OVS - ArticlesOVS - Latest News

ഓർത്തഡോക്സിയും ഉല്‍പ്പത്തി പുസ്തകവും: Part – 3

മുന്‍ ഭാഗങ്ങളിൽ നിന്ന് നമ്മുക്ക് വ്യക്തമായ വസ്തുതകളുടെ രത്നച്ചുരുക്കം:

1). പുതിയ നിയമവും മിശിഹ തമ്പുരാന്‍ തന്നെയും ഉല്‍പ്പത്തി പുസ്തകത്തിൽ പരാമര്‍ശിക്കുന്ന വ്യക്തികള്‍ ചരിത്രത്തിൽ ജീവിച്ചിരുന്നവർ എന്ന് ഉറപ്പിക്കുന്നു.
2). ആധുനിക ജനിതക ശാസ്ത്ര തെളിവുകൾ ശാസ്ത്രവും തിരുവെഴുത്തുകളും പരസ്പര വിരുദ്ധമല്ല മറിച്ച് തിരുവെഴുത്തുകളും കൂടി ചേരുമ്പോള്‍ മാത്രമാണ് ശാസ്ത്രത്തിന് യാഥാര്‍ത്ഥ ദിശാബോധം കൈവരുന്നത്.
3). ആദിമ സഭാ പിതാക്കന്മാരായ മഹാ പണ്ഡിതരുടെ വിശ്വാസം, ഉല്‍പ്പത്തി പുസ്തകം പറയുന്ന ചരിത്ര വസ്തുതകൾ യഥാര്‍ത്ഥ ചരിത്രം തന്നെ എന്നായിരുന്നു.

ഈ മൂന്നാം ഭാഗത്തില്‍ ചില ആരോപണങ്ങള്‍ക്ക് ഉള്ള മറുപടികള്‍ കൂടി പരിശോധിക്കാം. കാരണം സഭാ പാരമ്പര്യത്തില്‍ അതിപ്രധാനമായ സ്ഥാനമാണ് തിരുവെഴുത്തുകൾക്ക്. പുരാതനകാലത്തെ മനുഷ്യരുടെ ബുദ്ധിയിലുദിച്ച ആശയങ്ങളാണ്‌ തിരുവെഴുത്തുകളിൽ ഉള്ളത്‌ എന്നാണ്‌ പലരുടെയും ധാരണ. അതിലെ വിവരണങ്ങൾ ചരിത്രപരമായി കൃത്യമല്ലെന്ന്‌ അനേകം സാധാരണ ജനങ്ങള് കരുതുന്നു. അവ പഴഞ്ചനാണെന്നും പ്രായോഗികമല്ലെന്നും നിരീശ്വരവാദികളും പറയുന്നു.

എന്നാൽ തിരുവെഴുത്തുകളുടെ അവകാശ വാദം; “എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണ്” (2 തിമൊഥെയൊസ്. 3:16) എന്നതാണ്‌. പ്രവചനം ഒരിക്കലും മനുഷ്യന്‍റെ ഇഷ്ടത്താല്‍ വന്നതല്ല. ദൈവ കല്‍പ്പനയാല്‍ മനുഷ്യര്‍ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ (2 പത്രൊസ്. 1:21). തിരുവെഴുത്തിനു നീക്കം വന്നു കൂടായല്ലോ (യോഹന്നാന്‍. 10:35).

പൗലോസ് അപ്പൊസ്തോലൻ പറയുന്നു: “ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്‍റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അതു വ്യാപരിച്ചുകൊണ്ടിരിക്കുന്നു.” (1 തെസ്സലൊനീക്യർ 2:13).

തിരുവെഴുത്തുകളിൽ മാനുഷികമായ അബദ്ധങ്ങള്‍ കടന്ന് കൂടിയിട്ടുണ്ട്; അല്ലെങ്കില്‍ എഴുത്തുകാരുടെ കാലത്തെ പരിമിതമായ അറിവുകള്‍ വെച്ച് ആണ് തിരുവെഴുത്തുകൾ എഴുതപ്പെട്ടിരിക്കുന്നത് എന്നതിന്‌ ലിബറൽ പണ്ഡിതന്മാര്‍ പറയുന്ന ചില തെളിവുകളും അവയ്ക്കുള്ള ഉത്തരങ്ങളും:

1. ജെ ഇ ഡി പി തിയറി (JEDP Theory)

ഈ ശാസ്ത്രയുഗത്തിൽ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ട ഗ്രന്ഥം ആണ്‌ തിരുവെഴുത്തുകൾ പ്രത്യേകിച്ച് ഉല്പത്തി പുസ്തകം. അതിൽ തന്നെയും ആദ്യത്തെ 11 അധ്യായങ്ങൾ.

