo എന്നാൽ ബലി എന്നുമാണ്. ‘Kareb’ എന്ന മറ്റൊരു പദം കൂടി കാണുന്നു; അർഥം Brought near, approached and offered. അതായതു അടുത്തുകൊണ്ടുവന്നു; സമീപിച്ചു അർപ്പിച്ചു.
കുർബാന അഥവാ ബലി ഇവിടെ പ്രസക്തമാവുന്നതു പിതാവാം ദൈവത്തിൻ്റെ ഏക ജാതനായ പുത്രൻ ഇഹലോക പാപത്തെ വഹിച്ചു ലോക രക്ഷക്കായി ബലിയായിത്തീർന്നു എന്നതിനാലാണ്. ആയതിനാൽ വിശുദ്ധ ബലി അഥവാ വിശുദ്ധ കുർബാന എന്ന് ഈ കർമത്തെ വിശേഷിപ്പിക്കുന്നു.
വിവിധ സഭ പാരമ്പര്യങ്ങളിൽ വി. കുർബാനക്ക് തതുല്യമായ പദങ്ങൾ:
1) Orthodox churches: Eucharist അതായതു സ്തോത്രം അഥവാ കൃതജ്ഞത അർപ്പണം. εὐχαριστία എന്ന ഗ്രീക്ക് പദത്തിൽ നിന്നുമാണ് Eucharist എന്ന പദം ഉണ്ടാകുന്നതു. ഇത് കൂടാതെ ഓർത്തഡോക്സ് പാരമ്പര്യത്തിൽ പ്രധാനമായും anaphora എന്ന പദവും ഉപയോഗിച്ചുകാണുന്നു. ഈ വാക്കിൻ്റെ അർഥം ഉയർത്തുക (to lift up) എന്നാണ്.
2) Protestant churches: Lords’ Supper / Last Supper or Service or fellowship.
3) Catholic Tradition: Holy Mass. Mass എന്ന വാക്കിന് ‘Dismiss’ എന്നർത്ഥം. Missa എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് Mass എന്ന വാക്ക് വന്നത്.
2). വി. കുർബാന സ്ഥാപനത്തിൻ്റെ തിരുവെഴുത്തടിസ്ഥാനം എന്താണ് ?
ബലിയെ കുറിക്കുന്ന പഴയ നിയമ സൂചനകൾ ധാരാളം കാണുന്നു. എന്നാൽ പുതിയനിയമ സഭയിലെ വി.കുർബാന സ്ഥാപനത്തെ പറ്റിയാണ് നാം ഇവിടെ ചിന്തിക്കുന്നത് എന്നതിനാൽ ആയതിൻ്റെ അടിസ്ഥാന വാക്യങ്ങളെ ശ്രദ്ധിക്കാം.
വി. കുർബാന സ്ഥാപനത്തെ കുറിച്ച് നേരിട്ട് പരാമർശിക്കുന്ന വാക്യങ്ങൾ: St. Mathew 26: 26 -29; St. Mark 14: 22 -25; St. Luke 22: 14 -23; 1 Cor 11: 23 -26.
എന്നാൽ വി.യോഹന്നാൻ എഴുതിയ ലേഖനത്തിൽ വി. കുർബാന സ്ഥാപനത്തെ പറ്റി നേരിട്ട് പരാമർശം ഇല്ലെങ്കിലും അതിൻ്റെ പ്രാധാന്യത്തെ പറ്റി വിശദീകരിക്കുന്നുണ്ട് (St. John 6: 26, 32, 50-58). ഈ വേദഭാഗങ്ങളിൽ വി. ലൂക്കോസ് എഴുതിയ സുവിശേഷത്തിലും കൊരിന്ത്യർക്ക് എഴുതിയ ലേഖനത്തിലും മാത്രം ആണ് ‘എൻ്റെ ഓർമയ്ക്കായി ഇപ്രകാരം ചെയ്യുവിൻ’ എന്ന് ഉള്ളത്.
3). ഓർത്തഡോക്സ് വേദ ശാസ്ത്രത്തിൽ വി. കുർബാന കേവലം ഒരു ഓർമ്മ മാത്രമോ?
