അടുപ്പുട്ടി പെരുനാളിന് കൊടിയേറി
കുന്നംകുളം: അടുപ്പുട്ടി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുനാളിന് യൂഹാനോൻ മാർ പോളിക്കാർപ്പസ് കൊടിയേറ്റി. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് മാർ ഒസിയോ താപസന്റെ ഓർമ പെരുനാൾ. ഇന്ന് 8.30നു കുർബാന. നാലിനു പയ്യൂർ സ്കൂൾ കുരിശുപള്ളി പെരുനാൾ, തുടർന്നു ദേശം ചുറ്റി പ്രദക്ഷിണം. നേർച്ച വിതരണവും ഉണ്ട്. ഇന്നും നാളെയും ആറിനു വലിയ പള്ളിയിൽ സന്ധ്യാനമസ്കാരം. നാളെ 7.30നു ടൗൺ കുരിശുപള്ളിയിൽ കുർബാന. ചൊവ്വാഴ്ച നാലിനു പെലക്കാട്ട് പയ്യൂർ, പുതുശേരി, കാണിപ്പയ്യൂർ, പയ്യൂർ സ്കൂൾ, മാന്തോപ്പ്, പുത്തനങ്ങാടി, തോമാച്ചൻ റോഡ്, ടൗൺ എന്നിവിടങ്ങളിലെ കുരിശുപള്ളികളിൽ ധൂപപ്രാർഥന. ഏഴിനു സന്ധ്യാനമസ്കാരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നേതൃത്വം നൽകും. എട്ടിനു പരുമല തിരുമേനിയുടെ കുരിശുപള്ളിയിലേക്കു പ്രദക്ഷിണം. തുടർന്നു ശ്ലൈഹിക വാഴ്‌വ്. രാത്രി ദേശക്കാരുടെ പെരുനാൾ. ആനയും മേളവുമായി അങ്ങാടി ചുറ്റുന്ന ഈ ഘോഷയാത്ര പുലർച്ചെ പള്ളിയിൽ സമാപിക്കും. ബുധനാഴ്ച 7.30നു പ്രഭാത നമസ്കാരം. 8.30നു ബാവായുടെ മുഖ്യ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. കുർബാന കഴിഞ്ഞു കൊടിയും കുരിശും ആശിർവാദത്തിനുശേഷം നേർച്ചവിതരണം നടത്തും. ഉച്ചയ്ക്കു വീണ്ടും ദേശക്കാരുടെ പെരുനാൾ ഘോഷയാത്ര. 52 ദേശക്കാരുടേതായി ഓരോ ആന വീതം പള്ളിക്കു മുന്നിൽ കൂട്ടിയെഴുന്നള്ളപ്പിൽ പങ്കെടുക്കും. ഇതോടനുബന്ധിച്ച് ഇതാദ്യമായി വൈകിട്ട് അഞ്ചു മുതൽ 5.30 വരെ ചെണ്ടമേളവും കൂട്ടിയെഴുന്നള്ളിപ്പിനുണ്ടാകും. പെരുനാളിന് ഒരുക്കങ്ങൾ പൂർത്തിയായതായി കൈസ്ഥാനി ബിനോയ് കെ. കൊച്ചുണ്ണി, സെക്രട്ടറി ടെൻസൻ ബേബി, കൺവീനർ ടി.എ. അപ്പുമോൻ എന്നിവർ പറഞ്ഞു. വികാരി ഫാ. ജോസഫ് ചെറുവത്തൂർ അധ്യക്ഷനായ സമിതി പെരുനാളിനു നേതൃത്വം നൽകും. പള്ളിക്കു മുന്നിൽ ഒരുക്കുന്ന ദീപാലംകൃത നിലപ്പന്തൽ തിങ്കളാഴ്ച ഏഴിനു സ്വിച്ച് ഓൺ ചെയ്യും.