പരിണാമ സിദ്ധാന്തം, ദീർഘകാല ജിയോളജി, ബിഗ് ബാംഗ് തിയറി, മതേതര പുരാവസ്തു ഗവേഷണങ്ങള്‍, ലിബറൽ ദൈവശാസ്ത്രം, തിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്നതായ ചരിത്ര – ശാസ്ത്രീയ വസ്തുതകൾ, ഈജിപ്തിലെ, ഗ്രീസിലെ ഒക്കെ മിത്തുകളുടെ ശേഖരം, തിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്നതായ അത്ഭുതങ്ങൾക്കെതിരായ ദാർശനിക ആക്രമണങ്ങൾ തുടങ്ങിയവയെ അടിസ്ഥാനമാക്കി, തിരുവെഴുത്തുകൾ സത്യമല്ലെന്നും അതിനാൽ വിശ്വസിക്കാൻ കൊള്ളുന്നവയല്ല എന്നും പണ്ഡിതന്മാര്‍ എന്ന് സ്വയം വിശ്വസിച്ച കുറെ ആളുകൾ നിരവധി സാധാരണ ജനങ്ങളെയും വിശ്വസിപ്പിച്ച് വഞ്ചിച്ചു.

നാലു തരത്തിലുള്ള രചനാ ശൈലികൾ ഉൽപ്പത്തി പുസ്തകത്തിലും മറ്റു പുസ്തകങ്ങളിലും ഉണ്ട് എന്ന് പ്രസിദ്ധ ഗവേഷകനായ ജൂലിയസ് വെൽ ഹൗസൻ (Julius Well hausen) അഭിപ്രായപ്പെടുന്നു. ഇത് ഡോക്യുമെന്ററി ഹൈപ്പോതിസിസ് അല്ലെങ്കിൽ ജെ ഇ ഡി പി മോഡൽ എന്ന് അറിയപ്പെടുന്നു. അദ്ദേഹത്തിന്‍റെ അഭിപ്രായ പ്രകാരം പഞ്ച ഗ്രന്ഥങ്ങളുടെ രചന ഏകദേശം ബി.സി. 900 മുതല്‍ ബി.സി. 586 വരെ ഉള്ള കാലങ്ങളിലാണ്. ഇത് മോശയുടെ കാലത്തിന് വളരെ ശേഷമുള്ള കാലയളവാണ്. 1875-നോട് അടുത്താണ് വെൽഹൗസൻ തന്‍റെ പ്രസിദ്ധമായ സിദ്ധാന്തം ഉന്നയിച്ചത്.

ഈ സിദ്ധാന്തത്തിന്‍റെ സ്വാധീനത്താൽ സെമിനാരി കോഴ്സുകൾ, ദൈവശാസ്ത്ര പുസ്‌തകങ്ങൾ, തിരുവെഴുത്തുകളിലേ പഞ്ചഗ്രന്ഥങ്ങളെക്കുറിച്ചുള്ള ആമുഖങ്ങൾ, മതേതര മാധ്യമങ്ങൾ എന്നിവ മോശെ പഞ്ചഗ്രന്ഥങ്ങൾ (നിയമം അല്ലെങ്കിൽ തോറ എന്നും അറിയപ്പെടുന്നു) എഴുതിയിട്ടില്ലെന്ന ആശയത്തെ പ്രോത്സാഹിപ്പിച്ചു.

കുറഞ്ഞത് നാല് വ്യത്യസ്ത രചയിതാക്കൾ (അല്ലെങ്കിൽ രചയിതാക്കളുടെ ഗ്രൂപ്പുകൾ) പല നൂറ്റാണ്ടുകളിലായി ഈ പുസ്തകങ്ങളുടെ വിവിധ ഭാഗങ്ങൾ എഴുതിയതായും പിന്നീട് ഒന്നോ അതിലധികമോ എഡിറ്റർമാർ ചേര്‍ന്ന് എല്ലാം ഇന്നത്തെ രൂപത്തിലേക്ക് പരസ്പരം ബന്ധിപ്പിച്ചതാണ് എന്നും അവർ സിദ്ധാന്തിക്കുന്നു.