ഓർത്തഡോക്സ് വേദശാസ്ത്രത്തിൽ കൂദാശകളെ രഹസ്യം എന്നാണ് വിശേഷിപ്പിക്കുന്നത്. സുറിയാനിയിൽ കൂദാശ എന്നതിന് രഹസ്യം എന്നർത്ഥം വരുന്ന roso എന്ന വാക്ക് ഉപയോഗിക്കുന്നു. ഓർത്തഡോക്സ് സഭകളുടെ പാരമ്പര്യത്തിൽ രഹസ്യങ്ങളുടെ രഹസ്യമാണ് വി. കുർബാന. Mystery എന്ന പദം orthodox പാരമ്പര്യത്തിൽ ഊന്നൽ കൊടുക്കുന്നു (‘μυστήριον). വി. കുർബാന യാഥാർത്ഥമായും കർത്താവായ യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവുമാണ്. അത് കേവലം ഒരു ഓർമ്മപുതുക്കൽ മാത്രമല്ല.
പൗലോസിൻ്റെ വിശദീകരണം ഇവിടെ ശ്രദ്ധേയമാണ് :
1 Cor 11: 23-26 “ഇതു നിങ്ങള്‍ക്കു വേണ്ടിയുള്ള എന്‍റെ ശരീരം; എന്‍റെ ഓര്‍മ്മെക്കായി ഇതു ചെയ്‌വിൻ എന്നു പറഞ്ഞു …. അങ്ങനെ നിങ്ങള്‍ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കര്‍ത്താവു വരുവോളം അവന്‍റെ മരണത്തെ പ്രസ്താവിക്കുന്നു. അതുകൊണ്ടു അയോഗ്യമായി അപ്പം തിന്നുകയോ കർത്താവിൻ്റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവൻ എല്ലാം കർത്താവിൻ്റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരൻ ആകും. അതുകൊണ്ടു അയോഗ്യമായി അപ്പം തിന്നുകയോ കർത്താവിൻ്റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവൻ എല്ലാം കർത്താവിൻ്റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരൻ ആകും. മനുഷ്യൻ തന്നെത്താൻ ശോധന ചെയ്തിട്ടുവേണം ഈ അപ്പം തിന്നുകയും പാനപാത്രത്തിൽനിന്നു കുടിക്കയും ചെയ്‌വാൻ .”
വി. കുർബാന എന്നത് ക്രിസ്തുവിൻ്റെ രണ്ടാം വരുവോളം അവൻ്റെ മരണത്തെ പ്രസ്താവിക്കുന്നു എന്നും തന്നത്താൻ ശോധന ചെയ്‌തിട്ടില്ലാതെ വി. കുർബാന സ്വീകരിക്കരുത് എന്നും പറയുമ്പോൾ ഇത് ഒരേ സമയം കർത്താവിൻ്റെ തിരുശരീരരക്തവും തൻ്റെ മരണത്തിൻ്റെയും പുനരുത്ഥാനത്തിൻ്റെയും ഓർമ്മയുമാകുന്നു എന്നും ആണ് മനസിലാകുന്നത്.
4). “വി.കുർബാന യഥാർത്ഥമായും ക്രിസ്തുതമ്പുരാൻ്റെ തിരുശരീര രക്തങ്ങൾ ആണ്”. വിശദമാക്കാമോ?
വിഷയത്തെ സംബന്ധിച്ചുള്ള പഠനങ്ങളിൽ ചില പ്രഗത്ഭരായ ലേഖകരുടെ എഴുത്തുകൾ കൂടുതൽ മനസിലാക്കാൻ ഉതകും എന്നതിനാൽ അതിലെ ചില ആശയങ്ങൾ ഇവിടെ കുറിക്കുന്നു. വി. കുർബാനയുടെ അർത്ഥതലത്തെ വിശദമാക്കുവാൻ 3 പദങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്.
1 Actualisation, 2 Appropriations, 3 Participation
അവരുടെ ചില എഴുത്തുകൾ ഇവിടെ പൊതു അറിവിലേക്ക് വയ്ക്കുന്നു
* “The Eucharist is not a continuation of the sacrifice on the cross but an actualisation, appropriation and a participation in the sacrificial act of Jesus Christ”.
* “Holy Eucharist is the Actualisation and Appropriation of the salvific death and Resurrection of Jesus Christ.”
* “Holy Eucharist is not mere the recollection or recreation or reproduction of the events of the past rather it is a reliving of the sacrifice of Jesus Christ.”
* “It is the Reactualisation in the very sacrifice of Christ.”