ജെ രേഖകൾ (J documents): ദൈവത്തെ പരാമർശിക്കാൻ Jahweh (Jehovah) എന്ന എബ്രായ നാമം ഉപയോഗിക്കാൻ താൽപ്പര്യപ്പെടുന്ന ഒന്നോ അതിലധികമോ എഴുത്തുകാർ എഴുതിയ ഭാഗങ്ങൾ, വാക്യങ്ങൾ. ഇത് സിദ്ധാന്തിക്കുന്നത് അനുസരിച്ച് ഈ ഭാഗങ്ങൾ ഏകദേശം 900–850 ബി.സി യില്‍ ആണ്‌ എഴുതപ്പെട്ടത്.
ഇ രേഖകള്‍ (E documents): ദൈവത്തിനായി എലോഹിം എന്ന പേര് ഉപയോഗിക്കുന്ന ഭാഗങ്ങളാണിവ എന്നും അതിനാൽ ഇവ എഴുതപ്പെടുന്നത് 750–700 ബി.സി കാലത്ത്‌ എന്നും സിദ്ധാന്തിക്കുന്നു.
ഡി: ഇത് ആവർത്തന പുസ്തകത്തെ സൂചിപ്പിക്കുന്നു, ഇവയിൽ മിക്കതും എഴുതിയത് മറ്റൊരു രചയിതാവ് അല്ലെങ്കിൽ ഒരു കൂട്ടം എഴുത്തുകാർ ആണ്, ഒരുപക്ഷേ 621 ബി.സി കാലത്ത്‌ എന്നും സിദ്ധാന്തിക്കുന്നു.
പി: ഇത് പുരോഹിതനെ സൂചിപ്പിക്കുന്നു. ലേവ്യപുസ്തകവും പഞ്ച ഗ്രന്ഥങ്ങളിലെ മറ്റ് ചില ഭാഗങ്ങളും 586 ബി.സിക്ക് ശേഷം ബാബിലോണിലെ പ്രവാസകാലത്ത് ഒരു പുരോഹിതനാലോ അല്ലെങ്കില്‍ പല പുരോഹിതന്മാരാലോ രചിക്കപ്പെട്ടത് എന്നും സിദ്ധാന്തിക്കുന്നു.

തുടർന്ന് ഏകദേശം 400 ബി.സി. യിൽ ചില എഡിറ്റർമാർ സ്വതന്ത്രമായി രചിക്കപ്പെട്ട ഈ നാല് വ്യത്യസ്ത ഭാഗങ്ങൾ സംയോജിപ്പിച്ച് പഞ്ച ഗ്രന്ഥങ്ങൾ രൂപീകരിച്ചു എന്നും സിദ്ധാന്തിക്കുന്നു.

മോശയുടെ കാലത്ത് എഴുതുന്ന സമ്പ്രദായം നടപ്പിലില്ലായിരുന്നതിനാൽ മോശൈക ഗ്രന്ഥങ്ങൾ മോശയുടേതായിരിക്കാനിടയില്ലെന്ന് ചിലർ വാദിച്ചു. ഇരുപതാം ശതകത്തിന്‍റെ പൂർവ്വാർദ്ധം വരെ ഈ വാദം നിലനിന്നു. “മോശ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു” എന്നു കര്‍ത്താവും (യോഹ. 5:46) “മോശ എഴുതിയിരിക്കുന്നു” എന്ന് (മർക്കോ. 12:19) തിരുവെഴുത്തുകളുടെ ഗ്രന്ഥകാരൻമാരും പ്രസ്താവിച്ചിട്ടുള്ളത്, അക്കാലത്തെ ജനങ്ങളുടെ അന്ധവിശ്വാസമായിട്ടാണ് ഈ ശാസ്ത്രജ്ഞന്മാർ പ്രസ്താവിച്ചത്. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള പുരാവസ്തു ഗവേഷണങ്ങൾ ഈ സിദ്ധാന്തത്തെ പാടെ തിരുത്തിക്കഴിഞ്ഞു. സർവ്വസമ്മതമായ തെളിവുകള്‍, പുരാതനങ്ങളായ ലിഖിതങ്ങള്‍, ഭൂഗര്‍ഭത്തിലും പുരാതന ഗ്രന്ഥശേഖരങ്ങളിലും കണ്ടെത്താൻ കഴിഞ്ഞ പുരാവസ്തുക്കൾ തുടങ്ങിയവ തേടിപ്പിടിച്ചു സമഗ്രമായ പഠനങ്ങൾ ആരംഭിച്ചു. അവയുടെ ഫലമായി തിരുവെഴുത്തുകളുടെ പ്രസ്താവനകള്‍ യാഥാര്‍ത്ഥ്യങ്ങൾ ആണെന്ന് തെളിയിക്കാന്‍ ഉള്ള അഖണ്ഡ്യ രേഖകള്‍ ലോകത്ത് വിതരണം ചെയ്യപ്പെട്ടു.

തിരുവെഴുത്തുകളുടെ ചരിത്ര സത്യതക്ക് ചില തെളിവുകള്‍
ആധുനിക പുരാവസ്തു ശാസ്ത്രത്തിന്‍റെ ആവിര്‍ഭാവത്തിന് മുന്‍പ് തിരുവെഴുത്തുകളിൽ (യെശയ്യാവു 20:​1-ൽ) കാണുന്ന അശ്ശൂർ രാജാവായ സർഗോൻ രണ്ടാമൻ ഒരിക്കലും ജീവിച്ചിരുന്നിട്ടില്ലെന്ന്‌ പണ്ഡിതന്മാർ ചിന്തിച്ചിരുന്നു. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ എട്ടാം പതിപ്പില്‍ യെശയ്യാവു. 20 -ലെ സർഗോനേ പറ്റിയുള്ള പ്രസ്താവന തിരുവെഴുത്തുകൾ പറയുന്ന ചരിത്രത്തിലേ വ്യക്തമായ ഒരു തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ 1843-ൽ, ഇറാക്കിലുള്ള ഇന്നത്തെ കൊർസാബാദിൽ ടൈഗ്രീസിന്‍റെ പോഷകനദികളിൽ ഒന്നിന്‍റെ തീരത്ത്‌ 25 ഏക്കറിൽ പരന്നുകിടക്കുന്ന സർഗോന്‍റെ കൊട്ടാരം കണ്ടെത്തി. ഇന്ന്‌ ഏറ്റവും പ്രശസ്‌തരായ അശ്ശൂർ രാജാക്കന്മാരിൽ ഒരാളാണ്‌ അദ്ദേഹം. അദ്ദേഹത്തിന്‍റെ വൃത്താന്ത പുസ്‌തകങ്ങളിലൊന്നിൽ ഇസ്രായേൽ നഗരമായ ശമര്യ പിടിച്ചെടുത്തതായി അദ്ദേഹം അവകാശപ്പെടുന്നു. തിരുവെഴുത്തുകളനുസരിച്ച്‌ B.C 740-ൽ അശ്ശൂർ ശമര്യ കീഴടക്കി. അസ്‌തോദ്‌ പിടിച്ചടക്കിയതായും സർഗോൻ രേഖപ്പെടുത്തുന്നു. യെശയ്യാവു 20:​ 1-ലെ പ്രസ്‌താവനയ്‌ക്കു കൂടുതൽ കരുത്തുപകരുന്ന ഒരു രേഖയാണത്‌. ഇങ്ങനെ സർഗോന്‍റെ കൊട്ടാരവും തന്‍റെ ഭരണകാലത്തേ രാജകീയ രേഖകളും കണ്ടെടുത്തു കഴിഞ്ഞപ്പോള്‍ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ ചുമതലക്കാർ തങ്ങളുടെ അബദ്ധം മനസ്സിലാക്കി അതിന്‍റെ ഒന്‍പതാമത്തെ പതിപ്പില്‍ അവരുടെ ആദ്യത്തെ പ്രസ്താവന പിന്‍വലിക്കുകയും തിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്നവയേ സ്ഥിരീകരിച്ചു കൊണ്ട്‌ സർഗോനേപ്പറ്റി ഒരു ദീര്‍ഘ ലേഖനം തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഹിത്യരെക്കുറിച്ചു തിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്നത് ചരിത്ര സത്യമല്ല എന്നു വിമര്‍ശകർ വാദിക്കുകയുണ്ടായി (ആവര്‍ത്തനം 7: 1). അതുപോലെ നിനവെ (യോന 1: 1, 2) സോദോം (ഉല്പത്തി 19: 1) തുടങ്ങിയ പട്ടണങ്ങള്‍ സ്ഥിതി ചെയ്തിരുന്നില്ല എന്നും മോശെയെക്കുറിച്ചു പറയുന്ന വിവരങ്ങള്‍ ശരിയല്ല എന്നും; കാരണം എഴുത്തും (പുറപ്പാട് 24: 4) രഥചക്രങ്ങളും (പുറപ്പാട്14: 25) അന്നുണ്ടായിരുന്നില്ല എന്നും ഒക്കെ വിമര്‍ശകർ വാദിക്കുകയുണ്ടായി. എന്നാല്‍ അവരുടെ അവകാശവാദങ്ങളും വിമര്‍ശനങ്ങളും വെറും അബദ്ധങ്ങളെന്ന് പില്‍ക്കാലങ്ങളിൽ നടന്ന ഗവേഷണങ്ങള്‍ തെളിയിച്ചിരിക്കുന്നു.

മഹാ പ്രളയത്തെ കുറിച്ച് ഉള്ള ബാബിലോൺ ശിലാലിഖിതം. ആഹാബിന്‍റെ ദന്ത കൊട്ടാരം. ശലോമോന്‍റെ കുതിരലായങ്ങൾ. 1961 – ൽ കണ്ടെടുത്ത “പോന്തിയോസ് പീലാത്തോസ്” എന്നും “തിബരേയാസ് കൈസർ” എന്നും രേഖപ്പെടുത്തിയ ലിഖിതം തുടങ്ങിയവ അനേകം അനേകം തെളിവുകളിൽ ചിലത് മാത്രമാണ്.