ഇത് കൂട്ടി വായിച്ചാൽ, ഒരു കാര്യം വ്യക്തമാകുന്നത്, അന്ന് കാൽവരിയിൽ ക്രിസ്തു തമ്പുരാൻ നമ്മുക്ക് വേണ്ടി യാഗമായി തീർന്നു, അതെ ബലി തന്നെ ഇന്നും അനുവർത്തിക്കുന്നു എന്നാണ്. മറിച്ചു വീണ്ടും വീണ്ടും വിവിധങ്ങളായ ബലികൾ അർപിക്കുന്നു എന്നല്ല. വി. യോഹന്നാൻ എഴുതിയ സുവിശേഷത്തിൽ ഒരു കാര്യം പ്രത്യേകം വ്യക്തമാക്കുന്നത് “നിങ്ങൾ മനുഷ്യപുത്രൻ്റെ മാംസം തിന്നാതെയും രക്തം കുടിക്കാതെയും ഇരുന്നാൽ നിങ്ങളുടെ ഉള്ളിൽ ജീവനില്ല …. ഒടുക്കത്തെ നാളിൽ ഞാൻ അവനെ ഉയത്തെഴുന്നേല്പിക്കും.” St. John 6:53
ഇവിടെ നാമും നമ്മുടെ തലമുറകളും തമ്പുരാൻ്റെ ശരീരത്തിൻ്റെയും രക്തത്തിൻ്റെയും അംശികൾ ആകണം എന്നും അല്ലാത്തവർ നിത്യജീവൻ അവകാശിക്കുകയില്ല എന്നുമാണ് പറയുന്നത്. ക്രിസ്തുതമ്പുരാൻ്റെ തിരുശരീരം നാം എല്ലാവരും സ്വീകരിച്ചിരിക്കണം എന്ന് പറയുമ്പോൾ തീർച്ചയായും ഇന്ന് പ. സഭ അനുഷ്ട്ടിക്കുന്ന വി. കുർബാന യാഥാർത്ഥമായും അന്ന് കാൽവരിയിൽ നടന്ന അതെ ബലി തന്നെ ആയിരിക്കണം. ”Christ does not repeat Christ’s Sacrifices. She participates in the Christ’s once for all sacrifice.” Hebrew 10: 11 & 12.
5). എബ്രായർ 10: 11; “ഏതു പുരോഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിക്കുവാൻ ഒരുനാളും കഴിയാത്ത അതെ യാഗങ്ങളെ കൂടെ കൂടെ കഴിച്ചുകൊണ്ടു നിൽക്കുന്നു ….” ഈ വാക്യ പ്രകാരം ഇന്ന് നാം അനുവർത്തിക്കുന്ന വി. കുർബാന പാപങ്ങളെ പരിഹരിക്കുവാൻ കഴിയില്ലാത്തതാണോ?
ഈ വാക്യം ഇന്ന് പ. സഭയിൽ നടക്കുന്ന വി. കുർബാനയുടെ അടിസ്ഥാനത്തെ കുറിക്കുന്നതല്ല എന്ന് മനസിലാക്കുക. ഇതിനെ വിശദമാക്കുന്നതിനു മുമ്പായി ഈ ലേഖനം ആർക്കു, എന്ത് ഉദ്ദേശത്തിൽ, എഴുതി എന്ന് ചിന്തിക്കണം. മറ്റു ലേഖനങ്ങളിൽ നിന്നും വ്യത്യസ്തമായി എബ്രായർക്കു എഴുതിയ ലേഖനത്തിൽ സംബോധന കാണുന്നില്ല. എന്നാൽ ഉള്ളടക്കത്തിൽ നിന്നും മനസിലാക്കുന്നത് യെഹൂദന്മാരിൽ നിന്നും ക്രിസ്തു വിശ്വാസത്തിലേക്ക് വന്ന വിശ്വാസികളെ ഉദ്ദേശിച്ചു എഴുതി എന്നാണ്.
എന്ത് ഉദ്ദേശത്തിൽ;
1. ക്രിസ്തീയ സഭ നേരിട്ട പീഡയുടെ പശ്ചാത്തലത്തിൽ നടന്ന വിശ്വാസ ത്യാഗം.
2. ക്രൈസ്തവ വിശ്വാസികളെ തിരികെ യെഹൂദാ മതത്തിലേക്ക് കൊണ്ടുവരനുള്ള യെഹൂദന്മാരുടെ ശ്രമം.
ഇവയുടെ ഒക്കെ പശ്ചാത്തലത്തിൽ ക്രൈസ്തവ വിശ്വാസത്തിൽ വിശ്വാസികളെ ഉറപ്പിച്ചു നിർത്തുക എന്നതാണ് പ്രധാന ഉദ്ദേശ്യം.