രണ്ട്‌ മഹാ പണ്ഡിതരുടെ സാക്ഷ്യം

Dr. വില്ല്യം എഫ്. ഓൾബ്രൈറ്റ്
ജൂലിയസ് വെൽ ഹൗസനേ പോലെ ഒരു അമിത വേദസിദ്ധാന്ത ശാസ്‌ത്രജ്ഞനായിരുന്ന വിശ്വവിഖ്യാത പുരാവസ്തു ഗവേഷകനും മഹാപണ്ഡിതനുമായിരുന്ന Dr. വില്ല്യം എഫ്. ഓൾബ്രൈറ്റ് അമേരിക്കയിലെ ജോൺ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിൽ സെമിറ്റിക്കു പ്രൊഫസറായിരുന്നു. അദ്ദേഹം പന്ത്രണ്ട് Ph. D ഡിഗ്രിയുടെ ഉടമ ആയിരുന്നു. 1910 – 30 വരെ യെരൂശലേമിലുളള The School of Oriental Research -ന്‍റെ ഡയറക്ടറുമായിരുന്നു. ആ കാലത്ത് ബാബിലോൺ ഉത്ഖനന ഗവേഷണ സംഘത്തെ നയിച്ചത് അദ്ദേഹം ആയിരുന്നു. യാത്രാ മധ്യേ യെരൂശലേമിലുളള എബ്രായ യൂണിവേഴ്‌സിറ്റിക്കാര്‍ അദ്ദേഹത്തിനും സംഘത്തിനും ഒരു സ്വീകരണം നല്‍കി. ആ സ്വീകരണ സമ്മേളനത്തില്‍ അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചു : “ഉല്‍പ്പത്തി പുസ്തകത്തില്‍ എബ്രായ പിതാക്കന്മാരേപ്പറ്റി രേഖപ്പെടുത്തിയിരിക്കുന്ന വസ്തുതകൾ പലതും ചരിത്രപരമായി അബദ്ധമാണെന്നു വ്യക്തമാക്കാൻ ഞാന്‍ ആഗ്രഹിക്കുന്നു.”

മൂന്ന് വർഷത്തേ വിജയകരമായ ഗവേഷണങ്ങൾക്ക് ശേഷം കണ്ടെടുക്കപ്പെട്ട നിരവധി സാധനങ്ങളുമായി മടങ്ങും വഴി എബ്രായ യൂണിവേഴ്‌സിറ്റിക്കാര്‍ അദ്ദേഹത്തിനും സംഘത്തിനും വീണ്ടും വലിയൊരു സ്വീകരണം നല്‍കി. പ്രസ്തുത യോഗത്തില്‍ തന്‍റെ മറുപടി പ്രസംഗത്തില്‍ ഇപ്രകാരം പ്രസ്താവിച്ചു: “മൂന്ന് കൊല്ലങ്ങള്‍ക്ക് മുമ്പ്‌ ബാബിലോണിലേക്ക് പോകുമ്പോള്‍ ഞാന്‍ എബ്രായ പിതാക്കന്മാരേപ്പറ്റി രേഖപ്പെടുത്തിയിരിക്കുന്ന വസ്തുതകൾ പലതും ചരിത്രപരമായി അബദ്ധമാണെന്നു പ്രസ്താവിക്കുക ഉണ്ടായല്ലോ; എന്നാൽ ഞാന്‍ പ്രഖ്യാപിച്ചു കൊള്ളട്ടെ. എനിക്കാണ് അബദ്ധം പറ്റിയത്. പിതാക്കന്മാരേപ്പറ്റി രേഖപ്പെടുത്തിയിരിക്കുന്ന വസ്തുതകൾ സകലവും ചരിത്രപരമായി സത്യമാണ് എന്ന് ഈ കണ്ടെടുക്കപ്പട്ട രേഖകൾ തെളിയിച്ചിരിക്കുന്നു.” തിരുവെഴുത്തുകളിലേ രേഖകൾ ചരിത്രപരമായി അബദധങ്ങൾ നിറഞ്ഞതാണെന്ന് വിശ്വസിച്ചിരുന്ന ഡോ. ഓൾബ്രൈറ്റിനേ ബാബിലോൺ ഗവേഷണങ്ങൾ ഒരു തികഞ്ഞ ഒരു ദൈവ വിശ്വാസിയും തിരുവെഴുത്തുകളിലേ രേഖകളുടെ ചരിത്ര സത്യത സ്ഥാപിച്ച് കൊണ്ടുളള അനേകം മഹത്തായ ഗ്രന്ഥങ്ങളുടെ രചയിതാവും ആക്കി മാറ്റി.

സർ വില്ല്യം റാംസേ
വിശ്വവിഖ്യാത പണ്ഡിതനും പ്രാചീന കാലത്തെ സംബന്ധിച്ച് പ്രമാണ പുരുഷനും ഗ്രന്ഥകാരനുമായ സർ വില്ല്യം റാംസേയും ഡോ. ഓൾബ്രൈറ്റിനേ പോലെ തിരുവെഴുത്തുകളിലേ രേഖകൾ, വിശിഷ്യാ ലൂക്കോസിനാൽ എഴുതപ്പെട്ട അപ്പൊസ്തോല പ്രവൃത്തികൾ ചരിത്രപരമായി ആധികാരികമല്ലന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ഒരു വ്യക്തി ആയിരുന്നു. എന്നാൽ അനേക വര്‍ഷങ്ങളിലെ ഗവേഷണങ്ങളും പഠനങ്ങളും കഴിഞ്ഞപ്പോൾ തന്‍റെ മുന്‍വിധി മാറ്റുന്നതിന് സർ. റാംസേ നിര്‍ബന്ധിതനായിതീർന്നു. തന്‍റെ കണ്ടുപിടിത്തങ്ങൾ ഓരോന്നും തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്നവയേ സ്ഥിരീകരിക്കുന്നതായിരുന്നു. തൽഫലമായി, വിശുദ്ധ തിരുവെഴുത്തുകൾ വിശ്വസനീയമായ ചരിത്രരേഖയും ദൈവ വചനവും ആണെന്ന് അദ്ദേഹം വിശ്വസിക്കുന്നതിനിടയായി. വിശുദ്ധ തിരുവെഴുത്തുകൾ നിഷ്പക്ഷമായും ആത്മാര്‍ത്ഥമായും പഠിക്കുന്ന ഏതൊരു വ്യക്തിയും ഡോ. ഓൾബ്രൈറ്റ്നെ പോലെയും സർ വില്ല്യം റാംസേയെ പോലെയും അതിന്‍റെ ചരിത്ര സത്യത അംഗീകാരിക്കാതിരിക്കയില്ല.

“ആകാശവും ഭൂമിയും ഒഴിഞ്ഞു പോകും; എന്‍റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല ” (മര്‍ക്കോസ് 13: 31).

മനുഷ്യന്‍ എഴുത്ത് ലിപി കണ്ടുപിടിച്ചത് എന്ന്
പ്രാചീന ഇറാഖിലെ മെസൊപ്പൊട്ടേമിയയുടെ ക്യൂനിഫോം ലിപി (cuneiform script) BC 3400-ാംനൂറ്റാണ്ടിലും ഈജിപ്ഷ്യൻ ഹൈറോഗ്ലിഫിക്സ് (hieroglyphics) BC 3100-ാം നൂറ്റാണ്ടിലുമാണ് കണ്ടുപിടിച്ചത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എഴുത്തിനെപ്പറ്റിയുള്ള വ്യക്തമായ പ്രാഥമിക തെളിവുകൾ BCE 2600-ാം നൂറ്റാണ്ടിലെ ഹാരപ്പൻ നാഗരികതയുമായി ബന്ധപ്പെട്ടുകിടക്കുന്നു. മോശയുടെ ജീവ കാലം ഏകദേശം BC 1526 – 1406 ഇടക്ക് എന്ന് കരുതപ്പെടുന്നു. അതായത് മോശയുടെ കാലത്തിനും രണ്ടായിരത്തോളം വർഷം മുമ്പ് തന്നെ എഴുത്ത്, ലിപി ഒക്കെ ഉണ്ടായിരുന്നു.

പുരാവസ്തു ഗവേഷണങ്ങളുടെ ഫലമായി കണ്ടെത്തപ്പെട്ട ചില പുരാതന ലിഖിതങ്ങള്‍
കഴിഞ്ഞ ദശകങ്ങളിൽ നടന്ന പുരാവസ്തു ഗവേഷണങ്ങൾ, മോശൈക നിയമ സംഹിതയെക്കാളും പുരാതനമായ സുമേരിയർ, ബാബിലോന്യർ, അസീറിയർ, ഹിത്യർ, കനാന്യർ ആദിയായവരുടെ നിയമസംഹിതകൾ വെളിച്ചത്തു കൊണ്ടുവന്നിട്ടുണ്ട്.

1. റ്റെലൽ അമാർനാ ലിഖിതങ്ങൾ (Tel-el Amarna Tablets)
മോശയുടെ കാലത്തിന് ഒരു ശതാബ്ദം മുമ്പ് എഴുതപ്പെട്ട റ്റെലൽ അമാർനാ ലിഖിതങ്ങൾ (Tel-el Amarna Tablets) കണ്ടു പിടിക്കപ്പെട്ടതോടെ നേരേ തിരിച്ചു പറയുവാൻ ലിബറൽ ശാസ്ത്രജ്ഞന്മാർ നിർബന്ധിതരായിത്തീർന്നു. പ്രസ്തുത ലിഖിതങ്ങൾ ഇന്നു ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.