എബ്രായ ക്രിസ്ത്യാനികളുടെ യേശുക്രിസ്തുവിലുള്ള വിശ്വാസത്യാഗം മൂലം ക്രൈസ്തവ വിശ്വാസം ചോദ്യം ചെയ്യപ്പെടുകയോ ചെയ്തു. ആയതിനാൽ യേശുക്രിസ്തുവിലുള്ള ദൈവത്വത്തെയും സത്യത്തെയും അവനിലൂടെയുള്ള വീണ്ടെടുപ്പിനെയും ലേഖകൻ വ്യക്തമാക്കുന്നു. ഈ ലേഖനത്തിൻ്റെ തുടക്കം തന്നെ ശ്രദ്ധേയമാണ്.
ഉദ്ധരിച്ച വാക്യം പത്താം ആദ്യത്തിൽ നിന്നും ആണ്. 7 -ആം അധ്യായം മുതൽ, ക്രിസ്തുവിൻ്റെ പൗരോഹിത്യ ശുശ്രൂഷ, പുതിയ ഉടമ്പടിയിൽ ഉള്ള സുപ്രധാനത, ഒരിക്കലായി അർപ്പിക്കപ്പെട്ട (ഏക യാഗം), ക്രിസ്തുവിൻ്റെ കാൽവരി യാഗത്തിൻ്റെ മഹത്വം ഇവയൊക്കെ പ്രത്യേകം അതീവ പ്രാധാന്യത്തോടെ വർണ്ണിക്കുന്നുണ്ട് . 10 -ആം അധ്യായത്തിൽ പഴയ നിയമ യാഗത്തിൻ്റെ ന്യൂനതകളും പോരായ്മകളും വിവരിക്കുന്നു. ക്രിസ്തുതമ്പുരാൻ്റെ കാൽവരി യാഗം ഒരിക്കലായി അർപ്പിക്കപ്പെട്ട ഏക യാഗം എന്നും അത് സദാ കാലത്തേക്ക് സത്ഗുണപൂർത്തിവരുത്തിയിരിക്കുന്നു എന്നും സമർത്ഥിക്കുന്നു. (10 :14).
10 അദ്ധ്യത്തിൻ്റെ ചില വാക്യങ്ങളെ പഠിക്കാം
1). എബ്രായർ 10: 1-4. “ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴൽ അല്ലാതെ കാര്യങ്ങളുടെ സാക്ഷാൽ സ്വരൂപമല്ലായ്കകൊണ്ടു ആണ്ടുതോറും ഇടവിടാതെ കഴിച്ചുവരുന്ന അതെ യാഗങ്ങളാൽ അടുത്തുവരുന്നവർക്കു സത്ഗുണപൂർത്തി വരുത്തുവാൻ ഒരുനാളും കഴിവുള്ളതല്ല ……. കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിനു പാപങ്ങളെ നീക്കുവാൻ കഴിയുന്നതല്ല ….”
a) ന്യായപ്രമാണം നിഴൽ മാത്രമാണ് സ്വരൂപമല്ല. (posses only a shadow, not true realty)
b) സത്ഗുണപൂർത്തിവരുവാൻ കഴിയാത്തതാണ് ന്യായപ്രമാണം (പഴയനിയമ യാഗം), അതുമൂലം അവ കൂടെ കൂടെ അർപ്പിച്ചുകൊണ്ടേയിരുന്നു.
c) പഴയനിയമ യാഗം ജനങ്ങളുടെ അകൃത്യങ്ങളെ ഓർമിപ്പിക്കുവാൻ മാത്രമേ ഉതകുമായിരുന്നുള്ളു.
d) മൃഗങ്ങളുടെ രക്തത്തിനു പാപങ്ങളെ നീക്കുവാൻ കഴിയുന്നതല്ല.
2. എബ്രായർ 10: 9 & 10. “…..അവൻ രണ്ടാമത്തതിനെ സ്ഥാപിക്കുവാൻ ഒന്നാമത്തതിനെ നീക്കിക്കളയുന്നു…. നാം യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീര യാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.”
a) പാപങ്ങളെ നീക്കുവാൻ കഴിയാത്ത യാഗങ്ങളെ നീക്കി എന്നേക്കുമുള്ള വീണ്ടെടുപ്പിനുള്ള ക്രിസ്തുവിൻ്റെ ഏക യാഗത്തെ നിവർത്തിച്ചു നമ്മെ ശുദ്ധീകരിച്ചു.