2. ഹമ്മുറബിയുടെ കോഡ് (ബി.സി. 2000 -1700)
മെസപ്പൊത്തേമിയൻ പ്രദേശത്തിന്‍റെ കിഴക്ക്, പുരാതന സൂസയുടെ സ്ഥാനത്ത് 1901-1902-ൽ എം. ജാക്വിസ് ഡി മോർഗന്‍റെ നേതൃത്വത്തിലുള്ള ഒരു ഫ്രഞ്ച് സംഘമാണ് ഹമ്മുറബിയുടെ കോഡ് കണ്ടു പിടിച്ചത് (ബി.സി. 2000 -1700 കാലഘട്ടത്തിൽ എഴുതിയത്). ഏതാണ്ട് എട്ട് അടി ഉയരമുള്ള കറുത്ത കല്ലിലാണ് ഈ നിയമം എഴുതിയിരിക്കുന്നത്. 282 ഖണ്ഡികകൾ അതിലടങ്ങിയിരുന്നു. മോശയുടെ കാലത്തിന് (ഏകദേശം 1526-1406 ബി.സി.) പല നൂറ്റാണ്ടുകൾക്കു മുമ്പാണ് ഹമ്മുറബിയുടെ നിയമം എഴുതിയത്. എന്നിട്ടും അതിൽ ചിലത് മോശ എഴുതിയവയുമായി സമാനത ഉള്ളവയായിരുന്നു. ഇതിന്‍റെ വെളിച്ചത്തിൽ മോശയുടെ നിയമം അവന്‍റെ കാലഘട്ടത്തിനെക്കാളും വളരെ പുരോഗമിച്ചതാണെന്നും അയാൾ എഴുതിയതായിരിക്കാൻ ഇടയില്ലെന്നും ഉൽപ്പതിഷ്ണുവിന് പറയാൻ യാതൊരവകാശവും ഇല്ല (Joseph P Free, Archaeology and the Bible History, P. 121).

3. ഏകദേശം B. C 1400 ലെ റസ് ഷമ്ര
4. ഏകദേശം B. C 1400 ലെ തന്നെ ലിപിത് – ഇഷ്താർ കോഡ്
5. പഴയ ബാബിലോണിയൻ കാലഘട്ടത്തിലെ (B.C 1830 – 1550) എഷ്നുന്നയുടെ നിയമങ്ങൾ

തുടങ്ങിയവ പുരാവസ്തു ഗവേഷണങ്ങളുടെ ഫലമായി കണ്ടെത്തപ്പെട്ട പുരാതന ലിഖിതങ്ങള്‍ക്ക് ചില ഉദാഹരണങ്ങള്‍ ആണ്‌.

ആന്തരിക തെളിവുകൾ
പഞ്ചഗ്രന്ഥങ്ങൾ തന്നെ അതിന്‍റെ ഉള്ളടക്കത്തിൽ ഈ ഭാഗങ്ങൾ മോശയാൽ എഴുതപ്പെട്ടതാണെന്ന് വ്യക്തമായി പ്രസ്താവിക്കുന്നു എന്ന് താഴെ കൊടുത്തിരിക്കുന്ന വാക്യങ്ങൾ സാക്ഷിക്കുന്നു.

1. മോശെ യഹോവയുടെ വചനങ്ങളൊക്കെയും എഴുതി അതികാലത്തു എഴുന്നേറ്റു പർവ്വതത്തിന്‍റെ അടിവാരത്തു ഒരു യാഗപീഠവും യിസ്രായേലിന്‍റെ പന്ത്രണ്ടു ഗോത്രങ്ങളുടെ സംഖ്യക്കൊത്തവണ്ണം പന്ത്രണ്ടു തൂണും പണിതു. അവൻ നിയമപുസ്തകം എടുത്തു ജനം കേൾക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കുമെന്നു അവർ പറഞ്ഞു. (പുറപ്പാട്. 24:4, 7)
2. യഹോവ പിന്നെയും മോശെയോടു: ഈ വചനങ്ങളെ എഴുതിക്കൊൾക; ഈ വചനങ്ങൾ ആധാരമാക്കി ഞാൻ നിന്നോടും യിസ്രായേലിനോടും നിയമം ചെയ്തിരിക്കുന്നു എന്നു അരുളിച്ചെയ്തു. (പുറപ്പാട് 34:27)

മറ്റു പഴയനിയമ ഗ്രന്ഥങ്ങളുടെ ചില സാക്ഷ്യങ്ങൾ

തോറാ അഥവാ ന്യായപാണം മോശയിൽ നിന്നാണു വന്നതെന്ന് മറ്റു പഴയനിയമ രചയിതാക്കൾ വിശ്വസിച്ചു.

1). യോശുവ 1: 7,8; 8: 31, 32, 34; 23: 6
2). 2 രാജാക്കന്മാർ 14: 6; 23: 25
3). 1 ദിനവൃത്താന്തങ്ങൾ 22: 13
4). 2 ദിനവൃത്താന്തങ്ങൾ 5: 10; 23: 18; 25: 4; 30: 16; 33: 8; 34: 14; 35: 12
5). എസ്രാ 3: 2; 6: 18; 7: 6
6). നെഹെമ്യാവ് 1: 7; 8: 1,14
7). ദാനിയേൽ 9: 11, 13
8). മലാഖി 4: 4

പുതിയനിയമ ഗ്രന്ഥങ്ങളുടെ ചില സാക്ഷ്യങ്ങൾ
തോറാ അഥവാ ന്യായപ്രമാണം മോശയിൽ നിന്നാണു വന്നതെന്ന് പുതിയനിയമ രചയിതാക്കളും വിശ്വസിച്ചു.

1). മർക്കോ. 12: 19
2). ലൂക്കോസ് 2: 22; 20: 28
3). യോഹ. 1: 17; 1: 45; 8: 5; 9: 29
4). അപ്പോ. പ്ര. 3: 22; 6: 14; 13: 39; 15: 1, 21; 28: 23
5). റോമർ 10: 5
6). 1 കൊരിന്ത്യർ 9: 9
7). 2 കൊരിന്ത്യർ 3: 15
8). എബ്രായർ 9: 19

പഞ്ചഗ്രന്ഥങ്ങൾ എഴുതുവാൻ മോശ തീർച്ചയായും യോഗ്യനായിരുന്നു
മോശ ഫറവോന്‍റെ കൊട്ടാരത്തിലാണ് വളർന്നത്. സ്തെഫാനോസ് പറഞ്ഞതുപോലെ “മിസയീമ്യരുടെ സകലജ്ഞാനവും അഭ്യസിച്ചു” (അ.പ്ര.7: 22). മോശ അഭ്യസിച്ചതിൽ എഴുതുവാനുള്ള കഴിവും ഉണ്ടായിരുന്നുവെന്ന് എല്ലാവരും ഇപ്പോൾ സമ്മതിക്കുന്നുണ്ട്. മോശയ്ക്ക് മുൻപ് തന്നെ രേഖകൾ ഉണ്ടായിരുന്നു എന്നും പഞ്ചഗ്രന്ഥങ്ങൾ പോലെ ഒരു കൃതി രചിക്കുന്നതിന് മോശ സർവാത്മനാ ഒരുക്കപ്പെട്ടിരുന്നുവെന്ന് താഴെ കൊടുക്കുന്ന യോഗ്യത്കൾ സാക്ഷ്യം പറയുന്നു.

1). വിദ്യാഭ്യാസം: രാജകീയ മിസ്രയീമ്യ സദസ്സിലെ ഏറ്റവും ഉന്നതമായ അക്കാദമിക വിഷയങ്ങളിൽ മോശ പരിശീലിക്കപ്പെട്ടിരുന്നു.
2). സ്ത്രീകളുടെ അലങ്കാരസാമഗ്രികൾ: സ്ത്രീകളുടെ അലങ്കാരസാമഗ്രികൾ വരെ അക്കാലത്ത് എഴുതപ്പെട്ടിരുന്നുവെന്ന് കാണുമ്പോൾ, എഴുതുവാനുള്ള പാടവം താൻ അഭ്യസിച്ചതിൽ ഉൾപ്പെട്ടിരുന്നുവെന്നത് സംശയമില്ലാത്ത കാര്യമാണ്.
3). മിസയീമ്യ വൈഡൂര്യ ഖനികളിലെ അനഭ്യസ്തവിദ്യരായ അടിമകൾ: മിസയീമ്യ വൈഡൂര്യ ഖനികളിലെ അനഭ്യസ്തവിദ്യരായ അടിമകൾ പോലും തുരങ്കത്തിന്റെ ഭിത്തികളിൽ അവരുടെ രേഖകൾ എഴുതിയിരുന്ന ഒരു കാലത്ത് മോശയെപ്പോലെ പശ്ചാത്തലമുള്ള ഒരുവൻ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളെക്കുറിച്ച് വിവരങ്ങൾ രേഖപ്പെടുത്താതിരിക്കും എന്നത് അചിന്തനീയമാണ്.

പഞ്ചഗ്രന്ഥങ്ങൾ മോശയാലാണ് രചിക്കപ്പെട്ടത് എന്ന് കര്‍ത്താവ് ഉറപ്പിക്കുന്നു

മർക്കോസ് 7: 10; 10: 3-5; 12: 26; ലൂക്കോസ് 5: 14; 16: 29-31; 24: 27, 44; യോഹന്നാൻ 7: 19, 23 എന്നീ വാക്യങ്ങൾ ഈ സത്യം സാക്ഷിക്കുന്നു.

“ഞാൻ പിതാവിന്‍റെ മുമ്പിൽ നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങൾക്കു തോന്നരുതു. നിങ്ങളെ കുറ്റം ചുമത്തുന്നവൻ ഉണ്ടു; നിങ്ങൾ പ്രത്യാശ വെച്ചിരിക്കുന്ന മോശെ തന്നേ. നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു. എന്നാൽ അവന്‍റെ എഴുത്തു നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്‍റെ വാക്കു എങ്ങനെ വിശ്വസിക്കും?” (യോഹന്നാൻ. 5:45 – 47).

ബിജി ചെറി
(തുടരും..)

ഓർത്തഡോക്സിയും ഉല്‍പ്പത്തി പുസ്തകവും: part 1

error: Thank you for visiting : www.ovsonline.in