ഇനിയും നമ്മുടെ പ്രധാന വാക്യത്തിലേക്കു വരാം; എബ്രായർ 10: 11; “ഏതു പുരോഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിക്കുവാൻ ഒരുനാളും കഴിയാത്ത അതെ യാഗങ്ങളെ കൂടെ കൂടെ കഴിച്ചും കൊണ്ട് നിൽക്കുന്നു.”
യേശുതമ്പുരാൻ്റെ കാൽവരി യാഗവും ന്യായപ്രമാണം പ്രകാരം കഴിച്ചു വന്ന യാഗങ്ങളും തമ്മിൽ അന്തരം ഉണ്ട്. [Contradistinction between the plurality of the Old Testament sacrifices (θυσιαι, Heb. 10:1, 8, 11) and the once-for-all character of the sacrifice of Christ ( μία θυσία . . . μία προσφορά , Heb. 10:12,14)].
ന്യായപ്രമാണ പ്രകാരമുള്ള യാഗങ്ങളിലും വഴിപാടിലും ദൈവം പ്രസാദിച്ചില്ല (എബ്രായർ 10: 8). ഈ ന്യായപ്രമാണ പ്രകാരമുള്ള യാഗത്തെ പറ്റിയാണ് ഈ വാക്യത്തിൽ പ്രതിപാദിക്കുന്നത്. മറിച്ചു ഇന്ന് പ. സഭ അനുവർത്തിക്കുന്ന യാഗത്തെ പറ്റിയല്ല. പ. സഭ അനുവർത്തിക്കുന്ന യാഗം ക്രിസ്തുവിൻ്റെ കാൽവരി യാഗമത്രെ. ദൈവം പ്രസാദിക്കാത്ത, സത്ഗുണ പൂർത്തി വരുത്തുവാൻ കഴിയാത്ത യാഗങ്ങളെ നീക്കി ക്രിസ്തുവിൻ്റെ കാൽവരി യാഗത്തിലൂടെ പുതിയ ഉടമ്പടി സ്ഥാപിച്ചു. ഇത് എന്നേക്കുമുള്ള വീണ്ടെടുപ്പിനുള്ള യാഗം ആയതിനാൽ കൂടെ കൂടെ അത് ആവർത്തിക്കേണ്ടതില്ല; എന്നാൽ പ. സഭ ഇന്ന് അനുവർത്തിക്കുന്നത് യാഥാർത്ഥമായും യേശുക്രിസ്തുവിൻ്റെ കാൽവരി യാഗം തന്നെയാണ്; അത് അനിവാര്യവുമാണ് കാരണം “എൻ്റെ ശരീരവും രക്തവും അനുഭവിക്കാത്തവന് നിത്യജീവനില്ല ( St John 6:56 )” എന്ന് പറയുമ്പോൾ നാമും നമ്മുടെ തലമുറകളും ക്രിസ്തുവിൻ്റെ തിരുശരീരരക്തങ്ങൾ സ്വീകരിക്കുവാൻ തക്കവണ്ണം മുഖാന്തരമാക്കുന്നത് പ. സഭ കാൽവരിയിലെ ബലി അനുവർത്തിക്കുന്നത് മൂലം മാത്രം ആണ്. ക്രിസ്തുവിൻ്റെ രണ്ടാം വരവ് വരെ അനുവർത്തിക്കുന്നത് അവൻ്റെ ഓർമ്മക്കായും അവൻ്റെ മരണത്തെയും ഉയർപ്പിനെയും പ്രസ്താവിക്കുകയും ചെയേണ്ടതിനാകുന്നു (1 Cor .11 : 26). മാത്രവുമല്ല “എൻ്റെ ഓർമയ്ക്കായി ഇപ്രകാരം ചെയ്യുവിൻ “ എന്നുള്ളത് ക്രിസ്തുവിൻ്റെ കല്പനയും ആകുന്നു. (“This is done in remembrance of what was then done. For (says He) do this in remembrance of Me. Luke 22:19. It is not another Sacrifice, but we offer always the same, or rather we perform a remembrance of a Sacrifice.”) Appropriation, actualization and participation in the very sacrifice of Jesus Christ.
തോമസ് അലക്സ്
സത്യവിശ്വാസികൾ അറിയേണ്ടത്: ORTHODOXY -THE LIFE; വിശ്വാസപഠനം – 1